അച്ഛാ മിനി.... രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയുള്ള കൺവെർട്ടബിൾ കാറിൻ്റെ ബുക്കിംഗ് തുടങ്ങി
ആഡംബര കാർ വിഭാഗത്തിലാണ് സ്ഥാനമെങ്കിലും മിനി കൂപ്പർ (Mini Cooper) എന്ന പേരിനും കാറിനും ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് ആമുഖത്തിൻ്റെ ആവശ്യമില്ല. കാറുകളിലെ മഹാറാണിയെന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന ബ്രാൻഡിൻ്റെ ജന്മദേശം ബ്രിട്ടൺ ആണെങ്കിലും നിലവിൽ ജർമൻ ലക്ഷ്വറി കാർ നിർമാതാക്കളായ ബിഎംഡബ്ല്യുവിൻ്റെ (BMW) ഉടസ്ഥതയിലാണ് മിനി പ്രവർത്തിക്കുന്നത്. 1969-ൽ സ്ഥാപിതമായ കമ്പനിയെ രണ്ടായിരത്തിലാണ് ബിഎംഡബ്ല്യു സ്വന്തമാക്കുന്നത്. എന്തായാലും ലോകത്തിൻ്റെ എല്ലാ കോണുകളിലും മിനിക്ക് ഫാൻസുണ്ട്. ഇപ്പോഴിതാ ഇന്ത്യയിലേക്ക് പുത്തനൊരു കൺവെർട്ടബിൾ കാറുമായി രംഗുപ്രവേശം ചെയ്യാൻ ഒരുങ്ങുകയാണ് ബ്രാൻഡ്.
ഡിസംബറിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്യാനിരിക്കുന്ന പുതിയ മിനി കൂപ്പർ കൺവെർട്ടിബിളിനായുള്ള ബുക്കിംഗും ബിഎംഡബ്ല്യു ഇന്ത്യ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. താത്പര്യമുള്ളവർക്ക് വാഹന നിർമാതാക്കളുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചോ അല്ലെങ്കിൽ ഡീലർഷിപ്പിൽ നേരിട്ടെത്തിയോ വാഹനം പ്രീ-ബുക്ക് ചെയ്‌തിടാനാവും. ഡൽഹി, ഗുരുഗ്രാം, പൂനെ, കൊച്ചി, അഹമ്മദാബാദ്, മുംബൈ, ചണ്ഡീഗഡ്, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, കൊൽക്കത്ത എന്നിവിടങ്ങളിൽ നിലവിൽ 10 ഡീലർഷിപ്പുകളാണ് മിനിക്കുള്ളത്.

ഈ സെഗ്മെൻ്റിൽ ഇപ്പോഴും വാഗ്ദാനം ചെയ്യുന്ന ചുരുക്കം ചില ഓപ്പൺ-ടോപ്പ് മോഡലുകളിൽ ഒന്നിനെ തിരികെ കൊണ്ടുവരാൻ കമ്പനി കാണിച്ച വലിയ മനസിനെ ആരാധർ അഭിനന്ദനങ്ങൾകൊണ്ട് മൂടുകയാണ്. പാരമ്പരാഗതമായി കണ്ടുവരുന്ന മിനി കൂപ്പറുകളുടെ അതേ ഡിസൈൻ തുടരുന്നുണ്ടെങ്കിലും കൺവെർട്ടിബിൾ കാറിന് അതിൻ്റേതായ യുണീക് സ്റ്റൈലുണ്ട് കേട്ടോ. മിനി കൂപ്പറിൻ്റെ ഹാർഡ്ടോപ്പ് വേരിയൻ്റുകളേയും ഇതിനേയും വ്യത്യസ്തമാക്കുന്ന ഒരു പ്രധാന ഘടകം ഇലക്ട്രിക്കലി ഓപ്പറേറ്റഡ് സോഫ്റ്റ് ടോപ്പാണ്.
കുറഞ്ഞ വേഗതയിൽ വാഹനമോടിക്കുമ്പോൾ റൂഫ് തുറക്കാനോ അടയ്ക്കാനോ കഴിയും. പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനങ്ങളിൽ ഇത് സൗകര്യപ്രദമാവുന്ന സവിശേഷതയാണ്. പ്രത്യേകിച്ച് വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ അപ്രതീക്ഷിതമായി മഴ വന്നാൽ വണ്ടി നിർത്താതെ തന്നെ റൂഫ് അടയ്ക്കാൻ കഴിയും. മറ്റ് ഡിസൈൻ വിശദാംശങ്ങളിലേക്ക് വന്നാൽ പുതിയ കൂപ്പർ കൺവെർട്ടിബിളിൽ വൃത്താകൃതിയിലുള്ള എൽഇഡി ലാമ്പുകൾ, വ്യത്യസ്തമായ ഡിആർഎൽ സിഗ്നേച്ചറുകൾ, ബ്ലാക്ക് ഇൻസേർട്ടുകളുള്ള ഒക്‌ടഗണൽ ഗ്രിൽ എന്നിവയെല്ലാം കാണാനാവും.

പിൻഭാഗത്ത് മിനി കൂപ്പറുകളിൽ സാധാരണയായി കണ്ടുവരാറുള്ള നീളമേറിയ യൂണിയൻ ജാക്ക് ടെയിൽ ലാമ്പുകൾ തന്നെയാണ് കൺവെർട്ടബിൾ മോഡലിലും ഇടംപിടിച്ചിരിക്കുന്നത്. സാധാരണ കൂപ്പറുമായി താരതമ്യപ്പെടുത്തുമ്പോൾ വശക്കാഴ്ച്ചയിൽ സൂക്ഷ്മമായ മാറ്റങ്ങൾ മാത്രമേ കമ്പനി വരുത്തിയിട്ടുള്ളൂ. ഫാബ്രിക് ടോപ്പ്, കോൺട്രാസ്റ്റ് 17 ഇഞ്ച് അലോയ് വീലുകൾ, വീൽ ആർച്ചുകൾക്ക് ചുറ്റുമുള്ള ബ്ലാക്ക് ക്ലാഡിംഗ് എന്നിവ കൂടിയാവുമ്പോൾ കൂപ്പർ കൺവെർട്ടബിൾ കിടിലമാവുന്നുണ്ട്.
ഒതുക്കമുള്ള രൂപം, ചെറിയ ഓവർഹാങ്ങുകൾ എന്നിവയെല്ലാം നിലനിർത്തിയുള്ള രൂപം ആരേയും മോഹിപ്പിക്കുന്നതാണ്. ഇനി ഇൻ്റീരിയറിലേക്ക് കയറിലായാലും കാര്യങ്ങൾ അടിപൊളിയാണെന്ന കാര്യം ബിഎംഡബ്ല്യുവിൻ്റെ കീഴിലുള്ള മിനി ഉറപ്പുവരുത്തിയിട്ടുണ്ട്. ഇൻഫോടെയ്ൻമെൻ്റിനും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനുമായി മധ്യഭാഗത്തായി സ്ഥാപിച്ചിരിക്കുന്ന 9.4 ഇഞ്ച് OLED ഡിസ്‌പ്ലേയാണ് അകത്തളത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ്.

ഇതുകൂടാതെ ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ആംബിയൻ്റ് ലൈറ്റിംഗ്, വയർലെസ് ചാർജിംഗ്, ഹാർമൻ കാർഡൺ സൗണ്ട് സിസ്റ്റം തുടങ്ങിയ ഉയർന്ന നിലവാരമുള്ള ഉപകരണങ്ങളും മിനി കൂപ്പർ കൺവെർട്ടബിൾ കാറിൽ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയുള്ള കൺവെർട്ടബിൾ കാറുകളിൽ ഒന്ന് കൂടിയായിരിക്കുമിത്. മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനായിരിക്കും ഇന്ത്യയിലേക്ക് വരാനിരിക്കുന്ന പുതുമോഡലിനും തുടിപ്പേകാനായി എത്തുക.
7-സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന ഈ ടർബോ പെട്രോൾ എഞ്ചിന് 204 bhp കരുത്തിൽ പരമാവധി 300 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. ഓപ്പൺ-ടോപ്പ് ബോഡിക്ക് ആവശ്യമായ അധിക ഘടനാപരമായ ശക്തിപ്പെടുത്തൽ കാരണം മിനി കൂപ്പർ കൺവെർട്ടബിളിന് സ്റ്റാൻഡേർഡ് വേരിയൻ്റിനേക്കാൾ ഭാരമുണ്ടാവും. എങ്കിലും വെറും 6.9 സെക്കൻഡ് കൊണ്ട് 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ മോഡലിന് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.


Click it and Unblock the Notifications








