അങ്ങനെ എല്ലാർക്കും കിട്ടില്ല കേട്ടോ, ടാറ്റയുടെ ഈ എസ്‌യുവികൾ വാങ്ങാൻ പറ്റുന്നത് ഇത്രപേർക്ക് മാത്രം!
സ്പെഷ്യൽ എഡിഷൻ മോഡലുകൾ വിപണിയിൽ അവതരിപ്പിച്ച് ഏറ്റവും കൂടുതൽ പണംവാരിയിരിക്കുന്നത് ഏത് കമ്പനിയാണെന്ന് ചേദിച്ചാൽ നിസംശയം പറയാം അത് ടാറ്റ മോട്ടോർസാണെന്ന് (Tata Motors). എത്രയെത്ര മോഡലുകൾ ഇത്തരത്തിൽ അവതരിപ്പിച്ചുവെന്ന് ചോദിച്ചാൽ ചിലപ്പോൾ എണ്ണം പറയാൻ സാക്ഷാൽ ടാറ്റയ്ക്ക് വരെ തെറ്റിപ്പോയേക്കാം. അക്കൂട്ടത്തിലേക്ക് പുതുതായി ഹാരിയറിന്റേയും സഫാരിയുടേയും സ്റ്റെൽത്ത് എഡിഷനുകളും ബ്രാൻഡ് അടുത്തിടെ പുറത്തിറക്കിയിരുന്നു. സഫാരിയുടെ (Tata Safari) 27 വർഷത്തെ സ്മരണയ്ക്കായിട്ടാണ് ഈ പ്രത്യേക പതിപ്പുകളെ ടാറ്റ അവതരിപ്പിച്ചിരിക്കുന്നത് തന്നെ. ഇതൊരു ലിമിറ്റഡ് എഡിഷൻ മോഡലായിരിക്കുമെന്നതാണ് പ്രത്യേകത.
സഫാരിയുടെയും ഹാരിയറിന്റെയും ലിമിറ്റഡ് റൺ സ്റ്റെൽത്ത് എഡിഷനുകളുടെ വെറും 2,700 യൂണിറ്റുകൾ മാത്രമാവും വിപണിയിലെത്തുക. സ്റ്റെൽത്ത് മാറ്റ് ബ്ലാക്ക് കളർ ഓപ്ഷനും പുതുക്കിയ ഡിസൈൻ ഘടകങ്ങളും ഉൾപ്പെടുത്തിയാണ് ഈ സവിശേഷമായ വേരിയന്റുകളെ ടാറ്റ മോട്ടോർസ് പണിതിറക്കിയിരിക്കുന്നത്. സഫാരി 6-സീറ്റർ, 7-സീറ്റർ കോൺഫിഗറേഷനുകളിൽ തെരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്.

സ്റ്റെൽത്ത് എഡിഷന്റെ വിലയിലേക്ക് നോക്കിയാൽ ഹാരിയറിന് 25.09 ലക്ഷവും സഫാരിക്ക് 25.74 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. രണ്ട് മോഡലുകൾക്കുമായുള്ള ബുക്കിംഗ് ടാറ്റ മോട്ടോർസിന്റെ ഓൺലൈൻ, ഓഫ്‌ലൈൻ ചാനലുകൾ വഴി ആരംഭിച്ചിട്ടുമുണ്ട്. പ്രീമിയം ഡിസൈൻ, നൂതന സാങ്കേതികവിദ്യ, ശക്തമായ സുരക്ഷാ സവിശേഷതകൾ എന്നിവയുടെ സംയോജനത്തോടെയുള്ള ഈ എക്സ്ക്ലൂസീവ് എഡിഷൻ പ്രീമിയം എസ്‌യുവി വിഭാഗത്തിൽ ചലനങ്ങളുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മാറ്റ് ബ്ലാക്ക് നിറത്തിലുള്ള എക്സ്റ്റീരിയർ കളർ ഓപ്ഷൻ, R19 ബ്ലാക്ക് അലോയ് വീലുകൾ, സ്റ്റെൽത്ത് മാസ്കറ്റ് എന്നിവയാണ് ടാറ്റ എസ്‌യുവികളിലെ സ്റ്റെൽത്ത് എഡിഷന്റെ പ്രധാന സവിശേഷതകൾ. ഡാർക്ക്-തീം ബാഡ്ജിംഗും ബ്ലാക്ക്-ഔട്ട് ഫ്രണ്ട് ഗ്രില്ലും ഉൾപ്പെടുത്തി ഹാരിയറിനേയും സഫാരിയേയും കൂടുതൽ സ്പോർട്ടിയറാക്കാനും കമ്പനിക്ക് സാധിച്ചിട്ടുണ്ടെന്ന് കണ്ടാൽ തന്നെയറിയാം. ബ്ലാക്കിൽ നിറഞ്ഞാടി വരുമ്പോൾ അന്യായ റോഡ് പ്രസൻസും ഇരുമോഡലുകൾക്കും ലഭിക്കുകയും ചെയ്യും.

അകത്തളത്തിൽ കാർബൺ നോയർ തീമാണ് കമ്പനി പിന്തുടർന്നിരിക്കുന്നത്. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, സഫാരിയിൽ മാത്രം രണ്ടാം നിര വെന്റിലേറ്റഡ് സീറ്റുകൾ, ബ്ലാക്ക് ലെതറെറ്റ് ഡാഷ്‌ബോർഡ്, കോൺട്രാസ്റ്റ് സ്റ്റിച്ചിംഗുള്ള ഡോർ ട്രിമ്മുകൾ എന്നിവയെല്ലാമാണ് കോർത്തിണക്കിയിരിക്കുന്നത്. അതോടൊപ്പം 12.3 ഇഞ്ച് ഹർമൻ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വിനോദത്തിനായുള്ള ആർക്കേഡ് ആപ്പ് സ്റ്റോർ, അലക്‌സ ഹോം-ടു-കാർ ഇന്റഗ്രേഷൻ തുടങ്ങിയ ഫീച്ചറുകളുടെ അകമ്പടിയും ഇന്റീരിയറിലുണ്ട്.
കഴിഞ്ഞില്ല, ഇൻബിൽറ്റ് മാപ്പ് മൈ ഇന്ത്യ നാവിഗേഷൻ, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹാർമൻ ഓഡിയോവർഎക്‌സുള്ള ജെബിഎൽ 10-സ്പീക്കർ സിസ്റ്റം, കൂടുതൽ സൗകര്യത്തിനായി വയർലെസ് ചാർജിംഗ് പാഡ്, ആംബിയന്റ് ലൈറ്റിംഗുള്ള പനോരമിക് സൺറൂഫ്, മെച്ചപ്പെട്ട ഡ്രൈവിംഗ് അനുഭവത്തിനായി മൾട്ടി-ഡ്രൈവ് മോഡുകൾ എന്നിവയും ടാറ്റയുടെ പുതിയ സ്റ്റെൽത്ത് എഡിഷൻ എസ്‌യുവികളിലെ പ്രധാന സാങ്കേതിക സവിശേഷതകളാണ്.

2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ ക്രിയോടെക് ബിഎസ്-VI ഫേസ് 2 എഞ്ചിനാണ് ടാറ്റ ഹാരിയർ, സഫാരി എന്നിവയുടെ സ്റ്റെൽത്ത് എഡിഷന് കരുത്ത് പകരുന്നത്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടൊപ്പം ജോടിയാക്കി വാങ്ങുകയും ചെയ്യാം. നൂതന സസ്പെൻഷൻ സജ്ജീകരണം ഒരുക്കിയിരിക്കുന്നതിനാൽ വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളിൽ സുഖകരവും സ്ഥിരതയുള്ളതുമായ യാത്രയാണ് എസ്‌യുവികൾ ഉറപ്പാക്കുന്നത്.
അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് എന്നിവയുൾപ്പെടെ 21 പ്രവർത്തനങ്ങളുള്ള ലെവൽ 2+ ADAS എസ്‌യുവികളുടെ സേഫ്റ്റി ഫീച്ചറുകളിൽ ഉൾപ്പെടുന്നുമുണ്ട്. കൂടാതെ, 7 എയർബാഗുകൾ, 17 സുരക്ഷാ പ്രവർത്തനങ്ങളുള്ള ESP, 360-ഡിഗ്രി ക്യാമറ, മെച്ചപ്പെട്ട സുരക്ഷയ്ക്കായി ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും സ്റ്റെൽത്ത് എഡിഷനുകളിൽ സജ്ജീകരിച്ചിട്ടുണ്ടെന്നും ടാറ്റ പറയുന്നു.


Click it and Unblock the Notifications








