മൈലേജും പെർഫോമൻസും ഒരുപോലെ കൂടും! 7-സ്‌പീഡ് ഗിയർബോക്‌സുമായി സെൽറ്റോസ് ഡീസൽ വരുന്നു
ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയയ്ക്ക് ഇന്ത്യയിൽ അഡ്രസുണ്ടാക്കി കൊടുത്ത വാഹനമാണ് സെൽറ്റോസ് (Kia Seltos). മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ ഹ്യുണ്ടായി ക്രെറ്റയുടെ (Hyundai Creta) ഒന്നാം സ്ഥാനം വരെ അടിച്ചെടുത്ത് മിന്നിത്തിളങ്ങിയിട്ടുണ്ട് ആശാൻ. നിലവിൽ വിൽപ്പന അൽപം കുറവാണെങ്കിലും പഴയ ഫോമിലേക്ക് സെൽറ്റോസിനെ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് കമ്പനിയിപ്പോൾ. അടുത്ത വർഷം എസ്‌യുവിയുടെ ന്യൂജെൻ മോഡലിനെ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് ബ്രാൻഡ്. അതിന്റെ ഭാഗമായുള്ള പരീക്ഷണയോട്ടവും കിയ ആരംഭിച്ചിട്ടുണ്ട്. പലതവണ പൊതുനിരത്തുകളിൽ പ്രത്യക്ഷപ്പെട്ട വാഹനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ് ഇപ്പോൾ.
എക്സ്റ്റീരിയറിലും ഇന്റീരിയറിലും ഒന്നിലധികം അപ്‌ഡേറ്റുകൾ ലഭിക്കുന്നതിനോടൊപ്പം നിരവധി മെക്കാനിക്കൽ പരിഷ്ക്കാരങ്ങളും കിയ സെൽറ്റോസിലേക്ക് വന്നെത്തുമെന്നാണ് വിവരം. 1.5 ലിറ്റർ ഡീസൽ എഞ്ചിനിൽ 7-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനിയെന്നാണ് റഷ്‌ലൈൻ റിപ്പോർട്ട് ചെയ്യുന്നത്. നിലവിലുള്ള സെൽറ്റോസിൽ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളോടെയാണ് വാഗ്ദാനം ചെയ്യുന്നത്.

ഈ എഞ്ചിൻ 116 bhp പവറിൽ 250 Nm ടോർക്ക് വരെയും ഉത്പാദിപ്പിക്കാൻ യോഗ്യമാണ്. വരാനിരിക്കുന്ന പുതിയ തലമുറ സെൽറ്റോസിന് 1.5 ലിറ്റർ ഡീസൽ എഞ്ചിനോടൊപ്പം 7-സ്പീഡ് ഓട്ടോമാറ്റിക് ലഭിക്കുന്നത് വലിയ ചർച്ചയാവാൻ ഇടയുണ്ട്. നിലവിലുള്ള 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി താരതമ്യപ്പെടുത്തുമ്പോൾ സെഗ്‌മെന്റിൽ പല മാറ്റങ്ങൾക്കും പുതിയ ട്രാൻസ്മിഷൻ തുടക്കം കുറിച്ചേക്കും.
ഡീസൽ എഞ്ചിനിലേക്ക് 7-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് വന്നെത്തുന്നതിലൂടെ എസ്‌യുവിയുടെ ശബ്ദവും വൈബ്രേഷനുകളും കുറയ്ക്കാൻ കിയക്ക് കഴിയും. അതുവഴി സുഗമമായ ഹൈവേ ഡ്രൈവിംഗും ശാന്തമായ ഇന്റീരിയറും ഉറപ്പാക്കാൻ വാഹനത്തിനാവും. 7-ാമത്തെ ഗിയർ കുറഞ്ഞ ആർപിഎം വേഗതയും അനുവദിക്കും. അങ്ങനെ എസ്‌യുവിയുടെ മൈലേജ് മെച്ചപ്പെടുത്താനും സഹായിക്കും.

മറ്റൊരു വലിയ നേട്ടം ക്വിക്കായിട്ടുള്ള മിഡ്-റേഞ്ച് റെസ്പോൺസായിരിക്കും. 7 സ്പീഡ് ഗിയർ സജ്ജീകരണത്തിന് മൂന്നാമത്തെയും അഞ്ചാമത്തെയും ഗിയറുകളിൽ അടുത്ത റേഷ്യോ ഉണ്ടാകുമെന്നതിനാൽ ട്രാഫിക് സാഹചര്യങ്ങളിൽ ഓവർടേക്കിംഗും കൂടുതൽ അനായാസമാക്കും. 7-ഗിയർ സജ്ജീകരണത്തിന് എമിഷൻ കുറയ്ക്കാനും കഴിയുമെന്നാണ് കിയയുടെ മറ്റൊരു വാദം. അങ്ങനെ ഭാവിയിൽ നടപ്പിലാക്കുന്ന കർശനമായ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കാൻ എസ്‌യുവിയെ അനുവദിക്കും.
ഇന്ത്യൻ ഡ്രൈവിംഗ് സാഹചര്യങ്ങൾക്ക് അനുയോജ്യമായും വ്യത്യസ്തമായ കാലാവസ്ഥാ സാഹചര്യങ്ങളെ ഫലപ്രദമായി നേരിടാനും കിയ 7-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വികസിപ്പിക്കാൻ സാധ്യതയുണ്ട്. എന്തായാലും വിപ്ലവകരമായ മാറ്റങ്ങളിലൂടെ ഇന്ത്യൻ എസ്‌യുവി വിപണിയെ വീണ്ടും കൈപ്പിടിയിലാക്കാനായുള്ള സെൽറ്റോസിന്റെ രണ്ടാംവരവിന് ആരാധകർ കാത്തിരിക്കുകയാണ്. മിക്കവാറും അടുത്ത വർഷം പകുതിയോടെ മോഡൽ ഇങ്ങ് എത്തിയേക്കും.

ന്യൂജെൻ കിയ സെൽറ്റോസിൻ്റെ ഡിസൈനും വലിയ മാറ്റങ്ങൾക്ക് വിധേയമാവുന്നുണ്ട് കേട്ടോ. പുതുക്കിയ ഫ്രണ്ട്, റിയർ ലൈറ്റ് യൂണിറ്റുകൾ, പുതിയ അലോയ് വീലുകൾ എന്നിവ ഉണ്ടാകുമെന്ന് ഉറപ്പിക്കാം. കിയയുടെ തന്നെ EV9, സിറോസ് എന്നിവയിൽ കാണുന്ന കിയയുടെ ഏറ്റവും പുതിയ 'ഓപ്പോസിറ്റ് യുണൈറ്റഡ്' ഡിസൈൻ തന്നെയാണ് രണ്ടാം തലമുറ സെൽറ്റോസിലും ലഭിക്കാൻ പോകുന്നത് എന്നതിനാൽ ലുക്കിന്റെ കാര്യത്തിൽ ഇവനെ വെല്ലാൻ വേറെ മോഡൽ വിപണിയിലുണ്ടാവില്ല.
നിലവിൽ കിയ സെൽറ്റോസിൻ്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില 10.90 ലക്ഷം മുതൽ 20.37 ലക്ഷം വരെയാണ്. ഗംഭീര മാറ്റങ്ങളോടെ പുതുതലമുറ മോഡൽ അവതരിക്കുമ്പോൾ വില അൽപം കൂടി ഉയരുമെന്ന് ഉറപ്പിക്കാം. ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, ഹോണ്ട എലിവേറ്റ്, ടൊയോട്ട ഹൈറൈഡർ, സ്കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സിട്രൺ എയർക്രോസ് തുടങ്ങിയവരുമായാണ് സെൽറ്റോസിന്റെ മത്സരം.


Click it and Unblock the Notifications








