കാല് കൊടുത്താൽ പറപറക്കും, സ്കോഡ അടുത്തതായി പുറത്തിറക്കുന്നത് പെർഫോമൻസ് കാർ! നവംബറിൽ ഇങ്ങെത്തും
പണ്ട് മെയിന്റനെൻസ് കോസ്റ്റിന്റെ കാര്യം പറഞ്ഞ് പലരും ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡയ്ക്ക് മുന്നിൽ മുഖംതിരിച്ച് നിന്നിരുന്നു. റാപ്പിഡും ഒക്ടാവിയയും ഫാബിയയും പോലുള്ള തട്ടുപൊളിപ്പൻ വാഹനങ്ങൾ ഇന്ത്യക്കാർക്ക് നൽകിയ ബ്രാൻഡ് പിന്നീട് ഇതെല്ലാം നിർത്തലാക്കുകയാണെന്ന് പ്രഖ്യാപിച്ച് എല്ലാവരേയും ഞെട്ടിച്ചു. എന്നാൽ ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി രണ്ട് പുതിയ മോഡലുകൾ കൂടി കൊണ്ടുവരുന്നുണ്ടെന്ന് സ്കോഡ പറഞ്ഞപ്പോൾ ആളുകൾ അത്രകാര്യമാക്കിയിരുന്നില്ല. പക്ഷേ കുഷാഖും സ്ലാവിയയും നിരത്തിലിറങ്ങാൻ തുടങ്ങിയതോടെ ബ്രാൻഡിന്റെ തലവരയും മാറിത്തുടങ്ങി. പിന്നെ വിൽപ്പനയും ടോപ്പ് ഗിയറിലായി.
അവസാനായി കൈലാക് എന്ന കുഞ്ഞൻ കോംപാക്‌ട് എസ്‌യുവി കൂടി സ്കോഡയുടെ ലൈനപ്പിലേക്ക് എത്തിയതോടെ ചീറിപ്പായാനും തുടങ്ങി. അതിന് ശേഷം പ്രീമിയം കാറുകൾ നോക്കിനടക്കുന്നവരെ ചാക്കിലാക്കാൻ കൊഡിയാക്കിന്റെ ന്യൂജെൻ പതിപ്പിനേയും കമ്പനി ഇന്ത്യയിൽ പുറത്തിറക്കിയിരുന്നു. ഇപ്പോഴിതാ പെർഫോമൻസ് പ്രേമികളെ കൂടി സ്കോഡയിലേക്ക് എത്തിക്കാൻ ഒക്‌ടാവിയ RS നമ്മുടെ രാജ്യത്തേക്ക് എത്തുകയാണ്.

2025 ഓട്ടോ എക്സ്പോയിൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച പുതിയ സ്കോഡ ഒക്ടാവിയ RS നവംബർ ആദ്യം ഷോറൂമുകളിൽ എത്തുമെന്നാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ സ്ഥിരീകരിച്ചിരിക്കുന്നത്. മെയ് മാസത്തിൽ പുറത്തിറക്കിയ ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐ പോലെ, ഹൈ പെർഫോമൻസ് സെഡാൻ പരിമിതമായ എണ്ണത്തിൽ മാത്രമേ ലഭ്യമാകൂവെന്ന് മാത്രം കേട്ടോ.
കിടിലൻ 2.0 ലിറ്റർ ടിഎസ്ഐ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് സ്കോഡ ഒക്ടാവിയ RS സെഡാന് തുടിപ്പേകാൻ എത്തുന്നത്. ഇത് 261 bhp കരുത്തിൽ പരമാവധി 370 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. പുതിയ ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐക്ക് കരുത്ത് പകരുന്ന അതേ EA888 evo4 എഞ്ചിനാണിത്. അതുപോലെ DQ381 7-സ്പീഡ് DSG ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന വാഹനം ഒരു ഫ്രണ്ട് വീൽ ഡ്രൈവായിരിക്കും വാഗ്ദാനം ചെയ്യുക.

കൂടാതെ ഫ്രണ്ട് ആക്സിലിലെ ഇലക്ട്രോണിക് കൺട്രോൾഡ് ലിമിറ്റഡ്-സ്ലിപ്പ് ഡിഫറൻഷ്യൽ ഉയർന്ന വേഗതയിൽ ഒപ്റ്റിമൽ ഗ്രിപ്പ് ഉറപ്പാക്കുകയും നല്ല ട്രാക്ഷൻ നിലനിർത്തുകയും ചെയ്യാനും സഹായിക്കും. സ്റ്റാർട്ട് ബട്ടൺ ദീർഘനേരം അമർത്തിയാൽ ഒരു "ഇമോഷൻ സ്റ്റാർട്ട്" ഫീച്ചറും ഒക്ടാവിയയുടെ പെർഫോമൻസ് പതിപ്പിൽ സജീവമാകും. എഞ്ചിൻ നേരിട്ട് 2,100 ആർഎമ്മിലേക്ക് പവർ വർധിപ്പിക്കുകയും കാറിന്റെ സ്പോർട്സ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റം വഴി ഒരു സോണറസ് ശബ്‌ദം പുറന്തള്ളുകയും ചെയ്യും.
ഇതിൽ ഒറിഡിനൽ ഡ്യുവൽ ഔട്ട്‌ലെറ്റുകളാണ് സ്കോഡ ഉൾപ്പെടുത്തിയിരിക്കുന്നതും. പുതിയ സ്കോഡ ഒക്ടാവിയ RS 6.4 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കും. അതേസമയം മണിക്കൂറിൽ 250 കിലോമീറ്ററാണ് പെർഫോമൻസ് സെഡാന് പുറത്തെടുക്കാനാവുന്ന പരമാവധി വേഗം. വെന്റിലേറ്റഡ് ഡിസ്ക് ബ്രേക്കുകളാണ് വരാനിരിക്കുന്ന മോഡലിൽ ഒരുക്കിയിരിക്കുന്നത് കേട്ടോ.

അന്താരാഷ്ട്ര തലത്തിൽ പുതിയ ഗോൾഫ് ജിടിഐ പോലെ പുതിയ ഒക്ടാവിയ RS-ലും ഡ്രൈവർ തിരഞ്ഞെടുത്ത മോഡ് അനുസരിച്ച് കാറിന്റെ ഹാൻഡ്‌ലിംഗ് നിലനിർത്തുന്നതിനായി ഡാംപിംഗ് തുടർച്ചയായി ക്രമീകരിക്കുന്ന ഡൈനാമിക് ഷാസിസ് കൺട്രോൾ (DCC) അഡാപ്റ്റീവ് സസ്‌പെൻഷൻ സിസ്റ്റത്തോടെ വാഹനം ലഭ്യമാണ്. ഫോക്‌സ്‌വാഗൺ ഇന്ത്യയിൽ ഈ സവിശേഷത വാഗ്ദാനം ചെയ്യുന്നില്ലെങ്കിലും കൂടുതൽ പ്രായോഗികമായ ഒരു ഫാമിലി കാറെന്ന നിലയിൽ സ്കോഡ ഈയൊരു കാര്യം ഇവിടെ അവതരിപ്പിച്ചേക്കാം.
പ്രായോഗികതയെക്കുറിച്ച് പറയുകയാണെങ്കിൽ പുതിയ ഒക്ടാവിയ RS 600 ലിറ്റർ ബൂട്ട് സ്പേസ് വാഗ്ദാനം ചെയ്യുന്നുണ്ട്. പിൻ സീറ്റ് മടക്കിവെച്ചാൽ 1,555 ലിറ്ററായി ഇത് വികസിപ്പിക്കാനും സാധിക്കും. എക്സ്ക്ലൂസീവ് ബമ്പറുകൾ, എൽഇഡി മാട്രിക്സ് ഹെഡ്‌ലൈറ്റുകൾ, ഡൈനാമിക് ടേൺ സിഗ്നലുകളുള്ള എൽഇഡി ടെയിൽ ലൈറ്റുകൾ, കിക്ക്-ആക്ടിവേറ്റഡ് പവർ ടെയിൽഗേറ്റ്, 19 ഇഞ്ച് അലോയ് വീലുകൾ എന്നിവയാണ് കാറിലെ എക്സ്റ്റീരിയർ ഹൈലൈറ്റുകൾ.
ലെതർ അപ്ഹോൾസ്റ്ററി, അലുമിനിയം പെഡലുകൾ, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സാറ്റലൈറ്റ് നാവിഗേഷൻ, വയർലെസ് ആപ്പിൾ കാർപ്ലേ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 13 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ പുതിയ ഒക്ടാവിയ RS സെഡാന്റെ അകത്തളത്തെ കിടിലമാക്കും. കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റായിട്ടാവും കാർ ഇന്ത്യയിലെത്തുക എന്നതിനാൽ ഏകദേശം 55 ലക്ഷം രൂപയോളം എക്സ്ഷോറൂം വില പ്രതീക്ഷിക്കാം.


Click it and Unblock the Notifications








