26.90 കി.മീ. മൈലേജുള്ള പുത്തൻ കാറിന്റെ ബുക്കിംഗ് തുടങ്ങി ടാറ്റ, ഷോറൂമുകളിൽ ഇനി പെരുന്നാളിന്റെ തിരക്കായിരിക്കും
ഇന്ത്യൻ വാഹന വിപണിയിൽ വളരെ തിരക്കുപിടിച്ച സമയമാണ് ടാറ്റ മോട്ടോർസിന് ഇപ്പോൾ. നിലവിലുണ്ടായിരുന്ന കാറുകളുടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളെല്ലാം പുറത്തിറക്കിയ കമ്പനി നാളെ പുതിയ ഹാരിയർ ഇലക്ട്രിക് എസ്‌യുവിയെ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളിലാണ്. ഇതിനിടയിൽ അടുത്തിടെ ഇന്ത്യക്കാർക്കായി സമ്മാനിച്ച കാറിന്റെ ഔദ്യോഗിക ബുക്കിംഗും സ്വീകരിച്ച് തുടങ്ങിയിരിക്കുകയാണ് കമ്പനി. ഏവരേയും മോഹിപ്പിച്ച 5-സ്റ്റാർ സേഫ്റ്റിയുള്ള സാധാരണക്കാരന്റെ പ്രീമീയം ഹാച്ച്ബാക്കായ ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ബുക്കിംഗാണ് ബ്രാൻഡ് ആരംഭിച്ചിരിക്കുന്നത്. വാഹനം വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ടാറ്റ മോട്ടോർസിന്റെ വെബ്സൈറ്റ് വഴിയോ അല്ലെങ്കിൽ ഡീലർഷിപ്പിലെത്തിയോ പുതിയ ആൾട്രോസ് ബുക്ക് ചെയ്യാം.
എക്സ്റ്റീരിയർ ഹൈലൈറ്റുകൾ നോക്കിയാൽ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിന് മൊത്തത്തിൽ ഒരു പ്രീമിയം ഭാവമാണ് ലഭിക്കുക. റീഡിസൈൻ ചെയ്ത ഫ്രണ്ട് ബമ്പർ, ബ്ലാക്ക്-ഔട്ട് ഗ്രിൽ, ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകൾ, പുതിയ 16 ഇഞ്ച് അലോയ് വീലുകൾ, കണക്റ്റഡ് ടെയിൽ ലാമ്പുകൾ, ചെറുതായി പരിഷ്ക്കരിച്ച റിയർ ബമ്പർ എന്നിവയെല്ലാമായി പ്രീമിയം ഹാച്ച്ഹാക്ക് ലക്ഷ്വറി ഹാച്ച്ബാക്കായി മാറിയിട്ടുണ്ടെന്ന് വേണമെങ്കിൽ പറയാം.

ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ എക്സ്റ്റീരിയറിനേക്കാൾ കിടിലം ഇന്റീരിയറാണെന്ന് പറഞ്ഞാലും തെറ്റൊന്നുമില്ല. പുതിയ ഡ്യുവൽ-ടോൺ അപ്ഹോൾസ്റ്ററി, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, കണക്റ്റഡ് കാർ സാങ്കേതികവിദ്യ എന്നിവയെല്ലാം കാറിലുണ്ട്. ഇതുകൂടാതെ 360-ഡിഗ്രി ക്യാമറ, എയർ പ്യൂരിഫയർ, സെഗ്‌മെന്റ് ഫസ്റ്റ് 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയാണ് കാറിലെ മറ്റ് ശ്രദ്ധേയമായ ഫീച്ചറുകൾ.
ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ മാപ്പ് ഇൻബിൽറ്റായി വരുന്നതിനാൽ ഡ്രൈവർക്ക് യാത്രകൾ ഈസിയാവും. ഇതുകൂടാതെ സിംഗിൾ-പാൻ സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ്, വയർലെസ് ഫോൺ ചാർജർ, 8-സ്പീക്കർ സൗണ്ട് സിസ്റ്റം, ക്രൂയിസ് കൺട്രോൾ എന്നിവ പോലുള്ള പ്രീമിയം സവിശേഷതകളാലും മുഖംമിനുക്കിയെത്തുന്ന ടാറ്റ ആൾട്രോസ് സമ്പന്നമാണ്. സുരക്ഷയുടെ കാര്യത്തിൽ പണ്ടേ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയിട്ടുള്ളതിനാൽ ഇക്കാര്യത്തിലും ആശങ്കകളൊന്നും വേണ്ട.

ആൾട്രോസിന്റെ എല്ലാ വേരിയന്റുകളിലും 6 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നത് തുടരുന്നു. ടോപ്പ് എൻഡ് വേരിയന്റുകളിൽ ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റവും 360 ഡിഗ്രി ക്യാമറയും ടാറ്റ മോട്ടോർസ് ഉൾപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ സെഗ്മെന്റിലെ എതിരാളികളായ മാരുതി ബലേനോ, ഹ്യുണ്ടായി i20 എന്നിവയേക്കാൾ കൂടുതൽ ലക്ഷ്വറി ആൾട്രോസിൽ ലഭിക്കും.
മുമ്പുണ്ടായിരുന്ന അതേ എഞ്ചിൻ ഓപ്ഷനുകൾ നിലനിർത്തിയാണ് ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റ് ഇത്തവണയും വിപണനത്തിന് എത്തിയിരിക്കുന്നത്. ആദ്യത്തെ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ യൂണിറ്റ് മാനുവൽ, പുതിയ 5-സ്പീഡ് ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ (AMT), 6-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ (DCT) എന്നിങ്ങനെ മൂന്ന് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ സ്വന്തമാക്കാനാവും.

ഇത് 86 bhp പവറിൽ പരമാവധി 113 Nm torque വരെ നൽകാൻ ശേഷിയുള്ളതാണ്. രണ്ടാമത്തെ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുമായി വരുന്ന സിഎൻജി പതിപ്പിന് 6,000 ആർപിഎമ്മിൽ 72.4 bhp പവറും 3,500 ആർപിഎമ്മിൽ 103 Nm ടോർക്കും ഉത്പാദിപ്പിക്കാനാവും. ഇതിൽ 5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് സംവിധാനം മാത്രമായിരിക്കും നിലവിൽ ടാറ്റ കച്ചോടത്തിനായി എത്തിക്കുന്നത്. എന്നാൽ അധികം വൈകാതെ സിഎൻജി ഓട്ടോമാറ്റിക്കും വിപണിയിലേക്ക് എത്തിയേക്കും.
ടാറ്റ ആൾട്രോസിലെ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ മാനുവൽ ട്രാൻസ്മിഷനിലാണ് വാഗ്‌ദാനം ചെയ്യുന്നത്. ഇത് 89 bhp കരുത്തിൽ പരമാവധി 200 Nm torque വരെയാണ് നൽകുന്നത്. മൈലേജിന്റെ കാര്യമെടുത്താലും മാരുതി സുസുക്കിയെ ടാറ്റ ഞെട്ടിച്ചിട്ടുണ്ട്. സിഎന്‍ജി പതിപ്പ് കിലോഗ്രാമിന് 26.90 കിലോമീറ്ററും ഡീസല്‍ 23.60 കിലോമീറ്ററും പെട്രോള്‍ വേരിയന്റുകൾ ലിറ്ററിന് 19.33 കിലോമീറ്റര്‍ വരെ മൈലേജുമാണ് അവകാശപ്പെടുന്നത്.
സ്മാർട്ട്, പ്യുവർ, പ്യുവർ എസ്, ക്രിയേറ്റീവ്, ക്രിയേറ്റീവ് എസ്, അക്കംപ്ലിഷ്ഡ് S, അക്കംപ്ലഷ്ഡ് പ്ലസ് S എന്നിങ്ങനെ 7 വേരിയന്റുകളിലായി വരുന്ന പുതിയ ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിന് 6.89 ലക്ഷം രൂപ മുതൽ 11.49 ലക്ഷം വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ഡ്യൂണ്‍ ഗ്ലോ, ആംബര്‍ ഗ്ലോ, റോയല്‍ ബ്ലൂ, പ്യുവര്‍ ഗ്രേ, പ്രിസ്റ്റൈന്‍ വൈറ്റ് എന്നീ കളർ ഓപ്ഷനുകളിലാണ് 2025 ടാറ്റ ആള്‍ട്രോസ് വാങ്ങാനാകുക.


Click it and Unblock the Notifications








