മല്ലൻമാരിലേക്ക് അടിപ്പൻ ഫീച്ചറുകൾ ചേർത്ത് സ്കോഡ, ഇനി വാറണ്ടിയും കൂടുതൽ കിട്ടും! വില 10.34 ലക്ഷം മുതൽ
വില വർധനവിന് പിന്നാലെ കാറുകളുടെയെല്ലാം പുതിയ 2025 മോഡലുകൾ പുറത്തിറക്കുന്ന തിരക്കിലാണ് വാഹന നിർമാതാക്കളെല്ലാം. മാരുതിയും ഹ്യുണ്ടായിയും കിയയുമെല്ലാം പരിഷ്ക്കാരങ്ങളോടെ തങ്ങളുടെ നിരയിലെ മിക്ക കാറുകളേയും പുതുകാലത്തിനൊപ്പം നവീകരിക്കുകയുണ്ടായി. ഇതിന് പിന്നാലെയിതാ ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡയും (Skoda) തങ്ങളുടെ ജനപ്രിയ മോഡലുകളായ കുഷാഖിനും (Kushaq) സ്ലാവിയക്കും (Slavia) അപ്ഡേറ്റുകൾ സമ്മാനിച്ചിരിക്കുകയാണ്. ഡിസൈനിൽ കൈവെക്കാതെ ചെറിയ ചില ഫീച്ചർ അപ്ഗ്രേഡുകളോടെയാണ് ഇരട്ടകളെ കമ്പനി ഇത്തവണ വിപണിയിൽ എത്തിച്ചിരിക്കുന്നത്. സെഡാന്റെ പുത്തൻ പതിപ്പിന് 10.34 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്.
അതേസമയം സ്കോഡയുടെ മിഡ്-സൈസ് എസ്‌യുവിയുടെ പുത്തൻ മോഡലിനായി ഇപ്പോൾ 10.99 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. ക്ലാസിക്, ഒനിക്സ്, സിഗ്നേച്ചർ, സ്‌പോർട്‌ലൈൻ, മോണ്ടെ കാർലോ, പ്രസ്റ്റീജ് എന്നീ ആറ് വേരിയന്റുകളിലാണ് 2025 മോഡൽ കുഷാഖ് വിപണിയിൽ എത്തുന്നത്. സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ ഒനിക്‌സിലേക്ക് 16 ഇഞ്ച് അലോയ് വീലുകൾ നൽകിയാണ് കമ്പനി പരിഷ്ക്കരിച്ചിരിക്കുന്നത്.

അതേസമയം കുഷാഖിന്റെ സിഗ്നേച്ചർ വകഭേദത്തിന് ഇലക്ട്രിക് സൺറൂഫ്, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോ-ഡിമ്മിംഗ് IRVM, വലിയ 17 ഇഞ്ച് അലോയ് വീലുകൾ തുടങ്ങിയ കിടിലൻ ഫീച്ചറുകളാണ് സ്കോഡ സമ്മാനിച്ചിരിക്കുന്നത്. 114 bhp പവറിൽ പരമാവധി 178 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ അല്ലെങ്കിൽ 148 bhp കരുത്തിൽ 250 Nm ടോർക്ക് വികസിപ്പിക്കുന്ന 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് കുഷാഖിലുള്ളത്.
ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക്, 7-സ്പീഡ് ഡിസ്‌ജി എന്നിവയാണ് തെരഞ്ഞെടുക്കാനാവുക. സ്ലാവിയയിലും സമാനമായ നവീകരണം തന്നെയാണ് സ്കോഡ നടപ്പിലാക്കിയിരിക്കുന്നത്. ക്ലാസിക്, സിഗ്നേച്ചർ, സ്‌പോർട്‌ലൈൻ, മോണ്ടി കാർലോ, പ്രസ്റ്റീജ് എന്നീ അഞ്ച് വകഭേദങ്ങളിലാണ് മിഡ്-സൈസ് സെഡാൻ ഇന്ത്യൻ വിപണിയിൽ എത്തുന്നത്.

ഏറ്റവും പുതിയ 2025 മോഡൽ സ്കോഡ സ്ലാവിയയുടെ സിഗ്നേച്ചർ വേരിയന്റിൽ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഇലക്ട്രിക് സൺറൂഫ്, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം എന്നിവയുൾപ്പെടെ പുതിയ പ്രീമിയം ഫീച്ചറുകളാണ് കമ്പനി കൂട്ടിച്ചേർത്തിരിക്കുന്നത്. കുഷാഖിനെപ്പോലെ സ്ലാവിയയും രണ്ട് എഞ്ചിൻ ഓപ്ഷനുകളും മൂന്ന് ട്രാൻസ്മിഷൻ ഓപ്ഷനുകളും തന്നെയാണ് നൽകുന്നത്.
മോഡലുകൾക്കെല്ലാം സ്കോഡ 3 വർഷത്തെ അല്ലെങ്കിൽ 1,00,000 കിലോമീറ്റർ സ്റ്റാൻഡേർഡ് വാറണ്ടിയാണ് വാഗ്‌ദാനം ചെയ്യുന്നത്. സ്കോഡയുടെ ഇന്ത്യ 2.0 തന്ത്രത്തിന്റെ ഭാഗമായി അവതരിപ്പിച്ച MQB AO IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള രണ്ട് മോഡലുകളും ഇന്ത്യൻ വിപണിയിൽ വലിയ വിജയമാണ് നേടിയെടുത്തിരിക്കുന്നത്. മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ്, ഹോണ്ട എലിവേറ്റ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ എന്നിവയോടാണ് കുഷാഖ് മത്സരിക്കുന്നത്.

അതേസമയം മിഡ്-സൈസ് സെഡാനായ സ്ലാവിയ അതിന്റെ സെഗ്മെന്റിൽ ഹ്യുണ്ടായി വെർണ, ഹോണ്ട സിറ്റി, ഫോക്‌സ്‌വാഗൺ വെർട്ടിസ്, മാരുതി സിയാസ് എന്നിവയുമായാണ് മത്സരിക്കുന്നത്. അടുത്തിടെ MQB AO IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള കോംപാക്‌ട് എസ്‌യുവിയായ കൈലാക്കും കമ്പനി പുറത്തിറക്കിയിരുന്നു. 7.89 ലക്ഷം മുതൽ 14.40 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വിലയിലാണ് സ്കോഡയുടെ കുഞ്ഞനെ അവതരിപ്പിച്ചിരിക്കുന്നത്.
വിപണിയിലെത്തി രണ്ടാം മാസത്തിലേക്ക് കടക്കുമ്പോൾ കൈലാക് ബുക്ക് ചെയ്‌തവരുടെ എണ്ണം 20,000 കടന്നുവെന്ന സന്തോഷ വാർത്തയും കമ്പനി ജനങ്ങളിലേക്ക് എത്തിച്ചിരുന്നു. 115 bhp കരുത്തിൽ പരമാവധി 178 Nm torque വരെ ഉത്പാദിപ്പിക്കാനാവുന്ന 1.0 ലിറ്റർ TSI പെട്രോൾ എഞ്ചിനാണ് എസ്‌യുവിയുടെ ഹൃദയം. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾ ഓപ്ഷനുകളാണ് തെരഞ്ഞെടുക്കാനാവുന്നത്.


Click it and Unblock the Notifications








