ഇന്ത്യയിൽ ആർക്കും വേണ്ടാത്ത എസ്‌യുവി, ഈ രൂപത്തിൽ കണ്ടാൽ ആരായാലും മോഹിക്കും ഒന്ന് വാങ്ങാൻ
അന്താരാഷ്ട്ര വിപണികളിൽ നിസാൻ (Nissan) വമ്പൻ സെറ്റപ്പുള്ള കമ്പനിയാണെങ്കിലും നമ്മുടെ ഇന്ത്യയിൽ ഇതുവരെ കാര്യമായി ശോഭിക്കാൻ ജാപ്പനീസ് വാഹന നിർമാതാക്കൾക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്ന് വേണം പറയാൻ. മാഗ്നൈറ്റ് എന്നൊരു ഒറ്റ മോഡലിന്റെ കരുത്തിൽ പിടിച്ചുനിൽക്കുന്ന കമ്പനി ഇതിന് കൂട്ടായി X-ട്രെയിൽ എന്ന ഭീമനേയും കമ്പനി അടുത്തിടെ അവതരിപ്പിച്ചിരുന്നു. പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന എസ്‌യുവി പക്ഷേ ഇതുവരെ തിളങ്ങാനിയില്ലെന്നതാണ് സത്യം. വിദേശത്തെല്ലാം ചൂടപ്പം പോലെ വിറ്റഴിയുന്ന മോഡലിന്റെ ഉയർന്ന വില തന്നെയാണ് അതിന് കാരണം.
പക്ഷേ ഏതൊരാൾക്കും വാങ്ങാൻ തോന്നിക്കുന്ന അഴകിൽ X-ട്രെയിലിന്റെ നിസ്മോ സ്പോർട്ടിയർ പതിപ്പിനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് നിസാൻ. സ്വദേശമായ ജപ്പാനിലാണ് ഫുൾ-സൈസ് എസ്‌യുവിയുടെ ഈ മോഡൽ വിപണിയിൽ എത്തിയിരിക്കുന്നതെന്ന് മാത്രം. നിരവധി ഷാസി അപ്‌ഗ്രേഡുകളും ചില കോസ്‌മെറ്റിക് അപ്‌ഡേറ്റുകളുമായി വരുന്ന നിസ്‌മോ സ്റ്റാൻഡേർഡ് പതിപ്പുകളേക്കാൾ കിടിലമാണെന്ന് വേണം പറയാൻ.

X-ട്രെയിൽ നിസ്മോയിലെ ഏറ്റവും വലിയ നവീകരണം വരുന്ന ഷാസിയിലാണ് കേട്ടോ. സസ്‌പെൻഷൻ സ്ഥാപനമായ കെവൈബി വിതരണം ചെയ്യുന്ന പുതിയ വിംഗ്-വാൽവ് ഡാംപറുകൾ എസ്‌യുവിയിൽ ഒരുക്കിയിട്ടുണ്ട്. ബോഡി കൺട്രോളും റൈഡ് കംഫർട്ടും മെച്ചപ്പെടുത്താൻ പുതിയ സസ്‌പെൻഷൻ സഹായിച്ചിട്ടുണ്ടെന്ന് നിസാൻ പറയുന്നു. മിഷേലിൻ പൈലറ്റ് സ്‌പോർട് ഇവി ടയറുകളുള്ള വലിയ 20 ഇഞ്ച് അലോയ് വീലുകളും നിസ്മോയിൽ ഒരുക്കിയിട്ടുണ്ട്.
പുതിയ ഷാസി സജ്ജീകരണത്തെ ഉൾക്കൊള്ളുന്നതിനായി X-ട്രെയിൽ നിസ്മോയുടെ ഇലക്ട്രിക് പവർ സ്റ്റിയറിംഗിലും അപ്‌ഗ്രേഡുകൾ നൽകിയിട്ടുണ്ട്. 1.5 ലിറ്റർ, 3-സിലിണ്ടർ പെട്രോൾ എഞ്ചിൻ തന്നെയാണ് എസ്‌യുവിക്ക് തുടിപ്പേകുന്നത്. രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിൻ മോട്ടോറുകൾക്കുള്ള ഒരു ജനറേറ്ററായാണ് ഇവിടെ പ്രവർത്തിക്കുന്നത്.

ഒപ്പം ഓൾ-വീൽ ഡ്രൈവ് സംവിധാനവും വാഗ്‌ദാനം ചെയ്യുന്ന നിസാൻ X-ട്രെയിൽ നിസ്മോയ്ക്ക് മൊത്തം 204 bhp കരുത്തിൽ പരമാവധി 330 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. റിയർ വീലിലേക്ക് കൂടുതൽ പവർ അയയ്ക്കുന്നതിനായി നിസാൻ കാറിന്റെ ഓൾ-വീൽ-ഡ്രൈവ് സിസ്റ്റം ട്വീക്ക് ചെയ്തിട്ടുണ്ട്. ആയതിനാൽ സ്റ്റാൻഡേർഡ് പതിപ്പിനേക്കാൾ മികവോടെ പ്രവർത്തിക്കാൻ എസ്‌യുവിക്കാവും.
ഇനി ഡിസൈനിലേക്ക് നോക്കിയാൽ X-ട്രെയിൽ നിസ്മോയെ പുതിയ ഫ്രണ്ട്, റിയർ ബമ്പറുകളും ചെറുതായി നവീകരിച്ച ഗ്രില്ലും കൊണ്ടുവരുന്ന സ്പോർട്ടിയർ ബോഡി കിറ്റ് കൊണ്ട് മിനുക്കിയെടുക്കാനും നിസാന് സാധിച്ചിട്ടുണ്ട്. ഫ്രണ്ട് ബമ്പറിൽ ചുവന്ന ആക്സന്റുകളുള്ള സ്പ്ലിറ്റർ കൊടുത്തിരിക്കുന്നതും മനോഹരമാണ്. പിന്നിൽ, നിസ്മോ ബാഡ്ജിംഗ് ഉള്ള ഡിഫ്യൂസറും ഇടംപിടിച്ചിട്ടുണ്ടേ.

സ്റ്റാൻഡേർഡ് X-ട്രെയിലിനെ അപേക്ഷിച്ച് ഇത് എയറോഡൈനാമിക് ലിഫ്റ്റ് 29 ശതമാനം കുറയ്ക്കാൻ സഹായിച്ചതായി നിസാൻ പറയുന്നു. അകത്ത് കൂടുതൽ കട്ടിയുള്ള ബോൾസ്റ്റേർഡ് റെക്കാറോ ബക്കറ്റ് സീറ്റുകളുടെ ഓപ്ഷനും നിസ്മോയ്ക്ക് ലഭിക്കുന്നു. കച്ചോടം കൂട്ടുവാനായി എസ്‌യുവിയുടെ സ്പോർട്ടിയർ വേർഷൻ ഇന്ത്യൻ വിപണിയിലേക്ക് കൊണ്ടുവരുമോയെന്ന കാര്യം കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
മാഗ്നൈറ്റ് എന്നൊരു കൊച്ചുസൂപ്പർസ്റ്റാർ മാത്രം അരങ്ങുവാഴുന്ന നിസാന്റെ വലിയ വീട്ടിലേക്ക് ഏറെ പ്രതീക്ഷയോടെ കടന്നുവന്ന മോഡലായിരുന്നു X-ട്രെയിൽ. വിദേശവിപണികളിൽ ചൂടപ്പംപോലെ വിറ്റഴിഞ്ഞിരുന്ന വണ്ടി ഇന്ത്യയിലെത്തുമ്പോൾ കാര്യങ്ങൾ കൂടുതൽ ഉഷാറാവുമെന്നായിരുന്നു ജാപ്പനീസ് വാഹന നിർമാതാക്കളുടെ പ്രതീക്ഷ. എന്നാൽ ടൊയോട്ട ഫോർച്യൂണർ അരങ്ങുവാഴുന്ന ഡി-സെഗ്മെന്റ് എസ്‌യുവി വിഭാഗത്തിൽ തളർന്നുവീഴാനിയിരുന്നു വിധി. എങ്കിലും പോരാട്ടം തുടരാനാണ് നിസാന്റെ തീരുമാനം.


Click it and Unblock the Notifications








