34 കി.മീ. മൈലേജും 5-സ്റ്റാർ സേഫ്റ്റിയുമുള്ള മാരുതിയുടെ ബെസ്റ്റി; ഇനി വാങ്ങാൻ പ്ലാനുണ്ടേൽ ഇതൊന്ന് വായിച്ചോ
മാരുതി കാറുകളുടെ ഇമേജ് പൊളിച്ചെഴുതിക്കൊണ്ട് കഴിഞ്ഞ വർഷമാണ് ഡിസയർ എന്ന കുഞ്ഞൻ സെഡാൻ വിപണിയിൽ അവതരിക്കുന്നത്. ഡിസൈനിലോ എഞ്ചിനിലോ ഫീച്ചറുകളിലോ ഉള്ള പുതുമയല്ല, ആളുകൾക്ക് ഇഷ്‌ടമായത്. നല്ല ഒന്നാന്തരം ഉരുക്കിന്റെ കരുത്തും ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗും സ്വന്തമാക്കുന്ന ആദ്യത്തെ മാരുതി കാർ എന്ന പ്രത്യേകതയിലൂടെയാണ് ഡിസയറിന്റെ പുത്തൻ മോഡൽ കൊടുങ്കാറ്റായത്. എസ്‌യുവികളിലില്ലാത്ത യാത്രാ സുഖവും ഒടുക്കത്തെ മൈലേജുമെല്ലാമായി അങ്ങനെ ആളുകളുടെ മനസിൽ കയറിക്കൂടാൻ കാറിനായി. അങ്ങനെ പലരും അടുത്തതായി വാങ്ങിയേക്കാമെന്ന് കരുതിയിരിക്കുന്ന വണ്ടിയായി ഡിസയർ മാറി.
പക്ഷേ ഇനി വാങ്ങാനിരുന്നവരെ കണ്ണീരണിയിപ്പിക്കുന്നൊരു തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് നമ്മുടെ സ്വന്തം കമ്പനി. മറ്റൊന്നുമല്ല, ഫെബ്രുവരി മുതൽ മോഡൽ നിരയിൽ നടപ്പിലാക്കിയ വില വർധനവ് പ്രകാരം ഡിസയറിന്റെ വിലയും പരിഷ്ക്കരിച്ചിരിക്കുകയാണ് മാരുതി സുസുക്കി. തലമുറ മാറ്റം ലഭിച്ചതിന് ശേഷം ഇതാദ്യമായാണ് കോംപാക്‌ട് സെഡാന്റെ വിലയിൽ മാറ്റമുണ്ടാവുന്നത്.

തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അടിസ്ഥാനമാക്കി 10,000 രൂപയോളമാണ് മാരുതി ഡിസയറിന് വില വർധിച്ചിരിക്കുന്നത്. ഡിസയറിന്റെ VXi എഎംടി, ZXi എഎംടി വകഭേദങ്ങൾക്കാണ് 10,000 രൂപയോളം വർധിച്ചിരിക്കുന്നത്. അതേസമയം സെഡാന്റെ ZXi+ എഎംടി, ZXi സിഎൻജി മാനുവൽ, VXi സിഎൻജി മാനുവൽ, VXi മാനുവൽ, LXi മാനുവൽ എന്നിവയുടെ വിലയിൽ 5,000 രൂപയുടെ ഏകീകൃത വർധനവും സംഭവിച്ചു.
പുതിയ മാരുതി ഡിസയറിന്റെ ZXi+ മാനുവൽ വേരിയന്റിന്റെ വിലയിൽ മാറ്റമില്ല എന്നത് ശ്രദ്ധേയമാണ്. പുതുക്കിയ വില വർധനവ് പ്രകാരം ഹ്യുണ്ടായി ഓറയുടെയും ഹോണ്ട അമേസിന്റെയും ടാറ്റ ടിഗോറിന്റെയും എതിരാളിയെ സ്വന്തമാക്കണമെങ്കിൽ 6.84 ലക്ഷം രൂപ മുതൽ 10.19 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. വിലയിൽ മാറ്റമുള്ളതൊഴികെ കാറിൽ മറ്റ് നവീകരണങ്ങളൊന്നും സംഭവിച്ചിട്ടില്ല.

സ്വിഫ്റ്റിൽ അരങ്ങേറ്റം കുറിച്ച അതേ Z12E, ത്രീ സിലിണ്ടർ, 1.2 ലിറ്റർ പെട്രോൾ എഞ്ചിനിലാണ് പുതിയ ഡിസയറിനും തുടിപ്പേകുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായി ജോടിയാക്കിയ എഞ്ചിന് 82 bhp കരുത്തിൽ പരമാവധി 112 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ഐഡിൾ സ്റ്റാർട്ട്/സ്റ്റോപ്പ് ഫീച്ചറുമായി വരുന്നതിനാൽ പെട്രോളിൽ 25.71 കി.മീ മൈലേജ് വരെ ലഭിക്കും.
ഇതിൽ കൂടുതൽ മൈലേജ് വേണ്ടവർക്ക് സിഎൻജി ഓപ്ഷനും തെരഞ്ഞെടുക്കാൻ അവസരമുണ്ട് കേട്ടോ. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ പെർഫോമൻസ് കുറയുമെങ്കിലും കിലോഗ്രാമിന് 33.73 കിലോമീറ്റർ മൈലേജ് വരെയാണ് കിട്ടുക. ഡിസൈനിലേക്ക് വന്നാൽ ഇതുവരെ പുറത്തിറങ്ങിയതിൽ വെച്ച് ഡിസയർ സീരീസിലെ ഏറ്റവും കിടിലൻ മോഡലാണ് ഇപ്പോൾ വന്നിരിക്കുന്നത്. പോരാത്തതിന് സ്വിഫ്റ്റുമായി യാതൊരു വിധ സാമ്യവുമില്ലെന്നതും ശ്രദ്ധേയമാണ്.

പലരും മാരുതിയുടെ ഔഡി കാർ എന്നാണ് പുത്തൻ ഡിസയറിനെ വിശേഷിപ്പിക്കുന്നത് തന്നെ. 9 ഇഞ്ച് സ്മാർട്ട്‌പ്ലേ പ്രോ പ്ലസ് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, കണക്റ്റഡ് കാർ ഫീച്ചറുകൾ, ഇലക്ട്രിക് സൺറൂഫ്, ക്രൂയിസ് കൺട്രോൾ, റിയർ എസി വെൻ്റുകൾ, റിയർ സെൻ്റർ ആംറെസ്റ്റ്, 360 ഡിഗ്രി ക്യാമറ എന്നിവ പോലുള്ള അത്യാധുനിക ഫീച്ചറുകളും പുത്തൻ ഡിസയറിന്റെ ഭാഗമാണ്.
സേഫ്റ്റിയിലേക്ക് വന്നാൽ മുകളിൽ പറഞ്ഞതു പോലെ ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് നേടുന്ന മാരുതിയുടെ ആദ്യ കാറാണ് പുത്തൻ ഡിസയർ. ആറ് എയർബാഗുകൾ, ESP, ഹിൽ ഹോൾഡ് അസിസ്റ്റ്, ഇബിഡി ഉള്ള എബിഎസ്, ബ്രേക്ക് അസിസ്റ്റ്, എല്ലാ സീറ്റുകൾക്കും ത്രീ-പോയിൻ്റ് സീറ്റ് ബെൽറ്റുകൾ, ISOFIX മൗണ്ടുകൾ എന്നിവയാണ് പുതിയ ഡിസയറിലെ സുരക്ഷാ ഫീച്ചറുകൾ.
മുതിർന്നവരുടെ സുരക്ഷയിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗും കുട്ടികളുടെ സംരക്ഷണത്തിന് 4-സ്റ്റാർ സേഫ്റ്റി റേറ്റിംഗുമാണ് കാറിൽ ലഭ്യമാവുക.


Click it and Unblock the Notifications








