ലെവൽ 2 ADAS, അകത്ത് വലിയ സ്ക്രീനുകൾ, 10 ലക്ഷത്തിൽ താഴെ വില! ബ്രെസയെ വീഴ്ത്താൻ ഹ്യുണ്ടായി എസ്‌യുവി
ഇന്ത്യയിലെ ഏറ്റവും മത്സരാധിഷ്ഠിതമായ സെഗ്മെന്റുകളിൽ ഒന്നാണ് സബ്-4 മീറ്റർ എസ്‌യുവികളുടേത്. മാരുതി സുസുക്കി മുതൽ റെനോ വരെയുള്ള പ്രമുഖരെല്ലാം സാന്നിധ്യമറിയിച്ചിട്ടുള്ള വിഭാഗത്തിൽ ഒന്നാമൻ എന്ന ലേബൽ പലപ്പോഴായി അലങ്കരിച്ചിട്ടുള്ള മോഡലാണ് ഹ്യുണ്ടായി വെന്യു. സെഗ്മെന്റിലെ ടെക്കി എന്നറിയപ്പെടുന്ന എസ്‌യുവി മോഡേൺ ഫീച്ചറുകളിലൂടെയാണ് ആളുകളെ കൈയിലെടുത്തിരുന്നത്. പിന്നീട് നിരവധി എതിരാളികൾ കടന്നുവന്നുവെങ്കിലും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ മിടുക്കനെ ആരും ഉപേക്ഷിച്ചില്ല. 2025 സെപ്റ്റംബറിൽ മാത്രം 11,484 യൂണിറ്റ് വെന്യുവാണ് വിറ്റഴിഞ്ഞത്. അതും ന്യൂ-ജെൻ മോഡൽ വരുന്നുവെന്ന് അറിഞ്ഞിട്ടും വാങ്ങാൻ ആളുകൾ തള്ളിക്കയറി എന്നതാണ് സത്യം.
2025 നവംബർ നാലിന് പുത്തൻ ഹ്യുണ്ടായി വെന്യു വിപണിയിലിറക്കാനാണ് കമ്പനി പ്ലാൻ ചെയ്‌തിരിക്കുന്നത്. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി വരാനിരിക്കുന്ന സബ് കോംപാക്‌ട് എസ്‌യുവിയിൽ എന്തെല്ലാം പ്രതീക്ഷിക്കാമെന്ന സൂചനകളും ദക്ഷിണ കൊറിയൻ ബ്രാൻഡ് പുറത്തുവിട്ടിട്ടുണ്ട്. ലെവൽ 2 ADAS പോലുള്ള സവിശേഷതകൾ കുഞ്ഞൻ സ്പോർട് യൂട്ടിലിറ്റി വാഹനത്തിലുണ്ടാവുമെന്നാണ് ഹ്യുണ്ടായി പറയുന്നത്.

മഹാരാഷ്ട്രയിലെ കാർ നിർമ്മാതാക്കളുടെ തലേഗാവ് പ്ലാന്റിൽ വരാനിരിക്കുന്ന സബ് കോംപാക്‌ട് എസ്‌യുവിയുടെ ഉത്പാദനം ആരംഭിച്ചതായി ഹ്യുണ്ടായി മോട്ടോർ ഇന്ത്യയുടെ എംഡിയും സിഇഒയുമായ തരുൺ ഗാർഗ് 2025 ഹ്യുണ്ടായി മോട്ടോർ ഇന്ത്യ നിക്ഷേപക ദിനത്തിൽ വെളിപ്പെടുത്തുകയും ചെയ്‌തു. സെൻസർ ഫ്യൂഷൻ സാങ്കേതികവിദ്യയോടുകൂടിയ ലെവൽ 2 ADAS സവിശേഷതകൾ അടുത്ത തലമുറ വെന്യുവിൽ ഉൾപ്പെടുത്തുമെന്ന് കമ്പനി അറിയിച്ചു.
അതായത് ADAS കഴിവുകൾക്കായി ഒബ്ജക്റ്റ് ഡിറ്റക്ഷൻ, ട്രാക്കിംഗ്, ഡിസിഷൻ മേക്കിംഗ് എന്നിവ മെച്ചപ്പെടുത്തുന്നതിന് പുതിയ വെന്യു റഡാർ, LiDAR, ക്യാമറകൾ, മറ്റ് സെൻസറുകൾ എന്നിവ ഉപയോഗിക്കും. ഇതിനു വിപരീതമായി നിലവിലെ തലമുറ ഹ്യുണ്ടായി വെന്യു ക്യാമറ അധിഷ്ഠിത സംവിധാനത്തോടുകൂടിയ ലെവൽ 1 ADAS സവിശേഷതകളോടെയാണ് വരുന്നത്. എന്തായാലും ഈ വരവിൽ ബ്രെസ, നെക്സോൺ പോലുള്ള എതിരാളികൾ വിറക്കുമെന്ന് ഉറപ്പാണ്.

ADAS ഫീച്ചറുകൾക്ക് പുറമേ വരാനിരിക്കുന്ന പുത്തൻ ഹ്യുണ്ടായി വെന്യുവിന്റെ ഇന്റീരിയറിൽ ഡ്യുവൽ 12.3 ഇഞ്ച് സ്‌ക്രീനുകളും ഉണ്ടാകും. ഒന്ന് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമായും മറ്റൊന്ന് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററായും പ്രവർത്തിക്കും വിധമാണ് ഒരുക്കുക. വാഹന സംവിധാനത്തിനായി ഓവർ-ദി-എയർ അപ്‌ഡേറ്റുകളും കാർ നിർമാതാക്കൾ വാഗ്ദാനം ചെയ്യും. കൂടാതെ രണ്ടാം തലമുറ ഹ്യുണ്ടായി വെന്യുവിന്റെ സേഫ്റ്റി വർധിപ്പിക്കുന്നതിനായി ശക്തമായ ഒരു ബോഡി ഘടന നൽകുമെന്നും ഹ്യുണ്ടായി പറയുന്നു.
ഡിസൈനിലേക്ക് വന്നാൽ ഒരു ബേബി ക്രെറ്റ പോലെയായിരിക്കും വെന്യുവിനെ ഇത്തവണ പണിതിറക്കുക. പുതിയ വെന്യുവിന് നിലവിലെ മോഡലിനേക്കാൾ സ്‌പോർട്ടിയും പ്രീമിയം ലുക്കും ഉണ്ട്. അപ്‌ഡേറ്റ് ചെയ്ത ക്രെറ്റ, അൽകാസർ എന്നിവയിലേക് പോലെ പിൻഭാഗത്ത് ഒരു ഫുൾ-വിഡ്ത്ത് എൽഇഡി ലൈറ്റ് ബാറും ഉണ്ടാവും. കൂടാതെ ഇരുവശത്തും മൂന്ന് ലൈറ്റിംഗ് മൊഡ്യൂളുകൾ ഉൾക്കൊള്ളുന്ന കോൺട്രാസ്റ്റിംഗ് ബ്ലാക്ക് പാനലും കാണാനാവും.

മസ്ക്കുലാർ ലുക്കിനായി റിയർ ബമ്പറിൽ ടെയിൽഗേറ്റിലേക്ക് നീളുന്ന ഡ്യുവൽ-ടോൺ ക്ലാഡിംഗും ഉണ്ടാവും. എൽ-ആകൃതിയിലുള്ള റിഫ്ലക്ടറുകളും സീക്വൻഷ്യൽ ടേൺ ഇൻഡിക്കേറ്ററുകളും പിൻവശത്തിന്റെ അഴക് വർധിപ്പിക്കും. മുൻവശത്ത്, സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ലേഔട്ടോടെ ഡിസൈൻ കൂടുതൽ കിടിലമാവും. ഹ്യുണ്ടായിയുടെ അയോണിക് 9 എസ്‌യുവിയെ അനുസ്മരിപ്പിക്കുന്ന സ്ലിം എൽഇഡി സ്ട്രിപ്പാണ് ഹൈലൈറ്റ്.
അതേസമയം ക്വാഡ്-ബീം എൽഇഡി ഹെഡ്‌ലാമ്പുകൾ പുതിയ ക്രെറ്റയുടേതിൽ നിന്നും കടമെടുത്തതാണ്. ചതുരാകൃതിയിലുള്ള ഇൻസേർട്ടുകൾ ഉൾക്കൊള്ളുന്ന ഗ്രിൽ വളരെ വലുതാണ്. ഫ്രണ്ട് ബമ്പർ സിൽവർ സ്‌കിഡ്-പ്ലേറ്റ് ഡീറ്റെയിലിംഗും രണ്ട് കോണുകളിലും ഫങ്ഷണൽ എയർ വെന്റുകളുമാണ് ഒരുക്കിയിരിക്കുന്നത്. പുതിയ 16 ഇഞ്ച് അലോയ് വീലുകളായിരിക്കും വശക്കാഴ്ച്ചയിലെ പ്രത്യേകത.
1.2 ലിറ്റർ കാപ്പ പെട്രോൾ, 1.5 ഡീസൽ, 1.0 ലിറ്റർ ടർബോ പെട്രോൾ എന്നിവയായിരിക്കും എഞ്ചിൻ ഓപ്ഷനുകൾ, മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളും വാഹനത്തിലുണ്ടാവും. വിലയുടെ കാര്യം നോക്കിയാൽ നിലവിൽ ഹ്യുണ്ടായി വെന്യുവിന് 7.94 ലക്ഷം മുതൽ 13.82 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. പുതുമോഡൽ വരുമ്പോൾ 30,000 മുതൽ 60,000 രൂപ വരെ അധികം മുടക്കേണ്ടി വന്നേക്കും.


Click it and Unblock the Notifications








