ഇനിയെങ്കിലും ക്രെറ്റയെ ഒതുക്കണം! ഹോണ്ടയുടെ തലവര മാറ്റാൻ എലിവേറ്റിന്റെ പുത്തൻ മോഡൽ എത്തി
ഇന്ത്യയിൽ ഹോണ്ടയ്ക്കായി ഏറ്റവും കൂടുതൽ കച്ചോടം പിടിക്കുന്ന മോഡലാണ് എലിവേറ്റ്. എസ്‌യുവികളില്ലാതിരുന്ന ജാപ്പനീസ് വാഹന നിർമാതാക്കളുടെ നിരയിലേക്ക് എത്തിയ കൊമ്പൻ പലരുടേയും മനസിൽ കയറിപ്പറ്റിയത് വളരെ വേഗമായിരുന്നു. മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് തുടങ്ങിയ വമ്പൻമാരുമായി മത്സരിക്കാനെത്തിയ എലിവേറ്റ് തുടക്കത്തിൽ വേഗത്തിൽ വിറ്റഴിച്ചിരുന്നുവെങ്കിലും ഇപ്പോൾ വിൽപ്പന ചെറുതായൊന്ന് കുറഞ്ഞുവരികയായിരുന്നു. ഈ അവസരത്തിൽ ആളുകളെ ഷോറൂമിലെത്തിക്കാൻ പുതിയ അടവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹോണ്ട. മറ്റൊന്നുമല്ല എലിവേറ്റിന്റെ പുതിയ സ്പെഷ്യൽ എഡിഷൻ മോഡലിനെ വിപണിയിലെത്തിച്ചിരിക്കുകയാണ് ബ്രാൻഡ്.
എലിവേറ്റ് അഡ്വഞ്ചർ എഡിഷൻ എന്നുപേരിട്ടിരിക്കുന്ന മോഡലിന് 15.29 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. ജാപ്പനീസ് എസ്‌യുവിയുടെ ടോപ്പ്-എൻഡ് വേരിയന്റായി സ്ഥാനം പിടിച്ചിരിക്കുന്ന ഇത് കൂടുതൽ സ്‌പോർട്ടിയർ പാക്കേജ് തേടുന്നവരെയാണ് ആകർഷിക്കുക. ഇതിനായി എക്‌സ്‌ക്ലൂസീവ് കോസ്‌മെറ്റിക് അപ്‌ഗ്രേഡുകളും ഫീച്ചറുകളുമാണ് ഹോണ്ട അവതരിപ്പിക്കുന്നത്.

ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങൾ എക്സ്റ്റീരിയറിലാണ് കാണാൻ കഴിയുക. ഓറഞ്ച് ഹൈലൈറ്റുകളുള്ള നിരവധി എക്സ്ക്ലൂസീവ് ഡിസൈൻ ഘടകങ്ങൾ എലിവേറ്റ് ADV എഡിഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓറഞ്ച് ഹൈലൈറ്റുകളുള്ള അലോയ് വീലുകളും വല്ലാത്തൊരു ചേലാണ് സമ്മാനിക്കുന്നത്. ബ്ലാക്ക് നിറത്തിലുള്ള സറൗണ്ടുള്ള ഒരു പുതിയ ആൽഫ-ബോൾഡ് പ്ലസ് ഫ്രണ്ട് ഗ്രിൽ, ഓറഞ്ച് ഹൈലൈറ്റുകളുള്ള ഹുഡ് ഡീക്കലുകൾ എന്നിവയാണ് എക്സ്റ്റീരിയറിലെ മറ്റ് ശ്രദ്ധേയമായ കാര്യങ്ങൾ.
റൂഫ് റെയിലുകളിലെ ബ്ലാക്ക് ട്രീറ്റ്‌മെന്റ്, ഡോർ ഹാൻഡിലുകൾ, ORVM-കൾ, ഷാർക്ക് ഫിൻ ആന്റിന, ഫെൻഡറുകളിൽ 'ADV' ബാഡ്ജിംഗ്, ഫോഗ് ലാമ്പുകൾക്ക് ചുറ്റുമുള്ള ഓറഞ്ച് ആക്‌സന്റുകൾ, റിയർ സ്‌കിഡ് ഗാർണിഷ് എന്നിവയും എസ്‌യുവിയെ കിടിലമാക്കുന്നുണ്ട്. റിയർ സ്‌കിഡ് പ്ലേറ്റ് ബോഡി നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. അതേസമയം ഡ്യുവൽ-ടോൺ വേരിയന്റുകൾക്ക് കൂടുതൽ പ്രീമിയം ടച്ചിനായി ബ്ലാക്ക്-ഔട്ട് സി-പില്ലറും ക്രിസ്റ്റൽ ബ്ലാക്ക് പേൾ റൂഫും ലഭിക്കുന്നു.

മെറ്റീരിയോയിഡ് ഗ്രേ മെറ്റാലിക്, ലൂണാർ സിൽവർ മെറ്റാലിക് എന്നീ രണ്ട് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളാണ് ഹോണ്ട എലിവേറ്റ് ADV എഡിഷനുള്ളത്. രണ്ട് ഓപ്ഷനുകളും സിംഗിൾ, ഡ്യുവൽ-ടോൺ ഫിനിഷുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. ഇനി ഇന്റീരിയറിലേക്ക് കയറിയാൽ പൂർണമായും കറുപ്പിൽ ഒരുക്കിയിരിക്കുന്ന അകത്തളത്തിൽ സീറ്റുകൾക്ക് കുറുകെ ഓറഞ്ച് നിറത്തിലുള്ള ഡീറ്റെയിലിംഗ് കൊടുത്തിരിക്കുന്നത് ശ്രദ്ധേയമായിട്ടുണ്ട്.
ഇതുകൂടാതെ ഡോർ ട്രിം, ഗിയർ ഷിഫ്റ്റർ എന്നിയിലും ഇതേ ഓറഞ്ച് ഹൈലൈറ്റുകൾ കാണാം. മുന്നിലും പിന്നിലും ഓറഞ്ച് കോൺട്രാസ്റ്റ് സ്റ്റിച്ചിംഗ്, എംബോസ്ഡ് ADV ലോഗോകൾ എന്നിവയും പുതിയ വേരിയന്റിന് അഴക് സമ്മാനിക്കുന്നുണ്ട്. സീറ്റ് ബെൽറ്റ് ടങ്ക്-പ്ലേറ്റുകളും ഓറഞ്ചിലാണ് ഒരുക്കിവെച്ചിരിക്കുന്നത്. എസി നോബുകളിലും ഗിയർ നോബ് മോൾഡിംഗിലും വരെ ഓറഞ്ച് ഹൈലൈറ്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
റൂഫ് ലൈനിംഗ്, സൺ വൈസറുകൾ, പില്ലറുകൾ എന്നിവ ബ്ലാക്കിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. ADV നിർദ്ദിഷ്ട ഇല്യൂമിനേറ്റഡ് ഇൻസ്ട്രുമെന്റ് പാനലും അടിപൊളിയാണ്. ടോപ്പ് വേരിയന്റിലെ എല്ലാ ഫീച്ചറുകളും പുതിയ എലിവേറ്റ് ADV എഡിഷനിലും ലഭിക്കും. കൊളീഷൻ മിറ്റിഗേഷൻ ബ്രേക്കിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, റോഡ് ഡിപ്പാർച്ചർ മിറ്റിഗേഷൻ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലീഡ് കാർ ഡിപ്പാർച്ചർ നോട്ടിഫിക്കേഷൻ പോലുള്ള ഫീച്ചറുകളുള്ള ഹോണ്ട സെൻസിംഗ് ADAS സ്യൂട്ടും എസ്‌യുവിയുടെ ഭാഗമാണ്.
6 എയർബാഗുകൾ, സ്റ്റെബിലിറ്റി ആൻഡ് ട്രാക്ഷൻ കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ISOFIX റിയർ സീറ്റുകൾ എന്നിവയാണ് മറ്റ് സേഫ്റ്റി ഫീച്ചറുകൾ. ഓപ്‌ഷണൽ ഫീച്ചറായി പുതിയ 360-ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറയും പുത്തൻ മോഡലിൽ ഉൾപ്പെടുത്തിയിട്ടുണ്ടേ. 5 വർഷത്തെ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനിന് കീഴിലുള്ള 37-ലധികം കണക്റ്റഡ് കാർ ഫീച്ചറുകളോടെയാണ് എലിവേറ്റ് ADV എഡിഷൻ വിപണിയിലെത്തുന്നത്.
ADV എഡിഷനിൽ ഹോണ്ടയുടെ 1.5 ലിറ്റർ i-VTEC പെട്രോൾ എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ പാഡിൽ ഷിഫ്റ്ററുകളോടെയുള്ള 7-സ്പീഡ് സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 220 mm ഗ്രൗണ്ട് ക്ലിയറൻസ്, 458 ലിറ്റർ ബൂട്ട് സ്പേസ് എന്നിവയും കൂടിയാവുമ്പോൾ നല്ലൊരു ഫാമിലി എസ്‌യുവിയായി മാറാൻ എലിവേറ്റിന് സാധിക്കുന്നുണ്ട്.
മൂന്ന് വർഷത്തെ അൺലിമിറ്റഡ് കിലോമീറ്റർ സ്റ്റാൻഡേർഡ് വാറണ്ടിയും എലിവേറ്റ് എസ്‌യുവിയിൽ ലഭിക്കുന്നതാണ്. ഹോണ്ടയുടെ എക്സ്റ്റൻഡഡ്, എനിവേഴ്‌സിറ്റി വാറണ്ടി പാക്കേജുകൾ വഴി വാറണ്ടി 10 വർഷം വരെ നീട്ടാനുള്ള ഓപ്ഷനും ഉപഭോക്താക്കൾക്ക് ലഭിക്കും. അങ്ങനെ ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ തന്റേതായ സ്ഥാനം കൈക്കലാക്കാൻ എലിവേറ്റിന് സാധിച്ചിട്ടുണ്ട്.


Click it and Unblock the Notifications








