പണി തുടങ്ങിയേ.... വിക്ടോറിസും ക്രെറ്റയും ഒതുങ്ങാൻ സമയമായി; ഇനി പുത്തൻ സെൽറ്റോസിൻ്റെ കാലം
ഇന്ത്യയിലെ എസ്‌യുവി വിഭാഗത്തിൽ ഇടിമുഴക്കമാവാൻ ഒരുങ്ങുകയാണ് പുതുതലമുറ കിയ സെൽറ്റോസ്. ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾക്ക് ആഭ്യന്തര വിപണിയിൽ അഡ്രസുണ്ടാക്കി കൊടുത്ത മോഡൽ നിലവിൽ വിൽപ്പന കണക്കുകളിൽ ഹ്യുണ്ടായി ക്രെറ്റ, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, മാരുതി വിക്ടോറിസ്, മാരുതി ഗ്രാൻഡ് വിറ്റാര തുടങ്ങിയ വമ്പൻമാർക്ക് പിന്നിലാണ്. എന്നാൽ ന്യൂജെൻ മോഡലിലൂടെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്താനാവുമെന്ന പ്രതീക്ഷയിൽ വീണ്ടും മത്സരം കടുപ്പിക്കാൻ പുതുപുത്തൻ പതിപ്പിനാവുമെന്നാണ് കമ്പനിയുടെ വിശ്വാസം. അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ച പുത്തൻ സെൽറ്റോസിൻ്റെ വില വിവരങ്ങൾ മാത്രമാണ് ഇനി അറിയാൻ ബാക്കിയുള്ളത്.
പുതിയ കിയ സെൽറ്റോസിൻ്റെ വില 2026 ജനുവരി രണ്ടാം തീയതിയായിരിക്കും കമ്പനി പ്രഖ്യാപിക്കുക. അതിന് മുന്നോടിയായിതാ ന്യൂജെൻ മോഡലിനായുള്ള നിർമാണവും തുടങ്ങിയിരിക്കുകയാണ് കമ്പനി. കിയ ഇന്ത്യയുടെ ആന്ധ്രാപ്രദേശിലെ അനന്തപൂർ പ്ലാൻ്റിലാണ് പുതിയ സെൽറ്റോസ് പണികഴിപ്പിക്കുന്നത്. വാഹനത്തിനായുള്ള ബുക്കിംഗ് ഡിസംബർ 11 മുതൽ ആരംഭിച്ചിരുന്നു. വാങ്ങാൻ താത്പര്യമുള്ളവർക്ക് 25,000 രൂപ ടോക്കൺ തുക അടച്ച് എസ്‌യുവി പ്രീ-ബുക്ക് ചെയ്യാം.

ജനുവരി രണ്ടിന് വില പ്രഖ്യാപിച്ചതിന് ശേഷം ജനുവരി പകുതിയോടെ ഡെലിവറികൾ ആരംഭിക്കാനാണ് കിയയുടെ പദ്ധതി. വിതരണം നേരത്തെ തുടങ്ങാനായാണ് മുൻകൂട്ടി നിർമാണം തുടങ്ങിയിരിക്കുന്നത്. മിഡ്-സൈസ് എസ്‌യുവി സെഗ്മെൻ്റിലെ ഏറ്റവും നീളം കൂടിയ മോഡലായിരിക്കും ന്യൂജെൻ സെൽറ്റോസ്. ഇതിന് 4,460 mm നീളവും 1,830 mm വീതിയും 2,690 mm വീൽബേസും ഉണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഇത് മികച്ച ഇൻ്റീരിയർ സ്പേസും യാത്രയിൽ മെച്ചപ്പെട്ട സ്റ്റെബിലിറ്റിയും നൽകാനും സഹായിക്കും. കിയയുടെ ഓപ്പോസിറ്റ്സ് യുണൈറ്റഡ് ഡിസൈൻ തത്ത്വചിന്തയാണ് പുതിയ മോഡൽ സ്വീകരിക്കുന്നത്. ഡിജിറ്റൽ ടൈഗർ ഫെയ്സ്, ഡൈനാമിക് വെൽക്കം ഫംഗ്ഷനോടുകൂടിയ ഐസ് ക്യൂബ് എൽഇഡി പ്രൊജക്ഷൻ ഹെഡ്‌ലാമ്പുകൾ, ഓട്ടോമാറ്റിക് സ്ട്രീംലൈൻ ഡോർ ഹാൻഡിലുകൾ, പുതിയ അലോയ് വീലുകൾ, നിയോൺ ബ്രേക്ക് കാലിപ്പറുകൾ എന്നിവയാണ് രൂപത്തിനെ ആകർഷകമാക്കുന്ന പ്രധാന സവിശേഷതകൾ.

എസ്‌യുവിക്ക് കൂടുതൽ ബോൾഡും പ്രീമിയം ഐഡൻ്റിറ്റിയും നൽകുക എന്നാതാണ് ഈ മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് കിയ പറയുന്നു. ഗ്ലോബൽ K3 പ്ലാറ്റ്‌ഫോമിൽ പണികഴിപ്പിക്കുന്ന കിയ ഇന്ത്യയുടെ ആദ്യത്തെ മോഡൽ കൂടിയാണ് പുതുതലമുറ സെൽറ്റോസ്. ഉയർന്ന ഘടനാപരമായ കാഠിന്യം, പുതുക്കിയ സസ്‌പെൻഷൻ ട്യൂണിംഗ്, കുറഞ്ഞ എൻവിഎച്ച് ലെവലുകൾ എന്നിവ ഈ പ്ലാറ്റ്ഫോമിലൂടെ വാഹനത്തിലേക്ക് കൊണ്ടുവരാനായെന്നും കമ്പനി പറയുന്നു.
സിറ്റി, ഹൈവേ ഡ്രൈവിംഗിൽ ആത്മവിശ്വാസം മെച്ചപ്പെടുത്താൻ 24 സ്റ്റാൻഡേർഡ് സേഫ്റ്റി പായ്ക്കും 21 ഓട്ടോണമസ് സവിശേഷതകളുള്ള ലെവൽ 2 ADAS സ്യൂട്ടും കിയ സെൽറ്റോസിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇൻ്റീരിയറിൻ്റെ കാര്യത്തിലും മോഡേൺ ആവാൻ ന്യൂജെൻ പതിപ്പിനായിട്ടുണ്ട്. പുതിയ സെൽറ്റോസിൽ 75.18 സെൻ്റിമീറ്റർ വലിപ്പമുള്ള ട്രിനിറ്റി പനോരമിക് ഡിസ്‌പ്ലേയും പ്രീമിയം ബോസ് 8-സ്പീക്കർ ഓഡിയോ സിസ്റ്റവും ഉണ്ട്.

കൂടാതെ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, കിയ കണക്റ്റ് 2.0, ഒടിഎ അപ്‌ഡേറ്റുകൾ, കിയ കണക്റ്റ് ഡയഗ്നോസിസ് സവിശേഷതകൾ എന്നിവയും സെൽറ്റോസിൽ ഒരുക്കിയിട്ടുണ്ടെന്ന് കമ്പനി പറയുന്നു. ദൈനംദിന സൗകര്യം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സെഗ്‌മെൻ്റ് ഫസ്റ്റ് സ്മാർട്ട് കീ പ്രോക്‌സിമിറ്റി അൺലോക്ക് ഫംഗ്‌ഷനാണ് മറ്റൊരു ഹൈലൈറ്റ്. കിയ സെൽറ്റോസിന്റെ നിലവിലുള്ള 1.5 ലിറ്റർ NA പെട്രോൾ, 1.5 ലിറ്റർ ടർബോ-പെട്രോൾ, 1.5 ഡീസൽ എന്നീ മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ അതേപടി നിലനിർത്തിയിട്ടുണ്ട്.
ഹൈബ്രിഡ് എഞ്ചിൻ വരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും നിലവിൽ അവതരിപ്പിച്ചിട്ടില്ല. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക്, iMT, 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് എന്നിവയാണ് ഗിയർബോക്‌സ് ഓപ്ഷനുകൾ. പവർഔട്ട്പുട്ട് കണക്കുകളും നിലവിലുണ്ടായിരുന്ന സെൽറ്റോസിന് സമാനമാണെന്ന് വേണം പറയാൻ. ഇന്ത്യൻ വിപണിയിലേക്ക് ന്യൂജെൻ സെൽറ്റോസ് എത്തുമ്പോൾ മിഡ്-സൈസ് എസ്‌യുവി സെഗ്മെൻ്റിലെ മത്സരം ഒന്നുകൂടി മുറുകുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








