നമ്മളെ പോലെ അയൽക്കാരേയും സ്നേഹിച്ച് നിസാൻ, നല്ല മൈലേജുള്ള സിഎൻജി എസ്‌യുവി കൂടുതൽ പേർക്ക് വാങ്ങാം
കുഞ്ഞൻ എസ്‌യുവി സെഗ്മെന്റിൽ വിപ്ലവം തീർത്ത മോഡലാണ് നിസാൻ മാഗ്നൈറ്റ്. ഹാച്ച്ബാക്കിന്റെ വിലയിൽ 2020 ഡിസംബറിൽ അവതരിച്ച വാഹനം കമ്പനിക്ക് ഇന്ത്യയിൽ പുതുജീവൻ നൽകുകയുണ്ടായി. ഇന്നും ഈ കോംപാക്‌ട് എസ്‌യുവിയുടെ കരുത്തിലാണ് നിസാൻ പിടിച്ചുനിൽക്കുന്നത് എന്നുപറഞ്ഞാലും തെറ്റൊന്നുമില്ല. മോഡേൺ കാറുകൾക്കിടയിലും തരക്കേടില്ലാത്ത കച്ചോടവുമായി മാഗ്നൈറ്റ് കളംനിറയുമ്പോൾ എതിരാളികൾക്കൊരു ഭീഷണി തന്നെയാണ്. അടുത്തിടെ സിഎൻജി കരുത്തിലും വാഹനത്തെ അവതരിപ്പിച്ച് നിസാൻ വാർത്തകളിൽ ഇടംനേടിയിരുന്നു. ഫാക്‌ടറി ഫിറ്റഡിന് പകരം റിട്രോ ഫിറ്റഡ് സിഎൻജി കിറ്റ് ഘടിപ്പിക്കുന്ന വിധമാണ് ജാപ്പനീസ് ബ്രാൻഡ് സ്വീകരിച്ചിരിക്കുന്നത്.
പരീക്ഷണമെന്ന പോലെ തെരഞ്ഞെടുത്ത സംസ്ഥാനങ്ങളിൽ മാത്രം സിഎൻജി അവതരിപ്പിച്ച നിസാൻ ഇപ്പോഴിതാ മാഗ്നൈറ്റ് സിഎൻജിയെ (Nissan Magnite CNG) കൂടുതൽ സ്ഥലങ്ങളിലേക്ക് എത്തിച്ചിരിക്കുകയാണ്. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് വേരിയന്റുകൾക്ക് വർധിച്ചുവരുന്ന ഡിമാന്റ് മുതലെടുക്കാൻ ജാപ്പനീസ് വാഹന നിർമാതാക്കൾക്ക് ഇതിലൂടെ സാധിക്കുമെന്നാണ് അനുമാനം.

മാഗ്നൈറ്റ് എസ്‌യുവിയുടെ സിഎൻജി റിട്രോഫിറ്റ്‌മെന്റ് കിറ്റിന്റെ രണ്ടാം ഘട്ട അവതരണത്തിൽ നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്‌നാടിനേയും ഉൾപ്പെടുത്തിയിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. രാജസ്ഥാൻ, ബീഹാർ, ജാർഖണ്ഡ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തമിഴ്‌നാട് എന്നിവയുൾപ്പെടെ 6 പുതിയ സംസ്ഥാനങ്ങളിലാണ് നിസാൻ മാഗ്നൈറ്റ് സിഎൻജി പുതുതായി ലഭ്യമാകുക. ഈ വർഷം മെയ് മാസത്തിലാണ് നിസാൻ മാഗ്നൈറ്റ് സിഎൻജി പുറത്തിറക്കിയത്.
ആദ്യഘട്ടമെന്ന പോലെ ഡൽഹി-എൻസിആർ, ഹരിയാന, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, കേരളം, കർണാടക എന്നീ 7 സംസ്ഥാനങ്ങളിലാണ് വിൽപ്പന ആരംഭിക്കുന്നത്. രണ്ടാം ഘട്ടത്തിൽ ഇന്ത്യയിലെ 13 സംസ്ഥാനങ്ങളിലേക്ക് ലഭ്യത വ്യാപിപ്പിക്കും. നിസാൻ മാഗ്നൈറ്റ് സിഎൻജിയിൽ മോട്ടോസെനിൽ നിന്ന് കടമെടുത്ത ഒരു സിഎൻജി റിട്രോ-ഫിറ്റ്മെന്റ് കിറ്റാണ് ഉപയോഗിക്കുന്നത്.

ഈ കിറ്റുകൾ ഹോമോലോഗേറ്റ് ചെയ്തതും പ്രാദേശിക നിയന്ത്രണങ്ങൾക്കും സുരക്ഷാ മാനദണ്ഡങ്ങൾക്കും അനുസൃതവുമാണെന്നതിൽ ഫാക്ടറി ഫിറ്റഡ് പോലെ വിശ്വസിക്കാം. 6 വേരിയന്റുകളിലായി 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിൽ മാത്രമേ സിഎൻജി പതിപ്പ് ലഭ്യമാകൂ. മാഗ്നൈറ്റ് സിഎൻജിയുടെ റിട്രോഫിറ്റ്മെന്റ് കിറ്റുള്ള മോഡലിന് 6.89 ലക്ഷം മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്.
അതത് പെട്രോൾ പതിപ്പിനേക്കാൾ 75,000 രൂപ മാത്രമാണ് അധികമായി മുടക്കേണ്ടി വരിക എന്നതും പ്രായോഗികമായ വിഷയമാണ്. എസ്‌യുവിയിൽ ഘടിപ്പിക്കുന്ന സിഎൻജി കിറ്റ് ഘടകങ്ങൾക്ക് 3 വർഷം അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ കമ്പനി വാറണ്ടിയാണ് വാഹന നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. 336 ലിറ്റർ കാർഗോ ശേഷിയുള്ള ലഗേജ് സ്പേസും ഡിക്കിയിൽ ലഭിക്കുന്നതിനാൽ സാധനങ്ങൾ കയറ്റാനുള്ള ബുദ്ധിമുട്ടുകളും ഉണ്ടാവില്ല.

മാഗ്നൈറ്റ് സിഎൻജി ഉപയോഗിച്ച് മെച്ചപ്പെട്ട ഇന്ധനക്ഷമത നൽകുമെന്ന ഉറപ്പും നിസാൻ നൽകുന്നുണ്ട്. എന്നാൽ നിസാൻ കൃത്യമായ മൈലേജ് കണക്കുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല എന്നതാണ് രസകരമായ കാര്യം. എങ്കിലും റിപ്പോർട്ടുകൾ പ്രകാരം കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ എസ്‌യുവിക്ക് ഏകദേശം 20 കിലോമീറ്ററിന് അടുത്ത് മൈലേജ് ലഭിക്കുമെന്നാണ് വിവരം.
അതുപോലെ തന്നെ പെർഫോമൻസ് കണക്കുകളിലും ചെറിയ ഇടിവുണ്ടാവും കേട്ടോ. നിലവിൽ പെട്രോളിൽ ഓടുമ്പോൾ നിസാൻ മാഗ്നൈറ്റിലെ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന് 71 bhp കരുത്തിൽ പരമാവധി 96 Nm torque വരെ ഉത്പാദിപ്പിക്കാനാവും. സിഎൻജിയിൽ ഇതിലും കുറവായിരിക്കും പവർ ഔട്ട്പുട്ട് കണക്കുകൾ. ഒപ്പം 5-സ്പീഡ് മാനുവൽ ഗിയർബോക്സും ഇതിനൊപ്പം തെരഞ്ഞെടുക്കാനാവൂ.

ഇന്ധന വില കുതിച്ചുയരുന്നതോടെ, ആളുകൾ സിഎൻജി പോലുള്ള ഇതര ഇന്ധന ഓപ്ഷനുകൾക്കായി തിരയാൻ തുടങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തിൽ കാറിൽ സിഎൻജി ഓപ്ഷൻ നൽകുന്നത് വിൽപ്പന ഉയർത്താൻ സഹായിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. പെട്രോൾ, ഡീസൽ വില ഉയർന്ന സാഹചര്യത്തിൽ പല ഉടമകളും ആഫ്റ്റർ മാർക്കറ്റ് സിഎൻജി കിറ്റുകളാണ് തിരഞ്ഞെടുക്കാൻ തുടങ്ങിയിരുന്നു.


Click it and Unblock the Notifications








