6.14 ലക്ഷത്തിന്റെ എസ്‌യുവിക്ക് 65,000 രൂപ വിലക്കുറച്ച് നിസാൻ, വണ്ടി വാങ്ങിയാൽ സ്വർണ നാണയവും സമ്മാനം
ഇന്ത്യയിലെ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിൽ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാനാവുന്ന ഏറ്റവും നല്ല മോഡലുകളിൽ ഒന്നാണ് നിസാൻ മാഗ്നൈറ്റ്. ഒരു കമ്പനിയെ ഒറ്റയ്ക്ക് ചുമലിലേറ്റുന്ന വാഹനം വന്നകാലം മുതൽ ഇന്നുവരെ ഇന്ത്യക്കാരുടെ പ്രിയങ്കരനാണ്. ഹാച്ച്ബാക്കിന്റെ വിലയിൽ ഇത്രയും നല്ലൊരു സ്പോർട് യൂട്ടിലിറ്റി വാഹനം പുറത്തിറക്കാനാവുമെന്ന് മറ്റ് കമ്പനികളേയും നിസാൻ പഠിപ്പിച്ചു. ഇറങ്ങിയപ്പോൾ വില 4.99 ലക്ഷം മാത്രമായിരുന്നെങ്കിലും വിപണിയിലെത്തി അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ മാഗ്നൈറ്റിന്റെ പ്രാരംഭ വില 6.14 ലക്ഷം രൂപയായി മാറിയിട്ടുണ്ട്. അങ്ങനെ നോക്കുമ്പോഴും സെഗ്മെന്റിലെ മറ്റ് മോഡലുകളേക്കാൾ നല്ല വിലക്കുറവിൽ തന്നെ മാഗ്നൈറ്റ് സ്വന്തമാക്കാനാവും.
ഇനി വില വീണ്ടും പ്രശ്‌നമാണെന്ന് തോന്നുവർക്കുള്ള പരിഹാരവുമായി നിസാൻ എത്തിയിരിക്കുകയാണ്. മാഗ്നൈറ്റ് വാങ്ങാൻ നല്ലനേരം കാത്തിരിക്കുന്നവർക്കായി 'ഹാട്രിക് കാർണിവൽ' എന്നൊരു ഓഫറാണ് നിസാൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിൽ 15 വരെ സാധുതയുള്ള ഈ ഓഫറിന് കീഴിൽ മൂന്ന് വ്യത്യസ്ത ആനുകൂല്യങ്ങളാണ് ഉപഭോക്താക്കൾക്ക് ഉപയോഗപ്പെടുത്താനാവുക.

ഇതിൽ ഒന്നാമതായി 55,000 രൂപ വരെയുള്ള ഓഫറാണ് നിസാൻ മാഗ്ന്റ്റൈൽ വാഗ്ദാനം ചെയ്യുന്നത്. ഈ ആനുകൂല്യത്തിന് പുറമേ 10,000 രൂപ വരെയുള്ള കാർണിവൽ ആനുകൂല്യങ്ങളും നിസാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. അവസാനമായി ഈ സ്കീമിന് കീഴിൽ ബ്രാൻഡ് അതിന്റെ എല്ലാ ഉപഭോക്താക്കൾക്കും ഉറപ്പായ സ്വർണ്ണ നാണയവും നൽകുമെന്നതാണ് ഓഫറിലെ ഏറ്റവും ആകർഷകമായ കാര്യം.
പക്ഷേ നിസാന്റെ കാർണിവൽ ഓഫർ മാഗ്നൈറ്റ് കോംപാക്‌ട് എസ്‌യുവിയുടെ തെരഞ്ഞെടുത്ത വകഭേദങ്ങളിൽ മാത്രമേ ബാധകമാകൂ എന്നതും എല്ലാവരും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഈ ഓഫറിന് പരിമിതമായ സ്റ്റോക്ക് മാത്രമേ ലഭ്യമാകൂ എന്നതും കമ്പനി പ്രത്യേകം പറഞ്ഞിട്ടുണ്ട്. വാങ്ങുന്നതിനുമുമ്പ് ഓഫറിനെക്കുറിച്ച് കൂടുതലറിയാൻ നിങ്ങളുടെ ഏറ്റവും അടുത്ത ഡീലർഷിപ്പുമായി ബന്ധപ്പെടുന്നതാവും ഉചിതം.

ഈ വർഷം ഇതുവരെ രണ്ടുതവണ മാഗ്നൈറ്റിന്റെ വില വർധിപ്പിച്ച ജാപ്പനീസ് കാർ നിർമാതാക്കളിൽ നിന്നും ഇത്തരത്തിലൊരു ഓഫറും ആനുകൂല്യങ്ങളും വരുന്നത് ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്ന കാര്യമായിരിക്കും. പുതിയ എസ്‌യുവിക്ക് 6.14 ലക്ഷം രൂപയാണ് പ്രാരംഭ എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. അതേസമയം ടോപ്പ് എൻഡ് വേരിയന്റാണ് വാങ്ങാൻ ആഗ്രഹിക്കുന്നതെങ്കിൽ 11.92 ലക്ഷവും മുടക്കേണ്ടതായുണ്ട്.
മാഗ്നൈറ്റ് നിലവിൽ 6 വേരിയന്റുകളിലും 12 കളർ ഓപ്ഷനുകളിലും രണ്ട് എഞ്ചിനുകളിലും മൂന്ന് ട്രാൻസ്മിഷൻ ഓപ്ഷനുകളിലുമാണ് വിപണയിൽ എത്തുന്നത്. മാർച്ചിൽ E20 നിലവാരത്തിലേക്ക് എസ്‌യുവിയുടെ എഞ്ചിൻ നിര പരിഷ്ക്കരിക്കുകയും ചെയ്‌തിരുന്നു. എസ്‌യുവിയുടെ 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് BR10 പെട്രോൾ എഞ്ചിൻ E20 നിലവാരത്തിലേക്ക് മാറിയത് അടുത്തിടെയാണെങ്കിലും 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ മോട്ടോർ കുറച്ച് കാലം മുമ്പ് E20 കംപ്ലയിന്റിലേക്ക് പരിവർത്തനം ചെയ്തിരുന്നു.

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ നിസാൻ മാഗ്നൈറ്റിന്റെ 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിന് 71 bhp കരുത്തിൽ പരമാവധി 96 Nm torque വരെ ഉത്പാദിപ്പിക്കാനാവും. മറുവശത്ത് എസ്‌യുവിയിലെ ടർബോചാർജ്ഡ് പെട്രോൾ 98 bhp പവറിൽ പരമാവധി 160 Nm torque ആണ് നൽകുന്നത്. നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന് 5 സ്പീഡ് മാനുവൽ ഗിയർബോക്സും അഞ്ച് സ്പീഡ് ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷനുമാണ് (എഎംടി) ലഭിക്കുന്നത്.
മറുവശത്ത് നിസാൻ മാഗ്നൈറ്റിലെ ടർബോചാർജ്ഡ് എഞ്ചിൻ 5 സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ഉപയോഗിച്ച് വാങ്ങാനാവും. സ്റ്റാൻഡേർഡായി തന്നെ മൂന്ന് വർഷത്തെ അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ വാറണ്ടിയും എസ്‌യുവിക്കൊപ്പം നിസാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് അധിക ചിലവിൽ 6 വർഷം അല്ലെങ്കിൽ 1.50 ലക്ഷം കിലോമീറ്റർ വരെ വാറണ്ടി നീട്ടാനും ഉപഭോക്താക്കൾക്ക് സാധിക്കും.

എക്സ്റ്റൻഡഡ് വാറണ്ടിയിൽ പാർട്‌സുകൾ, അറ്റകുറ്റപ്പണികൾ, മറ്റ് ചെലവുകൾ എന്നിവ ഉൾക്കൊള്ളുന്നുവെന്നാണ് ബ്രാൻഡ് അവകാശപ്പെടുന്നത്. ഇന്ത്യയിലെ കോംപാക്‌ട് എസ്‌യുവി വിഭാഗത്തിൽ മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്സോൺ, കിയ സോനെറ്റ്, ഹ്യുണ്ടായി വെർണ, റെനോ കൈഗർ, ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്സ്റ്റർ തുടങ്ങിയ ചെറു സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളോടാണ് ന്സാൻ മാഗ്നൈറ്റ് മത്സരിക്കുന്നത്.


Click it and Unblock the Notifications








