ഓണത്തിന് പഴയ കാർ മാറ്റി വാങ്ങിയാലോ? സെപ്റ്റംബറിൽ വരുന്നത് മാരുതി എസ്‌യുവി മുതൽ ഥാർ ഫെയ്‌സ്‌ലിഫ്റ്റ് വരെ
വാഹന വിപണിയെ സംബന്ധിച്ചിടത്തോളം ഓരോ മാസവും പുത്തൻ പുതിയ കാറുകളേയും ബൈക്കുകളേയും സ്‌കൂട്ടറുകളേയും എല്ലാം വരവേൽക്കാനുള്ള സമയമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കച്ചോടം നടക്കുന്ന ഉത്സവ സീസണിന് കൊടിയേറുന്നതോടെ വരുന്ന മുപ്പത് ദിവസത്തിനുള്ളിൽ അവതരണത്തിന് തയാറെടുത്ത് നിരവധി മോഡലുകളാണ് വരിവരിയായി നിൽക്കുന്നത്. സെപ്റ്റംബർ മാസത്തിൽ വിവിധ സെഗ്‌മെന്റുകളിലായി പുതിയ കാറുകൾ പുറത്തിറങ്ങും. വരും ആഴ്ചകളിൽ കാർ വിപണിയെ കൂടുതൽ ആവേശകരമാക്കാൻ എത്തുന്നതിൽ മാരുതിയും മഹീന്ദ്രയും പോലുള്ള ഇന്ത്യക്കാരുടെ സ്വന്തം ബ്രാൻഡുകളുമുണ്ട്. സെപ്റ്റംബറിൽ രാജ്യത്ത് എത്താനിരിക്കുന്ന പ്രധാന മോഡലുകൾ ഏതെല്ലാമെന്ന് പരിശോധിച്ചാലോ?
മാരുതി എസ്‌യുവി: വരാനിരിക്കുന്നവരിൽ ആദ്യത്തേത് മാരുതി സുസുക്കിയുടെ പുതിയ എസ്‌യുവിയാണ്. സെപ്റ്റംബർ ആദ്യ വാരത്തിൽ തന്നെ പുതിയ സ്പോർട് യൂട്ടിലിറ്റി വാഹനത്തിനെ നിരത്തിലെത്തിക്കാനുള്ള തയാറെടുപ്പിലാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ. ഗ്രാൻഡ് വിറ്റാരയ്ക്ക് ശേഷം ബ്രാൻഡിൽ നിന്നുള്ള രണ്ടാമത്തെ കോംപാക്‌ട് എസ്‌യുവിയായിരിക്കുമിത്. എന്നാൽ നെക്‌സയ്ക്ക് പകരം അരീന ഷോറൂമുകളിലൂടെയാവും ഇത് വിപണനം ചെയ്യുക.

ബ്രെസയ്ക്ക് മുകളിൽ സ്ഥാപിക്കാനിരിക്കുന്ന എസ്‌യുവിക്ക് ഗ്രാൻഡ് വിറ്റാരയുമായി എഞ്ചിൻ ഓപ്ഷനുകൾ പങ്കിടാൻ കഴിയും. ADAS ഫംഗ്ഷനുകളോടെ വരുന്ന ബ്രാൻഡിൽ നിന്നുള്ള ആദ്യ ഓഫറും ഇതായിരിക്കാം. സെപ്റ്റംബർ മൂന്നിന് എസ്‌യുവി വിപണിയിൽ അവതരിപ്പിക്കുമെന്നാണ് നിലവിൽ ലഭിച്ചിരിക്കുന്ന വിവരം. ഇതൊരു 7-സീറ്റർ ആയിരിക്കുമോ എന്ന സംശയവും പലരിലുമുണ്ട്. എന്തായാലും കൂടുതൽ വിവരങ്ങൾ കമ്പനി വരും ദിവസങ്ങളിൽ പങ്കുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മഹീന്ദ്ര ഥാർ ഫെയ്‌സ്‌ലിഫ്റ്റ്: വിപണിയിൽ അവതരിപ്പിച്ച് 5 വർഷങ്ങൾക്ക് ശേഷം ഥാറിന്റെ രണ്ടാം തലമുറ മോഡലിന് ലഭിക്കുന്ന ആദ്യത്തെ മുഖംമിനുക്കലാവും ഇത്. സെപ്റ്റംബറിൽ പുത്തൻ ലുക്കിലും പുത്തൻ ഫീച്ചറുകളിലും നിറഞ്ഞാടി വാഹനം കളത്തിലിറങ്ങും. ഥാർ റോക്‌സിൽ കാണുന്ന നിരവധി കാര്യങ്ങൾ കടമെടുത്താവും 3-ഡോർ പതിപ്പിനെ കമ്പനി പണികഴിപ്പിക്കുക.

അതിൽ സൺറൂഫ്, വയർലെസ് ചാർജിംഗ്, വലിയ സ്‌ക്രീൻ എന്നിവ പോലുള്ള സവിശേഷതകളെല്ലാം ഉൾപ്പെടുത്തിയേക്കും. എന്നാൽ മെക്കാനിക്കൽ വശങ്ങളിലേക്ക് കൈകടത്താതെ അതേ എഞ്ചിൻ, ഗിയർബോക്‌സ് ഓപ്ഷനുകൾ തന്നെയാവും മഹീന്ദ്ര ഥാർ ഫെയ്‌സ്‌ലിഫ്റ്റ് മുമ്പോട്ട് കൊണ്ടുപോവുക. വിലയുടെ കാര്യത്തിലേക്ക് വന്നാൽ ബേസ് മോഡലിന്റെ വില അതേപടി നിലനിർത്തി ചെറിയ വർധനവ് നൽകാനും സാധ്യതയുണ്ട്.
സിട്രൺ ബസാൾട്ട് X: ആദ്യമായി വിപണിയിൽ അവതരിപ്പിച്ച് ഒരു വർഷത്തിനുള്ളിൽ ഫ്രഞ്ച് ബ്രാൻഡായ സിട്രൺ തങ്ങളുടെ കൂപ്പെ എസ്‌യുവിക്ക് പരിഷ്ക്കാരങ്ങൾ നൽകാൻ ഒരുങ്ങുകയാണ്. സെപ്റ്റംബർ ആദ്യ വാരത്തിൽ ബസാൾട്ടിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി. ബസാൾട്ട് X എന്ന് പേരിട്ടിരിക്കുന്ന മോഡലിൽ നിരവധി മാറ്റങ്ങൾ കാണാനാവും.

പുതിയ അപ്ഹോൾസ്റ്ററിയും ക്യാബിനിലെ ആക്‌സന്റുകളും ഉപയോഗിച്ച് ഇൻ്റീരിയറിന് വേറിട്ട ലുക്ക് സമ്മാനിക്കാനാണ് പ്ലാൻ. അതോടൊപ്പം തന്നെ പുഷ് ബട്ടൺ സ്റ്റാർട്ട്, 360-വ്യൂ ക്യാമറ തുടങ്ങിയ ഫീച്ചറുകളും ചേർത്ത് കൂപ്പെ എസ്‌യുവിയെ മിടുക്കനാക്കാനാവും കമ്പനിക്കാവും. ബസാൾട്ട് X മോഡലിനായുള്ള ബുക്കിംഗുകളും ഇതിനകം ആരംഭിച്ചിട്ടുണ്ട്. സിട്രൺ അടുത്തിടെ അവതരിപ്പിച്ച C3 X, എയർക്രോസ് X മോഡലുകൾക്ക് സമാനമാവും ബസാൾട്ടിലേയും മാറ്റങ്ങൾ.
വിൻഫാസ്റ്റ് ഇവി: വിയറ്റ്നാമീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ വിൻഫാസ്റ്റിന്റെ ആദ്യ ഇലക്ട്രിക് എസ്‌യുവികളുടെ ഔദ്യോഗിക അവതരണവും വില പ്രഖ്യാപനവും സെപ്റ്റംബർ ആറാം തീയതി നടക്കും. ജനുവരിയിൽ നടന്ന ഭാരത് മൊബിലിറ്റി എക്‌സ്‌പോയിൽ തങ്ങളുടെ മുഴുവൻ ഇവി നിരയും പ്രദർശിപ്പിച്ച ബ്രാൻഡ് രണ്ട് മിഡ്-സൈസ് എസ്‌യുവികളായ VF6, VF7 എന്നിവയിലൂടെയാണ് ഇന്ത്യയിലെ ഇന്നിംഗ്സ് ആരംഭിക്കുന്നത്. ഇതിനോടകം ഇവികൾക്കായുള്ള നിർമാണവും ബുക്കിംഗും ബ്രാൻഡ് ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്.
വോൾവോ EX30: സ്വീഡിഷ് വാഹന നിർമാതാക്കളായ വോൾവോ തങ്ങളുടെ എൻട്രി ലെവൽ ഇലക്ട്രിക് എസ്‌യുവിയായ EX30 സെപ്റ്റംബർ അവസാനത്തോടെ ഇന്ത്യയിൽ പുറത്തിറക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രാൻഡിലെ മറ്റ് കാറുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായി ക്യാബിനുള്ളിൽ ചില വിചിത്രമായ സവിശേഷതകളോടെയാണ് ഈ കുഞ്ഞൻ എസ്‌യുവി വരുന്നത്. 69 kWh ബാറ്ററി പാക്കിൽ പ്രവർത്തിക്കുന്ന ഇത് ഏകദേശം 475 കിലോമീറ്റർ വരെ റേഞ്ച് നൽകാനും യോഗ്യമായിരിക്കും.


Click it and Unblock the Notifications








