അന്യായ ഗ്ലാമർ, 5-സ്റ്റാർ സേഫ്റ്റി! മാഗ്നൈറ്റിനെ കറുപ്പിൽ കുളിപ്പിച്ച് നിസാൻ; കുറോ എഡിഷന്റെ വില 8.30 ലക്ഷം മുതൽ
ഒറ്റയ്ക്ക് ഒരു കാറുമായി വിപണിയിൽ പിടിച്ചുനിൽക്കാൻ ഏതെങ്കിലും കമ്പനിക്ക് സാധിക്കുമോ? എന്നാൽ അതെല്ലാം നിഷ്പ്രയാസം നടക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ. ഒറ്റയ്ക്ക് ഒരു രാജ്യം ഭരിക്കുന്ന രാജാവായി മാഗ്നൈറ്റ് ഇന്ത്യയിൽ തകർക്കാൻ തുടങ്ങിയിട്ട് അഞ്ച് വർഷത്തോളമായി. വന്നപ്പോഴുണ്ടായിരുന്ന കിക്‌സും ഇപ്പോൾ കൂട്ടിനുള്ള X-ട്രെയിലും ആർക്കും വേണ്ടെങ്കിലും മാഗ്നൈറ്റിനെ എല്ലാവരും നെഞ്ചോട് ചേർത്തിട്ടുണ്ട്. അതും മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ മോട്ടോർസ്, മഹീന്ദ്ര, കിയ തുടങ്ങിയ വമ്പൻമാരോടെല്ലാം പടവെട്ടിയാണ് ഇന്നുകാണുന്ന നിലയിൽ നിസാനെ മാഗ്നൈറ്റ് എത്തിച്ചിരിക്കുന്നത്.
സേഫ്റ്റിയായാലും ഫീച്ചറുകളായാലും വേണ്ടപോലെ കുത്തിനിറക്കാനും കമ്പനിക്കായിട്ടുണ്ട്. ഇപ്പോഴിതാ വിൽപ്പനയുടെ വേഗം കൂട്ടാനായി നിസാൻ മാഗ്നൈറ്റിന്റെ കുറോ എഡിഷനുമായി പുനരവതരിച്ചിരിക്കുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ. 8.30 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിലാണ് കോംപാക്‌ട് എസ്‌യുവിയുടെ സ്പെഷ്യൽ എഡിഷൻ കളത്തിലിറങ്ങിയിരിക്കുന്നത്.

മാഗ്നൈറ്റ് N-കണക്റ്റ വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് പുതിയ കുറോ എഡിഷൻ പണികഴിപ്പിച്ചിരിക്കുന്നത്. മോഡൽ വാങ്ങാൻ താത്പര്യമുള്ളവർക്ക് 11,000 രൂപ ടോക്കൺ തുക നൽകി ബുക്കിംഗ് ഇന്ന് മുതൽ ചെയ്യാവുന്നതാണ്. കുറോ എഡിഷന്റെ 1.0 NA പെട്രോൾ മാനുവലിന് 8.30 ലക്ഷവും കുറോ എഡിഷൻ 1.0 NA പെട്രോൾ ഓട്ടോമാറ്റിക്കിന് 8.55 ലക്ഷവുമാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടത്.
ടർബോയിലും കുറോ എഡിഷൻ സ്വന്തമാക്കാനാവുമെന്നതും ആകർഷകമായ കാര്യമാണ്. 1.0 ടർബോ മാനുവലിന് 9.71 ലക്ഷവും 1.0 ടർബോ ഓട്ടോമാറ്റിക്കിന് 10.86 ലക്ഷവുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. സ്റ്റാൻഡേർഡ് വേരിയന്റുകളെ അപേക്ഷിച്ച് മാഗ്നൈറ്റ് കുറോയ്ക്ക് ബ്ലാക്ക് അലോയ് വീലുകളും പുറത്ത് സിൽവർ ഇൻസേർട്ടുകളുമുള്ള ഫുള്ളി-ബ്ലാക്ക് കളർ ഓപ്ഷനുമാണ് നിസാൻ ഒരുക്കിയിരിക്കുന്നത്.

ഈ പ്രത്യേക പതിപ്പിന് മാത്രമായി ഒനിക്സ് ബ്ലാക്ക് എന്ന പുതിയ കളർ ഓപ്ഷനും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇതല്ലാതെ എക്സ്റ്റീരിയർ ഡിസൈനിൽ കാര്യമായ മറ്റ് നവീകരണങ്ങളൊന്നും കണ്ടുപിടിക്കാനാവില്ല കേട്ടോ. പുറംഭാഗം പോലെ തന്നെ, എസ്‌യുവിയുടെ അകത്തളവും പൂർണമായും കറുപ്പ് നിറത്തിലാണ് പണികഴിപ്പിച്ചിരിക്കുന്നതത്. റൂഫ്, ഡാഷ്‌ബോർഡ്, സ്റ്റിയറിംഗ് വീൽ, സെന്റർ കൺസോൾ എന്നിവയെല്ലാം കറുപ്പിലാണ് ഒരുങ്ങിയിരിക്കുന്നത്.
ഡ്യുവൽ ഡിജിറ്റൽ സ്‌ക്രീനുകൾ, അർക്കാമിസ് സൗണ്ട് സിസ്റ്റം, ഓട്ടോ ഡിമ്മിംഗ് IRVM, ഐ-കീ ഓട്ടോ അൺലോക്ക്, ഇലുമിനേറ്റഡ് ഗ്ലോവ് ബോക്സ്, റിയർ എസി വെന്റുകളുള്ള ക്ലൈമറ്റ് കൺട്രോൾ എന്നിവയാണ് മാഗ്നൈറ്റ് N-കണക്റ്റ വേരിയന്റിലെ പ്രധാന സവിശേഷതകൾ. ഇതെല്ലാം കുറോ എഡിഷനിലും നിലനിർത്തിയാണ് നിസാൻ അവതരിപ്പിച്ചിരിക്കുന്നതെന്ന് പറായാം. ആയതിനാൽ മുടക്കുന്ന പൈസ വസൂലാണ്.

1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ എന്നിവയാണ് കോംപാക്‌ട് എസ്‌യുവിക്ക് തുടിപ്പേകുന്നത്. NA പതിപ്പിന് 71 bhp കരുത്തിൽ പരമാവധി 96 Nm torque വരെ ഉത്പാദിപ്പിക്കാനാവും. മറുവശത്ത് ടർബോ യൂണിറ്റിന് 98 bhp പവറിൽ പരമാവധി 160 Nm torque ആണ് നൽകാനാവുക. 5 സ്പീഡ് മാനുവൽ, എഎംടി, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് മാഗ്നൈറ്റിലെ ട്രാൻസ്മിഷൻ ഓപ്ഷനുകൾ.
6.14 ലക്ഷം മുതൽ 11.92 ലക്ഷം വരെയാണ് നിസാൻ മാഗ്നൈറ്റിന്റെ സ്റ്റാൻഡേർഡ് മോഡലുകൾക്ക് നിലവിൽ വരുന്ന എക്സ്ഷോറൂം വില. സ്റ്റാൻഡേർഡായി തന്നെ മൂന്ന് വർഷത്തെ അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ വാറണ്ടിയും മാഗ്നൈറ്റിനൊപ്പം നിസാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ഒപ്പം അധിക ചിലവിൽ 6 വർഷം അല്ലെങ്കിൽ 1.50 ലക്ഷം കിലോമീറ്റർ വരെ നീട്ടാനും ഉപഭോക്താക്കൾക്ക് സാധിക്കും.


Click it and Unblock the Notifications








