ഒടുവിൽ വാങ്ങാൻ ആളുകൾ എത്തി, പൂജ്യത്തിൽ നിന്നും നിസാൻ എസ്‌യുവിയുടെ വിൽപ്പന 20-ലേക്ക്! കാരണം വലിയ ഓഫർ തന്നെ
ഇന്ത്യയിൽ ജീവശ്വാസം അവസാനിക്കാറായിടത്ത് നിന്നും ജീവൻ തിരിച്ചുപിടിച്ച വാഹന നിർമാതാക്കളാണ് നിസാൻ. ആരും കയറാതിരുന്ന ഷോറൂമുകളിലേക്ക് പൊരുന്നാളിന്റെ തിരക്ക് കൊണ്ടുവന്ന വണ്ടിയാണ് മാഗ്നൈറ്റ്. ഹാച്ച്ബാക്കിന്റെ വിലയ്ക്ക് എസ്‌യുവി പണിതിറക്കി ജനപ്രിയരായി മാറിയ ജാപ്പനീസ് ബ്രാൻഡ് ഇന്ന് പലരുടേയും ഇഷ്‌ട കമ്പനികളിൽ ഒന്നാണ്. ഏറെക്കാലം തനിയൊരുവനായി വിപണിയിൽ പിടിച്ചുനിന്ന മാഗ്നൈറ്റിന് കൂട്ടായി X-ട്രെയിൽ എന്ന വമ്പനെ കഴിഞ്ഞ വർഷം നിസാൻ പുറത്തിറക്കുകയുണ്ടായി. പൂർണമായും വിദേശത്ത് നിർമിച്ച് വിപണനത്തിന് എത്തിച്ച വണ്ടിക്ക് അന്യായ വിലയാണ് ബ്രാൻഡ് ചോദിച്ചത്. ഏകദേശം 63 ലക്ഷത്തിന് മുകളിലാണ് CBU യൂണിറ്റായി എത്തിയ ഫുൾ-സൈസ് എസ്‌യുവിക്കായി കൊടുക്കേണ്ടി വന്നിരുന്നത്.
ഇതറിഞ്ഞതോടെ പലരും വാങ്ങാനുള്ള പ്ലാൻ ഉപേക്ഷിച്ചുവെന്നാണ് കേട്ടത്. 49.92 ലക്ഷം രൂപ എക്സ്ഷോറൂം വിലയിൽ ടൊയോട്ട ഫോർച്യൂണർ പോലുള്ള വമ്പൻമാരോട് മല്ലിടാനെത്തിയ നിസാന്റെ പ്ലാൻ പൊളിഞ്ഞതോടെ X-ട്രെയിലിന്റെ വിൽപ്പന പലമാസവും പൂജ്യം യൂണിറ്റുകളായിരുന്നു. എന്നാൽ ഇത് മനസിലാക്കിയ കമ്പനി ഇടയ്ക്ക് ഷോറൂമുകൾ വഴി എസ്‌യുവിക്ക് അന്യായ ഓഫറുകൾ പ്രഖ്യാപിച്ച് ഞെട്ടിച്ചിരുന്നു.

അതായത് ഏകദേശം 21 ലക്ഷം രൂപയുടെ ഡിസ്‌കൌണ്ട് ഓഫറാണ് നിസാൻ X-ട്രെയിലിനായി അവതരിപ്പിച്ചത്. ഇതിൽ ഫ്ലാറ്റായ പലരും എസ്‌യുവി വാങ്ങാനെത്തുകയും ചെയ്‌തു. അങ്ങനെ പോയ മാസങ്ങളിൽ പണംവാരാനും ജാപ്പനീസ് ബ്രാൻഡിനായി. 2025 ഏപ്രിൽ മാസത്തിൽ 76 യൂണിറ്റുകൾ വിറ്റഴിച്ച കമ്പനി 2025 മെയ് മാസത്തിൽ 20 യൂണിറ്റുകളുടെ വിൽപ്പനയും കൈവരിച്ചുവെന്നാണ് കണക്കുകൾ. എന്നാഷ ഏപ്രിലിലെ അപേക്ഷിച്ച് കച്ചോടത്തിൽ വലിയൊരു നഷ്‌ടം സംഭവിച്ചിട്ടുണ്ട്.
2025 മാർച്ചിൽ എസ്‌യുവിയുടെ 15 യൂണിറ്റുകളും കമ്പനി വിറ്റഴിച്ചിരുന്നു. എങ്കിലും ഇപ്പോഴും ആളുകൾ വാങ്ങാനെത്തുന്നതിൽ നിസാൻ ഹാപ്പിയാണ്. കാരണം പല മാസങ്ങളിലും വിൽപ്പന പൂജ്യമായി തുടർന്നിരുന്ന സന്ദർഭത്തിൽ നിന്നും ആളുകളെ X-ട്രെയിൽ വാങ്ങാൻ ഷോറൂമുകളിൽ എത്തിച്ച തന്ത്രം വിജയം കണ്ടത് തന്നെയാണ്. ഇന്ത്യൻ ഉപഭോക്താക്കൾക്ക് പ്രീമിയം അനുഭവം നൽകുക എന്ന ലക്ഷ്യത്തോടെ നിസാൻ അവതരിപ്പിച്ച D1-സെഗ്മെന്റ് എസ്‌യുവിയാണ് X-ട്രെയിൽ.

ആധുനിക രൂപഭംഗി, ആഗോള രൂപകൽപ്പന എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകൾ. മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും വ്യത്യസ്ത ഡ്രൈവിംഗ് മോഡുകൾ എന്നിവയുള്ളതിനാൽ ആള് അത്രയ്ക്ക് മോശക്കാരനൊന്നുമല്ല കേട്ടോ. ഒപ്പം ആഡംബരം നിറഞ്ഞ ഇന്റീരിയറിൽ 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് സ്‌മാർട്ട്‌ഫോൺ ചാർജർ പോലുള്ള ആധുനിക ഫീച്ചറുകളും നിസാൻ ചേർത്തിട്ടുണ്ട്.
ഡ്യുവൽ-പാൻ പനോരമിക് സൺറൂഫ്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ,കീലെസ് എൻട്രി ആൻഡ് ഗോ, ഡ്രൈവ് മോഡുകൾ, ഓട്ടോ-ഹോൾഡ് ഫംഗ്ഷൻ, ക്രൂയിസ് കൺട്രോൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, 7 എയർബാഗുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, മുന്നിലും പിന്നിലും പാർക്കിംഗ് സെൻസറുകൾ, 360-ഡിഗ്രി ക്യാമറ എന്നിവയും നിസാന്റെ പ്രീമിയം 7-സീറ്റർ എസ്‌യുവിയുടെ ഭാഗമാണ്.

7-സീറ്റർ വാഹനമായതിനാൽ തന്നെ യാത്രക്കാരുടെ സൌകര്യത്തിമായി രണ്ടാമത്തെ വരിയിൽ 40/20/40 സ്പ്ലിറ്റ്-ഫോൾഡിംഗ്, സ്ലൈഡിംഗ്, റീക്ലൈനിംഗ് ഫംഗ്ഷനുകളും നിസാൻ ഒരുക്കിയിട്ടുണ്ട്. 12V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയിരിക്കുന്ന 1.5 ലിറ്റർ ത്രീ-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് X-ട്രെയിലിന്റെ ഹൃദയം. സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിന് 160 bhp പവറിൽ പരമാവധി 300 Nm torque വരെ ഉത്പാദിപ്പിക്കാനാവും.
എഞ്ചിനിൽ വേരിയബിൾ കംപ്രഷൻ സാങ്കേതികവിദ്യയും ടർബോചാർജറുമുള്ളതിനാൽ മികച്ച പവർ ഡെലിവറിക്കൊപ്പം ഗംഭീര മൈലേജും തരുന്നുണ്ട്. 13.7 കിലോമീറ്റർ മൈലേജാണ് നിസാൻ X-ട്രെയിലിൽ അവകാശപ്പെടുന്നത്. സെഗ്മെന്റിലെ മറ്റ് എതിരാളികളിൽ നിന്ന് വ്യത്യസ്തമായി ഈ ഫുൾ-സൈസ് എസ്‌യുവി ഫ്രണ്ട്-വീൽ ഡ്രൈവ് കോൺഫിഗറേഷനോട് കൂടി മാത്രമാണ് വരുന്നത്.


Click it and Unblock the Notifications








