എയർബാഗ് തകരാർ, ഈ ഫോറിൻ കാർ വാങ്ങിയവർ വേഗം ഷോറൂമിലെത്തിക്കാൻ കമ്പനിയുടെ വിളമ്പരം
സ്പോർട്‌സ് കാറുകളിലെ സുൽത്തൻമാരാണ് ജർമൻ വാഹന നിർമാതാക്കളായ പോർഷ. സിനിമാ താരങ്ങളും വലിയ വ്യവസായികളുമെല്ലാം വാങ്ങിക്കൂട്ടുന്ന പോർഷ കാറുകൾ കണ്ട് നമ്മളിൽ പലരും സന്തോഷിക്കാറുണ്ട്. ബ്രാൻഡിന്റെ നിരയിലെ ഏറ്റവും ഡിമാന്റുള്ള മോഡലുകളിൽ ഒന്നാണ് പനമേര. പല വേരിയന്റുകളിൽ ഇന്ത്യൻ വിപണിയിലെത്തുന്ന ആഡംബര വാഹനത്തിന് കോടികളാണ് വില വരുന്നത്. കൃത്യമായി പറഞ്ഞാൽ നിലവിൽ 1.71 കോടി മുതൽ 2.33 കോടി രൂപ വരെയാണ് പനമേര സീരീസിന് വരുന്ന എക്സ്ഷോറൂം വില. ഇപ്പോഴിതാ ചെറിയൊരു നിർമാണ തകരാർ കാരണം വാഹനത്തെ തിരിച്ചുവിളിച്ചിരിക്കുകയാണ് കമ്പനി.
വിദേശത്തൊന്നുമല്ല കേട്ടോ, നമ്മുടെ സ്വന്തം ഇന്ത്യയിൽ വിറ്റഴിച്ച പനമേരയാണ് തിരിരെയെത്തിക്കാൻ പോർഷ ആവശ്യപ്പെട്ടിരിക്കുന്നത്. അതും എയർബാഗുമായി സംബന്ധിച്ച സേഫ്റ്റി തകരാറിനെ തുടർന്നാണ് വാഹനം വേഗത്തിൽ തിരിച്ചുവിളിക്കാൻ കാരണമായിരിക്കുന്നത്. 2023 ജൂലൈ 19-നും 2025 സെപ്റ്റംബർ രണ്ടിനും ഇടയിൽ നിർമിച്ച സ്പോർട്സ് കാറിന്റെ 158 യൂണിറ്റുകളെയാണ് പ്രശ്‌നം ബാധിച്ചിരിക്കുന്നത്.

ഡോർ ട്രിം പാനലിലെ ക്രാഷ് സെൻസറുകൾക്കായി തെറ്റായി കേബിളിംഗ് നൽകിയതിനാൽ അപകട സമയത്ത് എയർബാഗ് വിന്യസിക്കാൻ കുറച്ചധികം സമയമെടുത്തേക്കാം. അങ്ങനെ യാത്രക്കാ8ക്ക് വലിയ പരിക്കുകൾ വരെ സംഭവിക്കാൻ കാരണമായേക്കാമെന്നാണ് പോർഷ കണ്ടെത്തിയിരിക്കുന്നത്. ഇത് പരിഹരിക്കാനാണ് എത്രയും പെട്ടന്ന് പോർഷ ഷോറൂമുകളിലേക്ക് പനമേര എത്തിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
സമാനമായ ഒരു എയർബാഗ് പ്രശ്‌നത്തിന്റെ പേരിൽ ഓസ്‌ട്രേലിയയിലെ 142 പോർഷ പനമേര യൂണിറ്റുകൾ അടുത്തിടെ തിരിച്ചുവിളിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയിലും സമാനമായ തിരിച്ചുവിളിക്കൽ സംഘടിപ്പിച്ചിരിക്കുന്നത്. ഉടമകൾക്ക് recall.porsche.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് VIN നൽകി അവരുടെ കാറുകൾക്ക് തകരാർ ബാധിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനും സാധിക്കും.

ഈ വർഷം ഇന്ത്യയിൽ പോർഷ പ്രഖ്യാപിക്കുന്ന രണ്ടാമത്തെ തിരിച്ചുവിളിക്കൽ ആണിത്. മാർച്ചിൽ ഒരു പോർഷ 991 മോഡലിനായി പ്രഖ്യാപിച്ചിരുന്നു. അതും ഇത്തരമൊരു സേഫ്റ്റി തകരാറിന്റെ പേരിലായിരുന്നുവെന്നതാണ് ശ്രദ്ധേയം. എന്തായാലും ഇത്തരം തിരിച്ചുവിളികൾ വാഹന വിപണിയിൽ ഒരു സ്ഥിരം കാഴ്ച്ചയാണ്. ഇത്തരത്തിലുണ്ടാവുന്ന നിർമാണ തകരാറുകൾ കമ്പനി സ്വമേധയാ തിരിച്ചുവിളിച്ച് പരിഹരിച്ച് വിടും.
പോർഷയുമായി ബന്ധപ്പെട്ട മറ്റ് വാർത്തകളിലേക്ക് നോക്കിയാൽ അടുത്തിടെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ജിഎസ്‌ടി വെട്ടിക്കുറക്കലിനെ തുടർന്ന് കമ്പനി തങ്ങളുടെ മോഡൽ നിരയിൽ 14 ലക്ഷം രൂപ വരെ വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു. പുതിയ തീരുമാനപ്രകാരം കയീൻ ജിടിഎസിന് ഇപ്പോൾ 1.94 കോടി രൂപയാണ് പുതുക്കിയ എക്സ്ഷോറൂം വില. സ്പോർട്ടിയർ വേരിയന്റായ കയീൻ ജിടിഎസ് കൂപ്പെയ്ക്ക് 2.09 കോടിയിൽ നിന്ന് 1.95 കോടിയായി വില കുറഞ്ഞു.

പോർഷ 911 കരേര 4 ജിടിഎസിന് ജിഎസ്ടി കുറച്ചതോടെ ഇപ്പോൾ 2.78 കോടി രൂപയുടെ എക്സ്ഷോറൂം വിലയിൽ സ്വന്തമാക്കാനാവും. പോർഷ മകാന് 90 ലക്ഷമാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്ന വില. മറ്റ് മോഡലുകളുടെ കാര്യത്തിലേക്ക് വന്നാൽ 911 കരേരയുടെ വില ഇപ്പോൾ 2 കോടി രൂപയായപ്പോൾ പനമേര, പനമേര ജിടിഎസ് എന്നിവയ്ക്ക് യഥാക്രമം 1.71 കോടി, 2.33 കോടി എന്നിങ്ങനെയായി വില.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








