പോക്കറ്റ് കാലിയാക്കാതെ വാങ്ങാം, കൊണ്ടുനടക്കാം! പുതിയ ലുക്കിൽ രാജ്യത്തെ കുറഞ്ഞ വിലയുള്ള എസ്‌യുവി വരുന്നു
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്ന സെഗ്മെന്റുകളിൽ ഒന്നാണ് സബ്-4 മീറ്റർ എസ്‌യുവികളുടേത്. മാരുതി സുസുക്കി, ഹ്യുണ്ടായി, മഹീന്ദ്ര, ടാറ്റ മോട്ടോർസ്, നിസാൻ, റെനോ അങ്ങനെ രാജ്യത്തെ എണ്ണംപറഞ്ഞ കമ്പനികളെല്ലാം സാന്നിധ്യമറിയിച്ചിരിക്കുന്ന വിഭാഗത്തിൽ കുറഞ്ഞ വിലയുള്ള കിടിലൻ മോഡലുകൾ പുറത്തിറക്കുന്നവരാണ് നിസാനും റെനോയും. ഇരുവരും സഹകരിച്ച് പുറത്തിറക്കിയ മാഗ്നൈറ്റും കൈഗറും വലിയ വിജയവും കൈവരിച്ചിരുന്നു. കുറഞ്ഞ ബജറ്റുള്ളവർക്കെല്ലാം ധൈര്യമായി വാങ്ങിക്കാവുന്ന വണ്ടിയാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോയുടെ പക്കലുള്ള ആയുധം. ക്വിഡിന്റെ എസ്‌യുവി ടൈപ്പ് എന്ന് പലരും കളിയാക്കുന്നുണ്ടെങ്കിലും നല്ല പ്രായോഗികമായ ചെറു എസ്‌യുവികളിൽ ഒന്നാണ് കൈഗർ.
അടുത്തിടെ എതിരാളികളെല്ലാം മോഡേണായതോടെ അധികമാരും വാങ്ങാതെ പോവുന്ന കൈഗറിനെ കൂടുതൽ സെറ്റപ്പാക്കാൻ ഒരുങ്ങുകയാണ് റെനോ. കസിനായ മാഗ്നൈറ്റിന് അടുത്തിടെ ചെറിയ ഫെയ്‌സ്‌ലിഫ്റ്റ് സമ്മാനിച്ച നിസാന്റെ അതേപാത പിന്തുടരാനാണ് ഫ്രഞ്ച് ബ്രാൻഡിന്റെ നീക്കം. മുഖംമിനുക്കി സുന്ദരായി അധികം വൈകാതെ കോംപാക്‌ട് എസ്‌യുവി വിപണിയിലെത്തുമെന്ന സൂചനയും കമ്പനി നൽകി കഴിഞ്ഞു.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി റെനോ കൈഗർ ഫെയ്‍സ്‌ലിഫ്റ്റിന്റെ ആദ്യ ടീസർ ചിത്രവും ബ്രാൻഡ് പുറത്തിറക്കിയിട്ടുണ്ട്. ഓഗസ്റ്റ് 24-ന് മുഖംമിനുക്കിയ എസ്‌യുവി വിപണിയിലെത്തുമെന്നും കമ്പനി പറയുന്നു. ട്രൈബറിന് ശേഷം ഫോറിൻ ലുക്കിൽ കൈഗറും എത്തുന്നത് റെനോയ്ക്ക് പ്രതീക്ഷ നൽകുന്ന കാര്യമാണ്. മിക്ക എക്സ്റ്റീരിയർ അപ്‌ഡേറ്റുകളും മുൻവശത്തെ ഫാസിയയിൽ കേന്ദ്രീകരിച്ചായിരിക്കും പൂർത്തിയാക്കുക.
കൈഗർ ഫെയ്‌സ്‌ലിഫ്റ്റിന് പുതുക്കിയ ലൈറ്റിംഗ് ഘടകങ്ങളും ഫ്രണ്ട് ഗ്രില്ലും ലഭിക്കാൻ സാധ്യതയുണ്ട്. കൂടുതൽ പ്രകടമായ ഒരു നിവർന്നുനിൽക്കുന്ന മുൻവശം കൂടുതൽ റോഡ് പ്രസൻസ് നൽകാൻ സഹായിക്കും. കൂടാതെ ഒരു പരന്ന ബോണറ്റും കൊടുക്കുന്നതിനാൽ വിസിബിലിറ്റി കൂടുകയും ചെയ്യും. ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ കൂടുതൽ സ്പോർട്ടിയറാക്കാനാണ് റെനോയുടെ തീരുമാനം. അങ്ങനെ യൂത്തിനെ വാഹനത്തിലേക്ക് അടുപ്പിക്കാനും കമ്പനിക്കാനും.

സൈഡ് പ്രൊഫൈൽ ഏറെക്കുറെ മുമ്പത്തേതിന് സമാനമായിരിക്കും. മസ്ക്കുലാർ ഡോർ പാനലുകൾ, പരമ്പരാഗത ഡോർ ഹാൻഡിലുകൾ, ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, കട്ടിയുള്ള ബോഡി ക്ലാഡിംഗ്, റൂഫ് റെയിലുകൾ, ടാപ്പറിംഗ് റൂഫ്‌ലൈൻ എന്നിവയെല്ലാം ഉപയോഗിച്ച് മൊത്തത്തിൽ അടിപൊളിയാവും കക്ഷി. എസ്‌യുവിയിൽ സ്‌പോർട്ടി ഡ്യുവൽ-ടോൺ ഡയമണ്ട് കട്ട് അലോയ് വീലുകളും ഇത്തവണ ഉണ്ടാവും.
പിന്നിൽ സി ആകൃതിയിലുള്ള ടെയിൽ ലാമ്പുകളും നിലനിർത്തിയിട്ടുണ്ടെന്നാണ് ടീസർ ചിത്രം സൂചന നൽകിയിരിക്കുന്നത്. എന്നിരുന്നാലും, ചില പുതിയ ഡീറ്റെയിലിംഗുകൾ സാധ്യമാണ്. കൈഗർ ഫെയ്‌സ്‌ലിഫ്റ്റിൽ റൂഫ് സ്‌പോയിലർ, ഷാർക്ക് ഫിൻ ആന്റിന, റഗ്ഡ് റിയർ ബമ്പർ ഡിസൈൻ എന്നിവയും ഇടംപിടിക്കും. എക്സ്റ്റീരിയറിലേത് പോലെ തന്നെയുള്ള മാറ്റങ്ങളാവും ഇന്റീരിയറിലും കാണാനാവുക.

പുതിയ ഫ്രീസ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുതുക്കിയ അപ്ഹോൾസ്റ്ററി, പുതിയ കളർ തീം എന്നിവയായിരിക്കും അകത്തളത്തിലെ പ്രധാന മാറ്റം. ഇതോടൊപ്പം 7 ഇഞ്ച് റീകോൺഫിഗർ ചെയ്യാവുന്ന TFT ക്ലസ്റ്റർ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയോടുകൂടിയ വയർലെസ് സ്മാർട്ട്‌ഫോൺ റെപ്ലിക്കേഷൻ, ഓട്ടോമാറ്റിക് എസി, വയർലെസ് ചാർജർ തുടങ്ങിയ സവിശേഷതകൾ നിലവിലെ മോഡലിലേത് പോലെ തുടർന്നും മുമ്പോട്ട് കൊണ്ടുപോയേക്കും.
സെമി-ലെതറെറ്റ് സീറ്റുകൾ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, കീയും ക്രൂയിസ് കൺട്രോൾ, റിമോട്ട് എഞ്ചിൻ സ്റ്റാർട്ട്, ആർക്കമിസ് സൗണ്ട് സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ്, ഓട്ടോ ഡിമ്മിംഗ് IRVM, റിയർ എസി വെന്റുകൾ, PM 2.5 എയർ ഫിൽട്ടർ, കൂൾഡ് ലോവർ ഗ്ലോവ് ബോക്സ് എന്നിവയാണ് റെനോ കൈഗറിലെ മറ്റ് ഫീച്ചറുകൾ. സേഫ്റ്റിയും ഉഗ്രനായിരിക്കും. എല്ലാ വേരിയന്റുകളിലും 17 സ്റ്റാൻഡേർഡ് സവിശേഷതകളുണ്ടാവുമെന്നാണ് റെനോ പറയുന്നത്.
ഫ്രണ്ട് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ബ്രേക്ക് അസിസ്റ്റുള്ള എബിഎസ്, ഇബിഡി, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ, പെഡസ്ട്രിയൻ പ്രൊട്ടക്ഷൻ, സ്പീഡ് വാർണിംഗ് എന്നിവയും കൈഗറിലെ പ്രധാന ഫീച്ചറുകളാണ്. ഇതെല്ലാം വരാനിരിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലും കമ്പനി വാഗ്‌ദാനം ചെയ്യും. നിലവിൽ 6.10 ലക്ഷം മുതൽ 11 ലക്ഷം രൂപ വരെയാണ് വില വരുന്നത്. പരിഷ്ക്കാരങ്ങൾ എത്തുന്നതോടെ ചെറിയ തോതിൽ വില കൂടിയേക്കാം.


Click it and Unblock the Notifications








