ടൊയോട്ടയെ കരയിപ്പിക്കും, ഇന്ത്യക്കാരെ ചാക്കിലാക്കാൻ സ്കോഡയുടെ പുതിയ വലിയ സെഡാൻ
ഇന്ന് ആരംഭിച്ച 2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയ്ക്ക് വർണാഭമായ തുടക്കം. വാഹനമേളയുടെ ആദ്യ ദിനം തന്നെ കളംനിറഞ്ഞ് ആളുകളുടെ മനസ് കീഴടക്കുകയാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ (Skoda). ബ്രാൻഡിന്റെ പുതുപുത്തൻ മോഡലുകളെല്ലാം രാജ്യത്തിനായി പ്രദർശിപ്പിച്ച കമ്പനി ഏറ്റവും പുതിയ സൂപ്പർബിനെയും എക്സ്പോയിൽ അവതരപ്പിച്ചിരിക്കുകയാണ്. 2023 അവസാനത്തോടെ ആഗോളതലത്തിൽ വിൽപ്പനയ്ക്ക് എത്തിയ എക്സിക്യൂട്ടീവ് സെഡാനെയാണ് ഇന്ത്യയിലേക്കും എത്തിച്ചിരിക്കുന്നത്. പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന കാർ ടൊയോട്ട കാമ്രി പോലുള്ള വമ്പൻമാരുമായിട്ടാവും മാറ്റുരയ്ക്കുക.
ഒപ്പം ലക്ഷ്വറി കാർ വിഭാഗത്തിലെ മെർസിഡീസ് ബെൻസ് സി-ക്ലാസ്, ബിഎംഡബ്ല്യു 3-സീരീസ്, ഔഡി A4 തുടങ്ങിയ എൻട്രി ലെവൽ മോഡലുകളോട് കിടപിടിക്കാനും സൂപ്പർബിനാവും. ഡിസൈനിന്റെ കാര്യത്തിൽ പുതിയ സൂപ്പർബിൽ കാര്യമായ പരിഷ്ക്കാരങ്ങളൊന്നുമില്ലല്ലോയെന്ന് പെട്ടന്ന് തോന്നിയേക്കാമെങ്കിലും മുൻഗാമിയേക്കാൾ കിടിലമായിട്ടാണ് കക്ഷിയുടെ വരവ്. സ്‌റ്റൈലിംഗും ഫീച്ചറുകളുമെല്ലാം പുതിയ കൊഡിയാക് എസ്‌യുവിയിൽ നിന്നും കടമെടുത്തിട്ടുമുണ്ട്.

'മോഡേൺ സോളിഡ്' ഡിസൈൻ ഭാഷ്യം അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന സൂപ്പർബ് സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട കാറായി മാറാനുള്ള സാധ്യതകളെല്ലാം തെളിയുന്നുണ്ട്. സ്‌കോഡയുടെ സിഗ്നേച്ചർ ഗ്രിൽ, 2D ലോഗോ, രണ്ട് വശങ്ങളിലായി ബൈ-എൽഇഡി മൊഡ്യൂളുകളുള്ള പുതിയ എൽഇഡി മാട്രിക്‌സ് ഹെഡ്‌ലൈറ്റുകൾ, 18 ഇഞ്ച് അലോയ് വീൽ, സ്ലീക്ക് എൽഇഡി ടെയിൽ-ലാമ്പ്, ലിപ് സ്‌പോയിലർ എന്നിവയെല്ലാമാണ് സ്കോഡ സൂപ്പർബിനെ കിടിലമാക്കുക.
അകത്തളത്തിലേക്ക് കയറിയാലും ആരേയും നിരാശപ്പെടുത്തില്ലാത്ത ഇന്റീരിയറുമായിട്ടാണ് സ്കോർ സൂപ്പർബ് വരുന്നത്. സോഫ്റ്റ് ടച്ച് അപ്‌ഹോൾസ്റ്ററിയും ഔഡിയുടെ വെർച്വൽ കോക്ക്പിറ്റ് തീമിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള 13 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, മൾട്ടി-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ആംബിയൻ്റ് ലൈറ്റിംഗ്, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക് തുടങ്ങിയ ഗംഭീര ഫീച്ചറുകളാൽ സെഡാൻ സമ്പന്നമായിരിക്കും.

വെൻ്റിലേഷനും മെമ്മറി ഫംഗ്ഷനും ഉള്ള പവർ-അഡ്ജസ്റ്റബിൾ ഫ്രണ്ട് സീറ്റുകളും യാത്രാ സുഖത്തിനായി കൊടുത്തിരിക്കുന്നതാണ്. മൊത്തത്തിൽ 4,912 mm നീളവും 1,849 mm വീതിയും 1,481 mm ഉയരവും 2,841 mm വീൽബേസും 150 mm ഗ്രൗണ്ട് ക്ലിയറൻസുമുള്ള പുതിയ സ്കോഡ സൂപ്പർബിന് 645 ലിറ്റർ ബൂട്ട് സ്പേസാണുള്ളത്. നിലവിലെ മോഡലിലുള്ള അതേ 2.0 ലിറ്റർ 4-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് കാറിന് തുടിപ്പേകാൻ എത്തുക.

8-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന ടിഎസ്ഐ പെട്രോൾ എഞ്ചിന് 201 bhp കരുത്തിൽ പരമാവധി 330 Nm torque വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് വിവരം. ലെവൽ-2 ADAS, പാർക്ക് അസിസ്റ്റ്, 10 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ട്രാക്ഷൻ കൺട്രോൾ പ്രോഗ്രാം, ISOFIX ചൈൽഡ് സീറ്റ് മൗണ്ടിംഗ് പോയിന്റുകൾ, അത്യാഹിത സാഹചര്യങ്ങളിൽ കാറിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന എമർജൻസി അസിസ്റ്റ് പ്രോഗ്രാം എന്നീ സേഫ്റ്റി ഫീച്ചറുകളും കാറിലുണ്ടാവും.
സ്‌കോഡ സൂപ്പർബിന്റെ പഴയ മോഡൽ മുമ്പ് മഹാരാഷ്ട്രയിലെ ബ്രാൻഡിൻ്റെ ഔറംഗബാദ് നിർമാണ കേന്ദ്രത്തിലാണ് പ്രാദേശികമായി അസംബിൾ ചെയ്തിരുന്നത്. എന്നാൽ പിന്നീട് കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് റൂട്ട് വഴി സെഡാൻ വിപണനത്തിന് എത്തിക്കാൻ സ്കോഡ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വർഷം പൂർണ ഇറക്കുമതിയായി അവതരിപ്പിച്ച നിലവിലെ സൂപ്പർബ് പോലെ പുതുതലമുറ ആവർത്തനവും CBU യൂണിറ്റായിട്ടാവും ഇന്ത്യയിലെത്തുക.
2025 സൂപ്പർബിനായുള്ള (Superb) ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചിട്ടുണ്ട്. അടുത്ത രണ്ട് മാസത്തിനുള്ളിൽ കാറിന്റെ ഡെലിവറികൾ ആരംഭിക്കാനാണ് സ്കോഡ (Skoda) പദ്ധതിയിട്ടിരിക്കുന്നത്. ടൊയോട്ട കാമ്രിക്കൊപ്പം മെർസിഡീസ് ബെൻസിന്റേയും ബിഎംഡബ്ല്യുവിന്റേയും എല്ലാം എൻട്രി ലെവൽ മോഡലുകളുടെ വിൽപ്പന പിടിക്കുകയാണ് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡിന്റെ ലക്ഷ്യം.


Click it and Unblock the Notifications








