90,000 രൂപ വരെ വിലക്കുറവ്, കാറുകൾക്ക് അന്യായ ഓഫറുകളുമായി റെനോ! 7-സീറ്റർ പോലും ലാഭത്തിൽ വാങ്ങാം
പണ്ടത്തെ പ്രതാപമില്ലെങ്കിലും സാധാരണക്കാരന് വേണ്ടി നിലകൊള്ളുന്ന വാഹന നിർമാതാക്കളാണ് റെനോ. ക്വിഡും ട്രൈബറും കൈഗറും എല്ലാം 10 ലക്ഷം രൂപയിൽ താഴെ വിലയിലെത്തുന്ന മിഡിൽ ക്ലാസുകാരന് വേണ്ടിയുള്ള കാറുകളാണ്. ആദ്യമായി കാർ വാങ്ങാനെത്തുന്നവർക്ക് കണ്ണുംപൂട്ടി വാങ്ങാനാവുന്ന മോഡലുകളാണ് ഈ ഫ്രഞ്ച് ബ്രാൻഡിന്റെ ആവനാഴിയിലുള്ളത്. അധികം വൈകാതെ തങ്ങളുടെ വാഹന നിര വിപുലീകരിക്കാനുള്ള പദ്ധതികൾ ആവിഷ്ക്കരിക്കുകയാണ് റെനോയിപ്പോൾ. അതിന് മുമ്പായി നിലവിലുള്ള സ്റ്റോക്ക് എങ്ങനെയും വിറ്റഴിക്കാനുള്ള ശ്രമവും കമ്പനിയുടെ ഭാഗത്ത് നിന്നും നടക്കുന്നുണ്ട്. 2025 ഓഗസ്റ്റ് മാസത്തേക്കായി കിടിലൻ ഡിസ്കൌണ്ട് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് റെനോ.
ക്വിഡ്, ട്രൈബർ, കൈഗർ എന്നിവ വാങ്ങാൻ പദ്ധതിയിട്ടിരിക്കുന്നവർക്ക് കൈവന്നിരിക്കുന്ന അസുലഭ നിമിഷമാണിത്. സാമ്പത്തിക വർഷാവസാനത്തിനുശേഷം ഉപഭോക്താക്കളുടെ എണ്ണം വർധിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി മോഡലിനെയും വേരിയന്റിനെയും ആശ്രയിച്ച് 90,000 രൂപ വരെ ആനുകൂല്യങ്ങളാണ് ഫ്രഞ്ച് വാഹന നിർമാതാക്കൾ ആവിഷ്ക്കരിച്ചിരിക്കുന്നത്. അത് എന്തെല്ലാമാണെന്ന് വിശദമായി നോക്കിയാലോ?

ബജറ്റ് ഫ്രണ്ട്‌ലി ഹാച്ച്ബാക്കായി അവതരിപ്പിച്ചിരിക്കുന്ന റെനോ ക്വിഡ് ഇപ്പോൾ 65,000 രൂപ വരെ വിലക്കുറവിൽ സ്വന്തമാക്കാനുള്ള അസരമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഇതിൽ 20,000 രൂപ വരെ നേരിട്ടുള്ള ക്യാഷ് ഡിസ്കൗണ്ടും കോർപ്പറേറ്റ് ആനുകൂല്യങ്ങൾ ഉൾപ്പെടെ എക്സ്ചേഞ്ച്, സ്ക്രാപ്പേജ് ബോണസുകൾ വഴി 45,000 രൂപയും പോക്കറ്റിൽ ഇരിക്കട്ടെയെന്നാണ് കമ്പനി പറയുന്നത്. അതായത് എൻട്രി ലെവൽ കാർ വാങ്ങുന്നവർക്ക് ഓഗസ്റ്റിൽ 65,000 രൂപ ലാഭം കിട്ടുമെന്ന് ചുരുക്കം.
റെനോയുടെ 7 സീറ്റർ കോംപാക്ട് എംപിവി വാങ്ങാനിരിക്കുന്നവർക്കും സന്തോഷിക്കാനുള്ള വകുപ്പുണ്ട് കേട്ടോ. ഈ മാസം രണ്ട് പ്രധാന കോൺഫിഗറേഷനുകളിൽ വാഹനം ലഭ്യമാണെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പഴയ മോഡലിന് ക്യാഷ് ഡിസ്കൗണ്ടായി 35,000 രൂപ വരെയും കംബൈൻഡ് ബോണസായി 45,000 രൂപ വരെയുമാണ് വാഗ്‌ദാനം ചെയ്യുന്നത്. അതായത് പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ആകെ 80,000 രൂപയുടെ ആനുകൂല്യങ്ങളോടെ വീട്ടിൽ കൊണ്ടുപോവാമെന്ന് സാരം.

മറുവശത്ത് അടുത്തിടെ പുറത്തിറക്കിയ ട്രൈബർ ഫെയ്‌സ്‌ലിഫ്റ്റിലും തരക്കേടില്ലാത്ത ഓഫർ റെനോ വാഗ്‌ദാനം ചെയ്യുന്നുണ്ടേ. 45,000 രൂപ എക്സ്ചേഞ്ച്, സ്ക്രാപ്പേജ്-ലിങ്ക്ഡ് ഇൻസെന്റീവുകൾക്കാണ് എംപിവിക്ക് യോഗ്യത ലഭിക്കുന്നത്. അതായത് പുതിയ മോഡലായതിനാൽ ക്യാഷ് ബെനഫിറ്റുകളൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് ചുരുക്കം. എങ്കിലും 10 ലക്ഷത്തിന് താഴെ വാങ്ങാനാവുന്ന ഏറ്റവും മികച്ച സെവൻ സീറ്ററാണിത്.
മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്സോൺ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, നിസാൻ മാഗ്നൈറ്റ്, മഹീന്ദ്ര XUV 3XO, സ്കോഡ കൈലാക് തുടങ്ങിയ വമ്പൻമാരോട് മത്സരിക്കുന്ന റെനോയുടെ കോംപാക്‌ട് എസ്‌യുവിയായ കൈഗർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും മറിച്ചൊന്ന് ചിന്തിക്കേണ്ട. മോഡലിന് മൊത്തത്തിൽ 90,000 രൂപ വരെയുള്ള ഓഫറുകളാണ് ബ്രാൻഡ് ഒരുക്കിവെച്ചിരിക്കുന്നത്.

ഇതിൽ 40,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച്, സ്ക്രാപ്പ്, കോർപ്പറേറ്റ് ബോണസായി 50,000 രൂപ എന്നിവയാണ് ഫ്രഞ്ച് വാഹന നിർമാതാക്കൾ അവതരിപ്പിച്ചിരിക്കുന്നത്. ലിസ്റ്റുചെയ്തിരിക്കുന്ന ഓഫറുകൾ വളരെ ആകർഷകമാണെങ്കിലും എല്ലാ ഓഫറുകളും 2025 മോഡലുകൾക്ക് മാത്രമേ ബാധകമാകൂ എന്നും ഡീലർ ലഭ്യതയെ അടിസ്ഥാനമാക്കി മാറ്റത്തിന് വിധേയമാണെന്നും ശ്രദ്ധിക്കേണ്ടതാണ്.
പ്രാദേശിക വ്യതിയാനങ്ങളും സാധ്യമാണെന്നതിനാൽ അടുത്തുള്ള റെനോ ഡീലർഷിപ്പുമായി ബന്ധപ്പെട്ട് ഓഫറുകൾ ലഭ്യമാണോയെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഒപ്പം വേരിയന്റിനെ ആശ്രയിച്ചും മാറ്റങ്ങളുണ്ടാവാം. ക്വിഡിന്റെ RXE, RXL(O) വകഭേദങ്ങൾക്കും അതുപോലെ, കൈഗർ RXE, RXL വേരിയന്റുകൾക്കും ട്രൈബർ RXE, RXL പതിപ്പുകൾക്കുമാണ് മുകളിൽ പറഞ്ഞ ഓഫറുകളും ആനുകൂല്യങ്ങളും ലഭ്യമാവുകയുള്ളൂവെന്നും ബ്രാൻഡ് അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications








