സംഭവം കൊള്ളാം... പക്ഷേ ഓടിപ്പോയി വാങ്ങാൻ വരട്ടെ! പുത്തൻ സെൽറ്റോസിനെക്കുറിച്ച് അറിയേണ്ടതെല്ലാം
കൃത്യമായ ഇടവേളികളിൽ മോഡൽ നിരയിൽ മാറ്റങ്ങൾക്കൊണ്ടുവരുന്നതിൽ മിടുക്കൻമാരാണ് കിയ. പുത്തൻ വേരിയൻ്റുകൾ കൊണ്ടുവരുന്നതായാലും, ഫെയ്‌സ്‌ലിഫ്റ്റുകൾ അവതരിപ്പിക്കുന്നതിലായാലും ഫീച്ചറുകളുടെ കൂട്ടിച്ചേർക്കലായാലും മറ്റ് ബ്രാൻഡുകൾ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളെ കണ്ടുപഠിക്കണം. ഇപ്പോഴിതാ തങ്ങളുടെ മിഡ്-സൈസ് എസ്‌യുവിയായ സെൽറ്റോസിൻ്റെ പുതുതലമുറ മോഡലുമായി ഇന്ത്യയിൽ എത്തിയിരിക്കുകയാണ് കിയ. നിലവിൽ ക്ഷീണത്തിലുള്ള വിൽപ്പന പഴയപടി കൊണ്ടുവരാനുള്ള ശ്രമം എന്തായാലും വിജയം കാണുമെന്ന് ഉറപ്പാണ്. അമ്മാതിരി ഗ്ലാമറിലാണ് ആശാൻ്റെ വരവ്. മാത്രമല്ല, മുമ്പത്തേക്കാൾ കൂടുതൽ ഫീച്ചറുകളും എസ്‌യുവിയിൽ കുത്തിനിറച്ചിട്ടുണ്ട് കിയ.
മാത്രമല്ല വലിപ്പവും 4.2 മീറ്ററിൽ നിന്നും 4.4 മീറ്റർ വരെ വർധിച്ചിട്ടുമുണ്ട്. അങ്ങനെ എല്ലാത്തരത്തിലും ന്യൂജെൻ സെൽറ്റോസ് ഗംഭീരമായിട്ടുണ്ടെന്ന് വേണം പറയാൻ. ആദ്യ കാഴ്ച്ചയിൽ ആരും വീണുപോവുന്ന ലുക്ക് കണ്ട് ഓടിപ്പോയി ബുക്ക് ചെയ്യുകയൊന്നും വേണ്ട. പുത്തൻ സെൽറ്റോസ് വാങ്ങാൻ നിങ്ങൾക്ക് പ്ലാനുണ്ടെങ്കിൽ ചില കാര്യങ്ങളൊക്കെ വ്യക്തമായി അറിഞ്ഞിരിക്കേണ്ടതുണ്ട് കേട്ടോ. അത് എന്തെല്ലാമെന്ന് പറഞ്ഞുതരാം.

ബുക്കിംഗും വില പ്രഖ്യാപനവും
പുതുതലമുറയിലേക്ക് ചേക്കേറിയിരിക്കുന്ന ന്യൂജെൻ കിയ സെൽറ്റോസിനായുള്ള ബുക്കിംഗ് കമ്പനി ഡിസംബർ 11 മുതലായിരിക്കും ആരംഭിക്കുക. തുടർന്ന് ഔദ്യോഗിക വില പ്രഖ്യാപനം 2026 ജനുവരി രണ്ടിനും ഡെലിവറി അടുത്ത മാസം പകുതിയോടും കൂടിയായിരിക്കും കിയ ഇന്ത്യയിൽ പൂർത്തിയാക്കുക. ബുക്ക് ചെയ്യാനായി ടോക്കൺ തുകയായി 25,000 രൂപ നൽകി ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അംഗീകൃത ഡീലർപ്പിലൂടെ പുതിയ സെൽറ്റോസ് ബുക്ക് ചെയ്യാം.
ഡിസൈൻ
പുതിയ സെൽറ്റോസ് ഓപ്പോസിറ്റ്സ് യുണൈറ്റ് ഡിസൈൻ തത്ത്വചിന്തയെ അടിസ്ഥാനമാക്കിയുള്ള കമ്പനിയുടെ പുതിയ ഇൻഫിനിറ്റ് എസ്‌യുവി ഡിസൈൻ ഭാഷ്യമാണ് പിന്തുടർന്നിരിക്കുന്നത്. ഡിജിറ്റൽ ടൈഗർ ഫെയ്‌സ്, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, ഡൈനാമിക് വെൽക്കം ആൻഡ് ഗുഡ്‌ബൈ ആനിമേഷനുകൾ, ബ്ലൈൻഡ്-വ്യൂ മോണിറ്റർ, പെയിൻ്റഡ് ബോഡി ക്ലാഡിംഗ്, പുതിയ സ്റ്റാർമാപ്പ് എൽഇഡി ലൈറ്റിംഗ് സിഗ്നേച്ചർ, കാൻഡി ഗ്രീൻ ബ്രേക്ക് കാലിപ്പറുകൾ, 18 ഇഞ്ച് ഡയമണ്ട് കട്ട് വീലുകൾ, എൽഇഡി ഫോഗ് ലൈറ്റുകൾ തുടങ്ങിയ ഫീച്ചറുകളാണ് എക്സ്റ്റീരിയറിലെ ഹൈലൈറ്റുകൾ.

ഇൻ്റീരിയറും ഫീച്ചറുകളും
കാരൻസ് ക്ലാവിസിന് സമാനമായ അകത്തളമാണ് മിഡ്-സൈസ് എസ്‌യുവിയുടെ ന്യൂജെൻ മോഡലും പകർത്തിയിരിക്കുന്നത്. ഹെഡ്‌സ്-അപ്പ് ഡിസ്പ്ലേ, 30-ഇഞ്ച് ട്രിനിറ്റി പനോരമിക് ഡിസ്‌പ്ലേ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വയർലെസ് ചാർജിംഗ് പാഡ്, ഡ്യുവൽ-പാനൽ പനോരമിക് സൺറൂഫ്, പവർഡ് റിലാക്സിംഗ് ഡ്രൈവർ സീറ്റ്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, റിയർ റീക്ലൈനിംഗ് സീറ്റുകൾ പോലുള്ള ഫീച്ചറുകളെല്ലാം ഇൻ്റീരിയറിൽ ലഭ്യമാണ്.
ഇതുകൂടാതെ കംഫർട്ട് സീറ്റുകൾ, ഡ്യുവൽ-ടോൺ ഇന്റീരിയർ തീം, ORVM ക്രമീകരണങ്ങളുമായി സംയോജിപ്പിച്ച മെമ്മറി ക്രമീകരണങ്ങളുള്ള 10-വേ പവർഡ് ഡ്രൈവർ സീറ്റ്, പവർഡ് ലംബർ സപ്പോർട്ട്, വെന്റിലേറ്റഡ് സീറ്റുകൾ, 8-സ്പീക്കർ ബോസ് ഓഡിയോ സിസ്റ്റം, 64-കളർ ആംബിയന്റ് ലൈറ്റിംഗ്, റിയർ സൺഷെയ്‌ഡുകൾ, 100W USB ടൈപ്പ്-സി ചാർജിംഗ് പോർട്ടുകൾ, ഓട്ടോ-ഡിമ്മിംഗ് IRVm, കിയ കണക്റ്റ് 2.0, OTA എന്നിവയുള്ള അഡ്വാൻസ്ഡ് ടെലിമാറ്റിക്സ് അപ്ഡേറ്റുകൾ, ഡിജിറ്റൽ കീ എന്നീ ഫീച്ചറുകളും ന്യൂജെൻ സെൽറ്റോസിലുണ്ട്.
സേഫ്റ്റി
നിർമാണത്തിൽ അൾട്രാ ഹൈ-സ്ട്രെങ്ത് സ്റ്റീൽ ഉപയോഗിച്ചുകൊണ്ട് കമ്പനി പുതിയ സെൽറ്റോസിൻ്റെ സുരക്ഷാ ഗണ്യമായി വർധിപ്പിച്ചിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ മികച്ച സ്കോർ ലക്ഷ്യമിട്ട് ക്രംപിൾ സോണുകൾ പോലും ഇപ്പോൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. 24 സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതകളോടെയാണ് പുതിയ സെൽറ്റോസ് വരുന്നത്.
6 എയർബാഗുകൾ, ABS, EBD, ട്രാക്ഷൻ കൺട്രോൾ, നാല് ഡിസ്ക് ബ്രേക്കുകൾ, ശക്തിപ്പെടുത്തിയ ഷാസി, ഓട്ടോ ഹെഡ്‌ലൈറ്റുകൾ എന്നിവയെല്ലാം സെൽറ്റോസിലെ സ്റ്റാൻഡേർഡ് സേഫ്റ്റി ഫീച്ചറുകളാണ്. സജീവ സുരക്ഷാ സവിശേഷതകളെ സംബന്ധിച്ചിടത്തോളം 2026 കിയ സെൽറ്റോസിൽ 28 ഓട്ടോണമസ് ഡ്രൈവർ അസിസ്റ്റ് ഫീച്ചറുകളുള്ള ലെവൽ 2+ ADAS സ്യൂട്ടും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് പറയുന്നത്.

എഞ്ചിൻ ഗിയർബോക്‌സ് ഓപ്ഷനുകൾ
കിയ സെൽറ്റോസിന്റെ നിലവിലുള്ള 1.5 ലിറ്റർ NA പെട്രോൾ, 1.5 ലിറ്റർ ടർബോ-പെട്രോൾ, 1.5 ഡീസൽ എന്നീ മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ അതേപടി പുതുതലമുറയിലേക്കും പറിച്ചുനട്ടിട്ടുണ്ട്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക്, iMT, 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് എന്നിവയാണ് ഗിയർബോക്‌സ് ഓപ്ഷനുകൾ. പവർഔട്ട്പുട്ട് കണക്കുകളും നിലവിലുണ്ടായിരുന്ന സെൽറ്റോസിന് സമാനമാണെന്ന് വേണം പറയാൻ.


Click it and Unblock the Notifications








