ഫോർച്യൂണറിനെ തീർക്കാൻ വന്ന ജാപ്പനീസ് സുന്ദരൻ, കഴിഞ്ഞ രണ്ട് മാസത്തെ കച്ചോടം എത്രയാണെന്ന് അറിയണോ
നിസാൻ എന്ന് കേൾക്കുമ്പോഴേ പലരുടേയും മനസിലേക്ക് ഇപ്പോൾ ഓടിയെത്തുന്ന പേര് മാഗ്നൈറ്റ് എന്ന കുഞ്ഞൻ എസ്‌യുവിയുടേതാവും. ഹാച്ച്ബാക്ക് വാങ്ങുന്ന വിലയ്ക്ക് ഇന്ത്യക്കാരെ സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളിലേക്ക് ആവാഹിച്ച ജാപ്പനീസ് ബ്രാൻഡ് കൂട്ടിനായി മറ്റൊരു തട്ടുപൊളിപ്പൻ മോഡലിനേയും രാജ്യത്തിനായി സമർപ്പിച്ചിരുന്നു. മറ്റേതുമല്ല നിസാൻ X-ട്രെയിൽ എന്ന ഭീമനെയാണ് കമ്പനി കൊണ്ടുവന്നത്. മുമ്പ് ഇന്ത്യയിൽ അവതരിപ്പിച്ച് പാളിപ്പോയിരുന്നുവെങ്കിലും ടൊയോട്ട ഫോർച്യൂണർ അരങ്ങുവാഴുന്ന ഫുൾ-സൈസ് എസ്‌യുവി വിഭാഗത്തിലേക്ക് രാജകീയമായാണ് രണ്ടാംവരവ് നടത്തിയത്. എന്നാൽ വണ്ടി സ്വന്തമാക്കാൻ കൊടുക്കേണ്ട വില കേട്ട് പലരും ഞെട്ടിത്തരിക്കുകയും ചെയ്‌തിരുന്നു.
പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന X-ട്രെയിലിന് 63.60 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. ഇത്രയും ഉയർന്ന വിലയുണ്ടെങ്കിൽ മറ്റേതെങ്കിലും ആഡംബര കാർ വാങ്ങുകയോ അല്ലെങ്കിൽ മെയിന്റനെൻസ് കുറവുള്ള ടൊയോട്ട ഫോർച്യൂണർ തന്നെ വാങ്ങിക്കാല്ലോ എന്നാവും പലരുടേയും ചിന്ത. വില നിർണയത്തിൽ കമ്പനിക്ക് പാളിയെന്നാണ് പലരുടേയും വിലയിരുത്തൽ.

അത് തെളിയിക്കുന്നതാണ് നിസാൻ X-ട്രെയിലിന്റെ വിൽപ്പന കണക്കുകളും. 2025 ഫെബ്രുവരിയിലെ നിസാന്റെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ മൊത്തത്തിൽ 2,328 യൂണിറ്റുകളാണ് കമ്പനിക്ക് വിറ്റഴിക്കാനായത്. ഇതിൽ വലിയ എസ്‌യുവിയുടെ സംഭാവനയാവട്ടെ വട്ടപൂജ്യവുമാണ്. പ്രീമിയം എസ്‌യുവിയായ X-ട്രെയിൽ തുടർച്ചയായ രണ്ടാം മാസവും വിൽപ്പന രേഖപ്പെടുത്തിയില്ല.
കഴിഞ്ഞ ആറ് മാസത്തെ X-ട്രെയിലിന്റെ വിൽപ്പന കണക്കുകൾ ആശങ്കാജനകമാണ്. ഈ കാലയളവിൽ എസ്‌യുവിയുടെ 16 യൂണിറ്റുകൾ മാത്രമേ വിൽക്കാൻ കഴിഞ്ഞുള്ളൂ. പ്രീമിയം വണ്ടിയായതിനാൽ കമ്പനിക്ക് ഇതൊരു തലവേദന അല്ലെങ്കിലും ഭാവിയിൽ ഈ വെല്ലുവിളി മറികടക്കാൻ എന്തെങ്കിലും പോംവഴി കണ്ടേ മതിയാവൂ. 2024 സെപ്റ്റംബറിലാണ് നിസാന്റെ വിദേശ കാർ വാങ്ങാൻ ഏറ്റവും കൂടുതൽ ആളുകൾ എത്തിയത്.

ആ മാസം X-ട്രെയിലിന്റെ 13 യൂണിറ്റുകളാണ് കമ്പനി നിരത്തിലെത്തിച്ചത്. 2025 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വിൽപ്പനയുടെ അഭാവം വരും മാസങ്ങളിൽ മറികടക്കാനായേക്കും. വിദേശത്ത് നിർമിച്ച് ഇങ്ങെത്തിക്കുന്നതിനാൽ നിർമാണ നിലവാരത്തിലെല്ലാം ഫുൾ-സൈസ് എസ്‌യുവി വേറെ ലെവലാണ് കേട്ടോ. നിരവധി നൂതന സുരക്ഷാ സവിശേഷതകളാൽ സമ്പന്നവുമാണ് കക്ഷി.
ഏഴ് എയർബാഗുകൾ, ഓട്ടോ-ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, റെയിൻ സെൻസിംഗ് വൈപ്പറുകൾ, മുന്നിലും പിന്നിലും പാർക്കിംഗ് സെൻസറുകൾ, 360-ഡിഗ്രി ക്യാമറ എന്നിവയെല്ലാം വണ്ടിയിലുണ്ട്. ധാരാളം സോഫ്റ്റ്-ടച്ച് മെറ്റീരിയലുകളുള്ള ഡാർക്ക് തീമിലാണ് X-ട്രെയിലിന്റെ അകത്തളം പണികഴിപ്പിച്ചിരിക്കുന്നത്. 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഫ്ലോട്ടിംഗ് 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയെല്ലാം രാജകീയമായ യാത്രയാവും സമ്മാനിക്കുക.

ഇതുകൂടാതെ ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, വയർലെസ് ഫോൺ ചാർജർ, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ, പനോരമിക് സൺറൂഫ്, കീലെസ് എൻട്രി ആൻഡ് ഗോ, ഡ്രൈവ് മോഡുകൾ, ഓട്ടോ-ഹോൾഡ് ഫംഗ്ഷൻ, ക്രൂയിസ് കൺട്രോൾ, രണ്ടാമത്തെ വരിയിൽ 40/20/40 സ്പ്ലിറ്റ്-ഫോൾഡിംഗ്, സ്ലൈഡിംഗ്, റീക്ലൈനിംഗ് ഫംഗ്ഷനുകൾ, മൂന്നാമത്തെ വരിയിൽ 50/50 സ്പ്ലിറ്റ്-ഫോൾഡിംഗ്, റിക്ലൈനിംഗ് ഫംഗ്ഷനുകൾ എന്നിവയും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്.
നിസാന്റെ 7-സീറ്റർ എസ്‌യുവിക്ക് തുടിപ്പേകാൻ എത്തിയിരിക്കുന്നത് 12V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയിരിക്കുന്ന 1.5 ലിറ്റർ ത്രീ-സിലിണ്ടർ പെട്രോൾ എഞ്ചിനാണ്. സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിന് 160 bhp പവറിൽ പരമാവധി 300 Nm torque വരെ ഉത്പാദിപ്പിക്കാനാവും. എഞ്ചിനിൽ വേരിയബിൾ കംപ്രഷൻ സാങ്കേതികവിദ്യയും ടർബോചാർജറുമുള്ളതിനാൽ മികച്ച പവർ ഡെലിവറിക്കൊപ്പം ഗംഭീര മൈലേജും തരുന്നുണ്ട്.

ഓട്ടോമാറ്റിക് സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റം പോലുള്ള ഇന്ധനക്ഷമത കൈവരിക്കാനുള്ള ടെക്‌നിക്കുകളും ഈ ഫോറിൻ എസ്‌യുവിയിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.13.7 കിലോമീറ്റർ മൈലേജാണ് നിസാൻ X-ട്രെയിലിൽ അവകാശപ്പെടുന്നത്. സെഗ്മെന്റിലെ മറ്റ് എതിരാളികളിൽ നിന്ന് വ്യത്യസ്തമായി ഈ ഫുൾ-സൈസ് എസ്‌യുവി ഫ്രണ്ട്-വീൽ ഡ്രൈവ് കോൺഫിഗറേഷനോട് കൂടി മാത്രമാണ് വരുന്നത്.


Click it and Unblock the Notifications








