ഇടിപ്പരീക്ഷയിലും ഫുൾമാർക്ക് നേടി ടൊയോട്ടയുടെ പുത്തൻ പിക്കപ്പ് ട്രക്ക്, ഇനി ഇന്ത്യയിലേക്കുള്ള എൻട്രി
മാരുതി സുസുക്കി കഴിഞ്ഞാൽ ഇന്ത്യക്കാർക്ക് കൂടുതൽ ഇഷ്‌ടമുള്ള വാഹന നിർമാതാക്കളിൽ ഒരാളാണ് ടൊയോട്ട. വിശ്വസിച്ച് വാങ്ങിക്കാൻ ഇവരെ കഴിഞ്ഞേ വേറെ ബ്രാൻഡുള്ളു എന്നതാണ് മറ്റൊരു കാര്യം. നല്ലതു പോലെ മെയിൻ്റനെൻസ് ചെയ്‌ത് കൊണ്ടുനടന്നാൽ എത്ര ലക്ഷം കിലോമീറ്റർ വേണമെങ്കിലും താണ്ടാനാവുന്ന എഞ്ചിനും നല്ല ബിൽഡ് ക്വാളിറ്റിയുള്ള വാഹനങ്ങളുമാണ് കമ്പനി പുറത്തിറക്കാറ്. ഇന്നോവയും ഫോർച്യൂണറുമെല്ലാം വാങ്ങാൻ ആളുകൾ ഇടിച്ച് കയറുന്നതിൻ്റെ കാരണവും ഇതുതന്നെയാണ്. രാജ്യത്ത് അധികം പ്രചാരമില്ലാത്ത ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്ക് വിഭാഗത്തിൽ വരെ പരീക്ഷണത്തിനിറങ്ങാൻ ടൊയോട്ടയ്ക്ക് മറിച്ചൊന്ന് ചിന്തിക്കേണ്ടി വന്നിട്ടില്ല.
ലോകവിപണി കീഴടക്കിയ ഹൈലക്‌സ് ഇന്ത്യയിലെത്തിയപ്പോഴും വെന്നിക്കൊടി പാറിച്ചിട്ടുണ്ട്. അടുത്തിടെ ബ്രാൻഡ് പിക്കപ്പ് ട്രക്കിൻ്റെ ന്യൂജെൻ മോഡലിനെ അന്താരാഷ്‌ട്ര വിപണികളിൽ അവതരിപ്പിച്ചിരുന്നു. മിക്കവാറും അടുത്ത വർഷം പകുതിയോടെ അല്ലെങ്കിൽ അവസാനത്തോടെ ഇന്ത്യയിലും എത്തുമെന്ന് പ്രതീക്ഷിക്കുന്ന പുതുതലമുറ ആവർത്തനം ഇപ്പോഴിതാ ഓസ്‌ട്രേലിയൻ NCAP ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയിരിക്കുകയാണ് കമ്പനി.

ഓസ്‌ട്രേലിയൻ ന്യൂ കാർ അസസ്‌മെൻ്റ് പ്രോഗ്രാമിൽ (ANCAP) 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗാണ് ടൊയോട്ടയുടെ ന്യൂജെൻ ഹൈലക്‌സ് ഇടിച്ചിട്ടിരിക്കുന്നത്. അഡൽറ്റ് ഒക്യുപൻ്റ് പ്രൊട്ടക്ഷനിൽ 40-ൽ 33.96 പോയിൻ്റ് നേടിയ വാഹനം ചൈൽഡ് ഒക്യുപൻ്റ് പ്രൊട്ടക്ഷനിൽ 49-ൽ 44.00 പോയിൻ്റും നേടിയിട്ടുണ്ട്. ബ്രേക്ക് അസിസ്റ്റിനൊപ്പം എബിഎസ്, VSC, TPMS, റിയർവ്യൂ ക്യാമറ, ട്രാക്ഷൻ കൺട്രോൾ, ഹിൽ ഡ്രൈവിംഗ് എയ്‌ഡുകൾ എന്നിവയും അതിലേറെയും ഉൾപ്പെടെയുള്ള വിപുലമായ സുരക്ഷാ സവിശേഷതകളുമായാണ് ഹൈലക്‌സ് വിപണനത്തിന് എത്തുന്നത്.
പ്രീ-കൊളിഷൻ വാർണിംഗുകൾ, ഓട്ടോ ഹൈബീം അലേർട്ട്, ഇൻ്റലിജൻ്റ് അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, പനോരമിക് വ്യൂ ക്യാമറ എന്നിവയും മറ്റും ഉൾപ്പെടുന്ന ടൊയോട്ട സേഫ്റ്റി സെൻസ് ADAS പാക്കേജും ഹൈലക്‌സിൻ്റെ ടോപ്പ് എൻഡ് വേരിയൻ്റുകളിലുണ്ട്. പുതിയ "ടഫ് ആൻഡ് എജൈൽ" ഡിസൈൻ തത്വചിന്തയ്ക്ക് അനുസൃതമായാണ് 2026 ഹൈലക്‌സ് ഡിസൈൻ ചെയ്‌തിരിക്കുന്നത്. 48V ഹൈബ്രിഡ് ഡീസൽ, പെട്രോൾ, ഇലക്ട്രിക് (BEV), ഹൈഡ്രജൻ ഫ്യൂവൽ സെൽ (FCEV) പതിപ്പുകളിലാണ് പിക്കപ്പ് വിദേശത്ത് വിപണനത്തിന് എത്തുന്നത്.

മൊത്തത്തിലുള്ള പുതിയ രൂപം ആരേയും ആകർഷിക്കുന്നതാണ്. ചെറിയ ഹെഡ്‌ലാമ്പുകൾ, ടൊയോട്ട എന്നെഴുതിയ വെട്ടിക്കൽ ബാർ, റീഡിസൈൻ ചെയ്ത ബമ്പർ എന്നിവയെല്ലാം ഉപയോഗിച്ച് പിക്കപ്പ് ട്രക്കിൻ്റെ മുൻവശം കമ്പനി പൊളിച്ചെഴുതിയിട്ടുണ്ട്. എയറോഡൈനാമിക് കാര്യക്ഷമതയ്ക്ക് വേണ്ടിയുള്ള യൂണീക് അലോയ് വീലുകളും ഹൈലക്‌സിൽ ടൊയോട്ട ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ റിയർ ഡെക്ക് സ്റ്റെപ്പും റീപ്രൊഫൈൽ ചെയ്ത സൈഡ് സ്റ്റെപ്പുകളും പിക്കപ്പ് ട്രക്കിൻ്റെ പ്രായോഗികത വർധിപ്പിക്കുന്നുണ്ട്.
എക്സ്റ്റീരിയർ പോലെ തന്നെ ഇൻ്റീരിയറും അടിപൊളിയാക്കാൻ ജാപ്പനീസ് വാഹന നിർമാതാക്കൾക്ക് സാധിച്ചിട്ടുണ്ട്. കസ്റ്റമൈസ് ചെയ്യാവുന്ന 12.3 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേ, 12.3 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് ടച്ച്‌സ്‌ക്രീൻ, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗ്, റിയർ യുഎസ്ബി പോർട്ടുകൾ, മൈ ടൊയോട്ട ആപ്പ് വഴി റിമോട്ട് വെഹിക്കിൾ ആക്‌സസ് കണക്റ്റിവിറ്റി സവിശേഷതകൾ, ഇലക്ട്രിക് പവർ സ്റ്റിയറിംഗ് തുടങ്ങിയ ഫീച്ചറുകളാണ് ഹൈലക്‌സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഹൈലക്‌സ് ഇലക്‌ട്രിക്കിൽ 59.2 kWh ലിഥിയം-അയൺ ബാറ്ററിയാണ് ടൊയോട്ട ഉപയോഗിച്ചിരിക്കുന്നത്. മുന്നിൽ 205 Nm ടോർക്കും പിന്നിൽ 268.6 Nm ടോർക്കും നൽകുന്ന ഓൾ-വീൽ ഡ്രൈവ് സംവിധാനവുമാണ് ഇവിയിൽ കൊടുത്തിട്ടുള്ളത്. ടൊയോട്ടയുടെ 48V ഹൈബ്രിഡ് സിസ്റ്റമാണ് ഹൈലക്‌സ് ഹൈബ്രിഡിലുള്ളത്. 2.8 ലിറ്റർ ഡീസൽ എഞ്ചിനിലെ 48V ലിഥിയം-അയൺ ബാറ്ററി, ഇലക്ട്രിക് മോട്ടോർ-ജനറേറ്റർ, DC-DC കൺവെർട്ടർ എന്നിവ മെച്ചപ്പെട്ട ഇന്ധനക്ഷമതയും മികച്ച ഡ്രൈവിംഗുമാണ് നൽകുക.
മൾട്ടി-ടെറൈൻ സെലക്ട്, മൾട്ടി-ടെറൈൻ മോണിറ്റർ, പനോരമിക് വ്യൂ മോണിറ്റർ എന്നിവ ഈ വേരിയന്റിൽ ഒരുക്കിയിട്ടുണ്ടെന്നാണ് ടൊയോട്ട പറയുന്നത്. 2.8 ലിറ്റർ ഡീസലും 2.7 ലിറ്റർ പെട്രോൾ പതിപ്പുകളും തുടർന്നും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിൽ നിലവിലുള്ള 2.8 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിൻ തന്നെയാവും ഇന്ത്യയിലെത്തുമ്പോൾ ന്യൂജെൻ ഹൈലക്‌സ് വാഗ്ദാനം ചെയ്യുക. ഫോർച്യൂണർ എസ്‌യുവിലുള്ള ഈ എഞ്ചിന് വലിയ ഫാൻബേസ് തന്നെയാണുള്ളത്.


Click it and Unblock the Notifications








