കാല് നീട്ടിവെച്ചിരുന്ന് പോവാം, ഇഷ്‌ടം പോലെ സ്പേസുള്ള ബെസ്റ്റ് 7-സീറ്റർ ഫാമിലി കാറുകൾ ഇതൊക്കെ
ഒരു കാറിൽ മൈലേജ് ആഗ്രഹിക്കുന്നതു പോലെ തന്നെ ആളുകൾ ആഗ്രഹിക്കുന്ന കാര്യമാണ് സ്പേസ്. ഞെരുങ്ങിക്കൂടിയിരുന്ന് യാത്ര ചെയ്യാൻ ആരും ഇഷ്‌ടപ്പെടുന്നില്ലെന്നത് തന്നെയാണ് ഇതിനുപിന്നിലുള്ള പ്രധാന കാരണം. ചെറിയ ഹാച്ച്ബാക്കുകളായാലും വലിയ 7-സീറ്റർ മോഡലുകളായാലും ഇതിൽ ആർക്കും വിട്ടുവീഴ്ച്ച ചെയ്യാൻ താത്പര്യമുണ്ടാവില്ല. ഫാമിലി കാറായി വാങ്ങുന്ന മൂന്നുവരി വാഹനങ്ങൾ പലരും തെരഞ്ഞെടുക്കുന്നത് തന്നെ ആവശ്യത്തിന് സ്ഥലം വേണമെന്നുള്ളതാണ്. ഫാമിലി ട്രിപ്പ് ആയാലും, ദൈനംദിന യാത്രകൾ ആയാലും, വാരാന്ത്യ വിനോദയാത്രകൾ ആയാലും അല്ലെങ്കിൽ കല്യാണത്തിന് എല്ലാവരും ഒന്നിച്ച് പോവാനായാലും സ്ഥലവും സുഖസൗകര്യങ്ങളും പ്രധാനമാണ്.
അത്തരത്തിലുള്ള സെവൻ സീറ്റർ മോഡൽ അന്വേഷിച്ച് നടക്കുന്നവർക്ക് പറ്റിയ ചില കാറുകൾ പരിചയപ്പെടുത്തി തരാം. രണ്ടാം നിരയിലും മൂന്നാം നിരയിലും നല്ല സ്പേസും പ്രായോഗികതയും നിറഞ്ഞ മിടുക്കൻ 7 സീറ്റർ കാറുകളെയാണ് നിങ്ങൾക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. അടുത്ത യാത്രയ്ക്ക് ഒരുങ്ങുമ്പോൾ സ്പേസാണ് മുൻഗണനയെങ്കിൽ കണ്ണുംപൂട്ടി വാങ്ങിക്കാനാവുന്ന മോഡലുകൾ ഇതാ...

മാരുതി എർട്ടിഗ: ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എംപിവി അല്ലെങ്കിൽ 7-സീറ്റർ കാറാണ് എർട്ടിഗ. താങ്ങാനാവുന്ന വിലയിൽ കിട്ടുന്ന ഏറ്റവും സ്പേസുള്ള എർട്ടിഗ അതിന്റെ ഡിസൈൻ, സുഖകരമായ 7 സീറ്റർ സജ്ജീകരണം, മാന്യമായ മൈലേജ് എന്നിവയ്ക്ക് പേരുകേട്ടതാണ്. ഒപ്പം ഓടിക്കാനും കൊണ്ടുനടക്കാനും എളുപ്പമാണെന്നതും മാരുതിയുടെ പ്ലസ് പോയിന്റാണ്. വിശാലമായ ക്യാബിനും സ്മാർട്ട് സ്റ്റോറേജ് സ്പേസുകളും കൂടിയാവുമ്പോൾ സംഗതി ഉഷാറാവുകയും ചെയ്യും.
ടൊയോട്ട റൂമിയോൺ: ഇന്നോവ ക്രിസ്റ്റ വാങ്ങാൻ കാശില്ലാത്തവർക്ക് വാങ്ങാൻ പറ്റിയ ടൊയോട്ടയുടെ 7-സീറ്റർ വാഹനമാണ് റൂമിയോൺ. എർട്ടിഗയുടെ റീബാഡ്‌ജ് മോഡലാണെങ്കിലും തന്റേതായ രീതിയിൽ വേറിട്ടുനിൽക്കാനായിട്ടുള്ള മോഡൽ സുഖകരമായ 7 സീറ്റർ സജ്ജീകരണം, മാന്യമായ മൈലേജ് എന്നിവയാൽ സമ്പന്നമാണ്. ഒപ്പം 1.5 ലിറ്റർ പെട്രോൾ, സിഎൻജി ഓപ്ഷനുകളും റൂമിയോണിന് അനുകൂലമായ സംഗതികളാണ്.

മാരുതി XL6: എർട്ടിഗയേക്കാൾ യാത്രാ സുഖമുള്ള മൾട്ടി പർപ്പസ് വാഹനം നോക്കുന്നവർക്ക് തെരഞ്ഞെടുക്കാൻ പറ്റിയ വണ്ടിയാണ് XL6. അന്യായ സ്പേസിനൊപ്പം രണ്ടാംനിരയിലെ ക്യാപ്റ്റൻ സീറ്റുകൾ കൂടിയാവുമ്പോൾ യാത്രകൾ അടിപൊളിയാവും. പിന്നിൽ രണ്ട് മുതിർന്നവർക്കോ അല്ലെങ്കിൽ മൂന്ന് കുട്ടികളോ ഇരിക്കുകയാണെങ്കിൽ യാതൊരു വിധ മടുപ്പും ഉണ്ടാവുകയുമില്ല. വേണമെങ്കിൽ മിനി ഇന്നോവയെന്നും കക്ഷിയെ വിശേഷിപ്പിക്കാം കേട്ടോ.
കിയ കാരെൻസ് ക്ലാവിസ്: ഇന്നോവയുടെ വിലയില്ലാത്ത, എന്നാൽ ഇന്നോവയേക്കാളും എർട്ടിഗയേക്കാളും പ്രീമിയം 7-സീറ്റർ മോഡൽ തേടി നടക്കുന്നവരെ തൃപ്ത്തിപ്പെടുത്താൻ കാരെൻസ് ക്ലാവിസിന് സാധിക്കും. പ്രീമിയം ഫീച്ചറുകളാൽ സമ്പന്നമായ അകത്തളത്തിൽ ന്യായമായ സ്പേസും കിട്ടുമ്പോൾ യാത്രകൾ ആനന്ദകരമാവുകയും ചെയ്യും. പനോരമിക് സൺറൂഫ് പോലുള്ള ആധുനിക ഫീച്ചറുകളെല്ലാം കുത്തിനിറച്ചാണ് കിയ വിപണിയിലേക്ക് എത്തുന്നത്.

ഹ്യുണ്ടായി അൽകസാർ: സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ അരങ്ങുവാഴുന്ന ഈ സമയത്ത് നല്ല സ്പേസും, കിടിലൻ ഫീച്ചറുകളുമുള്ള ഒരു 7-സീറ്റർ എസ്‌യുവി നോക്കുന്നവരാണ് നിങ്ങളെങ്കിൽ നേരെ ഹ്യുണ്ടായിയുടെ ഷോറൂമിലേക്ക് വിട്ടോ. അവിടെ ക്രെറ്റയുടെ മൂന്നവരി പതിപ്പായ അൽകസാർ എന്നൊരു വണ്ടിയുണ്ടാവും. നല്ല ഒന്നാന്തരം ഫാമിലി കാറായി കൂടെക്കൂട്ടാനാവുന്ന മുതൽ നല്ല യാത്രാ സുഖവും സ്പേസുമുള്ള വിപണിയിലെ ചുരുക്കം ചില സെവൻ സീറ്റർ എസ്‌യുവികളിൽ ഒന്നാണ്.
ടൊയോട്ട ഹൈക്രോസ്: ബജറ്റ് ഒരു പ്രശ്‌നമേയല്ലെങ്കിൽ ഇന്നോവയുടെ ഏറ്റവും പുതുതലമുറ മോഡലായ ഹൈക്രോസ് തന്നെ വാങ്ങുന്നതാവും ഉചിതം. സമാനതകളില്ലാത്ത യാത്രാ സുഖം, ആഡംബര കാർ പോലെ തോന്നിക്കുന്ന അകത്തളം, 7-സീറ്ററിന്റെ പ്രായോഗികത എല്ലാം ഒത്തിണങ്ങിയ മോഡൽ സംഭവം അടിപൊളിയാണ്. ഏത് വലിയ കുടുംബത്തിനും നിർന്നിരുന്ന് സഞ്ചരിക്കാനാവുന്ന തരത്തിലുള്ള സ്ഥലമാണ് ഇതിൽ ജാപ്പനീസ് ബ്രാൻഡ് ഒരുക്കിവെച്ചിട്ടുള്ളത്.


Click it and Unblock the Notifications








