എല്ലാം വെട്ടിപ്പിടിക്കാൻ മാരുതി, രാജ്യം കാത്തിരിക്കുന്ന ഇലക്‌ട്രിക് എസ്‌യുവി പുറത്തിറക്കാൻ എത്തുന്നത് 'മോദിജീ'
ഇലക്ട്രിക് കാറുകൾ വാങ്ങാൻ ആളുകൂടി വരികയാണ് ഇന്ത്യയിൽ. നിലവിൽ പെട്രോൾ, ഡീസൽ കാറുകൾ ഉപയോഗിക്കുന്നതിലും ലാഭകരമാണ് ഇവികൾ എന്നതിൽ ആർക്കും സംശയമൊന്നുമില്ല. എംജിയും ടാറ്റയും മഹീന്ദ്രയുമെല്ലാം സെഗ്മെന്റിൽ നിന്നും പണംവാരുമ്പോൾ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി (Maruti Suzuki) ഇതുവരെ വൈദ്യുത വാഹന വിഭാഗത്തിലേക്ക് കാലെടുത്ത് കുത്തിയിട്ടുണ്ടായിരുന്നില്ല. എങ്കിലും മാരുതിയുടെ അരങ്ങേറ്റത്തിന് അധികനാൾ കാത്തിരിക്കേണ്ടി വരില്ലെന്ന് ആളുകൾക്കെല്ലാം കൃത്യമായി അറിവുണ്ടായിരുന്നു. ഇ വിറ്റാരയെന്ന എസ്‌യുവിയുമായി ബ്രാൻഡ് വിപണിയിൽ എത്തുന്നതിനായി ഇനി മണിക്കൂറുകൾ മാത്രമാണുള്ളത്.
ഓഗസ്റ്റ് 26-ന് അതായത് നാളെ ഗുജറാത്തിലെ ഹൻസൽപൂരിലെ പ്ലാന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനമായ ഇ-വിറ്റാര ഫ്ലാഗ് ഓഫ് ചെയ്യും. പൂർണമായും ഇന്ത്യയിൽ നിർമിക്കുന്ന മാരുതി ഇ-വിറ്റാര ജപ്പാൻ ഉൾപ്പെടെ 100-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും. ഹ്യുണ്ടായി ക്രെറ്റ ഇവി, എംജി ZS ഇവി, ടാറ്റ കർവ് ഇവി എന്നിവയുമായി മത്സരിക്കാൻ എത്തുന്ന മോഡലിന്റെ അവതരണ തീയതി മാത്രം കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

എങ്കിലും ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ തന്നെ മാരുതി സുസുക്കി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം ഇന്ത്യയിൽ പുറത്തിറങ്ങാൻ സാധ്യതയുണ്ട്. ഗുജറാത്ത് സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി ടിഡിഎസ് ലിഥിയം-അയൺ ബാറ്ററി പ്ലാന്റിൽ ഹൈബ്രിഡ് ബാറ്ററി ഇലക്ട്രോഡുകളുടെ പ്രാദേശിക ഉത്പാദനം ഉദ്ഘാടനം ചെയ്യുകയും ചെയ്യും. അഹമ്മദാബാദിനടുത്തുള്ള ഹൻസൽപൂർ ഫാക്ടറിയിൽ മാരുതി ഇ വിറ്റാരയുടെ അസംബ്ലി ലൈനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
ഇതോടെ ഇ വിറ്റാര ഇലക്ട്രിക് എസ്‌യുവിയുടെ സീരീസ് ഉത്പാദനത്തിന്റെ തുടക്കം കുറിക്കും. ഇതോടെ, സുസുക്കിയുടെ ഇലക്ട്രിക് വാഹനങ്ങളുടെ ആഗോള നിർമാണ കേന്ദ്രമായി ഇന്ത്യ മാറാൻ ഒരുങ്ങുകയാണെന്നതും സന്തോഷം പകരുന്ന കാര്യമാണ്. ഈ വർഷം ആദ്യം ന്യൂഡൽഹിയിൽ നടന്ന 2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിലാണ് മാരുതി ഇ വിറ്റാരയെ ആദ്യമായി രാജ്യത്ത് പ്രദർശിപ്പിക്കുന്നത്.

ഇലക്ട്രിക് എസ്‌യുവിയുടെ പ്രൊഡക്ഷൻ റെഡി മോഡൽ പ്രദർശിപ്പിച്ചിട്ട് ഏകദേശം 7-8 മാസമായെങ്കിലും വാഹനം വിപണിയിലെത്താൻ വൈകുകയായിരുന്നു. ഹാർട്ടെക്റ്റ്-ഇ എന്ന പുതിയ ഇവി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഇവി വികസിപ്പിച്ചെടുത്തിരിക്കുന്നത്. എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, 18 ഇഞ്ച് അലോയ് വീലുകൾ, 10-വേ പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, സൺറൂഫ്, 10.1 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയെല്ലാമാണ് വാഹനത്തിലെ പ്രധാന ഫീച്ചറുകൾ.
ഇതുകൂടാതെ സ്ലൈഡിംഗ് ആൻഡ് റീക്ലൈനിംഗ് റിയർ സീറ്റുകൾ, 7-എയർബാഗുകൾ, ലെവൽ 2 ADAS, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സുസുക്കി കണക്റ്റ് തുടങ്ങിയ ഏറ്റവും നൂതനവും പ്രീമിയം സവിശേഷതകളും മാരുതി സുസുക്കി ഇ വിറ്റാരയിൽ കുത്തിനിറച്ചിട്ടുണ്ട്. ബാറ്ററി പായ്ക്കിന്റെ കാര്യത്തിൽ 49 kWh, 61 kWh എന്നിങ്ങനെ രണ്ട് ഓപ്ഷനുകളിലാവും മാരുതി ഇ-വിറ്റാര വിപണിയിലെത്തുക.

ചൈനീസ് ബാറ്ററി ഭീമനായ ബിവൈഡിയിൽ നിന്നുള്ള ലിഥിയം അയൺ-ഫോസ്ഫേറ്റ് ബ്ലേഡ് സെല്ലുകളാണ് ഇ-വിറ്റാരയുടെ ബാറ്ററികൾ ഉപയോഗിക്കുന്നത്. കൃത്യമായ റേഞ്ച് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇ-വിറ്റാര ഫുൾ ചാർജിൽ ഏകദേശം 500 കിലോമീറ്റർ നൽകുമെന്ന് പ്രതീക്ഷിക്കാം. 7 കിലോവാട്ട് എസി ചാർജിംഗും 70 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാർജിംഗ് ശേഷിയുമുണ്ടാകും.
ഇവി പത്തോളം എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലാവും ഷോറൂമിലെത്തുക. ഇതിൽ 6 സിംഗിൾ-ടോൺ, 4 ഡ്യുവൽ-ടോൺ ഓപ്ഷനുകളും ഉണ്ടാവുമെന്നാണ് മാരുതി സുസുക്കി പറയുന്നത്. നെക്സ ബ്ലൂ, സ്പ്ലെൻഡിഡ് സിൽവർ, ആർട്ടിക് വൈറ്റ്, ഗ്രാൻഡിയർ ഗ്രേ, ബ്ലൂയിഷ് ബ്ലാക്ക്, ഒപ്പുലന്റ് റെഡ് എന്നിവയാണ് സിംഗിൾ ടോൺ നിറങ്ങൾ. അതേസമയം ആർട്ടിക് വൈറ്റ്, ലാൻഡ് ബ്രീസ് ഗ്രീൻ, സ്പ്ലെൻഡിഡ് സിൽവർ, ഒപ്പുലന്റ് റെഡ് എന്നിവ നീലകലർന്ന ബ്ലാക്ക് റൂഫോടെ ഡ്യുവൽ-ടോണിലും വാങ്ങാനാവും.


Click it and Unblock the Notifications








