കേന്ദ്രം പറഞ്ഞ സമയത്തിന് മുമ്പേ മാഗ്നൈറ്റിലേക്ക് ആ മാറ്റം കൊണ്ടുവന്നു, വാങ്ങാൻ പ്ലാനുണ്ടേൽ ഒന്ന് നോക്കിക്കോ
ഇന്ത്യൻ വിപണിയിൽ വില്‍ക്കുന്ന എല്ലാ കാറുകളും E20 നിലവാരത്തിലുള്ള ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന തരത്തിലേക്ക് പരിഷ്ക്കരിക്കണമെന്ന തീരുമാനം കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി മിക്ക നിർമാതാക്കളും തങ്ങളുടെ മോഡൽ നിരയെ ഇതിനോടകം നവീകരിച്ചിട്ടുണ്ട്. ഇപ്പോഴിതാ പുതിയ ചട്ടം നടപ്പിലാവാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ നിസാൻ മാഗ്നൈറ്റും E20 ഇന്ധനത്തില്‍ ഓടുന്ന തരത്തിലേക്ക് പരിവര്‍ത്തനം ചെയ്തിരിക്കുകയാണ്. കോംപാക്‌ട് എസ്‌യുവിയുടെ 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് BR10 പെട്രോൾ എഞ്ചിനാണ് ഇപ്പോൾ E20 ഫ്യുവൽ നിലവാരത്തിലേക്ക് അപ്ഡേറ്റ് ചെയ്‌തിരിക്കുന്നതെന്നും ജാപ്പനീസ് വാഹന നിർമാതാക്കൾ അറിയിച്ചു.
നിസാൻ മാഗ്നൈറ്റിന് കരുത്ത് പകരുന്ന ടർബോചാർജ്ഡ് 1.0 ലിറ്റർ പെട്രോൾ എഞ്ചിൻ ഇതിനകം തന്നെ E20 നിലവാരത്തിലേക്ക് കമ്പനി നേരത്തെ നവീകരിച്ചിരുന്നു. പുതിയ ചട്ടങ്ങൾക്ക് അനുസരിച്ച് എഞ്ചിനിൽ പരിഷ്ക്കാരം കൊണ്ടുവന്നിട്ടുണ്ടെങ്കിലും പെർഫോമൻസ് കണക്കുകളിലൊന്നും മാറ്റം വരുത്തിയിട്ടില്ലെന്ന് വേണം പറയാൻ. 71 bhp കരുത്തിൽ പരമാവധി 96 Nm torque വരെ സൃഷ്ടിക്കാനാവുന്ന വിധത്തിലാണ് എഞ്ചിൻ ട്യൂൺ ചെയ്‌തിരിക്കുന്നത്.

5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 5-സ്പീഡ് ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ (AMT) ഉപയോഗിച്ചാണ് നിസാൻ മാഗ്നൈറ്റിന്റെ നാച്ചുറലി ആസ്പിറേറ്റഡ് വേരിയന്റുകൾ തെരഞ്ഞെടുക്കാനാവുക. മറുവശത്ത് ടർബോ എഞ്ചിന് 99 bhp പവറിൽ പരമാവധി 160 Nm torque നൽകാനാവും. ഇതിൽ 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിൽ സ്വന്തമാക്കാനാവും.
ഏപ്രിൽ മാസത്തോടെ മാഗ്നൈറ്റിന്റെ സിഎൻജി പതിപ്പും പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് നിസാൻ. ഇതൊരു ഡീലർ ലെവൽ ആക്സസറി കിറ്റായി ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. ക്വിഡ്, ട്രൈബർ, കൈഗർ എന്നിവയ്ക്ക് ഡീലർ ലെവൽ സിഎൻജി കിറ്റ് ലഭിച്ചതിന് സമാനമായിട്ടാണ് മാഗ്നൈറ്റിലേക്കും ഇതേ സാങ്കേതികവിദ്യ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. നിലവിൽ കൈഗറിനേക്കാൾ ജനപ്രിയനായ മാഗ്നൈറ്റിൽ ബൈ-ഫ്യുവൽ ഓപ്ഷൻ എത്തുന്നത് എന്തുകൊണ്ടും ശ്രദ്ധിക്കപ്പെടുമെന്നതിൽ സംശയം വേണ്ട.

വിസിയ, വിസിയ പ്ലസ്, ആക്‌സെന്റ, എൻ-കണക്റ്റ, ടെക്‌ന, ടെക്‌ന പ്ലസ് എന്നിങ്ങനെ 6 വേരിയന്റുകളിലാണ് ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന കോംപാക്‌ട് എസ്‌യുവി വിൽപ്പനയ്ക്ക് എത്തുന്നത്. 6.12 ലക്ഷം രൂപ മുതൽ 11.72 ലക്ഷം രൂപ വരെയാണ് നിസാന്റെ കുഞ്ഞൻ സ്പോർട് യൂട്ടിലിറ്റി വാഹനത്തിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. അടുത്തിടെ മുഖംമിനുക്കി മാഗ്നൈറ്റിനെ കമ്പനി അവതരിപ്പിച്ചതും ഏവരും ഓർക്കുന്നുണ്ടാവുമല്ലോ.
ഹെക്‌സഗൺ പാറ്റേണുള്ള ബ്ലാക്ക്ഡ്-ഔട്ട് ഗ്രിൽ, M ആകൃതിയിലുള്ള എൽഇഡി ടെയിൽലാമ്പുകൾ, 16 ഇഞ്ച് അലോയ് വീലുകൾ തുടങ്ങിയ എക്സ്റ്റീരിയർ പരിഷ്ക്കാരങ്ങളാണ് മുഖംമിനുക്കലിൽ പുതിയ നിസാൻ മാഗ്നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിന് ലഭിച്ചിരിക്കുന്നത്. പുറംമോടി പോലെ തന്നെ പുത്തൻ ത്രീ-ടോൺ കളർ ഓപ്ഷനുള്ള ഇന്റീരിയറും കിടിലമാണ്. നല്ല യാത്രാ സുഖം സമ്മാനിക്കുന്ന സീറ്റുകളും പുതിയ അപ്ഹോൾസ്റ്ററിയും സോഫ്റ്റ്-ടച്ച് മെറ്റീരിയലുകളും ഉപയോഗിച്ചാണ് എസ്‌യുവി ഇപ്പോൾ വാങ്ങാനാവുക.

കൂട്ടത്തിൽ നല്ല മോഡേൺ ഫീച്ചറുകൾ കമ്പനി കുത്തിനിറയ്ക്കാനും മടിയൊന്നും കാണിച്ചിട്ടില്ല. ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ചാർജർ, TFT ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, എയർ പ്യൂരിഫയർ, ഫ്രെയിംലെസ്സ് ഓട്ടോ-ഡിം IRVM, 360-ഡിഗ്രി ക്യാമറ, ഓട്ടോ ലോക്ക്, അപ്രോച്ച് അൺലോക്ക്, റിമോട്ട് സ്റ്റാർട്ട് എന്നിവ പ്രവർത്തനക്ഷമമാക്കുന്ന പുതിയ കീ എന്നിവയാണ് മാഗ്നൈറ്റിന് ലക്ഷ്വറി ഫീൽ സമ്മാനിക്കുന്നത്.
സുരക്ഷയുടെ കാര്യത്തിലും ആള് ചില്ലറക്കാരല്ല കേട്ടോ, ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാർ റേറ്റിംഗ് നേടിയിട്ടുള്ള നിസാൻ മാഗ്നൈറ്റിൽ സ്റ്റാൻഡേർഡായി 6 എയർബാഗുകൾ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, എമർജൻസി സ്റ്റോപ്പ് സിഗ്നൽ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, TPMS, ഇബിഡി ഉള്ള എബിഎസ്, ട്രാക്ഷൻ കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹൈഡ്രോളിക് ബ്രേക്ക് അസിസ്റ്റ് പോലുള്ള സേഫ്റ്റി ഫീച്ചറുകളാണ് ലഭിക്കുക.


Click it and Unblock the Notifications








