ബസാൾട്ടിന് പിന്നാലെ കറുപ്പണിയാൻ ടാറ്റയുടെ സ്റ്റൈലൻ എസ്‌യുവി, കുറഞ്ഞ വിലയിൽ കർവ് ഡാർക്ക് എഡിഷൻ വരുന്നു
സ്പെഷ്യൽ എഡിഷൻ മോഡലുകളിലൂടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പണമുണ്ടാക്കിയവരാണ് ടാറ്റ മോട്ടോർസ് (Tata Motors). കാസിരംഗ, ജെറ്റ്, ബ്ലാക്ക് എന്നിങ്ങനെ പലതരത്തിലുള്ള ലിമിറ്റഡ് എഡിഷനുകളിൽ വിജയം കണ്ടിട്ടുള്ള ബ്രാൻഡ് ഇപ്പോഴിതാ തങ്ങളുടെ നിരയിലെ ഏറ്റവും സ്റ്റൈലൻ സ്പോർട് യൂട്ടിലിറ്റി വാഹനത്തിലേക്ക് ഡാർക്ക് എഡിഷൻ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. മറ്റേതുമല്ല, ലംബോർഗിനി ഉറൂസിന്റെ സ്റ്റൈൽ പിടിച്ചെത്തിയ കർവ് കൂപ്പെ എസ്‌യുവിയാണ് (Tata Curvv Coupe SUV) കമ്പനി കറുപ്പിൽ കുളിപ്പിച്ച് എടുക്കുന്നത്. അടുത്ത ഏതാനും ആഴ്ച്ചകൾക്കുള്ളിൽ മോഡൽ വിപണിയിൽ പുറത്തിറങ്ങുമെന്നാണ് വിവരം.
അതിന്റെ ഭാഗമായി വരാനിരിക്കുന്ന ടാറ്റ കർവ് ഡാർക്ക് എഡിഷന്റെ ടീസർ ചിത്രവും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ കമ്പനി പുറത്തുവിട്ടിട്ടുമുണ്ട്. നെക്‌സോൺ ഡാർക്ക് എഡിഷൻ, ആൾട്രോസ് ഡാർക്ക് എഡിഷൻ, ഹാരിയർ ഡാർക്ക് എഡിഷൻ, സഫാരി ഡാർക്ക് എഡിഷൻ എന്നിവയ്ക്ക് ശേഷം ടാറ്റ മോട്ടോർസ് നിരയിൽ നിന്നും അവതരിപ്പിക്കപ്പെടുന്ന അഞ്ചാമത്തെ ഡാർക്ക് എഡിഷൻ മോഡലായിരിക്കും ഇത്.

കൂപ്പെ എസ്‌യുവിയുടെ ടോപ്പ്-എൻഡ് വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ടാറ്റ കർവിന്റെ സ്പെഷ്യൽ എഡിഷൻ പതിപ്പ്. അതായത് അക്കംപ്ലഷ്ഡ് ട്രിമിന്റെ സ്റ്റാൻഡേർഡ് പതിപ്പിന്റെ എല്ലാ ഫീച്ചറുകളിലും ഇതിലുണ്ടാവുമെന്ന് സാരം. ടാറ്റ സ്ഥിരമായി പിന്തുടരുന്നതു പോലെ തന്നെ ഗ്ലോസി ബ്ലാക്ക് എക്സ്റ്റീരിയർ കളർ ഓപ്ഷനിൽ തന്നെയാവും കർവ് ഡാർക്ക് എഡിഷനും അണിഞ്ഞൊരുങ്ങുക.
എൽഇഡി ലൈറ്റ് ബാർ, എൽഇഡി ടെയിൽലൈറ്റുകൾ, ഷാർക്ക് ഫിൻ ആന്റിന, ഡ്യുവൽ-ടോൺ അലോയ് വീലുകൾ, സിൽവർ സ്‌കിഡ് പ്ലേറ്റ്, ഗ്ലോസി ബ്ലാക്ക് ബോഡി ക്ലാഡിംഗ് എന്നിവയാണ് കൂപ്പെ എസ്‌യുവിയിലെ മറ്റ് ഡിസൈൻ ഹൈലൈറ്റുകൾ. മൾട്ടിപ്പിൾ വോയ്‌സ് അസിസ്റ്റന്റുകൾ, ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS), 360-ഡിഗ്രി ക്യാമറ സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയ നിരവധി ഫീച്ചറുകളും വാഹനത്തിലുണ്ടാവും.

സബ്‌വൂഫർ, JBL സൗണ്ട് സിസ്റ്റം, പവർഡ് ടെയിൽഗേറ്റ്, ഓട്ടോ-ഹോൾഡ് ഫംഗ്ഷണാലിറ്റി, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഇലുമിനേറ്റഡ് ലോഗോയുള്ള സ്റ്റിയറിംഗ് വീൽ, വെൻ്റിലേറ്റഡ് സീറ്റുകൾ, ആംബിയൻ്റ് ലൈറ്റിംഗ് എന്നിവയും ടാറ്റ കർവ് ഡാർക്ക് എഡിഷനിലുണ്ടാവും. ഇതൊഴികെ കൂപ്പെ എസ്‌യുവിക്ക് വേറെ പരിഷ്ക്കാരങ്ങളൊന്നും തന്നെയുണ്ടാവില്ല. ഇലക്ട്രിക്, ICE എഞ്ചിനുകളെ പിന്തുണയ്ക്കുന്നതിനായി ടാറ്റ വികസിപ്പിച്ചെടുത്ത പുതിയ ATLAS പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് കർവ് പണികഴിപ്പിച്ചിരിക്കുന്നത്.
4,308 മില്ലീമീറ്റർ നീളവും 1,810 മില്ലീമീറ്റർ വീതിയും 1,630 മില്ലീമീറ്റർ ഉയരവും 208 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും 500 ലിറ്റർ ബൂട്ട് സ്പേസുമാണ് ടാറ്റ കർവിൽ ഒരുക്കിവെച്ചിരിക്കുന്നത്. ഹൈപ്പീരിയൻ 1.2 ലിറ്റർ ടർബോ പെട്രോൾ ജിഡിഐ, ക്രിയോജെറ്റ് 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പമാവും കർവ് ഡാർക്ക് എഡിഷൻ പുറത്തിറക്കുക. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഡിസിഎ ഓട്ടോമാറ്റിക് എന്നിവയായിരിക്കും ട്രാൻസ്മിഷൻ ഓപ്ഷനുകൾ.
നിലവിൽ 9.99 ലക്ഷം മുതൽ 17.70 ലക്ഷം വരെയുള്ള വിലയിലാണ് ടാറ്റ മോട്ടോർസിന്റെ കൂപ്പെ എസ്‌യുവിയായ കർവിന്റെ ഡീസൽ, പെട്രോൾ എഞ്ചിൻ മോഡലുകൾക്ക് വരുന്ന എക്സ്ഷോറൂം വില. 17.49 ലക്ഷം രൂപ മുതലാണ് കർവ് ഇവിയുടെ വില ആരംഭിക്കുന്നത്. ക്രിയേറ്റീവ്, അകംപ്ലിഷ്ഡ്, അകംപ്ലിഷ്ഡ് പ്ലസ് S, എംപവേർഡ് പ്ലസ്, എംപവേർഡ് പ്ലസ് A എന്നീ വേരിയന്റുകളിലെത്തുന്ന ഇവിക്ക് 21.99 ലക്ഷം വരെയും വില ഉയരുകയും ചെയ്യും.
പുതിയ മോഡൽ എത്തുമ്പോൾ ചെറിയൊരു വിലക്കയറ്റം പ്രതീക്ഷിക്കാം കേട്ടോ. ഇന്ത്യയിൽ മിഡ്-സൈസ് എസ്‍യുവി സെഗ്മെന്റിലെ വമ്പൻമാരായ ഹ്യുണ്ടായി ക്രെറ്റടോയും മാരുതി ഗ്രാൻഡ് വിറ്റാരയോടും മത്സരിക്കാൻ ബ്ലാക്ക് എഡിഷന്റെ വരവ് സഹായിച്ചേക്കും. എന്നാൽ കർവ് ഇലക്ട്രിക് കൂപ്പെ എസ്‌യുവിയിലേക്കും ഇതേ കറുപ്പഴക് സമ്മാനിക്കുമോ എന്ന കാര്യം ഇതുവരെ അറിവായിട്ടില്ല.


Click it and Unblock the Notifications








