വണ്ടിഭ്രാന്തൻമാർക്ക് പോലും അറിയില്ല! 20 ലക്ഷത്തിന് പുറത്തിറങ്ങാനിരുന്ന ടാറ്റയുടെ ഈ സ്പോർട്‌സ് കാർ
ടാറ്റ മോട്ടോർസ് (Tata Motors) പറയുമ്പോഴേ പലരുടേയും മനസിലേക്ക് ഓടിയെത്തുന്നത് നെക്സോണോ സഫാരിയോ ഹാരിയറോ ടിയാഗോയെ പോലുള്ള മോഡലുകളായിരിക്കും അല്ലേ. എന്നാൽ ചിലർക്ക് ആദ്യം ഓർമ വരിക പഴയകാലത്തെ പ്രതാപികളായ ഇൻഡിക്ക, സിയെറ, എസ്റ്റേറ്റ്, സുമോ പോലുള്ള വാഹനങ്ങളായിരിക്കും. സേഫ്റ്റിയിലൂടെ ഇന്ത്യൻ വാഹന വിപണിയുടെ മുൻനിരയിലേക്ക് എത്തിയ ടാറ്റ (Tata) എപ്പോഴെങ്കിലും ഒരു സ്പോർട്‌സ് കാർ (Sports Car) നിർമിക്കുന്നതിനെ കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഏയ് നമ്മുടെ ഇന്ത്യൻ ബ്രാൻഡിന് അതിനൊന്നും സാധിക്കില്ലെന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ തെറ്റി.
നമ്മൾ ചിന്തിക്കുന്നതിനും ഏറെ നാൾ മുമ്പേ ടാറ്റ മോട്ടോർസ് ഒരു സ്പോർട്‌സ് കാറിന് രൂപംകൊടുത്തിരുന്നു. അതും 20 ലക്ഷം രൂപ ബജറ്റിൽ പുറത്തിറങ്ങാനിരുന്ന മോഡൽ ഇതുവരെ യാഥാർഥ്യമായില്ലെന്ന് വേണം പറയാൻ. അടുത്തിടെ 2025 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച എംജി സൈബർസ്റ്റർ അധികം വൈകാതെ വിപണനത്തിന് എത്തുമ്പോൾ ഇതിന്റെ വില്ലനായി ടാറ്റയ്ക്ക് വേണമെങ്കിൽ ആ പഴയ സ്പോർട്‌സ് കാറിനെ പൊടിതട്ടിയെടുക്കാം.

കുറേ നേരമായി ഹൈപ്പ് തരുന്ന ഈ സ്പോർട് കാർ ഏതാണെന്ന് ഇനി പറഞ്ഞതരാം. 2017 ഓട്ടോ എക്സ്പോയിലാണ് ടാറ്റ മോട്ടോർസ് ആദ്യമായി ഈ മോഡലിനെ പരിചയപ്പെടുത്തുന്നത്. ടാമോ റേസ്‌മോ (TaMo Racemo) എന്നിപേരിട്ട വാഹനം അന്ന് പ്രദർശന വിജയവും നേടിയിരുന്നു. കണ്ടവരെല്ലാം അന്തംവിട്ടുപോയ മോഡലിന്റെ പദ്ധതി ചില ആന്തരിക കാരണങ്ങളാൽ റദ്ദാക്കേണ്ടി വരികയായിരുന്നു.
ലുക്കിന്റെ കാര്യത്തിൽ ഇന്നത്തെ ലംബോർഗിനി, ഫെറാറി, മക്ലാരൻ പോർഷ കാറുകളേക്കാൾ മിടുക്കനായിരുന്നു ടാറ്റയുടെ ടാമോ റേസ്മോ. പൊട്ടിപാളീസായി പോയ സെസ്റ്റ് കോംപാക്‌ട് സെഡാന് കരുത്തേകുന്ന 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനോടുകൂടിയാണ് ടാമോ റേസ്‌മോ പുറത്തിറക്കിയത്. പക്ഷേ സ്പോർട്‌സ് കാറിനായി ഈ എഞ്ചിൻ പ്രത്യേകം റീട്യൂൺ ചെയ്‌താണ് ടാറ്റ മോട്ടോർസ് പ്രദർശിപ്പിച്ചത്.

പെർഫോമൻസ് കണക്കുകളിലേക്ക് വന്നാൽ 6-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിന് 186 bhp കരുത്തിൽ പരമാവധി 210 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവുമായിരുന്നു. ഇനിയെങ്ങാനും ടാമോ റേസ്‌മോ പൊടിതട്ടിയെടുത്ത് വിപണിയിൽ അവതരിപ്പിക്കാൻ തീരുമാനിച്ചാൽ ടാറ്റയ്ക്ക് ഈ എഞ്ചിൻ ഒഴിവാക്കേണ്ടി വരും. വരാനിരിക്കുന്ന എമിഷൻ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടാൻ ഇതിനാവില്ലെന്നതാണ് കാരണം.
പക്ഷേ ടാറ്റ ടാമോ റേസ്മോ സ്പോർട്‌സ് കാറിൽ പുതിയ 1.2 ലിറ്റർ ഹൈപ്പീരിയൻ എഞ്ചിൻ ഉപയോഗിക്കാൻ കമ്പനിക്കാവും. 122 bhp പവറിൽ 225 Nm torque വരെ വികസിപ്പിക്കാൻ കഴിയുന്ന യൂണിറ്റ് അടുത്തിടെ കർവ് കൂപ്പെ എസ്‌യുവിലാണ് അരങ്ങേറിയത്. എന്നാൽ റേസ് കാറിനായി ഇതേ എഞ്ചിന്റെ പവർ ഔട്ട്‌പുട്ട് വർധിപ്പിക്കാൻ ടാറ്റ ശ്രമിക്കുമായിരിക്കും. എംജി സൈബർസ്റ്റർ വിജയകരമായാൽ മാത്രമേ ടാമോ റേസ്മോ പുറത്തിറക്കുന്നതിനെ കുറിച്ച് ടാറ്റ ചിന്തിക്കൂവെന്ന് മാത്രം.

ഇനി കാലത്തിനൊത്ത് സഞ്ചരിക്കാൻ തീരുമാനിച്ചാൽ സ്പോർട് കാറിന്റെ ഇലക്‌ട്രിക് പതിപ്പിലായിരിക്കും ടാറ്റ മോട്ടോർസ് പുറത്തിറക്കുക. 2018 ഓട്ടോ എക്‌സ്‌പോയിൽ റേസ്‌മോയുടെ ഇലക്ട്രിക് പതിപ്പ് കമ്പനി പ്രദർശിപ്പിച്ചിരുന്നതിനാൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാവും. പുതിയ റേസ്‌മോ ഇവി പുറത്തിറക്കാൻ പദ്ധതിയിടുകയാണെങ്കിൽ അതിനെ ആക്റ്റീവ് ഡോട്ട് ഇവി പ്ലാറ്റ്‌ഫോമിലാവും പണികഴിപ്പിക്കുക.
പുതിയ പ്ലാറ്റ്‌ഫോമിൽ മോഡലിന് 500 കിലോമീറ്റർ വരെ റേഞ്ച് നൽകാനായേക്കും. പെർഫോമൻസിന്റെ കാര്യത്തിൽ ഓൾ വീൽ ഡ്രൈവ് ലേഔട്ടിലൂടെ വീലുകൾക്ക് കരുത്ത് പകരുന്ന 200 bhp പവറിൽ കൂടുതൽ കരുത്തും 500 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന ഒരു ഡ്യുവൽ-ഇലക്ട്രിക് മോട്ടോർ ലഭിക്കണം. സ്പോർട് കാർ പുറത്തിറക്കുന്നതിനെ കുറിച്ച് ടാറ്റയ്ക്ക് നിലവിൽ പദ്ധതിയൊന്നുമില്ലെങ്കിലും പഴയ ഈ വാഹനം കളത്തിലിറങ്ങിയാൽ ബ്രാൻഡിന്റെ ഇമേജ് വർധിക്കുമെന്നതിൽ സംശയമൊന്നും വേണ്ട.


Click it and Unblock the Notifications








