ഗൾഫുകാർക്ക് വേണ്ടി പ്രത്യേകം പണിത എസ്‌യുവി, ലാൻഡ് ക്രൂയിസർ മാറി നിൽക്കുന്ന നിസാന്റെ യമണ്ടൻ പട്രോൾ
ഇന്ത്യയിൽ നിസാൻ (Nissan) എന്നാൽ സാധാരണക്കാരോട് ചേർന്നുനിൽക്കുന്ന വാഹനങ്ങൾ മാത്രം നിർമിക്കുന്നവരാണ്. എന്നാൽ വിദേശ വിപണികളിലെ ബ്രാൻഡിന്റെ കാറുകൾ കണ്ടാൽ ആരായാലും ഒന്ന് കൊതിയോടെ നോക്കിനിൽക്കുമെന്നതാണ് സത്യം. ഇവിടെയൊരു മാഗ്നൈറ്റ് കോംപാക്‌ട് എസ്‌യുവിയുടെ ബലത്തിൽ മാത്രമാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ പിടിച്ചുനിൽക്കുന്നതെങ്കിലും ഭാവിയിൽ ചില കിടിലൻ വണ്ടികളെ രാജ്യത്ത് എത്തിക്കാനുള്ള പദ്ധതികളെല്ലാം കമ്പനി ആസൂത്രണം ചെയ്‌തിട്ടുണ്ട്. ഇതിന്റെ ആദ്യപടിയെന്ന പോലെ അടുത്തിടെ X-ട്രെയിൽ എന്ന മിടുക്കനെ അവതരിപ്പിച്ച് നിസാൻ ഗിയർമാറ്റിയിരുന്നു. പക്ഷേ സംഭവം ക്ലച്ചുപിടിച്ചില്ലെന്നതാണ് സത്യം.
പക്ഷേ ഇതിലൊന്നും നിർത്താൻ കമ്പനി തീരുമാനിച്ചിട്ടില്ലെന്നത് കേൾക്കുമ്പോൾ ആർക്കായാലും സന്തോഷിക്കാനുള്ള വകുപ്പുണ്ട്. നിസാൻ പണികഴിപ്പിച്ചിരിക്കുന്നതിൽ വെച്ച് എക്കാലത്തേയും മികച്ച എസ്‌യുവിയാണ് പട്രോൾ. വണ്ടിഭ്രാന്തൻമാർക്കെല്ലാം സുപരിചിതമായ ഈ മോഡലും അധികം വൈകാതെ ഇന്ത്യയിലേക്ക് ഒരു മാസ് എൻട്രി നടത്തുമെന്നാണ് വിവരം. ഇതിനിടയിൽ വിദേശ വിപണികൾക്കായി പൾട്രോൾ നിസ്‌മോ എന്നൊരു പുത്തൻ പതിപ്പിന് രൂപംകൊടുത്തിരിക്കുകയാണ്.

മിഡിൽ ഈസ്റ്റ് മേഖലയുടെ അഭിരുചികൾക്കനുസൃതമായാണ് പുതിയ നിസാൻ പട്രോൾ നിസ്‌മോ വികസിപ്പിച്ചെടുത്തിരിക്കുന്നതെന്നാണ് കമ്പനി പറയുന്നത്. സ്റ്റൈലിംഗിനൊപ്പം മെക്കാനിക്കൽ അപ്‌ഗ്രേഡുകളും എസ്‌യുവിയിലേക്ക് വന്നെത്തിയിട്ടുണ്ടെന്ന് പറയാം. ഡിസൈനിലേക്ക് നോക്കിയാൽ ആദ്യ കാഴ്ച്ചയിൽ ആരായാലും മോഹിക്കുന്ന വിധത്തിലാണ് പട്രോൾ നിസ്മോ മെനഞ്ഞെടുത്തിരിക്കുന്നത്.
മുൻവശത്ത് റീഡിസൈൻ ചെയ്‌ത ലംബവും തിരശ്ചീനവുമായ ആക്‌സന്റുകളുള്ള ഒരു വി-മോഷൻ ഗ്രില്ലാണ് ഏറ്റവും വലിയ ആകർഷണം. റേഡിയേറ്ററിലേക്കുള്ള വായുപ്രവാഹം മെച്ചപ്പെടുത്തുമെന്ന് അവകാശപ്പെടുന്ന ഹണികോമ്പ് മെഷ് ഉപയോഗിച്ചാണ് ഗ്രിൽ ഫ്രെയിം ചെയ്‌തിരിക്കുന്നതും. ഹൈ പെർഫോമൻസ് ടയറുകളുള്ള 22 ഇഞ്ച് ഫോക്സ് അലുമിനിയം അലോയ് വീലുകളിലാണ് നിസാൻ പട്രോൾ നിസ്മോ നിരത്തിലേക്ക് എത്തുന്നത്.

പിന്നിൽ, എയറോഡൈനാമിക് സ്ഥിരത മെച്ചപ്പെടുത്തുന്നതിന് ഒരു എക്സ്റ്റെൻഡഡ് സ്‌പോയിലറും ലേയേർഡ് ഡിഫ്യൂസറുകളും ഒരുക്കിയിട്ടുണ്ട്. ഇത് ഹൈ-സ്പീഡ് സ്റ്റെബിലിറ്റിയും കോർണറിംഗ് ഗ്രിപ്പും മെച്ചപ്പെടുത്തുമെന്ന് പറയപ്പെടുന്നു. ബോഡിയിൽ അങ്ങിങ്ങായി കൊടുത്തിരിക്കുന്ന റെഡ് ഡീറ്റെയിലിംഗും അടിപൊളി തന്നെ. എക്സ്സ്റ്റീരിയർ പോലെ തന്നെ ഇൻ്റീരിയറിലും നവീകരണങ്ങൾ കാണാം.
ഡാഷ്‌ബോർഡ്, സീറ്റുകൾ, ഡോർ പാനലുകൾ എന്നിവയിലുടനീളം ബ്ലാക്ക്, റെഡ് നിറത്തിലുള്ള ലേഔട്ടാണ് നിസാൻ സമ്മാനിച്ചിരിക്കുന്നത്. കോൺട്രാസ്റ്റ് സ്റ്റിച്ചിംഗും റെഡ് ബെൽറ്റുകളും ഹൈലൈറ്റ് ചെയ്തിരിക്കുന്നതും കാണാം. സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടണിന് ചുവന്ന നിറത്തിലുള്ള അലങ്കാരം, അലുമിനിയം പെഡലുകൾ, കാർബൺ-ഇഫക്റ്റ് സർഫസുകൾ, ക്വിൽറ്റഡ് പാറ്റേൺ ഉള്ള സീറ്റുകൾ എന്നിവയാണ് ഇന്റീരിയറിലെ മറ്റ് പരിഷ്ക്കാരങ്ങൾ.

ജപ്പാനിലെ നിസാന്റെ ഇവാക്കി സൗകര്യത്തിലെ സാങ്കേതിക വിദഗ്ധർ അസംബിൾ ചെയ്ത 3.5 ലിറ്റർ ട്വിൻ-ടർബോ V6 എഞ്ചിനാണ് നിസാൻ പട്രോൾ നിസ്മോയുടെ ഹൃദയം. സ്‌പോർട് മോഡിൽ 495 bhp കരുത്തിൽ പരമാവധി 700 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളത്. 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും പാഡിൽ ഷിഫ്റ്ററുകളുമായാണ് ഈ കൂറ്റൻ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.
നിസ്‌മോയുടെ ഇലക്ട്രോണിക് അഡാപ്റ്റീവ് ഡാംപറുകളിലും നവീകരണങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നാണ് നിസാൻ പറയുന്നത്. അങ്ങനെ ഹാൻഡിലിംഗ് എല്ലാം മെച്ചപ്പെടുത്താനും കൂടുതൽ ദൃഡത കൈവരിക്കാനും എസ്‌യുവിക്ക് സാധിച്ചിട്ടുണ്ട്. ബ്ലാക്ക് പേൾ, ഗ്രേ മെറ്റാലിക്, വൈറ്റ് പേൾ, ബ്ലൂ മെറ്റാലിക്, എക്‌സ്‌ക്ലൂസീവ് സ്റ്റെൽത്ത് ഗ്രേ എന്നിങ്ങനെ 5 കളർ ഓപ്ഷനുകളിൽ നിസാൻ പട്രോൾ നിസ്മോ സ്വന്തമാക്കാനാവും. ഇവയിൽ ഓരോന്നും മോണോടോൺ അല്ലെങ്കിൽ ഡ്യുവൽ-ടോൺ ഷേഡുകളിൽ തെരഞ്ഞെടുക്കാനും സാധിക്കും.


Click it and Unblock the Notifications








