നെക്സോൺ ഇവിയേക്കാൾ സേഫ്റ്റി, കാരിരുമ്പിന്റെ കരുത്തും 473 കി.മീ. റേഞ്ചുമായി ക്രെറ്റ ഇലക്‌ട്രിക് റെഡി
ഇന്ത്യയിലെ ഇലക്‌ട്രിക് പാസഞ്ചർ കാർ വിപണി കീഴടക്കാൻ എത്തുകയാണ് സാക്ഷാൽ ഹ്യുണ്ടായി ക്രെറ്റ ഇവി. 2025 ലെ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ ഔദ്യോഗികമായി അവതരിപ്പിക്കുന്നതിന് മുന്നോടിയായി ഇലക്ട്രിക് എസ്‌യുവിയുടെ ഓരോ വിശദാംശങ്ങളും പടിപടിയായി പുറത്തുവിട്ട് ഹൈപ്പ് ഉയർത്തുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ. സുരക്ഷയ്ക്ക് പേരുകേട്ട ടാറ്റയുടെ വൈദ്യുത വാഹനങ്ങളേക്കാൾ സേഫ്റ്റി ഫീച്ചറുകൾ കോർത്തിണത്തിയാണ് ക്രെറ്റയുടെ വൈദ്യുത അവതാരം പിറവിയെടുക്കുന്നത്. യാത്രക്കാർക്ക് സമഗ്ര സുരക്ഷ നൽകുന്നതിനാണ് ക്രെറ്റ ഇലക്ട്രിക് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഹ്യുണ്ടായി അവകാശവാദം ഉന്നയിച്ചു കഴിഞ്ഞിരിക്കുകയാണ്.
അഡ്വാൻസ്ഡ് ഹൈ സ്ട്രെംഗ്‌ത് സ്റ്റീൽ (AHSS), ഹൈ സ്ട്രെംഗ്‌ത് സ്റ്റീൽ (HSS) എന്നിവ ഉപയോഗിച്ചുകൊണ്ട് കാരിരുമ്പിന്റെ കരുത്തുമായാണ് ക്രെറ്റ ഇവി പിറവിയെടുക്കുന്നതെന്നും ഹ്യുണ്ടായി വെളിപ്പെടുത്തി. മികച്ച സംരക്ഷണം ഉറപ്പാക്കാൻ ഹോട്ട് സ്റ്റാമ്പിംഗിന്റെ വിപുലമായ പ്രയോഗവുമുണ്ട്. സുരക്ഷിതമായ ഡ്രൈവിംഗ് അനുഭവത്തിന് സംഭാവന നൽകുന്ന കരുത്തുറ്റതും സംരക്ഷണപരവുമായ ഒരു ഫ്രെയിം കൂടിയാവുമ്പോൾ സംഗതി ഉഷാറാവുന്നുണ്ട്.

ഇനി സുരക്ഷാ സവിശേഷതകളിലേക്ക് നോക്കിയാൽ 75 സേഫ്റ്റി ഫീച്ചറുകളുമായാണ് ഹ്യുണ്ടായി ക്രെറ്റ ഇവി നിരത്തിലേക്ക് ഓടിയിറങ്ങുക. ഇതിൽ 6 എയർബാഗുകൾ, ഓൾ വീൽ ഡിസ്ക് ബ്രേക്കുകൾ, ISOFIX, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഹിൽ-സ്റ്റാർട്ട്, ഹിൽ-ഡീസെന്റ് അസിസ്റ്റ് തുടങ്ങി 52 സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതകൾ ഇലക്‌ട്രിക് എസ്‌യുവിയിൽ സ്റ്റാൻഡേർഡായി തന്നെ വാഗ്ദാനം ചെയ്യുകയും ചെയ്യും.
ടോപ്പ് വേരിയന്റുകളിൽ സറൗണ്ട് വ്യൂ മോണിറ്റർ (SVM), ബ്ലൈൻഡ്-സ്പോട്ട് വ്യൂ മോണിറ്റർ (BVM), റെയിൻ സെൻസിംഗ് വൈപ്പറുകൾ, ലെവൽ 2 ADAS സവിശേഷതകൾ എന്നിങ്ങനെ ഗംഭീര ചില ഫീച്ചറുകളും കൊടുത്തിട്ടുമുണ്ടെന്ന് ഹ്യുണ്ടായി പറയുന്നു. ക്രെറ്റ ഇവിയിലെ ADAS ടെക്കിൽ ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, ഫോർവേഡ് കൊളീഷൻ വാണിംഗ്, ബ്ലൈൻഡ് സ്പോട്ട് കൊളീഷൻ വാണിംഗ്, സ്റ്റോപ്പ് ആൻഡ് ഗോ ഉള്ള സ്മാർട്ട് ക്രൂയിസ് കൺട്രോൾ എന്നിവയാണ് ലഭ്യമാവുക.

ക്രെറ്റയുടെ ICE എഞ്ചിൻ പതിപ്പിനേക്കാൾ പ്രീമിയം മോഡലായി ക്രെറ്റ ഇവി സ്ഥാപിക്കുമെന്ന് ഹ്യുണ്ടായി പറയാതെ പറയുന്നുണ്ട്. ഇതിനായി വൈദ്യുത മോഡലിൽ നിരവധി സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുമുണ്ട്. വാഹനത്തിനകത്തും പുറത്തും വീട്ടുപകരണങ്ങൾ ചാർജ് ചെയ്യാൻ ഉപയോക്താക്കളെ പ്രാപ്തരാക്കുന്ന ഒരു പോർട്ടബിൾ പവർ സ്രോതസായി പ്രവർത്തിക്കാൻ അനുവദിക്കുന്ന വെഹിക്കിൾ-ടു-ലോഡ് (V2L) സവിശേഷത ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്കിൽ ഉണ്ടാകും.
ഒരു പെഡൽ ഡ്രൈവിംഗ് അനുഭവം തരുന്ന പുതിയ ഐ-പെഡൽ സാങ്കേതികവിദ്യയും ക്രെറ്റ ഇവിയിലുണ്ട്. ഈ സാങ്കേതികവിദ്യ ഡ്രൈവർക്ക് ആക്സിലറേറ്റർ പെഡൽ ഉപയോഗിച്ച് കാർ ആക്‌സലറേറ്റ് ചെയ്യാനും വേഗത കുറയ്ക്കാനും പൂർണമായും നിർത്താനും സാധിക്കും. കൂടാതെ സ്മാർട്ട്‌ഫോണോ സ്മാർട്ട് വാച്ചോ ഉപയോഗിച്ച് കാർ ലോക്ക് ചെയ്യാനോ അൺലോക്ക് ചെയ്യാനോ സ്റ്റാർട്ട് ചെയ്യാനോ സാധിക്കുന്ന ഒരു ഡിജിറ്റൽ കീയും സമ്മാനിച്ചിട്ടുണ്ട്.

ഷിഫ്റ്റ്-ബൈ-വയർ സിസ്റ്റവും ക്രെറ്റ ഇവിയുടെ മാറ്റുകൂട്ടുന്ന ഫീച്ചറാണ്. കൂടാതെ പബ്ലിക് ചാർജിംഗ് സ്റ്റേഷനുകളിൽ പണമടയ്ക്കാൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം വഴി സാധിക്കുകയും ചെയ്യും. ക്രെറ്റ ഇലക്ട്രിക്കിന്റെ മറ്റ് പ്രധാന സവിശേഷതകളിൽ ഡ്യുവൽ 10.25 ഇഞ്ച് സ്‌ക്രീനുകൾ, ബോസ് പ്രീമിയം സൗണ്ട് 8 സ്പീക്കർ സിസ്റ്റം, 268 എംബഡഡ് വോയ്‌സ് കമാൻഡുകൾ, 70 കണക്റ്റഡ് കാർ എന്നിവയെല്ലാമാണ്.
ഹ്യുണ്ടായി ക്രെറ്റ ഇവി 42kWh, 51 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളോടെയാണ് വരുന്നത്. ഇതിൽ ആദ്യത്തേത് 390 കിലോമീറ്റർ റേഞ്ച് അവകാശപ്പെടുമ്പോൾ വലിയ ബാറ്ററി വേരിയന്റുകൾ ഒറ്റ ചാർജിൽ 473 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമെന്നാണ് കമ്പനി പറയുന്നത്. 51kWh ബാറ്ററി പായ്ക്ക് വകഭേദങ്ങൾ ക്രെറ്റ N ലൈനിനേക്കാൾ ശക്തമായിരിക്കുമെന്നാണ് പറയുന്നത്. വില ഏകദേശം 17 ലക്ഷം മുതൽ ആരംഭിക്കാനാണ് സാധ്യത.


Click it and Unblock the Notifications








