500 KM റേഞ്ചുള്ള മാരുതിയുടെ ഇലക്‌ട്രിക് കാർ വരെ! ഏപ്രിലിൽ കാണാൻ പോവുന്നത് പുത്തൻ വാഹനങ്ങളുടെ ലോഞ്ച് പൂരം
ഏറെ പ്രതീക്ഷയോടെ തന്നെ പുതിയ സാമ്പത്തിക വർഷത്തിലേക്ക് കടക്കുകയാണ് രാജ്യം. എന്നാൽ വാഹന വിപണിയിലേക്ക് നോക്കുകയാണെങ്കിൽ നിർമാതാക്കൾക്ക് സന്തോഷവും ഉപഭോക്താക്കൾക്ക് നിരാശയും തരുന്നൊരു കാര്യമാണ് ആദ്യം എടുത്ത് പറയാനുള്ളത്. മറ്റൊന്നുമല്ല, ഏപ്രിൽ 1 മുതൽ മോഡൽ നിരയിലാകെ വില വർധനവ് നടപ്പിലാവുകയാണ്. കാർ വാങ്ങാനിരുന്നവരെ നിരാശപ്പെടുത്തുന്ന കാര്യമായിരിക്കും ഇതെങ്കിലും അടുത്ത മാസം വരാനിരിക്കുന്ന കാറുകളുടെ നിര കണ്ടാൽ ആർക്കായാലും ഒന്ന് വാങ്ങാൻ തോന്നിയേക്കും. 2025 കലണ്ടർ വർഷത്തിലെ ആദ്യപാദം കിയ സിറോസ്, ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, മഹീന്ദ്ര BE 6 തുടങ്ങി നിരവധി ശ്രദ്ധേയമായ കാർ ലോഞ്ചുകൾക്കാണ് രാജ്യം സാക്ഷ്യംവഹിച്ചത്.
ഇനി രണ്ടാം പാദത്തിലേക്ക് കടക്കുമ്പോൾ ഏപ്രിൽ മാസവും നിരവധി പുതിയ വാഹനങ്ങളാണ് നിർമാതാക്കൾ ഒരുക്കിവെച്ചിരിക്കുന്നത്. പ്രധാനമായും ആഡംബര കാർ നിർമാക്കളുടെ വരവാകും കാണാനാവുക. ഒപ്പം മാരുതിയുടെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവിയും കിയയുടെ പുതിയ എംപിവിയുടെ അവതരണവും വരെ ഉണ്ടാവുമെന്നതാണ് രസകരമായ വിഷയം. 2025 ഏപ്രിലിൽ ഇന്ത്യൻ വിപണിയിൽ വരുമെന്ന് പ്രതീക്ഷിക്കുന്ന കാറുകൾ ഏതെല്ലാമെന്ന് നമുക്കൊന്ന് നോക്കിയാലോ?

മാരുതി ഇ വിറ്റാര: 2025 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച മാരുതി സുസുക്കിയുടെ ആദ്യ ഇലക്‌ട്രിക് എസ്‌യുവിക്കായി കാത്തിരിക്കുന്നവരെ തേടി ഇ വിറ്റാര നിരത്തുകളിലേക്ക് എത്തും. 2025 മാർച്ചിൽ പുറത്തിറക്കുമെന്ന് ആദ്യം പ്രതീക്ഷിച്ചിരുന്നെങ്കിലും പദ്ധതി ചെറുതായൊന്ന് ബ്രാൻഡ് മാറ്റിവെക്കുകയായിരുന്നു. രാജ്യത്തുടനീളമുള്ള ഏതാനും ഡീലർഷിപ്പുകളിൽ ഇലക്ട്രിക് എസ്‌യുവി ഇതിനകം എത്തിയിട്ടുണ്ട്. ഔദ്യോഗിക ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ മാസം വാഹനത്തിന്റെ വിലയറിനാവുമെന്നാണ് സൂചന.
2025 ഏപ്രിൽ അവസാനത്തോടെ ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്കിനെ വെല്ലുവിളിക്കാനായി മാരുതി ഇ വിറ്റാര അരങ്ങേറ്റം കുറിക്കുച്ചേക്കും. ത്രീ-പീസ് എൽഇഡി ഡിആർഎൽ, എയറോ-ഫ്രണ്ട്‌ലി 18 ഇഞ്ച് അലോയ് വീലുകൾ, കണക്റ്റഡ് എൽഇഡി ടെയിൽ ലൈറ്റുകൾ തുടങ്ങിയ ആധുനിക ഘടകങ്ങളുള്ള മസ്ക്കുലാർ ഡിസൈനാണ് വണ്ടിയുടെ സവിശേഷത. 48.8 kWh, 61.1 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളോടെയാണ് ഇ വിറ്റാര വാഗ്ദാനം ചെയ്യുന്നത്. സിംഗിൾ ചാർജിൽ 500 കിലോമീറ്ററിലധികം റേഞ്ചും ഇവിയിലുണ്ടാവും.

കിയ കാരെൻസ് ഫെയ്‌സ്‌ലിഫ്റ്റ്: മാരുതി എർട്ടിഗ പോലുള്ള വമ്പൻമാരോട് ഏറ്റുമുട്ടി വിജയം കൊയ്‌ത കാരെൻസിന് വിപണിയിൽ എത്തിയതിന് ശേഷമുള്ള ആദ്യ ഫെയ്‌സ്‌ലിഫ്റ്റ് പരിഷ്ക്കാരം ഏപ്രിലിൽ ലഭിക്കും. റീഡിസൈൻ ചെയ്ത എൽഇഡി ഡിആർഎൽ, പുതുക്കിയ ഫ്രണ്ട് ബമ്പർ, പുതുക്കിയ അലോയ് വീലുകൾ, പുതുക്കിയ എൽഇഡി ടെയിൽ ലൈറ്റുകൾ എന്നിവയുൾപ്പെടെയുള്ള നിരവധി പരിഷ്ക്കാരങ്ങളോടെയാവും കോംപാക്‌ട് എംപിവി വിപണിയിലെത്തുക.
അകത്തളത്തിലെ മാറ്റങ്ങളെ കുറിച്ച് ഇതുവരെ വെളിപ്പെടുത്തലുകളൊന്നും ഉണ്ടായിട്ടില്ലെങ്കിലും മെച്ചപ്പെടുത്തിയ ഫീച്ചർ സെറ്റിനൊപ്പം പരിഷ്ക്കരിച്ച ഡാഷ്‌ബോർഡും സെന്റർ കൺസോൾ ലേഔട്ടും പുതിയ കിയ കാരെൻസ് ഫെയ്‌സ്‌ലിഫ്റ്റിൽ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷ. രണ്ട് പെട്രോൾ, ഒരു ഡീസൽ എഞ്ചിൻ ഓപ്ഷനുകളും അതേപടി നിലനിർത്താനും തീരുമാനമുണ്ടാവും. പുതിയ കിയ മോഡലുകൾക്ക് അനുസൃതമായി കാരെൻസിനും ലെവൽ 2 ADAS, 360-ഡിഗ്രി ക്യാമറ പോലുള്ള ഫീച്ചറുകൾ കൂടി ലഭിച്ചാൽ സംഗതി കളറാവും.

ടാറ്റ കർവ് ഡാർക്ക് എഡിഷൻ: നെക്‌സോൺ, ഹാരിയർ, സഫാരി എന്നിവയുടെ ചുവടുപിടിച്ച്, ടാറ്റ കർവിനും ഡാർക്ക് എഡിഷൻ ട്രീറ്റ്‌മെന്റ് ലഭിക്കും. ടോപ്പ്-സ്‌പെക്ക് അക്കംപ്ലിഷ്ഡ് ട്രിമ്മിൽ മാത്രം ലഭ്യമാക്കുന്ന വണ്ടിക്ക് കോസ്മെറ്റിക് പരിഷ്ക്കാരങ്ങൾ മാത്രമാവും കമ്പനി സമ്മാനിക്കുക. കൂപ്പെ എസ്‌യുവി അതിന്റെ ഇന്റീരിയറിലും എക്സ്റ്റീരിയറിലും പൂർണമായും കറുപ്പിലാവും അവതരിക്കുക.
മെക്കാനിക്കലായും നവീകരണങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. അതേ 1.2 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ തന്നെയാവും കൂപ്പെ എസ്‌യുവിയിൽ തുടർന്നും ലഭ്യമാവുക. ഇവ രണ്ടും 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ട്രാൻസ്മിഷനുകളിൽ ലഭിക്കും. പെട്രോൾ മോഡലുകൾക്ക് 16.5 ലക്ഷം മുതൽ 19.5 ലക്ഷം രൂപ വരെയും ഡീസൽ പതിപ്പുകൾക്ക് 16.8 ലക്ഷം മുതൽ 19.6 ലക്ഷം രൂപ വരെയും എക്സ്ഷോറൂം വില പ്രതീക്ഷിക്കാം.
ഫോക്‌സ്‌വാഗൺ ടിഗുവാൻ R-ലൈൻ: ഏപ്രിൽ 14-ന് ഫോക്‌സ്‌വാഗൺ നിരയിലേക്ക് പുത്തൻ ടിഗുവാൻ R-ലൈൻ എത്തും. കംപ്ലീറ്റ്ലി ബിൽറ്റ്-അപ്പ് യൂണിറ്റായി (CBU) ഇന്ത്യയിലെത്താനിരിക്കുന്ന മോഡലിന് 50 ലക്ഷം രൂപയിൽ അധികമാണ് പ്രതീക്ഷിക്കുന്ന എക്സ്ഷോറൂം വില. വാഹനത്തിനായുള്ള ബുക്കിംഗും കമ്പനി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ഫോക്‌സ്‌വാഗന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയോ ഡീലർഷിപ്പുകൾ സന്ദർശിച്ചോ വണ്ടി ബുക്ക് ചെയ്യാം.
ഡിസൈനിന്റെ കാര്യത്തിൽ കണക്റ്റഡ് ലൈറ്റ്ബാറുള്ള ഫുൾ HD മാട്രിക്സ് എൽഇഡി ഹെഡ്‌ലൈറ്റുകളും 20 ഇഞ്ച് അലോയ് വീലുകളുമായിരിക്കും എസ്‌യുവിയെ ഇടിവെട്ടാക്കുക. ഇന്റീരിയറിലേക്ക് കയറിയാൽ പുതിയ 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഏറ്റവും പുതിയ MIB4 UI അടിസ്ഥാനമാക്കിയുള്ള 15.1 ഇഞ്ച് ഫ്രീസ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഉണ്ടാകും.
സ്കോഡ കൊഡിയാക്: ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡയുടെ ഫുൾ-സൈസ് എസ്‌യുവിയായ കൊഡിയാക്കിന്റെ ഏറ്റവും പുതിയ മോഡലും ഇന്ത്യയിലേക്ക് എത്തുന്ന മാസമായിരിക്കും ഏപ്രിൽ. രണ്ട് വേരിയന്റുകളിലെത്തുന്ന വാഹനത്തിന് 40 ലക്ഷം രൂപയ്ക്ക് മുകളിൽ വിലയുണ്ടാവുമെന്നാണ് അനുമാനം. പുതുതലമുറ കൊഡിയാക്കിന്റെ ഡിസൈനിൽ ചെറിയ അപ്‌ഡേറ്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇന്റീരിയറായിരിക്കും വിസ്‌മയിപ്പിക്കുക.
പുതിയ ലേഔട്ടും പുത്തൻ ഫീച്ചറുകളും ഉപയോഗിച്ച് ക്യാബിന് പൂർണമായ നവീകരണമാണ് സ്കോഡ ഒരുക്കിയിരിക്കുന്നത്. 13 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, അപ്‌ഡേറ്റ് ചെയ്‌ത എസി കൺട്രോൾ ഡയലുകൾ, പുതുക്കിയ സീറ്റ് അപ്ഹോൾസ്റ്ററി എന്നിവയെല്ലാം എസ്‌യുവിയുടെ ഇന്റീരിയറിനെ കിടിലമാക്കും. 204 bhp കരുത്തോളം നൽകുന്ന 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് കൊഡിയാക്കിന്റെ ഹൃദയം.
ബിഎംഡബ്ല്യു 2 സീരീസ്: 2024 ഒക്ടോബറിൽ ബിഎംഡബ്ല്യു ആഗോളതലത്തിൽ പുറത്തിറക്കിയ 2 സീരീസ് വിപണിയിലെത്തുന്ന മാസമാണ് വരാനിരിക്കുന്നത്. ട്വീക്ക്ഡ് കിഡ്‌നി ഗ്രിൽ, പുതുപുത്തൻ 18 ഇഞ്ച് അലോയ് വീലുകൾ, നവീകരിച്ച എൽഇഡി ടെയിൽലൈറ്റ് സിസ്റ്റം എന്നിവയാൽ സമൃദ്ധമായിരിക്കും ഈ എൻട്രി ലെവൽ സെഡാൻ. പുതുക്കിയ 2 സീരീസിന്റെ നീളവും ഉയരവും യഥാക്രമം 20 മില്ലീമീറ്ററും 25 മില്ലീമീറ്ററും വർധിച്ചിട്ടുമുണ്ട്.
10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, മൾട്ടി-കളർ ആംബിയന്റ് ലൈറ്റിംഗ്, പവർഡ് ഫ്രണ്ട്-റോ സീറ്റുകൾ തുടങ്ങിയ സവിശേഷതകളുള്ള പുതുക്കിയ ഇന്റീരിയറും 2025 ബിഎംഡബ്ല്യു 2 സീരീസിന് മാറ്റേകും. അന്താരാഷ്ട്ര വിപണികളിൽ ഒന്നിലധികം എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണെങ്കിലും ഇന്ത്യൻ വിപണിയിലേക്കുള്ള മോഡൽ നിലവിലുള്ള 2.0 ലിറ്റർ ടർബോ-പെട്രോൾ, 2-ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ തന്നെയാവും തുടർന്നും ലഭ്യമാവുക.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








