ഹൈക്രോസിന് പണിയാകും, അന്യായ യാത്രസുഖമുള്ള 7-സീറ്റർ ഫാമിലി എസ്‌യുവിക്ക് വിലയിടാൻ തീയതി കുറിച്ച് സ്കോഡ
ഇന്ത്യക്കാർക്ക് 7-സീറ്റർ എന്നാൽ ടൊയോട്ട ഇന്നോവയായിരുന്ന കാലമുണ്ടായിരുന്നു. ഇന്നും ക്രിസ്റ്റ, ഹൈക്രോസ് എന്നീ മോഡലുകളിലൂടെ ആളുകളെ ഒപ്പം നിർത്താനും ജാപ്പനീസ് ബ്രാൻഡിനായിട്ടുണ്ട്. ആഡംബര ഫീലും യാത്രാ സുഖവും തന്നെയാണ് ഇന്നോവകളെ ഇപ്പോഴും ജനപ്രിയമായി മുമ്പോട്ട് കൊണ്ടുപോവുന്നത്. എന്നാൽ ഹൈക്രോസിന്റെ ടോപ്പ് വേരിയന്റുകൾക്ക് 40 ലക്ഷത്തിന് മുകളിലാണ് വില വരുന്നത്. ഇത്രയും പണംമുടക്കാൻ തയാറായിട്ടുള്ളവർക്ക് പുത്തനൊരു 7-സീറ്റർ ഫാമിലി കാറുമായി സ്കോഡ എത്തുകയാണ്. സത്യത്തിൽ ഇതൊരു ഫുൾ-സൈസ് എസ്‌യുവിയാണ്. ഏവർക്കും പരിചിതമായ കൊഡിയാക്കിന്റെ ഏറ്റവും പുതിയ ആവർത്തനം ഇന്ത്യയിലെത്താൻ ഇനി കുറച്ച് ദിവസങ്ങൾ കൂടി മാത്രം മതിയാവും.
എംപിവിയും എസ്‌യുവിയും തമ്മിൽ താരതമ്യം ചെയ്യാനാവില്ലെങ്കിലും ഏകദേശം ഒരേ വില നിലവാരത്തിൽ വരുന്ന രണ്ട് മോഡലുകളായതിനാൽ ആളുകൾക്ക് പരിഗണിക്കാം. ടൊയോട്ട ഇന്നോവ ഹൈക്രോസിനേക്കാൾ സൗകര്യങ്ങളുള്ള പുതിയ സ്കോഡ കൊഡിയാക്കിന്റെ വില ഏപ്രിൽ 17-ന് പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ.

ലോറൻ ആൻഡ് ക്ലെമന്റ് (L&K), സ്‌പോർട്ട്‌ലൈൻ എന്നീ രണ്ട് വകഭേദങ്ങളിൽ പുതിയ സ്‌കോഡ കൊഡിയാക് ലഭിക്കും. പുതിയ എക്സ്റ്റീരിയർ സ്റ്റൈലിംഗും, കൂടുതൽ ഫീച്ചറുകളുള്ള പുതിയ ഇന്റീരിയറും, 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനും കൂടെയാവുമ്പോൾ ആള് ഉഷാറാവും. ഒറ്റ നോട്ടത്തിൽ ഇത് പഴയ കൊഡിയാക് തന്നെയല്ലേയെന്ന് പലരും സംശയം പ്രകടിപ്പിച്ചേക്കുമെങ്കിലും ഒന്നുകൂടി ഇരുത്തിനോക്കിയാൽ സംഗതി മനസിലാവും.
ഡിസൈനിന്റെ കാര്യത്തിൽ മുൻ തലമുറ എസ്‌യുവിയുടെ പരിണാമം പോലെയാണ് പുതിയ കൊഡിയാക് തോന്നിപ്പിക്കുന്നത്. സിഗ്നേച്ചർ എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പ്, സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണം, ഇലുമിനേറ്റഡ് പാർട്‌സുകളുള്ള ബട്ടർഫ്ലൈ ഗ്രിൽ എന്നിവയെല്ലാം വണ്ടിക്ക് പ്രീമിയം ഫീൽ സമ്മാനിക്കുന്നവയാണ്. പിൻഭാഗത്ത് C-ആകൃതിയിലുള്ള ടെയിൽ ലാമ്പുകൾ ലൈറ്റ് ബാർ ഉപയോഗിച്ച് ബന്ധിപ്പിച്ചിട്ടുമുണ്ട്.

സ്റ്റാൻഡേർഡായി തന്നെ 18 ഇഞ്ച് അലോയ് വീലിലാണ് പുതിയ കൊഡിയാക് സവാരിക്കിറങ്ങുക. കൊഡിയാക്കിന്റെ ഏറ്റവും പുതിയ പതിപ്പിന് 4,758 മില്ലീമീറ്റർ നീളമാണുള്ളത്. ഇത് മുൻഗാമിയേക്കാൾ ഏകദേശം 61 mm അധികമാണ്. വിദേശത്ത് നിർമിച്ച് ഇറക്കുമതി ചെയ്യുന്നതിന് പകരം വില കുറക്കാനായി ഇത്തവണ വാഹനം ഇന്ത്യയിൽ പ്രാദേശികമായി അസംബിൾ ചെയ്യുമെന്നും സ്കോഡ സ്ഥിരീകരിച്ചിട്ടുണ്ട്.
അകത്തളത്തിലേക്ക് കയറിയാൽ പലരേയും വിസ്‌മയിപ്പിക്കുന്ന തരത്തിലാണ് പുതിയ കൊഡിയാക്കിന്റെ അകത്തളം കമ്പനി പണിതീർത്തിരിക്കുന്നതെന്ന് മനസിലാക്കാം. ഡാഷ്‌ബോർഡിന് വിംഗ് സ്റ്റൈൽ രൂപകൽപ്പനയാണ് കൊടുത്തിരിക്കുന്നതും. അതിൽ 13-ഇഞ്ച് ഫ്രീ-ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്ക്രീനാണ് ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്. 10 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, 'സ്കോഡ' അക്ഷരങ്ങളുള്ള പുതിയ ടു-സ്പോക്ക് സ്റ്റിയറിംഗ് വീൽ എന്നിവയും കൂടിയാവുമ്പോൾ സംഗതി കളറാവുന്നുണ്ട്.

മറ്റ് പ്രവർത്തനങ്ങൾക്കായി ക്രമീകരിക്കാവുന്ന HVAC കൺട്രോളുകളുള്ള മൂന്ന് റോട്ടറി ഡയലുകളും സ്കോഡ ഒരുക്കിയിട്ടുണ്ട്. 3-സോൺ ക്ലൈമറ്റ് കൺട്രോൾ, പവർഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ്, 360-ഡിഗ്രി ക്യാമറ, പാർക്ക് അസിസ്റ്റ്, L&K ട്രിമ്മിൽ മസാജ് ഫംഗ്ഷനോടുകൂടിയ ഹീറ്റഡ്/വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയെല്ലാം ലഭിക്കും. സ്‌പോർട്‌ലൈൻ വേരിയന്റുകൾക്ക് ഹീറ്റഡ്/വെൻ്റിലേഷൻ, മസാജ് ഫംഗ്‌ഷനുകൾ ഉണ്ടാവില്ല. പകരം സ്‌പോർട്ടിയർ ബക്കറ്റ് സീറ്റുകളാണ് ഇതിൽ ഒരുക്കിയിട്ടുള്ളത്.
204 bhp പവറിൽ പരമാവധി 320 Nm torque ഉൽപ്പാദിപ്പിക്കുന്ന 2.0 ലിറ്റർ, നാല് സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനാണ് പുതിയ കൊഡിയാകിന്റെ ഹൃദയം. 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിനിൽ ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും സ്റ്റാൻഡേർഡായി ലഭിക്കും. മൈലേജിലും അത്ര മോശക്കാരനൊന്നുമല്ല ആള്. എസ്‌യുവിക്ക് ARAI അവകാശപ്പെടുന്ന ഇന്ധനക്ഷമത 14.86 കിലോമീറ്റർ ആണ്.


Click it and Unblock the Notifications








