ക്ലച്ചിന്റെ ഉപദ്രവമില്ല, 30,000 രൂപ വിലയും കുറച്ചു! കുറഞ്ഞ വിലയിൽ ഈ ഓട്ടോമാറ്റിക് എസ്‌യുവി വാങ്ങിക്കോ
പുതുതായി കാർ വാങ്ങുമ്പോൾ മിക്കവർക്കും ഇപ്പോഴുള്ള സംശയമായിരിക്കും ഓട്ടോമാറ്റിക് വാങ്ങണോ മാനുവൽ വാങ്ങണോ എന്നുള്ളത്. നിരത്തുകളിൽ വാഹനങ്ങളുടെ എണ്ണം കൂടുന്നതിനാൽ ഗ്രാമപ്രദേശങ്ങളിൽ പോലും അത്യാവിശ്യം തിരക്കാണ് ഇപ്പോൾ അനുഭവപ്പെടാറുള്ളത്. അപ്പോൾ പിന്നെ സിറ്റിയിലെ കാര്യം പറയേണ്ടതില്ലല്ലോ. വണ്ടിയെടുത്ത് നഗരം ചുറ്റാൻ ഒന്നിറങ്ങിയാൽ ക്ലച്ചും ചവിട്ടി ഗിയറുംമാറ്റി മടുത്തായിരിക്കും പലയാളുകളും ഓട്ടോമാറ്റിക്കിനെ കുറിച്ച് ചിന്തിക്കുക. പക്ഷേ മാനുവൽ ഓടിക്കുന്നതിന്റെ ഹരം കിട്ടില്ലെന്ന പരാതി പറയുന്നവരുമുണ്ട്. അത്തരക്കാർക്ക് സിവിടിയും ഡിസിടിയും പോലുള്ള ക്ലച്ച്ലെസ് സാങ്കേതികവിദ്യയുള്ള കാറുകളെ പരിഗണിക്കാവുന്നതാണ്.
മാരുതിയുടേയും ഹ്യുണ്ടായിയുടേയും ബജറ്റ് കാറുകളിൽ എഎംടി ട്രാൻസ്മിഷനാണ് ലഭിക്കുന്നതെന്ന പരാതി മിക്ക ഓട്ടോമാറ്റിക് പ്രേമികൾക്കുമുണ്ടാവും. അത്തരക്കാർക്ക് പരിഗണിക്കാവുന്ന വാഹനമാണ് റെനോ കൈഗർ. എസ്‌യുവിയുടെ ഗാംഭീര്യവും നല്ല റൈഡിംഗ് സുഖവും സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്ന നല്ലൊരു സിറ്റി കാറാണ് കൈഗർ എന്ന് നിസംശയം പറയാം. കൂടെ നല്ല മൈലേജും ഈ കോംപാക്ട് സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് നൽകാനാവും.

കൈഗർ സിവിടി മോഡലിന്റെ വിലയും കമ്പനി കാര്യമായി കുറച്ചിട്ടുണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. ഇതോടൊപ്പം 2025 മോഡൽ ഇയർ അപ്‌ഡേറ്റിന്റെ ഭാഗമായി റെനോയുടെ എൻട്രി ലെവൽ എസ്‌യുവിയിലെ വേരിയന്റുകളിലും ഫീച്ചറുകളിലും ചില നവീകരണങ്ങളും ഫ്രഞ്ച് വാഹന നിർമാതാക്കൾ കൊണ്ടുവന്നിട്ടുണ്ടേ. കൈഗർ RXT (O) ട്രിമിന്റെ വില കുറച്ചുകൊണ്ട് ടർബോ പെട്രോൾ എഞ്ചിനോടുകൂടിയ സിവിടി ഗിയർബോക്‌സും കൂടുതൽ താങ്ങാനാവുന്നതാക്കിയതാണ് ഇതിലെ ഏറ്റവും വലിയ ഹൈലൈറ്റ്.
2025 റെനോ കൈഗറിന്റെ എക്സ്ഷോറൂം വില ഇപ്പോൾ 6.10 ലക്ഷം മുതൽ 11 ലക്ഷം രൂപ വരെയാണ് വരുന്നത്. മോഡലിന്റെ ബേസ് RXE വേരിയന്റ് 10,000 രൂപ വർധിച്ചപ്പോൾ RXL, RXL എഎംടി വേരിയന്റുകൾക്ക് കമ്പനി 25,000 രൂപയോളം ഉയർത്തുകയുണ്ടായി. RXT, RXZ എഎംടി, RXZ ടർബോ മാനുവൽ വകഭേദങ്ങൾ വിപണിയിൽ നിന്നും പിൻവലിക്കുകയും ചെയ്‌തിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. പുതുതായി കൈഗർ വാങ്ങാനെത്തുന്നവരെ ആകർഷിക്കാനാണ് RXT (O) പതിപ്പിന് 30,000 രൂപ കുറച്ചിരിക്കുന്നത്.

ഇനി റെനോ കൈഗറിന്റെ 2025 മോഡലിൽ വന്ന നവീകരണങ്ങൾ എന്തെല്ലാമാണെന്ന് ചോദിച്ചാൽ എസ്‌യുവിയുടെ എല്ലാ വേരിയന്റിലും നാല് പവർ വിൻഡോകളും സെൻട്രൽ ലോക്കിംഗും സ്റ്റാൻഡേർഡായി ഒരുക്കിയിട്ടുണ്ട് എന്നതാണ്. മുമ്പ്, ഈ രണ്ട് സവിശേഷതകളും രണ്ടാമത്തെ RXL ട്രിം മുതൽ മാത്രമായിരുന്നു ലഭ്യമായിരുന്നത്. വില കൂടിയെങ്കിലും RXL ട്രിം വാങ്ങുന്നവർ അധികമായി ചില കിടിലൻ ഫീച്ചറുകൾ മോഡലിൽ ലഭിക്കും.
വയർഡ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, സ്റ്റിയറിംഗ്-മൗണ്ടഡ് കൺട്രോളുകൾ എന്നീ ഫീച്ചറുകൾ ഉപയോഗിച്ചാണ് കൈഗറിന്റെ RXL വേരിയന്റ് പുതുക്കിയിരിക്കുന്നത്. ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് വാഗ്ദാനം ചെയ്യുന്ന കോംപാക്‌ട് എസ്‌യുവി സെഗ്‌മെന്റിലെ ഏറ്റവും താങ്ങാനാവുന്ന വേരിയന്റാണ് ഈ പുതിയ കൈഗർ RXL എന്നും റെനോ അവകാശപ്പെടുന്നു.

ടോപ്പ് സ്പെക്ക് RXT (O) ട്രിമ്മിൽ ഇപ്പോൾ 16 ഇഞ്ച് ഫ്ലെക്സ് വീലുകളാണ് ലഭിക്കുന്നത്. അലോയ് വീൽ പോലെ തോന്നിക്കാൻ പ്ലാസ്റ്റിക് കവറുകൾ ഉള്ള സ്റ്റീൽ വീലുകൾ കൊടുത്തത് പലരേയും നിരാശപ്പെടുത്തിയേക്കാം. മുമ്പ് ഇതേ വേരിയന്റിൽ ഡയമണ്ട്-കട്ട് അലോയ് വീലുകൾ ഉപയോഗിച്ചായിരുന്നു വിപണനം ചെയ്‌തിരുന്നത്. അതേസമയം ടോപ്പ്-എൻഡ് RXZ ട്രിം റിമോട്ട് എഞ്ചിൻ സ്റ്റാർട്ട് സവിശേഷത ഉപയോഗിച്ച് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.
മെക്കാനിക്കലായി എസ്‌യുവിയിൽ കാര്യമായ പരിഷ്ക്കാരങ്ങളൊന്നും കൊണ്ടുവന്നിട്ടില്ലെന്നാണ് വിവരം. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്സുള്ള 1.0-ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ബേസ് മോഡലുകൾക്ക് കരുത്തേകുന്നത്. ഇത് 72 bhp പവറിൽ 96 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ CVT ഗിയർബോക്സുള്ള 1.0-ലിറ്റർ, ടർബോ-പെട്രോൾ എഞ്ചിനും കൈഗറിലുണ്ട്.
ഇത് 100 bhp കരുത്തിൽ പരമാവധി 152 Nm torque വരെ ഉത്പാദിപ്പിക്കാൻ കെൽപ്പുള്ളതാണ്. അതേസമയം സിവിടി ഓട്ടോമാറ്റിക്കിൽ എഞ്ചിൻ 160 Nm torque ആണ് നൽകുക. ഡ്രൈവിംഗ് അത്യാവിശ്യം ഹരമായുള്ളവർക്ക് റെനോ കൈഗറിന്റെ ടർബോ എഞ്ചിനുള്ള ഏതെങ്കിലും വേരിയന്റ് തെരഞ്ഞെടുക്കുന്നതാവും ഉചിതം. ടാറ്റ നെക്‌സോൺ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, നിസാൻ മാഗ്നൈറ്റ് എന്നിവയാണ് സെഗ്മെന്റിലെ പ്രധാന എതിരാളികൾ.


Click it and Unblock the Notifications








