ഈ എസ്‌യുവി വാങ്ങിയാൽ റോഡ് ടാക്‌സിന് നയാ പൈസ വേണ്ട, പുതിയ സർക്കാർ നയം അറിയാത്തവർ ഇനിയുമുണ്ടാവും
ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ അതത് വാഹന നിർമാതാക്കളും കേന്ദ്ര, സംസ്ഥാന സർക്കാരുകളും വലിയ പ്രോത്സാഹനങ്ങളാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി നൽകിക്കൊണ്ടിരിക്കുന്നത്. ഒരു വശത്ത് കമ്പനികൾ ഇലക്ട്രിക് കാറുകൾക്ക് വലിയ ഡിസ്‌കൗണ്ടുകളും, ബാറ്ററികൾക്ക് ലൈഫ് ടൈം വാറണ്ടി പോലുള്ള ഓഫറുകളും കൊണ്ടുവരുമ്പോൾ മറുവശത്ത് കേന്ദ്ര സർക്കാരിനൊപ്പം സംസ്ഥാന സർക്കാരും ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട് വ്യത്യസ്ത നയങ്ങൾ രൂപീകരിക്കുന്നുണ്ട്. അതുവഴി ഉപഭോക്താക്കൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാക്കുക എന്നതാണ് ഉദ്ദേശം. അങ്ങനെ പരമ്പരാഗത ഇന്ധനങ്ങൾ ഉപയോഗിക്കുന്നവർ പോലും ഇവികളിൽ ആകൃഷ്‌ടരാവുന്നുണ്ട്.
ഇപ്പോഴിതാ ടാറ്റയുടെ ഏറ്റവും പുതിയ ഹാരിയർ ഇവി വാങ്ങുന്നവർക്ക് റോഡ് ടാക്‌സ് അടയ്ക്കാതെ തന്നെ വാഹനം സ്വന്തമാക്കാനുള്ള അവസരം കൈവന്നിരിക്കുകയാണ്. പക്ഷേ സംഭവം കേരളത്തിലല്ല കേട്ടോ. മലയാളികൾ ഏറെയുള്ള കർണാടകയിലാണ് സംഭവം. അവിടുത്തെ സംസ്ഥാന സർക്കാർ റോഡ് നികുതി നയത്തിൽ നിരവധി ഭേദഗതികൾ വരുത്തിയതോടെയാണ് ഇലക്ട്രിക് വാഹനം വാങ്ങാനിരുന്നവർക്ക് ലോട്ടറിയടിച്ചത്.

കർണാടക റോഡ് നികുതി നയത്തിൽ വരുത്തിയ പുതിയ ഭേദഗതി അനുസരിച്ച് 25 ലക്ഷം രൂപയിൽ കൂടുതൽ എക്സ്ഷോറൂം വിലയുള്ള ഇലക്ട്രിക് കാറുകൾക്ക് എക്സ്ഷോറൂം വിലയുടെ 10 ശതമാനത്തിന് തുല്യമായ റോഡ് നികുതി തുക അടച്ചാൽ മതിയാവും. അതിനർഥം 25 ലക്ഷത്തിന് താഴെ വിലയുള്ള ഇവി വാങ്ങിയാൽ നയാപൈസ റോഡ് ടാക്‌സ് കൊടുക്കേണ്ടന്ന് തന്നെയാണ്. ഇവിടെയാണ് ടാറ്റയ്ക്ക് കോളടിച്ചത്.
ടാറ്റ ഹാരിയർ ഇവിയുടെ ലോംഗ് റേഞ്ച് വേരിയന്റ് വാങ്ങുന്നത് കൂടുതൽ എളപ്പമുള്ള പരിപാടിയായിട്ടുണ്ടെന്ന് ചുമ്മാതെ പറഞ്ഞതല്ല കേട്ടോ. ടാറ്റ ഹാരിയർ ഇവിയുടെ ഫിയർലെസ് പ്ലസ് 75kWh വേരിയന്റിന്റെ എക്സ്ഷോറൂം വില 24.99 ലക്ഷം രൂപയാണ്. ഈ സാഹചര്യത്തിൽ ഹാരിയർ ഇവിയുടെ ഈ വേരിയന്റ് വാങ്ങുന്നവർക്ക് റോഡ് ടാക്‌സ് അടയ്ക്കേണ്ടതില്ല. ഒപ്പം 2.50 ലക്ഷം രൂപയുടെ ലാഭവും പോക്കറ്റിലിരിക്കും.

മഹീന്ദ്രയുടെ XEV 9e വാങ്ങിനിരിക്കുന്നവരെല്ലാം ഇനി കൂട്ടത്തോടെ ഹാരിയർ ഇവി ബുക്ക് ചെയ്യാനെത്തുമോ എന്നാണ് ടാറ്റ മോട്ടോർസ് കാത്തിരിക്കുന്നത്. കാരണം 26.50 ലക്ഷം രൂപ വരുന്നതിനാൽ ഈ ഇലക്ട്രിക് എസ്‌യുവിക്ക് 10 ശതമാനം റോഡ് നികുതി നൽകേണ്ടതായി വരും. കർണാടക റോഡ് ടാക്സ് നയത്തിൽ വരുത്തിയ ഏറ്റവും പുതിയ പരിഷ്ക്കരണം കേരളം പോലുള്ള സംസ്ഥാനങ്ങളും മാതൃകയാക്കേണ്ടതാണെന്നാണ് വണ്ടിപ്രേമികൾ ആശിക്കുന്നത്.
റോഡ് ടാക്‌സ് ഒഴിവാകുന്നതിനോടൊപ്പം നിലവിലുള്ള ടാറ്റ ഇലക്ട്രിക് കാർ ഉടമകൾക്ക് ഹാരിയർ ഇവി വാങ്ങുമ്പോൾ ടാറ്റ മോട്ടോർസ് 1 ലക്ഷം രൂപയുടെ എക്‌സ്‌ക്ലൂസീവ് ലോയൽറ്റി ആനുകൂല്യം വാഗ്ദാനം ചെയ്യുന്നുണ്ട്. അങ്ങനെ നോക്കുമ്പോൾ നല്ല ലാഭത്തിൽ തന്നെ പുത്തൻ ഹാരിയർ വൈദ്യുത മോഡൽ പോർച്ചിലെത്തിക്കാനാവും. അഡ്വഞ്ചർ, അഡ്വഞ്ചർ S, ഫിയർലെസ് പ്ലസ് എന്നീ മൂന്ന് വേരിയന്റുകളിലാണ് ലഭ്യമാവുക.

സിംഗിൾ ചാർജിൽ 622 കിലോമീറ്റർ ആണ് റോഡ് ടാക്‌സ് വേണ്ടാത്ത ഇവിയുടെ റേഞ്ചായി കമ്പനി പറയുന്നത്. ഈ ഇലക്ട്രിക് എസ്‌യുവിയുടെ ബേസ് വേരിയന്റിന്റെ എക്സ്ഷോറൂം വില 21.49 ലക്ഷം രൂപയാണ് വരുന്നത്. ഇൻഷുറൻസിന് മാത്രം പണം മുടക്കിയാൽ മതിയെന്നത് ആളുകളെ കൈയിലെടുക്കാൻ സഹായിക്കുന്ന കാര്യം കൂടിയാണല്ലോ. 21,000 രൂപ ടോക്കൺ തുക നൽകി ഉപഭോക്താക്കൾക്ക് ഹാരിയർ ഇലക്ട്രിക് ഇപ്പോൾ ബുക്ക് ചെയ്യാം.
ജൂലൈ രണ്ടിന് ആരംഭിച്ച ബുക്കിംഗ് 24 മണിക്കൂറിനുള്ളില്‍ 10,000 യൂണിറ്റിന് മുകളിൽ ലഭിച്ചിരുന്നു. ഇലക്ട്രിക് എസ്‌യുവിയുടെ താഴ്ന്ന വകഭേദങ്ങളിൽ 65 kWh ബാറ്ററി പായ്ക്ക് ഉപയോഗിക്കുമ്പോൾ ടോപ്പ് വേരിയന്റുകളിൽ 75 kWh ബാറ്ററി പായ്ക്കാണ് സജ്ജീകരിച്ചിരിക്കുന്നത്. ഈ ബാറ്ററി പായ്ക്ക് ഓപ്ഷനിൽ RWD, QWD എന്നിങ്ങനെ രണ്ട് മോട്ടോർ കോൺഫിഗറേഷനുകൾ ഉൾപ്പെടുന്നുണ്ട്.


Click it and Unblock the Notifications








