പാറിപ്പറക്കാൻ നിസാൻ്റെ പട്ടം, ക്രെറ്റയെ കെട്ടുകെട്ടിക്കാൻ പുതിയ എസ്‌യുവി പുറത്തിറക്കി കമ്പനി
ഇന്ത്യയിൽ മാഗ്നൈറ്റിൻ്റെ കരുത്തിൽ മാത്രം പിടിച്ചുനിൽക്കുന്നവരാണ് നിസാൻ (Nissan). എന്നാൽ ആഗോള വിപണികളിൽ ജാപ്പനീസ് വാഹന നിർമാതാക്കൾ പുറത്തിറക്കുന്ന വാഹന നിര കണ്ടാൽ ആരായാലും ഒന്ന് അമ്പരന്ന് നിന്നുപോവും. ആഡംബര കാറുകളും സ്പോർട്‌സ് കാറുകളുമെല്ലാം പുറത്തിറക്കുന്ന നിസാൻ ഇന്ത്യയെ കാര്യമായി പരിഗണിക്കുന്നില്ലെന്ന പരാതി ആരാധകർക്കിടയിലുണ്ട്. അക്കാര്യത്തിന് അടിവരയിടുന്ന മറ്റൊരു സംഭവം കൂടി നടന്നിരിക്കുകയാണിപ്പോൾ. എന്താണെന്ന് ചോദിച്ചാൽ ബ്രസീലിയൻ വിപണിക്കായി പുതിയൊരു പട്ടംപറത്തിവിട്ടിരിക്കുകയാണ് കമ്പനി. ഇന്ത്യയ്ക്ക് പോലും തരാതെ കിടിലനൊരു മിഡ്-സൈസ് എസ്‌യുവിയാണ് കാനറിപ്പടയുടെ നാട്ടിൽ നിസാൻ അവതരിപ്പിച്ചിരിക്കുന്നത്.
ഫോക്‌സ്‌വാഗൺ ടെറ, ഹ്യുണ്ടായി ക്രെറ്റ, ഫിയറ്റ് പൾസ്, ഷെവർലെ ട്രാക്കർ, റെനോ കാർഡിയൻ തുടങ്ങിയ എതിരാളികളെ നേരിടാനാണ് നിസാൻ കൈറ്റ് എസ്‌യുവിയെ ബ്രസീലിയൻ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ബ്രസീലിലെ റെസെൻഡെയിലുള്ള നിസാൻ്റെ പ്ലാൻ്റിൽ മോഡലിനായുള്ള നിർമാണവും ബ്രാൻഡ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഇവിടെ നിന്നും കൈറ്റ് എസ്‌യുവി 20-ലധികം വിപണികളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നതായിരിക്കും.

പ്രധാനമായും ദക്ഷിണ അമേരിക്കൻ വിപണിയാണ് നിസാൻ ഉന്നംവെച്ചിരിക്കുന്നതെന്ന് റഷ്‌ലൈൻ റിപ്പോർട്ട് ചെയ്യുന്നു. നിസാൻ കിക്‌സ് പ്ലേയിൽ ഉപയോഗിക്കുന്ന അതേ V-പ്ലാറ്റ്‌ഫോമിലാണ് പുത്തൻ കൈറ്റും നിർമിച്ചിരിക്കുന്നത്. എങ്കിലും ഡിസൈനിൽ കൂടുതൽ സ്പോർട്ടിനെസ് കാണാനാവും. ദക്ഷിണ അമേരിക്കൻ വിപണിയെ സംബന്ധിച്ചിടത്തോളം കൈറ്റ് ബ്രാൻഡിൻ്റെ പുതിയ എൻട്രി ലെവൽ എസ്‌യുവിയായി സ്ഥാനം പിടിക്കും.
നിസാൻ കൈറ്റിന് ഗംഭീരമായ സ്റ്റൈലിംഗും ശക്തമായ റോഡ് പ്രസൻസുമാണുള്ളത്. ഷാർപ്പ് സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഡൈനാമിക് എൽഇഡി ഡിആർഎൽ, ഹൊറിസോണ്ടൽ സ്ലാറ്റുകളുള്ള വലിയ ഗ്രിൽ, അടിയിൽ വിശാലമായ എയർ ഇൻടേക്ക് തുടങ്ങിയ സവിശേഷതകളാണ് എസ്‌യുവിയുടെ മുൻവശത്തെ ആകർഷകമാക്കുന്നത്. വശക്കാഴ്ച്ചയിൽ കിക്‌സ് പ്ലേയുടേതിന് സമാനമായി തോന്നുമെങ്കിലും സ്‌പോർട്ടിയർ അലോയ് വീലുകൾ ഉപയോഗിച്ച് പുതുമ കൊണ്ടുവരാൻ ബ്രാൻഡ് ശ്രമിച്ചിട്ടുണ്ട്.

ബോഡി-കളർ ഡോർ ഹാൻഡിലുകൾ, വൃത്താകൃതിയിലുള്ള വീൽ ആർച്ചുകൾ, റൈസിംഗ് ബെൽറ്റ്‌ലൈൻ, ഡോർ ട്രിം, ഡോർ, വിൻഡോ കട്ടൗട്ടുകൾ, റൂഫ് റെയിലുകൾ, ORVM-കൾ എന്നിവ കിക്‌സ് പ്ലേയുടേതിന് സമാനമാണ്. സാവധാനത്തിൽ ചരിഞ്ഞ് താഴേക്കിറങ്ങുന്ന റൂഫും കിക്‌സിനെ ഓർമിപ്പിച്ചേക്കാം. കണക്റ്റഡ് ടെയിൽ ലാമ്പുകൾ, വലിയ ഫോണ്ടിൽ KAIT അക്ഷരങ്ങൾ എന്നിവയുള്ള നിസാൻ കൈറ്റിൻ്റെ പിൻഭാഗത്ത് ഫ്രഷ് ലുക്ക് തന്നെയാണുള്ളത്.
പുതിയ നിസാൻ കൈറ്റിന് 4,304 മില്ലീമീറ്റർ നീളവും 1,760 മില്ലീമീറ്റർ വീതിയും 1,611 മില്ലീമീറ്റർ ഉയരവും 2,620 മില്ലീമീറ്റർ വീൽബേസും ഉണ്ട്. മൊത്തം ആകെ 6 കളർ ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്. എസ്‌യുവിക്ക് 432 ലിറ്റർ ബൂട്ട് സ്‌പേസാണുള്ളത്. കമ്പനിയുടെ നിരയിൽ രണ്ടാം തലമുറ കിക്‌സിനും X-ട്രെയിലിനും താഴെയായിരിക്കും കൈറ്റിൻ്റെ സ്ഥാനമെന്നാണ് നിസാൻ അറിയിച്ചിരിക്കുന്നത്. ആക്റ്റീവ്, സെൻസ് പ്ലസ്, അഡ്വാൻസ് പ്ലസ്, എക്സ്ക്ലൂസീവ് എന്നീ നാല് ട്രിം ലെവലുകളും കൈറ്റിലുണ്ട്.

എൻട്രി ലെവൽ എസ്‌യുവിയായി സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിലും ഫീച്ചറുകളുടെ കാര്യത്തിൽ ആശാൻ മിടുമിടുക്കനാണ്. 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് പാനൽ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, പയനിയർ 9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, വയർലെസ് ഫോൺ ചാർജർ, പ്രീമിയം അപ്ഹോൾസ്റ്ററി, ഓട്ടോമാറ്റിക്, ഡിജിറ്റൽ എയർ കണ്ടീഷനിംഗ്, 360 ഡിഗ്രി വ്യൂ ക്യാമറ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിവയാണ് എസ്‌യുവിയിലെ പ്രധാന സവിശേഷതകൾ.
ADAS സവിശേഷതകളുടെ സമഗ്ര ശ്രേണിയും നിസാൻ കൈറ്റിൽ വാഗ്ദാനം ചെയ്യും. 1.6 ലിറ്റർ, 16-വാൽവ്, നാച്ചുറലി ആസ്പിറേറ്റഡ്, ഫ്ലെക്സ് ഫ്യുവൽ എഞ്ചിനാണ് ഈ എസ്‌യുവിയുടെ ഹൃദയം. എഥനോൾ ഉപയോഗിച്ച് 113 bhp പവറും 149 Nm ടോർക്ക് നൽകുമ്പോൾ പെട്രോളിൽ 110 bhp കരുത്തും 146 Nm ടോർക്കുമാണ് കൈറ്റ് ഉത്പാദിപ്പിക്കുന്നത്. സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.
നിസാൻ കൈറ്റ് ഇന്ത്യയിലേക്ക് എത്താൻ നിലവിൽ സാധ്യതകളൊന്നുമില്ല. പകരം റെനോ ഡസ്റ്ററിൻ്റെ റീബാഡ്‌ജ് മോഡലായ ടെക്റ്റണായിരിക്കും ഇന്ത്യയിൽ അവതരിപ്പിക്കുക. എസ്‌യുവി ഇതിനകം ഡീലർമാർക്ക് മുന്നിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. അതിനാൽ 2026 കലണ്ടർ വർഷത്തിന്റെ രണ്ടാം പാദത്തിൽ നിസാൻ ടെക്റ്റൺ വിപണനത്തിന് എത്തും. ഇതിന് വില ഏകദേശം 10 ലക്ഷം മുതലായിരിക്കും മുടക്കേണ്ടി വരികയെന്നാണ് സൂചന.


Click it and Unblock the Notifications








