ഫാമിലിയുമായി ഒന്നിച്ച് പോവാം, സ്കോഡയുടെ പുതിയ 7-സീറ്റർ എസ്‌യുവി റെഡി! എത്ര ലക്ഷത്തിന് കിട്ടുമെന്ന് അറിയണോ
ഇന്ത്യക്കാരുടെ സ്വന്തം വാഹന കമ്പനിയായി മാറിയിരിക്കുകയാണ് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡായ സ്കോഡ. താരതമ്യേന കുറഞ്ഞ വിലയക്ക് ഒന്നാന്തരം സേഫ്റ്റിയും യൂറോപ്യൻ നിലവാരവുമുള്ള മോഡലുകൾ പുറത്തിറക്കിയാണ് ഈ സ്ഥാനം സ്കോഡ നേടിയെടുത്തിരിക്കുന്നത്. വലിയ മോഡൽ നിരയൊന്നും പറയാൻ ഇല്ലെങ്കിലും കൈയിലുള്ള കൈലാക്, കുഷാഖ്, സ്ലാവിയ തുടങ്ങിയ മൂവർ സംഘം ആവശ്യത്തിന് പണംവാരി ബ്രാൻഡിന് കൊടുക്കുന്നുമുണ്ട്. അവസാനം പുറത്തിറക്കിയ മലയാളി പേരിട്ട കോംപാക്‌ട് എസ്‌യുവിയും വൻഹിറ്റാവുകയാണുണ്ടായത്. ഇനി അടുത്തതായി നിരയിലേക്ക് എത്തുന്നത് 7-സീറ്റർ ഫാമിലി സ്പോർട് യൂട്ടിലിറ്റി വാഹനമാണ് കേട്ടോ.
ഏതാണെന്നത് വലിയ സർപ്രൈസ് ഒന്നുമല്ലെങ്കിലും സംഗതി ഉഷാറാവുമെന്ന് തന്നെ പറയാം. ടൊയോട്ട, ജീപ്പ്, എംജി പോലുള്ള വമ്പൻമാർ അരങ്ങുവാഴുന്ന ഫുൾ-സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് കൊണ്ടുവരുന്നത് പുതുപുത്തൻ കൊഡിയാക്കിനെയാണ്. 2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ പ്രദർശിപ്പിച്ച കൊഡിയാക്കിന്റെ ഏറ്റവും പുതിയ ആവർത്തനം രാജ്യത്ത് വലിയ തരംഗം തന്നെ സൃഷ്‌ടിക്കുമെന്നാണ് അനുമാനം.

ഇപ്പോഴിതാ അവതരണത്തിന് മുന്നോടിയായി പുത്തൻ സ്കോഡ കൊഡിയാക്കിന്റെ ടീസർ ചിത്രവും പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. 2023 ഒക്ടോബറിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച അതേമോഡലാണ് ഇന്ത്യയിലേക്ക് എത്തുന്നത്. 7 വർഷത്തിലേറെയായി ഇവിടെ വിൽപ്പനയ്‌ക്കെത്തുന്ന കൊഡിയാക്കിന്റെ നിലവിലെ ആവർത്തനത്തിന് പകരക്കാരനാകും. ആഗോള വിപണിയിൽ 5, 7 സീറ്റ് ഫോർമാറ്റുകളിൽ വാഗ്ദാനം ചെയ്യുന്ന എസ്‌യുവി ഇന്ത്യയിൽ 7 സീറ്റർ പതിപ്പായി മാത്രമേ വിൽക്കുകയുള്ളൂ.
ഇന്ത്യയിൽ കംപ്ലീറ്റ്ലി നോക്കഡ് ഡൌൺ യൂണിറ്റായാവും പുതിയ സ്കോഡ കൊഡിയാക് വിപണനത്തിന് എത്തുക. മഹാരാഷ്ട്രയിലെ ഔറംഗാബാദിലുള്ള ബ്രാൻഡിന്റെ പ്ലാന്റിൽ പ്രാദേശികമായി എസ്‌യുവി അസംബിൾ ചെയ്യും. ഡിസൈനിലേക്ക് നോക്കിയാൽ ആദ്യ തലമുറ മോഡലുമായി സാമ്യമുള്ള ഒരു മോഡലിനെയാണ് ടീസറിൽ കാണാനാവുക. ഡിസൈനിൽ കാര്യമായ പൊളിച്ചെഴുതലുകൾ ഒന്നുമില്ലെങ്കിലും അങ്ങിങ്ങായി വേണ്ടുന്ന നവീകരണങ്ങൾ കമ്പനി ഒരുക്കിയിട്ടുണ്ട്.

മാട്രിക്സ് പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും എൽഇഡി ഡിആർഎല്ലുകളും ഉൾപ്പെടുന്ന ചില ഘടകങ്ങളിലെല്ലാം ഇതുകാണാനുമാവും. സ്കോഡയുടെ പുതിയ 'മോഡേൺ സോളിഡ്' ഡിസൈൻ ഭാഷ്യത്തിൽ പണികഴിച്ചിരിക്കുന്ന പുതിയ കൊഡിയാക്കിൽ മുൻവശത്ത് ക്വാഡ് ഹെഡ്‌ലാമ്പ് സജ്ജീകരണമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഇതിന് നടുവിലായി സിഗ്നേച്ചർ ബട്ടർഫ്ലൈ ഗ്രില്ലും ഇടംപിടിച്ചിരിക്കുന്നത് കാണാം.
ഇനി പിൻഭാഗത്തേക്ക് വരുമ്പോൾ പുതുതലമുറ കൊഡിയാക്കിൽ സി-ആകൃതിയിലുള്ള റാപ്പ്എറൗണ്ട് ടെയിൽ ലാമ്പുകളും മധ്യഭാഗത്തായി സ്കോഡ ലെറ്ററിംഗുമാണ് സമ്മാനിച്ചിരിക്കുന്നത്. കൊഡിയാക്കിന്റെ ഏറ്റവും പുതിയ പതിപ്പിന് 4,758 മില്ലീമീറ്റർ നീളമാണുള്ളത്. ഇത് മുൻഗാമിയേക്കാൾ ഏകദേശം 61 mm അധികമാണ്. സ്പോർട്‌ലൈൻ, ലോറിൻ ക്ലെമെന്റ് എന്നിങ്ങനെ രണ്ട് വേരിയന്റുകളും പ്രീമിയം എസ്‌യുവിയിലുണ്ടാവും.

രണ്ട് ട്രിമ്മുകളും തമ്മിൽ വേർതിരിക്കാൻ ഫീച്ചർ വ്യത്യാസങ്ങളായിരിക്കും ഉണ്ടാവുക. ലെതറെറ്റ് അപ്ഹോൾസ്റ്ററി, ഫ്ലോട്ടിംഗ് സെന്റർ ടച്ച്‌സ്‌ക്രീനോടുകൂടിയ ഡ്യുവൽ ഡിജിറ്റൽ ഡിസ്‌പ്ലേകൾ, പുതുക്കിയ എയർകണ്ടീഷണർ പാനൽ, ത്രീ-സോൺ എയർ കണ്ടീഷനിംഗ്, പനോരമിക് സൺറൂഫ് എന്നിവയായിരിക്കും സ്കോഡ എസ്‌യുവിയുടെ ഇന്റീരിയറിൽ കൊടുക്കുക. കൂടാതെ, സ്റ്റിയറിംഗ് വീലിന് ടൂ സ്‌പോക്ക് ഡിസൈനും ആംബിയന്റ് ലൈറ്റിംഗും ഉണ്ടാവും.
ഇന്ത്യൻ വിപണിയിലേക്ക് വരാനിരിക്കുന്ന സ്കോഡ കൊഡിയാക്കിന്റെ എല്ലാ വകഭേദങ്ങളിലും 8 എയർബാഗുകൾ സ്റ്റാൻഡേർഡായി ലഭിക്കും. എസ്‌യുവിയിൽ സ്റ്റാൻഡേർഡായി എബിഎസും ഇബിഡിയും വരെ ലഭിക്കുകയും ചെയ്യും. ഫോക്‌സ്‌വാഗൺ ഗ്രൂപ്പ് കാറുകളുമായി പങ്കിടുന്ന MQB EVO പ്ലാറ്റ്‌ഫോമിൽ പണികഴിപ്പിച്ചിരിക്കുന്ന വാഹനത്തിന് മുൻഗാമിയിലെ അതേ 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ തന്നെയാവും തുടിപ്പേകാനായി എത്തുക.
7-സ്പീഡ് DSG ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിന് 188 bhp കരുത്തിൽ പരമാവധി 320 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്. ഇന്ത്യൻ വിപണിയിൽ ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ, ഫോക്‌സ്‌വാഗൺ ടിഗുവാൻ R-ലൈൻ തുടങ്ങിയ വമ്പൻമാരുമായാവും പുതിയ സ്കോഡ കൊഡിയാക് മത്സരിക്കുക. വില നോക്കിയാൽ ഏകദേശം 50 ലക്ഷത്തിന് അടുത്ത് വന്നേക്കും ഓൺ-റോഡ് വിലയെന്നാണ് അനുമാനം.


Click it and Unblock the Notifications








