മൈലേജ് കുറയില്ല, എഞ്ചിൻ പണിയും വരില്ല! ഉരുളുന്ന കൊട്ടാരത്തിന്റെ എഞ്ചിൻ പുതുക്കിപണിത് ലെക്‌സസ്
ഇന്ത്യയിലെ സിനിമാക്കാർക്കിടയിൽ ഏറെ പ്രശസ്‌തമായ വാഹനമായി മാറിയിരിക്കുകയാണ് ലെക്‌സസ് LM 350h (Lexus). കാരവാനിലേത് പോലുള്ള സകല സുഖസൌകര്യങ്ങളും കിട്ടുന്ന ലക്ഷ്വറി എംപിവി (Luxury MPV) ബോളിവുഡിലും മോളിവുഡിലുമെല്ലാം പലരും സ്വന്തമാക്കിയിട്ടുണ്ട്. ശരിക്കും ടൊയോട്ട വെൽഫയറിന്റെ അത്യാഡംബരമായ മോഡലാണ് ലെക്‌സസ് പതിപ്പ് എത്തുന്നത്. ടൊയോട്ടയുടെ എംപിവിയെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നതെങ്കിലും കൂടുതൽ ആഡംബരമാണ് ലെക്‌സസ് ഇതിനെ ഒരുക്കിയിരിക്കുന്നത്. ഉരുളുന്ന കൊട്ടാരമെന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള ഫീച്ചറുകളാണ് വാഹനത്തിൽ ലഭ്യമാവുന്നത്. ഇപ്പോഴിതാ കാറിലേക്ക് ചില നവീകരണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ജാപ്പനീസ് ബ്രാൻഡ്.
അടുത്തിടെയായി ഇന്ത്യയിൽ ലഭ്യമാവുന്ന പെട്രോളിൽ 20 ശതമാനത്തോളം എഥനോൾ കലർത്തുന്നുണ്ട്. ഇതുകാരണം പഴയ കാറുകളെല്ലാം ഉപയോഗിക്കുന്നവർ ആകെ മൈലേജ് കുറയുന്ന പ്രശ്നവും എഞ്ചിൻ പണിയുമെല്ലാം നേരിട്ട് വരികയാണ്. ഇതിനുസരിച്ച് ലെക്‌സസ് LM 350h എംപിവിയുടെ എഞ്ചിൻ പുതുക്കി പണിതിരിക്കുകയാണ് കമ്പനി. E20 ഫ്യുവൽ അനുസൃതമായി മോഡലിന്റെ എഞ്ചിനിൽ പരിഷ്ക്കാരങ്ങൾ കൊണ്ടുവന്നതിന് പുറമെ അകത്തളത്തിലും ചില അപ്ഡേറ്റുകൾ വാഹനം വഹിക്കുന്നുണ്ട്.

246 bhp കരുത്തിൽ പരമാവധി 239 Nm torque വരെ ഉത്പാദിപ്പിക്കുന്ന 2.5 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ ഹൈബ്രിഡ് എഞ്ചിനാണ് LM 350h മോഡലിന്റെ ഹൃദയം. ഇതാണ് ഇപ്പോൾ E20 ഫ്യുവൽ ഉൾക്കൊള്ളാൻ പാകമായി നവീകരിച്ചിരിക്കുന്നത്. eCVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിനിൽ ഉയർന്ന കാര്യക്ഷമതയ്ക്കായി ഒരു നിക്കൽ-മെറ്റൽ ഹൈഡ്രൈഡ് ബാറ്ററിയും പ്രവർത്തിക്കുന്നുണ്ട്.
അതേസമയം ഓൾ-വീൽ ഡ്രൈവ് (AWD) സിസ്റ്റവും ലെക്‌സസിന്റെ അത്യാഡംബര എംപിവിയിലുണ്ട്. 4 സീറ്റർ, അല്ലെങ്കിൽ 7 സീറ്റർ ഓപ്ഷനിലാണ് വാഹനം വിപണത്തിന് എത്തുന്നത്. നാല് സീറ്റ് അൾട്രാ-ലക്ഷ്വറി വേരിയന്റിന് 2.07 കോടി രൂപയും സെവൻ സീറ്റർ മോഡലിന് 2.15 കോടി രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്. പുതുക്കിയ മോഡലിന്റെ ഡെലിവറി ഇന്ന് മുതൽ തന്നെ ആരംഭിക്കുമെന്നും ബ്രാൻഡ് വ്യക്തമാക്കി.

ഇനി അകത്തെ സൌകര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കിയാൽ 8-വേ പവർഡ് ഡ്രൈവർ സീറ്റ്, ഫോർ-വേ ലംബർ സപ്പോർട്ട്, ഫോർ-വേ പവർ-അഡ്ജസ്റ്റബിൾ കോ-ഡ്രൈവർ സീറ്റ്, മസാജ് ഫംഗ്ഷൻ, 12.2 ഇഞ്ച് MID, ഹീറ്റഡ് ലെതർ സ്റ്റിയറിംഗ് വീൽ, വാനിറ്റി മിററുകളും ലാമ്പുകളും, റിയർ ക്ലൈമറ്റ് കൺസേർജ്, ഫോർ-സോൺ ഇൻഡിപെൻഡന്റ് ക്ലൈമറ്റ് കൺട്രോൾ, ഫുട്‌വെൽ സ്റ്റോറേജ്, റഫ്രിജറേറ്റർ പോലുള്ള നിരവധി ഫീച്ചറുകളാൽ സമ്പന്നമാണ് ലെക്‌സസ് LM 350h
ഇതുകൂടാതെ 48 ഇഞ്ച് സ്‌ക്രീനുള്ള ഡിമ്മിംഗ് പ്രൈവസി പാർട്ടീഷൻ, സറൗണ്ട് സൗണ്ട് ഉള്ള രണ്ട് സ്പീക്കറുകൾ, 23-സ്പീക്കർ സൗണ്ട് സിസ്റ്റം തുടങ്ങിയ കാര്യങ്ങളും ആഡംബര എംപിവിയിൽ ഒരുക്കിയിട്ടുണ്ട്. അഡാപ്റ്റീവ് സസ്പെൻഷനോടെയാണ് വരുന്നത് എന്നതിനാൽ യാത്രകളെല്ലാം അങ്ങേയറ്റത്തെ സുഖകരമായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. യാത്രക്കാരുടെ ശരീരത്തിനനുസരിച്ച് ക്യാബിൻ ടെംപ്രേച്ചർ ക്രമീകരിക്കുന്ന പുതിയ സെൻസർ അധിഷ്ഠിത ക്ലൈമറ്റ് കൺട്രോൾ ഫീച്ചറും LM 350h മോഡലിലുണ്ട്.
നോയ്‌സ്-റിഡക്ഷൻ ടയറുകൾ, ആക്റ്റീവ് നോയ്‌സ് കൺട്രോൾ, ഡിജിറ്റൽ റിയർവ്യൂ മിറർ എന്നിവ ഉപയോഗിച്ച് സുഗമമായ ഡ്രൈവിംഗ് അനുഭവം ഉറപ്പാക്കുന്നതിൽ ലെക്സസ് പ്രത്യേകം ശ്രദ്ധകേന്ദ്രീകരിച്ചിട്ടുണ്ട്. ലെക്സസ് സേഫ്റ്റി സിസ്റ്റം+ 3 ADAS സ്യൂട്ടും ഈ മൾട്ടി പർപ്പസ് വാഹനത്തിൻ്റെ ഭാഗമാണേ. ജാപ്പനീസ് വാഹന നിർമാതാക്കളുടെ GA-K മോഡുലാർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന വാഹനം കാഴ്ച്ചയിലായാലും കിടിലമാണ്.
വലിയ സ്പിൻഡിൽ ഗ്രിൽ, ഷാർപ്പ്-സ്റ്റൈൽഡ് എൽഇഡി ഹെഡ്‌ലാമ്പുകൾ, ലംബമായി അടുക്കിയിരിക്കുന്ന ഫോഗ് ലാമ്പുകൾ, പിൻഭാഗത്ത് ഫുൾ-വിഡ്ത്ത് എൽഇഡി ടെയിൽലൈറ്റ്, ബോക്‌സി ബോഡി സ്റ്റൈൽ എന്നിവയെല്ലാമാണ് എംപിവിയുടെ ഡിസൈൻ ഹൈലൈറ്റുകൾ. പുതുക്കിയ 2025 E20 കംപ്ലയിന്റ് പതിപ്പിന് എക്സ്റ്റീരിയറിൽ മാറ്റങ്ങളൊന്നുമില്ല. പഴയ കളർ ഓപ്ഷനുകൾ തന്നെയാണ് ഇപ്പോഴും നിലനിർത്തിയിരിക്കുന്നതും.


Click it and Unblock the Notifications








