ക്രെറ്റയെ തളയ്ക്കാൻ വരുന്നത് ടെറാനോ? ക്യാമറക്കണ്ണിൽ കുടുങ്ങി പുത്തൻ നിസാൻ എസ്‌യുവി, മാരുതിയും കരുതിയിരുന്നോ
ഇന്ത്യയിൽ ഒരൊറ്റ മോഡലിനെ വെച്ച് പണിയെടുപ്പിച്ച് പണമുണ്ടാക്കുന്നവരാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ (Nissan). ഇടയ്ക്ക് സഹായത്തിനായി X-ട്രെയിൽ എന്ന ഭീമനെ കൊണ്ടുവന്നെങ്കിലും ആളുകൾ കാര്യമായി മൈൻഡ് ചെയ്‌തില്ല. വിദേശത്ത് നിർമിച്ച് ഇറക്കുമതി ചെയ്യുന്ന വണ്ടികളല്ല നിസാനിൽ നിന്നും തങ്ങൾക്ക് വേണ്ടതെന്ന് ജനങ്ങൾ കമ്പനിയോട് പറയാതെ പറയുകയായിരുന്നു. ഇത് മനസിലാക്കിയ കമ്പനി അടുത്തതായി പുറത്തിറക്കാൻ തീരുമാനിച്ചിരിക്കുന്നത് പൂർണമായും ഇന്ത്യയിൽ നിർമിക്കുന്നൊരു എസ്‌യുവി ആയിരിക്കും. അതും രാജ്യത്തെ ഹോട്ട് സെല്ലിംഗ് സെഗ്മെന്റായ മിഡ്-സൈസ് എസ്‌യുവി നിരയിലേക്കാണ് ആശാൻ എത്തുന്നത്.
ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, കിയ സെൽറ്റോസ്, ഹോണ്ട എലിവേറ്റ് തുടങ്ങിയ വമ്പൻമാരോട് ഏറ്റുമുട്ടാൻ ഒരുങ്ങുന്ന നിസാൻ എസ്‌യുവിയുടെ പരീക്ഷണയോട്ടവും കമ്പനി ആരംഭിച്ചിരിക്കുകയാണ്. അടുത്ത വർഷം തുടക്കത്തോടെ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന മോഡൽ റെനോ ഡസ്റ്ററിന്റെ റീബാഡ്‌ജ് മോഡലായിരിക്കുമെന്നാണ് വിവരം. അതായത് നിസാൻ ടെറാനോ പോലൊരു മിടുക്കനാവും വരുന്നതെന്ന് സാരം.

പുതിയ നിസാൻ സി-സെഗ്മെന്റ് എസ്‌യുവി ഇന്ത്യൻ റോഡുകളിൽ ആദ്യമായി പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. ഡിസൈനും കാര്യങ്ങളും ആളുകൾക്ക് പിടികിട്ടാതിരിക്കാൻ പൂർണമായും മറച്ചാണ് വാഹനത്തെ നിരത്തിലിറക്കിയിരിക്കുന്നത്. എങ്കിലും ചില അടിസ്ഥാന കാര്യങ്ങളെല്ലാം ചിത്രങ്ങളിൽ നിന്നും മനസിലാക്കാനും സാധിക്കുന്നുണ്ട്. അപ്പ്റൈറ്റ് ബോഡി ശൈലി മോഡലിന് കിടിലൻ റോഡ് പ്രസൻസായിരിക്കും നൽകുക.
എസ്‌യുവിയിൽ ഫ്ലേർഡ് പ്ലാസ്റ്റിക് വീൽ ആർച്ചുകൾ, 5-സ്‌പോക്ക് അലോയ് വീലുകൾ, സ്‌കൾപ്പഡ് ബോണറ്റ്, നിസാൻ ബാഡ്ജുള്ള പ്രൊമിനന്റ് ഗ്രിൽ, ബമ്പറിൽ സി-ആകൃതിയിലുള്ള ഘടകങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് മിഡ്-സൈസ് എസ്‌യുവി ഡിസൈൻ ചെയ്യുന്നത്. പിന്നിലേക്ക് വന്നാൽ സ്‌പോയിലർ, റൂഫ് റെയിൽ, ഷാർക്ക് ഫിൻ ആന്റിന, നമ്പർ പ്ലേറ്റ് ഹൗസിംഗ് സിറ്റിംഗ് ഡെഡ് സെന്റർ ഉള്ള മനോഹരമായ ടെയിൽഗേറ്റ് എന്നിവയും വാഹനത്തിലുണ്ടാവും.

ചതുരാകൃതിയിലുള്ള ടെയിൽ-ലൈറ്റുകളും കൊള്ളാം. മൊത്തത്തിൽ എസ്‌യുവിയുടെ ഡിസൈൻ കഴിഞ്ഞ വർഷം മുതൽ നിസാൻ പുറത്തിറക്കുന്ന ടീസറുകളുമായി അടുത്ത് നിൽക്കുന്നതാണ്. പുതിയ നിസാൻ എസ്‌യുവിയുടെ ഇന്റീരിയറിനെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ഇപ്പോൾ പുറത്തുവന്നിട്ടില്ലെങ്കിലും ക്രെറ്റയെ തളയ്ക്കാനുള്ള ഫീച്ചറുകളെല്ലാം കുത്തിനിറച്ചാവും മോഡൽ ഒരുങ്ങുകയെന്ന് ഊഹിക്കാം. തരക്കേടില്ലാത്തവനായി കളംനിറയാൻ ഇതെല്ലാം സഹായിക്കും.
എന്നാൽ വില പിടിച്ചുനിർത്താനായി ADAS പോലുള്ള ടെക്നോളജിയൊന്നും വരാനിരിക്കുന്ന നിസാന്റെ എസ്‌യുവിയിൽ ഉണ്ടാവാൻ സാധ്യതയില്ല.ഈ എസ്‌യുവിയുടെ ഒരു 7 സീറ്റർ പതിപ്പ് കൂടി വിപണിയിൽ എത്തുമെന്നാണ് വിവരം. അങ്ങനെയെങ്കിൽ പ്രായോഗികതയുടെ കാര്യത്തിൽ വേറിട്ടുനിൽക്കാനും വാഹനത്തിനായേക്കും. തുടക്കത്തിൽ 5-സീറ്റർ മോഡലായിരിക്കും വിപണിയിലെത്തുക.

അതിന് ശേഷമായിരിക്കും സെവൻ സീറ്റർ പതിപ്പിന്റെ വരവിനെ കുറിച്ച് നിസാൻ കാര്യമായി ആലോചിക്കുക. മിഡ്‌സൈസ് എസ്‌യുവിയുടെ 7 സീറ്റർ പതിപ്പ് വെറുമൊരു പ്ലസ്-2 കോൺഫിഗറേഷൻ മാത്രമായിരിക്കില്ലെന്ന ഉറപ്പും ജാപ്പനീസ് വാഹന നിർമാതാക്കൾ നൽകിയിട്ടുണ്ട്. മറിച്ച് വളരെ വ്യത്യസ്തമായ ഒരു വാഹനമായിരിക്കുമെന്നും ശരിയായ 7 സീറ്റർ ആയിരിക്കും ഇതെന്നും നിസാൻ അവകാശപ്പെടുന്നു.
പെട്രോൾ എഞ്ചിൻ ഓപ്ഷൻ മാത്രമായിരിക്കും ഈ മിഡ്-സൈസ് എസ്‌യുവിയിലുണ്ടാവുക. ഡസ്റ്ററുമായിട്ട് പങ്കിടുന്നതിനാൽ ഇതിലെ ഹൈബ്രിഡ് ടെക്കും ജാപ്പനീസ് ബ്രാൻഡിന് കടമെടുക്കാനാവും. ഒപ്പം സംഭവം ക്ലിക്കായാൽ ഡീലർ ഫിറ്റഡ് സിഎൻജി കിറ്റും വാഗ്‌ദാനം ചെയ്യും. വിലയുടെ കാര്യത്തിലേക്ക് നോക്കിയാൽ 10 ലക്ഷത്തിൽ താഴെയായിരിക്കും പ്രാരംഭ വില നിശ്ചയിക്കുക. ടോപ്പ് എൻഡിന് ഏകദേശം 15 ലക്ഷം വരെയും വില വന്നേക്കാം.


Click it and Unblock the Notifications








