21 ലക്ഷം വില കുറച്ചിട്ടും പോയ മാസം ആരും വാങ്ങിയില്ല ഈ എസ്‌യുവി, ഇതെല്ലാം കണ്ട് ടൊയോട്ട ചിരിക്കുന്നുണ്ടാവും
മാഗ്നൈറ്റ് എന്നൊരു കൊച്ചുസൂപ്പർസ്റ്റാർ മാത്രം അരങ്ങുവാഴുന്ന നിസാന്റെ വലിയ വീട്ടിലേക്ക് ഏറെ പ്രതീക്ഷയോടെ കടന്നുവന്ന മോഡലായിരുന്നു X-ട്രെയിൽ (Nissan X-Trail SUV). വിദേശവിപണികളിൽ ചൂടപ്പംപോലെ വിറ്റഴിഞ്ഞിരുന്ന വണ്ടി ഇന്ത്യയിലെത്തുമ്പോൾ കാര്യങ്ങൾ കൂടുതൽ ഉഷാറാവുമെന്നായിരുന്നു ജാപ്പനീസ് വാഹന നിർമാതാക്കളുടെ പ്രതീക്ഷ. എന്നാൽ ടൊയോട്ട ഫോർച്യൂണർ അരങ്ങുവാഴുന്ന ഡി-സെഗ്മെന്റ് എസ്‌യുവി വിഭാഗത്തിൽ തളർന്നുവീഴാനിയിരുന്നു വിധി. മാഗ്നൈറ്റിന് കൂട്ടായിട്ടെത്തിയ X-ട്രെയിലിന്റെ കുഴി നിസാൻ സ്വയം കുഴിച്ചതുപോലെയാണ് തോന്നിയത്. പൂർണമായും വിദേശത്ത് നിർമിച്ച് വിപണനത്തിന് എത്തിച്ച വണ്ടിക്ക് അന്യായ വിലയാണ് ബ്രാൻഡ് ചോദിച്ചത്.
ഏകദേശം 49.92 ലക്ഷം രൂപയാണ് CBU യൂണിറ്റായി എത്തിയ നിസാന്റെ ഫുൾ-സൈസ് എസ്‌യുവിക്കായി കൊടുക്കേണ്ടി വന്നിരുന്നത്. ഇക്കാരണത്താൽ ആരും മൈൻഡ് ചെയ്യാതിരുന്നതോടെ വിൽപ്പന കണക്കുകളിലും X-ട്രെയിലിന് ആകെ നിരാശയായിരുന്നു ഫലം. 2025 ജൂണിൽ വാഹനത്തിന്റെ ഒരൊറ്റ യൂണിറ്റ് പോലും വിറ്റുപോയില്ലെന്നതാണ് സത്യം.

2025 മെയ് മാസത്തിൽ 20 യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ടപ്പോൾ ജൂണിൽ വിൽപ്പന പൂജ്യമായിരുന്നു. നിസാൻ X-ട്രെയിലിന് നിലവിൽ ഇന്ത്യൻ ഉപഭോക്താക്കളുമായി ഒരു പ്രത്യേക ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കണക്കുകൾ വ്യക്തമായി സൂചിപ്പിക്കുന്നു. വില കൂടുതലായതിനാലാണ് ആളുകൾ അടുക്കാത്തത് എന്നുമനസിലാക്കിയ നിസാൻ അടുത്തിടെ വാഹനത്തിന് ഏകദേശം 21 ലക്ഷം രൂപയുടെ ഡിസ്‌കൌണ്ട് ഓഫറാണ് വാഗ്‌ദാനം ചെയ്‌തത്.
എന്നിട്ടും വിൽപ്പന കാര്യമായി ഉയരാതിരിക്കുന്നത് ജാപ്പനീസ് ബ്രാൻഡിന് ആശങ്കയുയർത്തുന്ന കാര്യമാണ്. ആധുനിക രൂപഭംഗി, ആഗോള രൂപകൽപ്പന എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകൾ. മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും വ്യത്യസ്ത ഡ്രൈവിംഗ് മോഡുകൾ എന്നിവയുള്ളതിനാൽ X-ട്രെയിൽ ശരിക്കും കിടിലനൊരു ഫുൾ-സൈസ് എസ്‌യുവിയാണെന്നതാണ് സത്യം.

അത്രയ്ക്ക് മോശക്കാരനൊന്നുമല്ലാത്തതിനാലാവാം കമ്പനി വില 50 ലക്ഷത്തോളം ചോദിച്ചത് എന്നാണ് മനസിലാക്കാനാവുന്നത്. നിസാന്റെ 7-സീറ്റർ എസ്‌യുവിക്ക് തുടിപ്പേകാൻ എത്തിയിരിക്കുന്നത് 12V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയിരിക്കുന്ന 1.5 ലിറ്റർ ത്രീ-സിലിണ്ടർ പെട്രോൾ എഞ്ചിനാണ്. സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിന് 160 bhp പവറിൽ പരമാവധി 300 Nm torque വരെ ഉത്പാദിപ്പിക്കാനാവും.
ചെറിയ ശേഷിയാണെങ്കിലും എഞ്ചിനിൽ വേരിയബിൾ കംപ്രഷൻ സാങ്കേതികവിദ്യയും ടർബോചാർജറുമുള്ളതിനാൽ മികച്ച പവർ ഡെലിവറിക്കൊപ്പം ഗംഭീര മൈലേജും തരുന്നുണ്ട്. ഓട്ടോമാറ്റിക് സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റം പോലുള്ള ഇന്ധനക്ഷമത കൈവരിക്കാനുള്ള ടെക്‌നിക്കുകളും ഈ ഫോറിൻ എസ്‌യുവിയിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. 13.7 കിലോമീറ്റർ മൈലേജാണ് നിസാൻ X-ട്രെയിലിൽ അവകാശപ്പെടുന്നത്.

സെഗ്മെന്റിലെ മറ്റ് എതിരാളികളിൽ നിന്ന് വ്യത്യസ്തമായി ഈ ഫുൾ-സൈസ് എസ്‌യുവി ഫ്രണ്ട്-വീൽ ഡ്രൈവ് കോൺഫിഗറേഷനോട് കൂടി മാത്രമാണ് വരുന്നത്. ഇന്റീരിയറിൽ 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് സ്‌മാർട്ട്‌ഫോൺ ചാർജർ, ഡ്യുവൽ-പാൻ പനോരമിക് സൺറൂഫ്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ,കീലെസ് എൻട്രി ആൻഡ് ഗോ തുടങ്ങിയ ഫീച്ചറുകളെല്ലാം X-ട്രെയിലിലുണ്ട്.
ഇതോടൊപ്പം വ്യത്യസ്‌ത ഡ്രൈവ് മോഡുകൾ, ഓട്ടോ-ഹോൾഡ് ഫംഗ്ഷൻ, ക്രൂയിസ് കൺട്രോൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, 7 എയർബാഗുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, മുന്നിലും പിന്നിലും പാർക്കിംഗ് സെൻസറുകൾ, 360-ഡിഗ്രി ക്യാമറ എന്നിവയും നിസാന്റെ പ്രീമിയം 7-സീറ്റർ എസ്‌യുവിയുടെ ഭാഗമാണ്. 7-സീറ്റർ വാഹനമായതിനാൽ തന്നെ യാത്രക്കാരുടെ സൌകര്യത്തിമായി രണ്ടാമത്തെ വരിയിൽ 40/20/40 സ്പ്ലിറ്റ്-ഫോൾഡിംഗ്, സ്ലൈഡിംഗ്, റീക്ലൈനിംഗ് ഫംഗ്ഷനുകളും നിസാൻ വാഗ്‌ദാനം ചെയ്യുന്നുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








