5 മാസമായി ഒന്ന് പോലും വിറ്റില്ല, ഫോർച്യൂണറിനെ തീർക്കുമെന്ന് പറഞ്ഞെത്തിയ നിസാൻ എസ്‌യുവി വാങ്ങാൻ ഇവിടെ ആളില്ല
ഇന്ത്യയിൽ വലിയ ഇമേജ് ഒന്നുമില്ലെങ്കിലും ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാന് വിദേശ രാജ്യങ്ങളിലുള്ളത് വമ്പൻ ഫാൻബേസാണ്. ഇവിടെ ഒരു മാഗ്നൈറ്റ് എസ്‌യുവി മാത്രം പുറത്തിറക്കുന്ന കമ്പനി ആഗോള വിപണികളിൽ വലിയ സ്പോർട്‌സ് കാറുകൾ വരെയാണ് പണിതിറക്കുന്നത്. ഇന്ത്യയിൽ ജീവശ്വാസം അവസാനിക്കാറായിടത്ത് നിന്നും ജീവൻ തിരിച്ചുപിടിച്ച വാഹന നിർമാതാക്കളാണ് നിസാൻ. അതിന് സഹായിച്ചത് മാഗ്നൈറ്റ് എന്ന കോംപാക്‌ട് സ്പോർട് യൂട്ടിലിറ്റി വാഹനമാണ്. ഹാച്ച്ബാക്കുകളുടെ വിലയിൽ എസ്‌യുവിയെത്തിയതോടെ ജനങ്ങൾ ഇടിച്ചുകയറാനും തുടങ്ങി. ഈ മോഡൽ കമ്പനിയുടെ ഇമേജ് തന്നെ ഉയർത്താനും സഹായിച്ചു.
പിന്നാലെ കൂടുതൽ എസ്‌യുവികൾ ഇന്ത്യക്കാർക്ക് സമ്മാനിക്കാനും നിസാൻ തയാറായി. അങ്ങനെയാണ് പണ്ട് പുറത്തിറക്കി തകർന്ന X-ട്രെയിൽ എന്ന വമ്പൻ എസ്‌യുവി പുനരവതരിപ്പിക്കാൻ നിസാൻ തയാറാവുന്നത്. അതും ടൊയോട്ട ഫോർച്യൂണർ പോലുള്ള വമ്പൻമാർ അരങ്ങുവാഴുന്ന ഫുൾ-സൈസ് എസ്‌യുവി സെഗ്മെൻ്റിലേക്കാണ് ആശാൻ കടന്നുവന്നതും. പൂർണമായും വിദേശത്ത് നിർമിച്ച് വിപണനത്തിന് എത്തിച്ച വണ്ടിക്ക് അന്യായ വിലയാണ് ബ്രാൻഡ് നിശ്ചയിച്ചത്.

ഏകദേശം 49.92 ലക്ഷം രൂപയാണ് CBU യൂണിറ്റായി എത്തിയ ഫുൾ-സൈസ് എസ്‌യുവിക്കായി കൊടുക്കേണ്ടി വന്നിരുന്ന എക്സ്ഷോറൂം വില. ടാക്‌സും ഇൻഷുറൻസും എല്ലാമായി ഓൺ-റോഡിലെത്തുമ്പോൾ വില 60 ലക്ഷത്തിനും മുകളിൽ പോയിരുന്നു. ടൊയോട്ട ഫോർച്യൂണർ പോലുള്ള വമ്പൻമാരോട് മല്ലിടാനെത്തിയ നിസാന്റെ പ്ലാൻ പൊളിഞ്ഞതോടെ X-ട്രെയിലിന്റെ വിൽപ്പന പലമാസവും പൂജ്യം യൂണിറ്റുകളായിരുന്നു.
അതായത് അങ്ങനെയാരും വാങ്ങാനായി എത്തിയില്ലെന്ന് ചുരുക്കം. 2025 ഒക്ടോബറിൽ ഈ എസ്‌യുവിയുടെ ഒരു യൂണിറ്റ് പോലും വിറ്റുപോയില്ല. കഴിഞ്ഞ 5 മാസമായി വിൽപ്പന വട്ടപൂജ്യം എന്നതാണ് അതിലും ഞെട്ടിപ്പിക്കുന്ന കാര്യം. പോയ മെയ് മാസത്തിലാണ് നിസാൻ X-ട്രെയിലിൻ്റെ 20 യൂണിറ്റുകൾ അവസാനമായി വിറ്റുപോയത്. പിന്നീട് ജൂൺ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ മോഡലിനെ സ്വന്തമാക്കാൻ ആരും തയാറായിട്ടില്ല.

2025 മെയ് മാസത്തിനുശേഷം അക്കൗണ്ട് തുറക്കാനാവാത്തത് നിസാന് വലിയ തിരിച്ചടിയാണെന്ന് പറയാതെ വയ്യ. ഇന്ത്യൻ ഉപഭോക്താക്കൾക്ക് പ്രീമിയം അനുഭവം നൽകുക എന്ന ലക്ഷ്യത്തോടെ നിസാൻ അവതരിപ്പിച്ച D1-സെഗ്മെന്റ് എസ്‌യുവിയാണ് X-ട്രെയിൽ. മോഡേണും ഗ്ലോബലുമായ നിസാൻ്റെ രൂപകൽപ്പനയും വാഹനത്തിൻ്റെ ഹൈലൈറ്റുകളായിരുന്നുവെങ്കിലും ഇത്രയും ഉയർന്ന വിലയ്ക്കുള്ള സാധനമില്ലെന്നാണ് പലരും പറയുന്നത്.
നിസാൻ അടുത്തിടെ വാഹനത്തിന് ഏകദേശം 21 ലക്ഷം രൂപയുടെ ഡിസ്‌കൌണ്ട് ഓഫർ വരെ വാഗ്‌ദാനം ചെയ്‌തിട്ട് പോലും ആരും തിരിഞ്ഞുനോക്കിയില്ല. മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും വ്യത്യസ്ത ഡ്രൈവിംഗ് മോഡുകൾ എന്നിവയുള്ളതിനാൽ X-ട്രെയിൽ ശരിക്കും കിടിലനൊരു ഫുൾ-സൈസ് എസ്‌യുവിയാണ്. ആഡംബരം നിറഞ്ഞ അകത്തളവും മോഡലിൽ ഒരുക്കിയിരുന്നു. 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് സ്‌മാർട്ട്‌ഫോൺ ചാർജർ പോലുള്ള ആധുനിക ഫീച്ചറുകളാൽ സമ്പന്നമാണ് നിസാൻ എസ്‌യുവി.

കഴിഞ്ഞില്ല, ഡ്യുവൽ-പാൻ പനോരമിക് സൺറൂഫ്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ,കീലെസ് എൻട്രി ആൻഡ് ഗോ, ഡ്രൈവ് മോഡുകൾ, ഓട്ടോ-ഹോൾഡ് ഫംഗ്ഷൻ, ക്രൂയിസ് കൺട്രോൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, 7 എയർബാഗുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, 360-ഡിഗ്രി ക്യാമറ പോലുള്ള അൾട്രാ മോഡേൺ ടെക്കുകളാലും നിസാൻ പ്രീമിയം 7-സീറ്റർ എസ്‌യുവി സമ്പന്നനാണ്.
7-സീറ്റർ വാഹനമായതിനാൽ തന്നെ യാത്രക്കാരുടെ സൌകര്യത്തിമായി രണ്ടാമത്തെ വരിയിൽ 40/20/40 സ്പ്ലിറ്റ്-ഫോൾഡിംഗ്, സ്ലൈഡിംഗ്, റീക്ലൈനിംഗ് ഫംഗ്ഷനുകളും നിസാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. 12V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയിരിക്കുന്ന 1.5 ലിറ്റർ ത്രീ-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് X-ട്രെയിലിന്റെ ഹൃദയം. സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിന് 160 bhp പവറിൽ പരമാവധി 300 Nm torque വരെ ഉത്പാദിപ്പിക്കാനാവും.
എഞ്ചിനിൽ വേരിയബിൾ കംപ്രഷൻ സാങ്കേതികവിദ്യയും ടർബോചാർജറുമുള്ളതിനാൽ മികച്ച പവർ ഡെലിവറിക്കൊപ്പം ഗംഭീര മൈലേജും തരുന്നുണ്ട്. ഓട്ടോമാറ്റിക് സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റം പോലുള്ള ഇന്ധനക്ഷമത കൈവരിക്കാനുള്ള ടെക്‌നിക്കുകളും ഈ ഫോറിൻ എസ്‌യുവിയിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. 13.7 കിലോമീറ്റർ മൈലേജാണ് നിസാൻ X-ട്രെയിലിൽ അവകാശപ്പെടുന്നത്. അങ്ങനെ വില നിർണയത്തിൽ പാളിപ്പോയ ഫുൾ-സൈസ് എസ്‌യുവി വാങ്ങാൻ ആളില്ലാത്തതിനാൽ ഇനി അധികം വൈകാതെ നിർത്തലാക്കാനാണ് സാധ്യത.


Click it and Unblock the Notifications








