റേഞ്ചും സേഫ്റ്റിയും കൂടും! ഇന്ത്യയുടെ സ്വന്തം ഇലക്‌ട്രിക് കാറിലേക്ക് ജനങ്ങൾ കാത്തിരുന്ന മാറ്റങ്ങൾ വരുന്നു
ഇന്ത്യൻ ഇലക്‌ട്രിക് വാഹന വിപണിയിൽ വിസ്‌മയം തീർത്ത് നിറഞ്ഞോടുകയാണ് എംജി വിൻഡ്‌സർ ഇവി. സാക്ഷാൽ ടാറ്റ നെക്സോൺ ഇവിയെ വരെ മറികടന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വൈദ്യുത കാറായി മാറാനും ഇതിന് അധിക സമയമൊന്നും വേണ്ടി വന്നിരുന്നില്ല. മത്സരാധിഷ്ഠിത വില നിർണയം, ബാറ്ററി-ആസ്-എ-സർവീസ് (BaaS) മോഡൽ, മികച്ച ഫീച്ചറുകൾ എന്നിങ്ങനെ ഒന്നിലധികം കാര്യങ്ങളാണ് വിൻഡ്‌സറിന് ഇത്രവേഗം വിജയം കൈവരിക്കാനായത്. താരതമ്യേന ചെറിയ ബജറ്റിൽ വിമാനത്തിലേത് പോലുള്ള യാത്രാസുഖമെല്ലാം നൽകിയാൽ ആരായാലും വീണുപോവുമെന്ന് ഉറപ്പല്ലേ. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഇവിക്ക് പുത്തനൊരു മോഡൽ കൂടി സമ്മാനിക്കാൻ ഒരുങ്ങുകയാണ് കമ്പനി.
എംജി വിൻഡ്‌സർ ഇവിയെ ഉടൻ തന്നെ ഒരു വലിയ ബാറ്ററി പായ്ക്ക് ഉപയോഗിച്ച് പുതുക്കാനാണ് ബ്രാൻഡിന്റെ പദ്ധതി. ഇക്കൂടെ കൂടുതൽ ഫീച്ചറുകളും വാഹനത്തിലേക്ക് അവതരിപ്പിക്കാനും കമ്പനി തയാറായേക്കും. അധികം കാത്തിരുത്തി മുഷിപ്പിക്കാതെ അടുത്ത മാസം തന്നെ പുതുമോഡലിനെ പുറത്തിറക്കാനാണ് എംജി തീരുമാനിച്ചിരിക്കുന്നത്. നിലവിലെ രൂപത്തിൽ വിൻഡ്‌സർ ഇവിയിൽ 38kWh ബാറ്ററി പായ്ക്കാണ് ഉപയോഗിക്കുന്നത്.

ഇതുവഴി സിംഗിൾ ചാർജിൽ രാജ്യത്തെ ആദ്യത്തെ ഇലക്‌ട്രിക് സിയുവിക്ക് ARAI സാക്ഷ്യപ്പെടുത്തിയ 332 കിലോമീറ്റർ റേഞ്ചും ലഭിക്കും. ഇത് അൽപം കൂടി ഉയർന്നിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നവകരെ തൃപ്ത്തിപ്പെടുത്താൻ പുതുമോഡൽ സഹായിക്കും. ഉയർന്ന റേഞ്ച് ലഭിക്കുന്നതിനായി 50.6 kWh ശേഷിയുള്ള ഒരു വലിയ ബാറ്ററി പായ്ക്ക് ഓപ്ഷൻ വിൻഡറിലേക്ക് ചേർക്കുമെന്നാണ് വിവരം.
ഇന്തോനേഷ്യൻ പതിപ്പായ വുലിംഗ് ക്ലൌഡ് ഇവിയിൽ ഇതിനകം തന്നെ ഈ വലിയ ബാറ്ററി പായ്ക്കുള്ളതിനാൽ കമ്പനിക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാവും. CLTC മാനദണ്ഡങ്ങൾ അനുസരിച്ച് ഇതിന് പൂർണ ചാർജിൽ 460 കിലോമീറ്റർ വരെ റേഞ്ച് നൽകാനാവും. ഇന്ത്യൻ മാനദണ്ഡങ്ങൾ അനുസരിച്ച് വലിയ ബാറ്ററി പായ്ക്ക് പതിപ്പിന് സിംഗിൾ ചാർജിൽ ഏകദേശം 400 കിലോമീറ്റർ വരെ റേഞ്ചായിരിക്കും ഉണ്ടായിരിക്കുക.

ഇത് ഇടയ്ക്കിടെ ചാർജ് ചെയ്യാതെ ദീർഘയാത്രകൾ കൂടുതൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കും. നഗര യാത്രകൾക്ക് പോലും വലിയ ബാറ്ററിയുള്ള വേരിയന്റിന് ആഴ്ച്ചയിൽ കുറച്ച് റീചാർജുകൾ മാത്രമേ ആവശ്യമായി വരികയുള്ളൂ. വലിയ ബാറ്ററി പായ്ക്ക് വേരിയന്റിനൊപ്പം പെർഫോമൻസ് കണക്കുകൾ മാറ്റമില്ലാതെ തുടരും. നിലവിലെ സിംഗിൾ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന ഇവിക്ക് 134 bhp കരുത്തിൽ 200 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
വരാനിരിക്കുന്ന പുതിയ വിൻഡ്‌സർ ഇവിയിൽ ADAS അവതരിപ്പിച്ചേക്കാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. അത് ശരിയാണെങ്കിൽ എതിരാളിയായ നെക്‌സൺ ഇവിയെക്കാൾ പകിട്ട് വീണ്ടും നൽകാൻ ഇതിന് കഴിയും. ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, ട്രാഫിക് സൈൻ റെക്കഗ്നിഷൻ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, സറൗണ്ട് വ്യൂ മോണിറ്ററിംഗ് തുടങ്ങിയ സവിശേഷതകളാവും വാഹനത്തിൽ ഉൾപ്പെടുത്തുക.

വിമാനത്തിലേതു പോലെ യാത്രാ സുഖം തരുന്ന എംജി വിൻഡ്‌സർ ഇവി നിലവിൽ 13.50 ലക്ഷം രൂപ മുതൽ 15.50 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വിലയിലാണ് വിപണനത്തിന് എത്തുന്നത്. ബാറ്ററി വാടകയ്‌ക്ക് എടുക്കുന്ന BaaS സംവിധാനം തെരഞ്ഞെടുക്കുകയാണെങ്കിൽ കാറിന്റെ വില 9.99 ലക്ഷമായി കുറയുകയും ചെയ്യും. പകരം ഓടുന്ന ഓരോ കിലോമീറ്ററിനും 3.50 രൂപ കമ്പനിക്ക് വാടകയായി നൽകിയാൽ മതിയാവും.
ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ളതിനാൽ 45kW DC ചാർജർ വഴി 55 മിനിറ്റിനുള്ളിൽ 10-80 ശതമാനം വരെ കാറിലെ ബാറ്ററി പായ്ക്ക് വേഗത്തിൽ ചാർജ് ചെയ്യാനാവും. പക്ഷേ എംജി വിൻഡ്‌സർ ഇലക്ട്രിക് കാറിൽ സ്റ്റാൻഡേർഡായി ഒരു പോർട്ടബിൾ ചാർജറാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. എന്നാൽ ഇതോടൊപ്പം കമ്പനി ഒരു വാൾ ബോക്സ് ചാർജറിനുള്ള ഓപ്ഷനും നൽകുന്നുണ്ടെന്നതിനാൽ സംഗതി എളുപ്പമാവും.

ഇന്ത്യയിലെ ആദ്യ ഇന്റലിജന്റ് ക്രോസ്ഓവര്‍ യൂട്ടിലിറ്റി വാഹനം ആദ്യ ഉടമയ്ക്ക് ബാറ്ററിയുടെ ലൈഫ് ടൈം വാറണ്ടിയും രണ്ടാമത്തെ ഉടമയ്ക്ക് മുതൽ 8 വർഷവും 1,60,000 കിലോമീറ്ററും വാറണ്ടിയുമാണ് എംജി മോട്ടോർ നിലവിൽ നൽകി വരുന്നത്. എന്തായാലും മിനുങ്ങിയെത്തുന്നതോടെ വലിയ ബാറ്ററി പായ്ക്ക് ഓപ്ഷനും മെച്ചപ്പെട്ട സുരക്ഷയും ഉപയോഗിച്ച് എംജി വിൻഡ്‌സർ ഇവിക്ക് എതിരാളിൾക്ക് പ്രഹരം നൽകാനാവുമെന്നതിൽ സംശയൊന്നും വേണ്ട.


Click it and Unblock the Notifications








