അമേസിനേക്കാൾ കുറഞ്ഞ വില, ഫീച്ചറുകൾ കുത്തിനിറച്ച് ടിഗോറിന്റെ പുതിയ വേരിയന്റ് വിപണിയിൽ
കോംപാക്‌ട് സെഡാൻ (Compact Sedan) സെഗ്മെന്റിലെ കാറുകളെല്ലാം പുതുരൂപത്തിൽ വിപണിയിലെത്തുകയാണ്. മാരുതി ഡിസയറിന്റെ പുതുതലമുറ മോഡൽ എത്തിയതോടെ ഹോണ്ട അമേസും ടാറ്റ ടിഗോർ (Tata Tigor) കൂടുതൽ പരിഷ്ക്കാരിയായി അവതരിക്കുകയുണ്ടായി. ജനുവരിയിലാണ് ടാറ്റയുടെ കുഞ്ഞൻ സെഡാന് കാലത്തിനൊത്ത നവീകരണങ്ങൾ കൊണ്ടുവന്നത്. 2025 മോഡലിന് 6 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ടിഗോറിന്റെ ബേസ് വേരിയന്റായ XE നിർത്തലാക്കി പകരം XM വേരിയന്റാണ് ബേസായി കമ്പനി കാണുന്നത്. ഇപ്പോഴിതാ കാറിലേക്ക് പുത്തനരു വേരിയന്റിനെ കൂടി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.
കൂടുതൽ ഫീച്ചറുകൾ കുത്തിനിറച്ചെത്തുന്ന പുതിയ XZ പ്ലസ് ലക്‌സ് ടോപ്പ് എൻഡ് വേരിയന്റ് ആരേയും മോഹിപ്പിക്കും വിധത്തിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. 8.50 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയാണ് ടാറ്റ മോട്ടോർസ് ഇതിനിട്ടിരിക്കുന്നത്. സബ്-4 മീറ്റർ സെഡാനിലേക്ക് എത്തിയ പുത്തൻ വേരിയന്റിൽ എന്തെല്ലാം കിട്ടുമെന്ന് വിശദമായി നോക്കിയാലോ?

2025 ടാറ്റ ടിഗോറിന്റെ ടോപ്പ് വേരിയന്റിൽ 15 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകളാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. പക്ഷേ ഇത് പെട്രോൾ വേരിയന്റിൽ മാത്രമാണ് ലഭ്യമാവുന്നത്. അതേസമയം സിഎൻജി പതിപ്പിന് 14 ഇഞ്ച് റിം വീലുകളും ലഭിക്കുന്നുണ്ട്. അതോടൊപ്പം തന്നെ ഫ്രണ്ട് ഫോഗ് ലാമ്പുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോഫോൾഡ് ഒആർവിഎമ്മുകൾ, ഷാർക്ക് ഫിൻ ആന്റിന എന്നീ ഫീച്ചറുകളും ഇതിന് ലഭിക്കും.
പ്രീമിയം ഫീൽ കൊണ്ടുവരാനായി ടാറ്റ ടിഗോറിന്റെ പുതിയ XZ പ്ലസ് ലക്‌സ് ടോപ്പ് എൻഡ് വേരിയന്റിൽ ക്രോം-ലൈൻ ചെയ്ത ഡോർ ഹാൻഡിലുകളും ഒരുക്കിയിട്ടുണ്ട്. അകത്തളത്തിലേക്ക് കയറിയാലും സംഗതി ഉഷാറാണ്. വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, 10.25 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മെച്ചപ്പെട്ട ഓഡിയോ അനുഭവത്തിനായി ഹാർമാനിൽ നിന്നുള്ള നാല് ട്വീറ്ററുകൾ എന്നിവയെല്ലാമാണ് ടാറ്റ കൊടുത്തിരിക്കുന്നത്.

പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, പൂർണ്ണമായും ഓട്ടോമാറ്റിക് ടെമ്പറേച്ചർ കൺട്രോൾ, ഒരു കൂൾഡ് ഗ്ലൗ ബോക്സ്, ലെതർ സ്റ്റിയറിംഗ് വീൽ, ഒരു ഫ്രണ്ട് ടൈപ്പ്-സി ചാർജിംഗ് പോർട്ട്, വാനിറ്റി മിറർ, മാഗസിൻ പോക്കറ്റുകൾ എന്നിവയാണ് 2025 ടിഗോറിന്റെ ഇന്റീരിയറിൽ ഒരുക്കിയിരിക്കുന്ന അധിക സൗകര്യങ്ങൾ. അതേസമയം 360-ഡിഗ്രി ക്യാമറ സിസ്റ്റവും ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റവും (TPMS) XZ പ്ലസ് ലക്‌സ് ടോപ്പ് എൻഡ് വേരിയന്റിൽ ലഭിക്കും.
ഇവയ്‌ക്കൊപ്പം കാറിലേക്ക് ഒരു ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ ഹോൾഡ് കൺട്രോൾ (HHC) എന്നിവയും ടാറ്റ മോട്ടോർസ് അവതരിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. സബ് കോംപാക്‌ട് സെഡാനായ XZ പ്ലസ് ലക്സ് വേരിയന്റ് പെട്രോൾ, സിഎൻജി എഞ്ചിൻ ഓപ്ഷനുകളിൽ വാങ്ങാനാവും. എന്നിരുന്നാലും മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷനിൽ മാത്രമേ ലഭ്യമാകൂവെന്ന് മാത്രം.
2025 ടാറ്റ ടിഗോർ XZ പ്ലസ് ലക്സിന്റെ പെട്രോൾ ഓപ്ഷന് 8.50 ലക്ഷം രൂപയും സിഎൻജി പതിപ്പിന് 9.50 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനോ ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷനോ ഘടിപ്പിച്ചിരിക്കുന്ന 1.2 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ടാറ്റയുടെ കോംപാക്ട് കാറിന് തുടിപ്പേകുന്നത്. പെട്രോൾ വേരിയന്റുകളിൽ ഈ എഞ്ചിൻ 85 bhp കരുത്തിൽ 113 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കും.
അതേസമയം ടിഗോറിന്റെ സിഎൻജി വേരിയന്റുകൾ 72 bhp പവറിൽ 95 Nm ടോർക്ക് വരെയും നൽകും. ടിഗോര്‍ പെട്രോള്‍ ലിറ്ററിന് 19.60 കിലോമീറ്റര്‍ വരെയും സിഎന്‍ജി മോഡല്‍ ലിറ്ററിന് 28.06 കിലോമീറ്റര്‍ വരെയും മൈലേജ് നല്‍കുമെന്നാണ് ടാറ്റ മോട്ടോർസ് പറയുന്നത്. പുതിയ ടോപ്പ് എൻഡ് വേരിയന്റിന്റെ വരവോടെ ടാറ്റയുടെ കോംപാക്‌ട് സെഡാന് 6 ലക്ഷം മുതൽ 9.50 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.


Click it and Unblock the Notifications








