ഇ വിറ്റാരയും നോക്കിയിരിക്കണോ? അഡാറ് സേഫ്റ്റിയും 502 കി.മീ. റേഞ്ചമുള്ള പുത്തൻ ഇലക്‌ട്രിക് എസ്‌യുവിയുമായി ടാറ്റ
ഇന്ത്യക്കാർക്കിടയിൽ ഇലക്‌ട്രിക് കാറുകളെ ജനകീയരാക്കിയവരാണ് ടാറ്റ മോട്ടോർസ് (Tata Motors). നെക്സോൺ മുതൽ ഇങ്ങ് കർവ് വരെയുള്ള വൈദ്യുത വാഹന നിരയെടുത്താൽ സംഗതി എളുപ്പത്തിൽ മനസിലാവുകയും ചെയ്യും. ആളുകൾക്ക് എന്താണോ വേണ്ടത് അത് കൃത്യമായി മനസിലാക്കിയാണ് കമ്പനി പ്രവർത്തിക്കുന്നതും. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് സ്പെഷ്യൽ എഡിഷൻ വാഹനങ്ങളുടെ അവതരണം. അടുത്തിടെ തങ്ങളുടെ കൂപ്പെ എസ്‌യുവിയായ കർവിലേക്ക് ഡാർക്ക് എഡിഷൻ അവതരിപ്പിച്ച് കമ്പനി വാർത്തകളിൽ ഇടംനേടിയിരുന്നു. ഇപ്പോഴിതാ കർവിന്റെ ഇലക്ട്രിക് വകഭേദത്തിലും കറുപ്പടിച്ച് വിപണനത്തിന് എത്തിച്ചിരിക്കുകയാണ് ടാറ്റ.
22.24 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ടാറ്റ കർവ് ഇവി ഡാർക്ക് എഡിഷനായി ഇന്ത്യൻ വിപണിയിൽ ചെലവഴിക്കേണ്ട എക്സ്ഷോറൂം വില. നെക്‌സോൺ ഇവിക്ക് ശേഷം ഓൾ-ബ്ലാക്ക് എക്സ്റ്റീരിയർ, ഇന്റീരിയർ ട്രീറ്റ്‌മെന്റ് ലഭിക്കുന്ന രണ്ടാമത്തെ ടാറ്റ ഇവിയാണിത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. 55kWh ബാറ്ററി പായ്ക്ക് ഉൾക്കൊള്ളുന്ന ടോപ്പ്-സ്‌പെക്ക് എംപവേർഡ് പ്ലസ് A ട്രിമ്മിനെ അടിസ്ഥാനമാക്കിയാണ് ഇത് പണികഴിപ്പിച്ചിരിക്കുന്നതും.

ടാറ്റ എസ്‌യുവിയുടെ ഈ പുതിയ പതിപ്പിന് സ്റ്റാൻഡേർഡ് മോഡലിനേക്കാൾ 25,000 രൂപ വില കൂടുതലാണ് വരുന്നതെങ്കിലും കറുപ്പഴക് വാഹനത്തിന് അന്യായ റോഡ് പ്രസൻസാണ് സമ്മാനിക്കുന്നത് കേട്ടോ. ഇനി വിശദാംശങ്ങളിലേക്ക് നോക്കിയാൽ ഇവിയുടെ ഫ്രണ്ട് ബമ്പറിന്റെ താഴത്തെ ഭാഗത്തെ ക്രോം ലൈനുകൾ തീമിന് അനുസൃതമായി കറുപ്പിച്ചിരിക്കുന്നത് കാണാം. പുതിയ കാർബൺ ബ്ലാക്ക് എക്സ്റ്റീരിയർ കളർ ഓപ്ഷനിലാണ് എസ്‌യുവി പണിതീർത്തിരിക്കുന്നത്.
കർവ് ഇവി ഡാർക്കിന് കറുത്ത 18 ഇഞ്ച് അലോയ് വീലുകളും ഫെൻഡറുകളിൽ 'ഡാർക്ക്' ബാഡ്ജിംഗും വരെ ലഭിക്കുന്നുണ്ട്. എന്നിരുന്നാലും മുൻഡോറുകളിലെ 'ഇവി' ബാഡ്ജുകൾ വ്യത്യസ്തമായ നീല നിറത്തിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും സമാനമായ ബ്ലാക്ക് സ്റ്റൈലിംഗാണ് പിന്തുടർന്നിരിക്കുന്നത്. ലൈറ്റ് ഗ്രേ, ഐവറി നിറങ്ങളിൽ കാണപ്പെട്ടിരുന്ന അപ്ഹോൾസ്റ്ററിയിൽ ഡാർക്ക് തീമാണ് ഇപ്പോൾ ഉപയോഗിച്ചിരിക്കുന്നത്.

റൂഫ്‌ലൈനർ, ഡാഷ്‌ബോർഡ്, ലെതറെറ്റ് സീറ്റുകൾ എന്നിവയിലേക്കും കറുപ്പിന്റെ വ്യാപനം കാണാനാവും. മുൻവശത്തെ ഹെഡ്‌റെസ്റ്റുകളിലും 'ഡാർക്ക്' എന്ന അക്ഷരങ്ങളുണ്ട്. പുതിയ കർവ് ഇവിയിൽ ഒരു പുതിയ സൺഷെയ്ഡും ടാറ്റ മോട്ടോർസ് ചേർത്തിട്ടുണ്ട്. ടോപ്പ് എൻഡ് വേരിയന്റിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്നതിനാൽ എല്ലാത്തരം ഫീച്ചറുകളും കുത്തിറച്ചാണ് ഇലക്ട്രിക് കൂപ്പെ എസ്‌യുവി നിരത്തിലേക്ക് ഇറങ്ങുന്നത്.
10.25 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, വയർലെസ് ചാർജിംഗ്, ആംബിയന്റ് ലൈറ്റിംഗ്, ജെബിഎൽ സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, എയർ പ്യൂരിഫയർ തുടങ്ങിയ ആധുനിക സംവിധാനങ്ങളെല്ലാം കോർത്തിണക്കിയാണ് ടാറ്റ കർവ് ഇവി ഡാർക്ക് എഡിഷനെ കമ്പനി വിപണത്തിന് എത്തിച്ചിരിക്കുന്നത്.

എംപവേർഡ് പ്ലസ് A വേരിയന്റിൽ മാത്രമുള്ള ലെവൽ 2 ADAS സ്യൂട്ടും ടാറ്റ കർവ് ഇവി ഡാർക്ക് എഡിഷനിൽ ലഭ്യമാണെന്നതും കൊടുക്കുന്ന പണം വസൂലാക്കും. ആറ് എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, 360-ഡിഗ്രി ക്യാമറ, TPMS എന്നിവ ഇലക്ട്രിക് എസ്‌യുവിയിൽ സ്റ്റാൻഡേർഡ് സേഫ്റ്റി ഫീച്ചറുകളാണ്. 2024 ഒക്ടോബറിൽ BNCAP ക്രാഷ് ടെസ്റ്റിംഗിൽ 5 സ്റ്റാർ റേറ്റിംഗ് നേടുന്ന മൂന്നാമത്തെ ടാറ്റ ഇവിയായി കർവ് മാറിയിരുന്നു.
ഫ്രണ്ട്-വീൽ-ഡ്രൈവ് (FWD) മോട്ടോറുമായി വരുന്ന കൂപ്പെ എസ്‌യുവിക്ക് 167 bhp കരുത്തിൽ പരമാവധി 215 Nm torque വരെ ഉത്പാദിപ്പിക്കാനാവും. 55kWh ബാറ്ററി പായ്ക്കുമായി വരുന്ന ഇവിക്ക് ഒറ്റ ചാർജിൽ 502 കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. 0-100 കിലോമീറ്റർ വേഗത പുറത്തെടുക്കാൻ 8.6 സെക്കൻഡ് സമയം മാത്രം വേണ്ടിവരുന്ന ഇവിക്ക് ഇക്കോ, സിറ്റി, സ്പോർട്ട് ഡ്രൈവ് മോഡുകളും ലഭ്യമാണ്.

ചാർജിംഗിന്റെ കാര്യത്തിലേക്ക് വന്നാൽ 7.2kW AC ചാർജറുമായി വരുന്നു ടാറ്റ കർവ് ഇവി ഡാർക്ക് എഡിഷൻ 10 മുതൽ 100 ശതമാനം വരെ ചാർജ് ചെയ്യാൻ 7.9 മണിക്കൂർ സമയം എടുക്കും. 70kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ വെറും 40 മിനിറ്റിനുള്ളിൽ 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാനാവും. വാഹനം ഒരു സാധാരണ 15A വാൾ സോക്കറ്റ് വഴി ചാർജ് ചെയ്യാനും സാധിക്കുമെന്നതും പ്രായോഗികത വർധിപ്പിക്കുന്ന സംഗതിയാണ്.


Click it and Unblock the Notifications








