ബേസ് മോഡലിൽ വരെ 360 ഡിഗ്രി ക്യാമറയും ലോഡ് കണക്കിന് സേഫ്റ്റി ഫീച്ചറുകളും, പുത്തൻ വെന്യു ഒരു കലക്ക്കലക്കും
കോംപാക്‌ട് എസ്‌യുവി വിപണി കീഴടക്കാൻ ഹ്യുണ്ടായി വെന്യുവിന്റെ ന്യൂജെൻ മോഡൽ കച്ചകെട്ടിയിറങ്ങുകയാണ്. എക്സ്റ്റീരിയറും ഇന്റീരിയറും പോലുള്ള മോഡലിന്റെ വിവരങ്ങളെല്ലാം പങ്കുവെച്ച ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ 2025 നവംബർ നാലിന് പുത്തൻ പതിപ്പിന്റെ വില പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ്. ഇതിന് മുമ്പേ ഹൈപ്പ് കൂട്ടാനായി ചില വിവരങ്ങളും ഔദ്യോഗികമായി തന്നെ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ് ഹ്യുണ്ടായി. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം സേഫ്റ്റിയിലും യാതൊരു വിധ വിട്ടുവീഴ്ച്ചയും സബ്-4 മീറ്റർ മോഡലിലുണ്ടാവില്ലെന്നത് സെഗ്മെന്റിലെ മുഖ്യശത്രുവായ മാരുതി സുസുക്കി ബ്രെസയ്ക്ക് വെല്ലുവിളി ഉയർത്തും.
ബ്രെസയിൽ കണികാണാൻ കിട്ടാത്തത്ര സേഫ്റ്റി ഫീച്ചറുകളാണ് ഹ്യുണ്ടായി വെന്യുവിൽ ഒരുക്കിവെച്ചിരിക്കുന്നത്. പുതിയ വെന്യുവിൽ 6 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഇഎസ്‌സി, ഹിൽ അസിസ്റ്റ് കൺട്രോൾ, ടിപിഎംഎസ്, ഓട്ടോ-ഹോൾഡ് ഫംഗ്ഷനോടുകൂടിയ ഇലക്ട്രോണിക് പാർക്ക് ബ്രേക്ക്, 360-ഡിഗ്രി ക്യാമറ, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, നാല് ഡിസ്‌ക് ബ്രേക്കുകൾ, സ്റ്റാൻഡേർഡായി എല്ലാ സീറ്റ് ബെൽറ്റുകൾക്കും റിമൈൻഡറുകള്ള ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ എന്നിവയെല്ലാം സ്റ്റാൻഡേർഡായി തന്നെ കമ്പനി വാഗ്ദാനം ചെയ്യും.

ഇതുകൂടാതെ, 2025 ഹ്യുണ്ടായി വെന്യുവിന് ലെവൽ 2 ADAS സ്യൂട്ട്, OTA അപ്‌ഡേറ്റുകൾ, ഡ്യുവൽ 12.3 ഇഞ്ച് സ്‌ക്രീനുകൾ, 70 സവിശേഷതകളുള്ള ബ്ലൂലിങ്ക് കണക്റ്റഡ് കാർ സാങ്കേതികവിദ്യ, 8 സ്പീക്കർ ബോസ് മ്യൂസിക് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഇലക്ട്രിക് സൺറൂഫ്, ബ്ലൈൻഡ് സ്‌പോട്ട് മോണിറ്ററുകൾ എന്നിവ പോലുള്ള അത്യാധുനിക ഫീച്ചറുകളും തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് ലഭ്യമാവും.
71 ശതമാനം ഉയർന്ന കരുത്തുള്ള സ്റ്റീലും ഹോട്ട് സ്റ്റാമ്പ് ചെയ്ത ഘടകങ്ങളും ഉപയോഗിച്ച് ഹ്യുണ്ടായി വെന്യുവിന്റെ ബോഡി ഘടന ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇത് ഇംപാക്ട് പ്രൊട്ടക്ഷൻ മെച്ചപ്പെടുത്തുന്നു. സ്മാർട്ട്സെൻസ് ADAS ലെവൽ 2 പാക്കേജിൽ വാഹനങ്ങൾ, കാൽനടയാത്രക്കാർ, സൈക്ലിസ്റ്റുകൾ എന്നിവർക്കായി ഫോർവേഡ് കൊളിഷൻ-അവോയിഡൻസ് അസിസ്റ്റ്, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, സ്റ്റോപ്പ് ആൻഡ് ഗോ ഫങ്ഷനുള്ള സ്മാർട്ട് ക്രൂയിസ് കൺട്രോൾ, പാർക്കിംഗ് കൊളിഷൻ-അവോയിഡൻസ് അസിസ്റ്റ് എന്നിങ്ങനെ 16 നൂതന ഡ്രൈവർ സഹായ സവിശേഷതകളും ലഭിക്കും.

മൊത്തത്തിൽ വെന്യുവിൽ 65-ലധികം സുരക്ഷാ സവിശേഷതകൾ ഉൾപ്പെടുന്നു, അവയിൽ 33 എണ്ണം എല്ലാ വകഭേദങ്ങളിലും സ്റ്റാൻഡേർഡാണ്. 2019 ആദ്യമായി വിപണിയില്‍ എസ്‌യുവിക്ക് ചെറിയ ഫെയ്‌സ്‌ലിഫ്റ്റുകള്‍ അല്ലാതെ വലിയ അപ്‌ഡേറ്റുകള്‍ കമ്പനി നടപ്പാക്കിയിരുന്നില്ല. ഈ കുറവ് ന്യൂജെൻ മോഡലിലൂടെ മാറിക്കിട്ടുമെന്നത് എസ്‌യുവി പ്രേമികൾക്ക് വലിയ ആവേശം നൽകും. HX 2, HX 4, HX 5, HX 6, HX 6T, HX 7, HX 8, HX 10 എന്നീ വേരിയന്റുകളിലാവും പുത്തൻ വെന്യു ലഭ്യമാവുക. HX എന്നാല്‍ ഹ്യുണ്ടായ് എക്‌സ്പീരിയന്‍സ് എന്നാണ് അര്‍ഥമാക്കുന്നത്.
ആകര്‍ഷകമായ എക്സ്റ്റീരിയര്‍, ഇന്റീരിയര്‍ കളര്‍ ഓപ്ഷനുകളും ഹ്യുണ്ടായി ഒരുക്കിവെച്ചിട്ടുണ്ട് കേട്ടോ. മിസ്റ്റിക് സഫയര്‍, ഹേസല്‍ ബ്ലൂ, ഡ്രാഗണ്‍ റെഡ്, അറ്റ്‌ലസ് വൈറ്റ്, ടൈറ്റന്‍ ഗ്രേ, അബയാസ് ബ്ലാക്ക് എന്നീ സിംഗിള്‍ ടോണ്‍ കളറുകളും അറ്റ്‌ലസ് വൈറ്റ്, ഹേസല്‍ ബ്ലൂ എന്നീ ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകളും ലഭ്യമാണ്. ഡാര്‍ക്ക് നേവി കളറിലാണ് ന്യൂജെൻ ഹ്യുണ്ടായി വെന്യുവിന്റെ അകത്തളും പൂർത്തിയാക്കിയിരിക്കുന്നത്.

വലിപ്പത്തിന്റെ കാര്യത്തിലും മുൻഗാമിയേക്കാൾ സമ്പന്നമായിരിക്കും ന്യൂജെൻ വെന്യുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. നിലവിലുള്ള മോഡലിനേക്കാൾ 48 മില്ലീമീറ്റർ ഉയരവും 30 മില്ലീമീറ്റർ വീതിയും കൂടുതലാണ് വാഹനത്തിന്. ക്വാഡ്-ബീം എൽഇഡി ഹെഡ്‌ലൈറ്റുകൾ, ട്വിൻ ഹോൺ ഡിആർഎൽ, ഹൊറൈസൺ എൽഇഡി ടെയിൽ ലൈറ്റുകൾ, ഡാർക്ക് ക്രോം റേഡിയേറ്റർ ഗ്രിൽ, ബ്രിഡ്ജ്-ടൈപ്പ് റൂഫ് റെയിലുകൾ, സി-പില്ലർ ഗാർണിഷ് എന്നിവയെല്ലാം എക്സ്റ്റീരിയറിനെ അഴകാക്കുക.
കാപ്പ 1.2 ലിറ്റര്‍ MPI പെട്രോൾ, കാപ്പ 1.0 ലിറ്റര്‍ ടര്‍ബോ DGI , U2 1.5 ലിറ്റര്‍ CRDi ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് പുതിയ വെന്യുവില്‍ ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നത്. മാനുവല്‍, ഓട്ടോമാറ്റിക് അല്ലെങ്കില്‍ ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ (ഡിസിടി) ഗിയര്‍ബോക്‌സ് ഓപ്ഷനുകളും കാറിലുണ്ട്. പെർഫോമൻസ് കണക്കുകളും പഴയതിന് സമാനമായിരിക്കും. എന്തായാലും സെഗ്മെന്റിൽ ആശാൻ വെന്നിക്കൊടി പാറിക്കുമെന്ന കാര്യം ഏകദേശം ഉറപ്പായിട്ടുണ്ട്.
പുതുതലമുറയിലേക്ക് ചേക്കേറുന്ന ഹ്യുണ്ടായി വെന്യു വാങ്ങാൻ താത്പര്യമുള്ളവർക്ക് 25,000 രൂപ ടോക്കൺ അടച്ച് അംഗീകൃത ഹ്യുണ്ടായി ഡീലർഷിപ്പ് വഴിയോ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ എസ്‌യുവി പ്രീ-ബുക്ക് ചെയ്യാം. പുത്തൻ മോഡലിനൊപ്പം പഴയതിനെയും വിൽക്കാനാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ കോംപാക്‌ട് എസ്‌യുവിയുടെ പെട്രോൾ മാനുവൽ മോഡലുകൾ മാത്രമാവും നിലനിർത്തുകയെന്നാണ് വിവരം.


Click it and Unblock the Notifications








