ക്രെറ്റയെ തളയ്ക്കാൻ നിസാന്റെ ടെക്റ്റൺ റെഡി, പുത്തൻ എസ്‌യുവിയുടെ ആദ്യ ലുക്കിൽ ആരായാലും ഫ്ലാറ്റാവും
ഇന്ത്യയിൽ മാഗ്നൈറ്റ് എന്ന കോംപാക്‌ട് എസ്‌യുവിയുടെ ബലത്തിൽ പിടിച്ചുനിൽക്കുന്നവരാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ. വിദേശത്ത് വലിയ കൊമ്പൻമാരാണെങ്കിലും സാധാരണക്കാർ ഏറെയുള്ള ഇന്ത്യയിൽ പ്രതീക്ഷിച്ചതു പോലെ വിജയം കൈവരിക്കാൻ ബ്രാൻഡിനായിരുന്നില്ല. മൈക്രയും സണ്ണിയും വലിയ വിജയമായിരുന്നെങ്കിലും പിന്നീട് ഒരു മോഡലിനും അത് ആവർത്തിക്കാനായില്ല. ഒടുവിൽ മാഗ്നൈറ്റ് എന്ന കുട്ടിക്കൊമ്പന്റെ കരുത്തിൽ നിസാൻ പിടിച്ച് കയറുകയായിരുന്നു. ഇടയ്ക്ക് ഇവന് കൂട്ടായി X-ട്രെയിൽ എത്തിയെങ്കിലും അതും ഫ്ലോപ്പായി. എന്നാൽ തങ്ങളുടെ മോഡൽ നിരയിലേക്ക് പുതുപുത്തനൊരു എസ്‌യുവിയെ കൊണ്ടുവരാൻ ഒരുങ്ങുകയാണ് നിസാൻ എന്നൊരു ശ്രുതി കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചുകാലമായി.
രാജ്യത്ത് ഏറ്റവും കൂടുതൽ മത്സരം നടക്കുന്ന സെഗ്മെന്റായ മിഡ്-സൈസ് എസ്‌യുവി നിരയിലേക്കാണ് ഇത്തവണ കമ്പനി കണ്ണുവെച്ചിരിക്കുന്നത്. അതും രാജ്യത്തെ പ്രമുഖ ബ്രാൻഡുകളെല്ലാം അരങ്ങുവാഴുന്ന വിഭാഗത്തിൽ നിസാൻ ഇറങ്ങുമ്പോൾ എന്തൂട്ട് കാട്ടാനായെന്ന് ചിന്തിക്കുന്നവരുണ്ടാവും അല്ലേ. എന്നാൽ ജാപ്പനീസ് ബ്രാൻഡിന്റെ വൈധഗ്ദ്യം എല്ലാവരും കാണാൻ കിടക്കുന്നതേയുള്ളൂ.

ഇന്ത്യക്കായി കൊണ്ടുവരുന്ന പുത്തൻ എസ്‌യുവിയുടെ ആദ്യ കാഴ്ച്ചയുമായി എത്തിയിരിക്കുകയാണ് നിസാൻ. ടെറാനോ എന്ന പേര് സ്വീകരിക്കുമെന്ന് കരുതിയിരുന്നുവെങ്കിലും ടെക്റ്റൺ എന്നായിരിക്കും വരാനിരിക്കുന്ന സി-സെഗ്മെന്റ് എസ്‌യുവി അറിയപ്പെടുകയെന്നാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. പേര് വെളിപ്പെടുത്തിയതിനൊപ്പം പ്രൊഡക്ഷൻ റെഡി മോഡലിനെ അടുത്തറിയാൻ ബ്രാൻഡ് നിരവധി ഡിസൈൻ ടീസറുകളും പങ്കുവെച്ചിട്ടുണ്ട്.
എസ്‌യുവി ഇതിനകം ഡീലർമാർക്ക് മുന്നിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. അതിനാൽ 2026 കലണ്ടർ വർഷത്തിന്റെ രണ്ടാം പാദത്തിൽ നിസാൻ ടെക്റ്റൺ വിപണനത്തിന് എത്തും. പരന്ന ബോണറ്റ്, വീതിയേറിയതും ആധുനികവുമായ മുൻവശം എന്നിവ ഉപയോഗിച്ച് ഹ്യുണ്ടായി ക്രെറ്റയുടെ എതിരാളിയെ മസ്ക്കുലറാക്കാൻ ജാപ്പനീസ് വാഹന നിർമാതാക്കൾക്ക് സാധിച്ചിട്ടുണ്ട്. മുൻവശത്ത് വീതിയിൽ പ്രവർത്തിക്കുന്ന എൽഇഡി ഡിആർഎല്ലും നിസാൻ ലോഗോയും പ്രത്യേക ഐശ്വര്യവും സമ്മാനിക്കുന്നുണ്ട്.

ലംബമായി അടുക്കിവെച്ചിരിക്കുന്ന എൽഇഡി ക്ലസ്റ്ററുകളുള്ള സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണവും പരുക്കൻ ഫ്രണ്ട് ബമ്പറും ടെക്റ്റണിന്റെ എസ്‌യുവി ആകർഷണം പൂർണമാക്കുന്നു. പിൻഭാഗത്ത് നിസാൻ്റെ ഗ്ലോബൽ മോഡലുകളിൽ കാണുന്ന സ്റ്റൈൽ പോലെ കണക്റ്റഡ് എൽഇഡി ടെയിൽ-ലൈറ്റ് ബാറും ചതുരാകൃതിയിലുള്ള ടെയിൽ ലാമ്പുകളും ടെക്റ്റണിന്റെ സവിശേഷതയാണ്.
റിയർ സ്‌പോയിലറും വലിയ അലോയ് വീലുകളും ഇതിന് ഒരു ഡൈനാമിക്, പ്രീമിയം എസ്‌യുവി ലുക്ക് നൽകുന്നു. അങ്ങനെ ലുക്കിന്റെ കാര്യത്തിൽ ആശാൻ അടിപൊളിയായിട്ടുണ്ടെന്ന് വേണം പറയാൻ. എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും പ്രീമിയമായിരിക്കും. ആംബിയന്റ് ലൈറ്റിംഗും ബ്രഷ്ഡ് മെറ്റലിൽ പൂർത്തിയാക്കിയ ഫുൾ-വിഡ്ത്ത് ട്രിം ഇൻസേർട്ടും ഉള്ള ഒരു സ്ലീക്ക്, ലെയേർഡ് ഡാഷ്‌ബോർഡ് ഡിസൈനാണ് ഇന്റീരിയർ ടീസർ എടുത്തുകാണിക്കുന്നത്.

വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, വെന്റിലേറ്റഡ് സീറ്റുകൾ, 360 ക്യാമറ, ADAS സ്യൂട്ട്, പ്രീമിയം അപ്ഹോൾസ്റ്ററി എന്നിവ നിസാൻ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കാം. അങ്ങനെയെങ്കിൽ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെ പുലികളെല്ലാം ഈ ജാപ്പനീസ് സുന്ദരന് മുന്നിൽ വീഴുമെന്നാണ് അനുമാനം.
CMF-B ആർക്കിടെക്ചറിൽ നിർമിക്കുന്ന വരാനിരിക്കുന്ന നിസാൻ ടെക്റ്റൺ റെനോ ഡസ്റ്ററുമായി അതിന്റെ പ്ലാറ്റ്‌ഫോം പങ്കിടും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പെട്രോൾ, ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനുകളും കമ്പനി അവതരിപ്പിച്ചേക്കുമെന്നാണ് അനുമാനം. ഉയർന്ന വേരിയന്റുകളിലാവും സ്ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യ കൊണ്ടുവരികയെന്ന് മാത്രം. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, മാരുതി വിക്ടോറിസ് എന്നിവയ്ക്ക് ബദലാവാൻ കഴിയുമോയെന്ന് അറിയാൻ കുറച്ച്കാലം കൂടി കാത്തിരിക്കേണ്ടി വരുമെന്ന് മാത്രം.


Click it and Unblock the Notifications








