7.89 ലക്ഷത്തിന്റെ ബേസ് മോഡലിൽ വരെ എമ്മാതിരി ഫീച്ചറുകൾ; പുത്തൻ വെന്യുവും വേരിയന്റുകളും
കോംപാക്‌ട് എസ്‌യുവി സെഗ്മെന്റ് തൂക്കാൻ ഹ്യുണ്ടായി വെന്യുവിന്റെ ( New Gen Hyundai Venue) പുതുതലമുറ മോഡൽ പിറവികൊണ്ടിരിക്കുകയാണ്. കിടിലൻ ഡിസൈനും ഫീച്ചറുകളും വിട്ടുവീഴ്ച്ചയില്ലാത്ത സേഫ്റ്റിയും എല്ലാമായി വാഹനം ഇതിനോടകം തരംഗമായിട്ടുണ്ട്. ഒപ്പം ഇന്നലെ പ്രഖ്യാപിച്ച വില നിർണയം കൂടിയായപ്പോൾ എതിരാളികളുടെ കിളി പോയിട്ടുണ്ടെന്ന് വേണം പറയാൻ. മാനുവൽ, ഓട്ടോമാറ്റിക് ഓപ്ഷനുകളുമായി ജോടിയാക്കിയ 1.2 ലിറ്റർ NA പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് സബ്-4 മീറ്റർ എസ്‌യുവി എത്തിയിരിക്കുന്നത്.
ന്യൂജെൻ ഹ്യുണ്ടായി വെന്യുവിന്റെ പെട്രോൾ വേരിയന്റുകളുടെ വില 7.89 ലക്ഷം മുതൽ 14.56 ലക്ഷം രൂപ വരെയാണ് വരുന്നത്. അതേസമയം എസ്‌യുവിയുടെ ഡീസൽ പതിപ്പുകൾക്ക് 9.69 ലക്ഷം മുതൽ 15.51 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. HX 2, HX 4, HX 5, HX 6, HX 6T, HX 7, HX 8, HX 10 എന്നീ വേരിയന്റുകളിലാവും പുത്തൻ വെന്യു ലഭ്യമാവുക. ഓരോ വേരിയന്റും അതിലെ ഫീച്ചറുകളും എങ്ങനെയാണെന്ന് വിശദമായി നോക്കിയാലോ?

7.89 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള HX2 വേരിയന്റിൽ നിന്നാണ് പുതിയ വെന്യു ശ്രേണി ആരംഭിക്കുന്നത്. ബേസ് വേരിയന്റിൽ പോലും എൽഇഡി ഡിആർഎല്ലുകൾ, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, 6 എയർബാഗുകൾ, ESC, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, റിയർ എസി വെന്റുകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഡേ-നൈറ്റ് IRVM എന്നീ ഫീച്ചറുകളാണ് കമ്പനി കുത്തിനിറച്ചിരിക്കുന്നത്.
ഹ്യുണ്ടായി വെന്യുവിന്റെ HX4 വേരിയന്റിൽ ഇവയ്ക്കെല്ലാം പുറമെ റിയർ ഡീഫോഗർ, TPMS, ORVM-മൗണ്ടഡ് ടേൺ ഇൻഡിക്കേറ്ററുകൾ തുടങ്ങിയ ഫീച്ചറുകളാണ് അധികമായി ലഭിക്കുക. ഈ സെക്കൻഡ് വേരിയന്റ് മുതൽ ക്യാബിൻ തീം കൂടുതൽ പ്രീമിയമായ ഡ്യുവൽ-ടോൺ ഫിനിഷിലേക്ക് മാറുന്നുമുണ്ട്. HX5 വേരിയന്റിലേക്ക് വരുമ്പോൾ, ഹൈറ്റ് അഡ്‌ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, റിയർ പാർസൽ ട്രേ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, പിൻ പാർക്കിംഗ് ക്യാമറ എന്നീ അധിക സവിശേഷതകളും ലഭിക്കും.

ഹ്യുണ്ടായി വെന്യു HX6 വേരിയന്റിൽ ശ്രദ്ധേയമായ ഫീച്ചറുകളുടെ സാന്നിധ്യമുണ്ട്. എൽഇഡി ഹെഡ്‌ലാമ്പുകൾ, ഹൊറൈസൺ-സ്റ്റൈൽ എൽഇഡി പൊസിഷനിംഗ് ലാമ്പുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പുഷ്-ബട്ടൺ സ്റ്റാർട്ടുള്ള സ്മാർട്ട് കീ, വയർലെസ് ഫോൺ ചാർജിംഗ്, ഓട്ടോ-ഫോൾഡിംഗ് ORVM-കൾ എന്നീ മോഡേൺ സവിശേഷതകളാണ് ഇതിൽ ഉൾപ്പെടുന്നത്. അങ്ങനെ ഇന്റീരിയർ കൂടുതൽ പ്രീമിയമായും മാറുന്നുണ്ട്.
HX 6T ട്രിമ്മിലേക്ക് വന്നാൽ ഇലക്ട്രിക് സൺറൂഫ് ഇതിൽ നിന്നാണ് ആരംഭിക്കുന്നത്. വെന്യുവിന്റെ പുതിയ HX7 വേരിയന്റിൽ 60:40 സ്പ്ലിറ്റ് ഫോൾഡിംഗ് റിയർ സീറ്റുകൾ, റിയർ സൺഷെയ്ഡ്, റിയർ സെന്റർ ആംറെസ്റ്റ്, റിയർ വൈപ്പർ, വാഷർ, പാഡിൽ ഷിഫ്റ്ററുകൾ തുടങ്ങിയ കൂട്ടിച്ചേർക്കലുകളുമുണ്ട്. ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, ഇലക്ട്രിക് ഫോർ-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ഡ്യുവൽ-ടോൺ ലെതറെറ്റ് അപ്ഹോൾസ്റ്ററി തുടങ്ങിയ പ്രീമിയം ഘടകങ്ങൾ HX8 വേരിയന്റിൽ അവതരിപ്പിക്കുന്നു.

കോംപാക്‌ട് എസ്‌യുവിയുടെ HX10 ടോപ്പ് വേരിയന്റിൽ ലെവൽ 2 ADAS അവതരിപ്പിച്ചിട്ടുണ്ട്. ഈ വേരിയന്റിൽ പുതിയ ഡ്യുവൽ 12.3 ഇഞ്ച് കർവ്ഡ് ഡിസ്പ്ലേ സജ്ജീകരണം, ബോസ് 8-സ്പീക്കർ പ്രീമിയം സൗണ്ട് സിസ്റ്റം, ഇലക്ട്രോക്രോമിക് IRVM, വാഹനത്തിന് ചുറ്റുമുള്ള അധിക പാർക്കിംഗ് സെൻസറുകൾ എന്നിവയും ലഭിക്കുന്നു. ടർബോ-പെട്രോൾ ഡിസിടി, ഡീസൽ ഓട്ടോമാറ്റിക് ഓപ്ഷനുകൾക്കൊപ്പം ഈ വേരിയന്റ് ലഭ്യമാണ്.
എല്ലാ ഫീച്ചറുകളും കുത്തിനിറച്ചിരിക്കുന്ന ഡീസൽ ഓട്ടോമാറ്റിക് പതിപ്പിന് 15.51 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില വരും. മൊത്തത്തിൽ 65-ലധികം സുരക്ഷാ സവിശേഷതകളോടെയാണ് പുതുതലമുറയെ പണിതിറക്കുന്നത്. അവയിൽ 33 എണ്ണം എല്ലാ വകഭേദങ്ങളിലും സ്റ്റാൻഡേർഡാണ്. 71 ശതമാനം ഉയർന്ന കരുത്തുള്ള സ്റ്റീലും ഹോട്ട് സ്റ്റാമ്പ് ചെയ്ത ഘടകങ്ങളും ഉപയോഗിച്ച് ഹ്യുണ്ടായി വെന്യുവിന്റെ ബോഡി ഘടന ശക്തിപ്പെടുത്തിയിട്ടുണ്ട്.


Click it and Unblock the Notifications








