10 വർഷം പഴക്കമുള്ള ഇന്നോവ ചുളുവിലയ്ക്ക് കിട്ടും, ഡൽഹിയിൽ നാളെ മുതൽ ഈ വാഹനങ്ങള്‍ക്ക് നിരോധനം
വായു മലിനീകരണം എങ്ങനെയും കുറയ്ക്കുന്നതിന്റെ ഭാഗമായി നാളെ മുതൽ രാജ്യതലസ്ഥാനത്ത് പഴയ വാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുകയാണ് ഡൽഹി സർക്കാർ. കാലപ്പഴക്കം ചെന്ന പെട്രോൾ, ഡീസൽ കാറുകൾക്ക് ജൂലൈ ഒന്ന് മുതൽ പിടിവീഴും. ഈയൊരു വാർത്ത കേട്ടാൽ ഡൽഹി നിവാസികൾക്ക് വലിയൊരു നിരാശാജനകമായ വാർത്തയാവുമെങ്കിലും കേരളത്തിലുള്ളവർക്ക് ഇക്കാര്യം സന്തോഷം പകർന്നേക്കും. അവിടുന്ന് ഇങ്ങോട്ട് ധാരാളം യൂസ്‌ഡ് കാറുകൾ ചുളുവിലയ്ക്ക് ഇറങ്ങുന്നുണ്ടെന്നത് തന്നെയാണ് കാരണം. ചൊവ്വാഴ്ച്ച മുതൽ ദേശീയ തലസ്ഥാനത്ത് എൻഡ്-ഓഫ്-ലൈഫ് (EOL) വാഹനങ്ങൾ പിടിച്ചെടുക്കാൻ തീരുമാനമായതിന്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് കടന്നാലോ.
കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് (CAQM) നേരത്തെ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ അനുസരിച്ച് പെട്രോൾ പമ്പുകളിൽ കണ്ടെത്തുന്നതോ പൊതു സ്ഥലങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്നതോ ആയ EOL വാഹനങ്ങൾ പിടിച്ചെടുക്കാനാണ് സർക്കാർ തീരുമാനം. കൂടാതെ കാലപ്പഴക്കം ചെന്ന കാറുകൾ നിരത്തിലിറക്കുന്ന ഉടമകൾക്ക് 10,000 രൂപ പിഴയും ഇരുചക്ര വാഹന ഉടമകൾക്ക് 5,000 പിഴയും നാളെ മുതൽ ചുമത്തും.

15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പെട്രോൾ, 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വണ്ടികളുമാണ് EOL വാഹനങ്ങളായി കണക്കാക്കുക. കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് നിർദ്ദേശം അനുസരിച്ച് ഈ വാഹനങ്ങൾക്ക് ഡൽഹിയിലെ ഒരു പമ്പിൽ നിന്നും ഇന്ധനം നൽകില്ല. പൊതു സ്ഥലങ്ങളിൽ കണ്ടെത്തിയാൽ അവ പിടിച്ചെടുക്കുകയും ചെയ്യും. കാലപ്പഴക്കം ചെന്ന വാഹനങ്ങളെ കണ്ടെത്താനായി നഗരത്തിലെ 500 ഓളം ഇന്ധന സ്റ്റേഷനുകളിൽ ഓട്ടോമേറ്റഡ് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
ഒരു വാഹനം പമ്പിൽ പ്രവേശിക്കുമ്പോൾ, ANPR ക്യാമറ രജിസ്ട്രേഷൻ പ്ലേറ്റ് റീഡ് ചെയ്യുകയും വാഹനത്തിന്റെ പഴക്കം, ഫ്യുവൽ ടൈപ്പ്, രജിസ്ട്രേഷൻ എന്നിവ കണ്ടെത്തുന്നതിന് സെൻട്രൽ വാഹൻ ഡാറ്റാബേസ് ഉപയോഗിച്ച് ഡാറ്റ തൽക്ഷണം പരിശോധിക്കുകയും ചെയ്യും. കാലപ്പഴക്കം ചെന്ന വാഹനമാണെന്ന് സിസ്റ്റം കണ്ടെത്തിയാൽ ഇന്ധനം നിറയ്ക്കരുതെന്ന് ഫ്യുവൽ സ്റ്റേഷൻ ജീവനക്കാരെ സിസ്റ്റം അറിയിക്കും.

ഈ ലംഘനം റെക്കോർഡുചെയ്‌ത് എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾക്ക് അയയ്ക്കും. തുടർന്ന് വാഹനം പിടിച്ചെടുക്കൽ, സ്‌ക്രാപ്പ് ചെയ്യൽ തുടങ്ങിയ നടപടികൾ അവർ സ്വീകരിക്കും. സുപ്രീം കോടതിയുടെയും ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും (NGT) മുൻ ഉത്തരവുകൾ ഉണ്ടായിരുന്നിട്ടും എൻസിആർ മേഖലയിൽ പഴയതും മലിനീകരണം ഉണ്ടാക്കുന്നതുമായ വാഹനങ്ങൾ ഒഴിവാക്കുന്നതിൽ കാര്യമായ പുരോഗതിയൊന്നും ഇല്ലാതിരുന്ന സാഹചര്യത്തിലാണ് കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് കർശനമായ നിർദ്ദേശങ്ങൾ മുമ്പോട്ടുവെച്ചിരിക്കുന്നത്.
കാലപ്പഴക്കം ചെന്ന വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിനായാണ് വണ്ടി പിടിച്ചെടുക്കുന്നതിനോടൊപ്പം വാഹനങ്ങളുടെ ഉടമകൾക്ക് ശക്തമായ പിഴ ചുമത്തുകയും ചെയ്യുന്നത്. EOL ഫോർ വീലർ ഉടമകൾക്ക് 10,000 രൂപ പിഴയും, ഇരുചക്ര വാഹനങ്ങൾക്ക് 5,000 രൂപയും പിഴ നൽകേണ്ടി വരും. ഇതിനോടൊപ്പം ടോവിംഗ്, പാർക്കിംഗ് ചാർജുകളും നൽകേണ്ടിവരും. കൂടാതെ, വാഹനങ്ങൾ പൊതുസ്ഥലങ്ങളിൽ ഉപയോഗിക്കുകയോ പാർക്ക് ചെയ്യുകയോ ചെയ്യില്ലെന്നും ഡൽഹിയുടെ അധികാരപരിധിയിൽ നിന്ന് നീക്കം ചെയ്യുമെന്നും വ്യക്തമാക്കുന്ന ഒരു ഉറപ്പ് ഉടമകൾ സമർപ്പിക്കണം.

നഗരത്തിലെ വായു മലിനീകരണ പ്രശ്‌നത്തെ നേരിടാൻ ജൂലൈ 1 മുതൽ ഈ സംവിധാനം ആരംഭിക്കാൻ ഡൽഹി സർക്കാർ ഒരുങ്ങുമ്പോൾ ഡൽഹിയോട് ചേർന്നുള്ള എൻസിആറിലെ ഉയർന്ന വാഹന സാന്ദ്രതയുള്ള മറ്റ് അഞ്ച് ജില്ലകൾ നവംബർ 1 മുതൽ ഇതേ സംവിധാനം നടപ്പിലാക്കും. ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, ഗൗതം ബുദ്ധ് നഗർ, സോണിപത്ത് എന്നിവ ഈ ജില്ലകളിലെ ഇന്ധന സ്റ്റേഷനുകളിൽ ഇതേ ആവശ്യത്തിനായി ANPR ക്യാമറകൾ സ്ഥാപിക്കാനാണ് തീരുമാനം.
ശേഷിക്കുന്ന എൻസിആർ ജില്ലകൾക്ക് ANPR ക്യാമറകൾ സ്ഥാപിക്കാൻ 2026 മാർച്ച് 31 വരെ സമയം നൽകിയിട്ടുണ്ട്. 2026 ഏപ്രിൽ 1 മുതൽ കാലപ്പഴക്കം വാഹനങ്ങൾക്ക് ഇന്ധനം നിഷേധിക്കപ്പെടും. എന്തായാലും ഈ നീക്കങ്ങളെല്ലാം കേരളത്തിലെ യൂസ്‌ഡ് കാർ വിപണിക്ക് ഒരു ഉണർവാകാൻ സാധ്യതയുണ്ട്. നിലവിൽ ടൊയോട്ട ഇന്നോവ, ഫോർച്യൂണർ മോഡലുകളെല്ലാം ഡൽഹിയിൽ നിന്നും കൂട്ടത്തോടെ കേരളത്തിലെത്തുന്നുണ്ട്. പുതിയ തീരുമാനം നടപ്പിലാവുമ്പോൾ കൂടുതൽ ചുളുവിലയ്ക്ക് പഴയൊരു കാർ സ്വന്തമാക്കാനാവുമോ എന്നത് കണ്ടറിയാം.


Click it and Unblock the Notifications








