ഈ പൊരിവെയിലത്ത് എസിയിട്ട് എസ്‌യുവിയിൽ സുഖമായി പോവാം, മാഗ്നൈറ്റിന്റെ ആദായ വിൽപ്പനയുമായി നിസാൻ
വിലയിൽ ചെറുതാണെങ്കിലും മറ്റെല്ലാ തരത്തിലും വലിയ എസ്‌യുവിയാണ് നിസാൻ മാഗ്നൈറ്റ്. ഒരു കുടുംബത്തിന് പറ്റിയ കോംപാക്‌ട് സ്പോർട് യൂട്ടിലിറ്റി വാഹനം ഇന്ത്യൻ നിരത്തുകൾ അടക്കിഭരിക്കാൻ തുടങ്ങിയിട്ട് 5 വർഷത്തോളമാവുകയാണ്. പലതവണ പറഞ്ഞിട്ടുള്ളതാണെങ്കിലും ഹാച്ച്ബാക്കിന്റെ വിലയിലെത്തി ലോകം കീഴടക്കാൻ ഈ സുന്ദരനായിട്ടുണ്ട്. മാരുതി വാഗൺആർ പോലുള്ള ചെറിയ ഹാച്ച്ബാക്കുകൾക്ക് മുടക്കാൻ വെച്ചിരിക്കുന്ന പൈസയെടുത്ത് പലരും മാഗ്നൈറ്റ് വാങ്ങിയ ചരിത്രവും നാം കേട്ടിട്ടുണ്ടാവും. അടുത്തിടെ മുഖംമിനുക്കലിനും തയാറായ വണ്ടി ഇപ്പോഴിതാ ഏപ്രിൽ മാസത്തേക്കായി ഗംഭീര ഓഫറുകളും പ്രഖ്യാപിച്ച് മുമ്പോട്ട് വന്നിരിക്കുകയാണ്.
ഈ കൊടുംചൂടിൽ ഇപ്പോഴും ടൂവീലറുകളിൽ സഞ്ചരിക്കുന്നവർക്ക് വരെ പുത്തനൊരു കാർ വാങ്ങാൻ പറ്റിയ തരത്തിലുള്ള ആകർഷകമായ ഓഫറുകളാണ് നിസാൻ മാഗ്നൈറ്റിൽ അവതരിപ്പിച്ചിരിക്കുന്നത്. ഹാട്രിക് കാർണിവൽ എന്ന് വിളിക്കപ്പെടുന്ന ആനുകൂല്യങ്ങൾ ഏപ്രിൽ 1 മുതൽ ഏപ്രിൽ 30 വരെ ലഭ്യമാണെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ആകെ 55,000 രൂപ വരെയുള്ള ഓഫറുകളാണ് മാഗ്നൈറ്റ് വാങ്ങാനെത്തുന്നവരെ കാത്തിരിക്കുന്നത്.

കാർണിവൽ ആഘോഷത്തിന്റെ ഭാഗമായി 10,000 രൂപ അധികവും ഉപയോഗപ്പെടുത്താനാവും. ലക്കി ഡ്രോ ഗിമ്മിക്കുകളൊന്നുമില്ലാതെ വാഹനം വാങ്ങുന്ന എല്ലാവർക്കും സ്വർണ നാണയവും സൌജന്യമായി നൽകും. ഓരോ മേഖല തിരിച്ചാണ് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നോർത്ത് ഈസ്റ്റ് മേഖലകളിലുള്ളവർക്ക് 65,000 രൂപയുടെ പരമാവധി ആനുകൂല്യങ്ങളാണ് നൽകുന്നത്.
എന്നാൽ മാഗ്നൈറ്റിന്റെ 2024 മോഡൽ ഇയറുകളിലാണ് കമ്പനി ഓഫറുകൾ നൽകുന്നതെന്ന് മാത്രം. ടർബോ അല്ലാത്ത മാനുവൽ വേരിയന്റുകളായ വിസിയ, വിസിയ പ്ലസ്, അസെന്റ, എൻ-കണക്റ്റ, ടെക്ന, ടെക്ന പ്ലസ് എന്നീ വേരിയന്റുകളിലാണ് 65,000 രൂപയുടെ ഡിസ്കൌണ്ടുകൾ ലഭിക്കുക. മാഗ്നൈറ്റിന്റെ എഎംടി വേരിയന്റുകൾ സ്വന്തമാക്കാനിരിക്കുന്നവർക്ക് ഓഫറുകളിൽ മാറ്റമുണ്ടാവും കേട്ടോ.

മാഗ്നൈറ്റ് വിസിയയ്ക്ക് 25,000 രൂപ കിഴിവ് ലഭിക്കുമ്പോൾ അസെന്റ, ടെക്ന പ്ലസ് പോലുള്ള ഉയർന്ന വകഭേദങ്ങൾക്ക് 80,000 രൂപ വരെ ഓഫർ തരാമെന്നാണ് നിസാൻ അറിയിച്ചിരിക്കുന്നത്. ടർബോ മാനുവൽ വകഭേദങ്ങൾക്കെല്ലാം 90,000 രൂപ ആനുകൂല്യം ലഭിക്കും. സിവിടി വിഭാഗത്തിൽ അസെന്റ, ടെക്ന പ്ലസ് എന്നിവയ്ക്കും 90,000 രൂപയുടെ ഓഫറുകൾ ലഭിക്കുമ്പോൾ എൻകണക്റ്റ, ടെക്ന എന്നിവയ്ക്ക് യഥാക്രമം 55,000 രൂപയും 70,000 രൂപയും ലഭിക്കും.
വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽ ഉള്ളവർക്കും കിഴക്കേന്ത്യൻ സംസ്ഥാനങ്ങളിൽ താമസിക്കുന്നവർക്കും മാഗ്നൈറ്റ് മാനുവൽ, സിവിടി, എഎംടി ടോപ്പ് വേരിയന്റുകളിൽ 55,000 രൂപ ഡിസ്കൌണ്ടും വാഗ്ദാനം ചെയ്യുന്നു. അസെന്റ, വിസിയ തുടങ്ങിയ ലോവർ വേരിയന്റുകളാണ് നോക്കുന്നതെങ്കിൽ ഏകദേശം 50,000 രൂപ വരെ ഈ മാസം ലാഭിക്കാം. ടർബോ അല്ലെങ്കിൽ നോൺ-ടർബോ, മാനുവൽ അല്ലെങ്കിൽ സിവിടി എന്നിവയ്ക്ക് ചെറിയ ബോണസുകൾ ഉൾപ്പെടെ 40,000 രൂപയുടെ ക്യാഷ് ഡിസ്കൌണ്ടും ലഭിക്കും.

ഇനി കേരളം പോലുള്ള ചില സംസ്ഥാനങ്ങളിൽ ഓഫറുകൾ അൽപം കൂട്ടിയിട്ടുണ്ട്. ലഭ്യമായ സ്റ്റോക്കുകളുടെ അടിസ്ഥാനത്തിലും നഗരത്തെ അടിസ്ഥാനമാക്കിയും നിസാൻ മാഗ്നൈറ്റിന്റെ ടർബോ മാനുവൽ മോഡലുകൾ വാങ്ങുന്നവർക്ക് 1.06 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. ലോൺ ഇടുകയാണെങ്കിൽ ഇതോടൊപ്പം 6.99 ശതമാനം പലിശ നിരക്കിലും വാഹനം സ്വന്തമാക്കാനാവും.
ടെക്‌ന പോലുള്ള ടോപ്പ്-എൻഡ് സിവിടി വകഭേദങ്ങൾ മൊത്തം ആനുകൂല്യങ്ങൾ 96,000 രൂപയിലെത്തും. അസെന്റ എഎംടി പതിപ്പുകൾക്ക് 80,000 രൂപ ഓഫറിട്ടപ്പോൾ മറ്റ് ഉയർന്ന വകഭേദങ്ങൾക്ക് 96,000 രൂപ വരെ ഫിനാൻസ് ആനുകൂല്യങ്ങളോടെ കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. 2017-18 സാമ്പത്തിക വർഷത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന വിൽപ്പന കണക്കുകളാണ് നിസാൻ ഇത്തവണ കൈവരിച്ചിരിക്കുന്നത്.

മാഗ്നൈറ്റിന്റെ വിജയമാണ് ഇതിനെല്ലാം കാരണമായിരിക്കുന്നത്. 2024 ഒക്ടോബറിൽ പുറത്തിറക്കിയ ഈ ബി-എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇപ്പോൾ കൂടുതൽ വിദേശ രാജ്യങ്ങളിലേക്കും കയറ്റിയയക്കുന്നുണ്ട്. 2024 സാമ്പത്തിക വർഷത്തിൽ നിസ്സാൻ മോട്ടോർ ഇന്ത്യയുടെ സംയോജിത വിൽപ്പന 99,000 യൂണിറ്റുകളായിരുന്നു. മുൻ വർഷത്തേക്കാൾ 35 ശതമാനം വർധനവാണ് ഈ കണക്കുകളെല്ലാം സൂചിപ്പിക്കുന്നത്.
ആഭ്യന്തര വിൽപ്പന 28,000 യൂണിറ്റുകൾ നിരത്തിലെത്തിച്ചപ്പോൾ കയറ്റുമതി 71,000 യൂണിറ്റിലെത്തി. നിലവിൽ മെയ്ഡ് ഇൻ ഇന്ത്യ നിസാൻ മാഗ്നൈറ്റ് 65-ലധികം അന്താരാഷ്ട്ര വിപണികളിലേക്കാണ് കമ്പനി കയറ്റിയയക്കുന്നത്. പുതിയ എസ്‌യുവിക്ക് 6.14 ലക്ഷം രൂപയാണ് പ്രാരംഭ എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. അതേസമയം ടോപ്പ് എൻഡ് വേരിയന്റാണ് വാങ്ങാൻ ആഗ്രഹിക്കുന്നതെങ്കിൽ 11.92 ലക്ഷവും മുടക്കേണ്ടതായുണ്ട്.
മാഗ്നൈറ്റ് നിലവിൽ 6 വേരിയന്റുകളിലും 12 കളർ ഓപ്ഷനുകളിലും രണ്ട് എഞ്ചിനുകളിലും മൂന്ന് ട്രാൻസ്മിഷൻ ഓപ്ഷനുകളിലുമാണ് ഇന്ത്യൻ വിപണയിലെത്തുന്നത്. മാർച്ചിൽ E20 നിലവാരത്തിലേക്ക് എസ്‌യുവിയുടെ എഞ്ചിൻ നിര പരിഷ്ക്കരിച്ചിരുന്നു. എസ്‌യുവിയുടെ 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് BR10 പെട്രോൾ എഞ്ചിൻ E20 നിലവാരത്തിലേക്ക് മാറിയത് അടുത്തിടെയാണെങ്കിലും 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ മോട്ടോർ കുറച്ച് കാലം മുമ്പ് E20 കംപ്ലയിന്റിലേക്ക് പരിവർത്തനം ചെയ്തിരുന്നു.
പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ നിസാൻ മാഗ്നൈറ്റിന്റെ 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിന് 71 bhp കരുത്തിൽ പരമാവധി 96 Nm torque വരെ ഉത്പാദിപ്പിക്കാനാവും. മറുവശത്ത് എസ്‌യുവിയിലെ ടർബോചാർജ്ഡ് പെട്രോൾ 98 bhp പവറിൽ പരമാവധി 160 Nm torque ആണ് നൽകുന്നത്. നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന് 5 സ്പീഡ് മാനുവൽ ഗിയർബോക്സും അഞ്ച് സ്പീഡ് ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷനുമാണ് ലഭിക്കുന്നത്.
മറുവശത്ത് നിസാൻ മാഗ്നൈറ്റിലെ ടർബോചാർജ്ഡ് എഞ്ചിൻ 5 സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ഉപയോഗിച്ച് വാങ്ങാനാവും. സ്റ്റാൻഡേർഡായി തന്നെ മൂന്ന് വർഷത്തെ അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ വാറണ്ടിയും എസ്‌യുവിക്കൊപ്പം നിസാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് അധിക ചിലവിൽ 6 വർഷം അല്ലെങ്കിൽ 1.50 ലക്ഷം കിലോമീറ്റർ വരെ വാറണ്ടി നീട്ടാനും ഉപഭോക്താക്കൾക്ക് സാധിക്കും.
എക്സ്റ്റൻഡഡ് വാറണ്ടിയിൽ പാർട്‌സുകൾ, അറ്റകുറ്റപ്പണികൾ, മറ്റ് ചെലവുകൾ എന്നിവ ഉൾക്കൊള്ളുന്നുവെന്നാണ് ബ്രാൻഡ് അവകാശപ്പെടുന്നത്. ഇന്ത്യയിലെ കോംപാക്‌ട് എസ്‌യുവി വിഭാഗത്തിൽ മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്സോൺ, കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു, റെനോ കൈഗർ, ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്സ്റ്റർ തുടങ്ങിയ ചെറു സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളോടാണ് ന്സാൻ മാഗ്നൈറ്റ് മത്സരിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications