കണ്ടാൽ ബേസ് മോഡൽ ആണെന്ന് പറയില്ല, 6.29 ലക്ഷത്തിന്റെ എസ്‌യുവിയിലെ ഫീച്ചറുകൾ കേട്ടാൽ വാങ്ങിപ്പോവും
ഇന്ത്യയിൽ ചെറിയ വിലയ്ക്ക് കാറുകൾ പുറത്തിറക്കി സാക്ഷാൽ മാരുതി സുസുക്കിയെ വരെ ഞെട്ടിച്ച കമ്പനിയാണ് റെനോ. ഫ്രാൻസിൽ നിന്നുമെത്തി വളരെ വേഗത്തിൽ ആഭ്യന്തര വിപണി പിടിച്ചെടുത്തത് ക്വിഡിലൂടേയും ഡസ്റ്ററിലൂടെയുമായിരുന്നു. അതിന്ശേഷം വലിയൊരു ഹിറ്റ് സമ്മാനിക്കാൻ ബ്രാൻഡിന് സാധിച്ചിട്ടുണ്ടായിരുന്നില്ലെങ്കിലും മോശമാക്കാതെ പിടിച്ചുനിൽക്കാനായിട്ടുണ്ട്. നിലവിൽ ഇപ്പോഴുള്ള കാറുകളുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകൾ പുറത്തിറക്കി ആളുകളെ കൈയിലെടുത്തിരിക്കുകയാണ് റെനോ. അടുത്തിടെ ട്രൈബറിന്റെ മുഖംമിനുക്കിയതിന് തൊട്ടുപിന്നാലെ കൈഗർ കോംപാക്‌ട് എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റും ബ്രാൻഡ് പുറത്തിറക്കി. അടിപൊളി ഫോറിൻ ലുക്കിലെത്തിയ മോഡൽ ഇതിനോടകം വണ്ടിഭ്രാന്തൻമാർക്കിടയിൽ ചർച്ചയായിട്ടുണ്ട്.
6.29 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലെത്തുന്ന റെനോ കൈഗർ ഈ വില നിലവാരത്തിലുള്ള പല മാരുതി സുസുക്കി കാറുകളേക്കാളും അടിപൊളിയാണ്. പുത്തൻ മാറ്റങ്ങളുമായി എത്തിയ നാല് മീറ്ററിൽ താഴെയുള്ള എസ്‌യുവിക്ക് അകത്തും പുറത്തും നിരവധി അപ്‌ഡേറ്റുകൾ ലഭിക്കുന്നുണ്ട് ഇത്തവണ. അതേസമയം എഞ്ചിനിലും മറ്റ് മെക്കാനിക്കൽ വിഭാഗവും മാറ്റമില്ലാതെ തുടരുകയാണ്. എങ്കിലും ബേസ് മോഡൽ വരെ കിടുവായിട്ട് പണിതിറക്കാൻ റെനോയ്ക്ക് സാധിച്ചിട്ടുണ്ടെന്നത് കൈയടി അർഹിക്കുന്നുണ്ട്.

കൂടുതൽ ഫീച്ചറുകൾ, പുതിയ ഡിസൈൻ, പുതിയ വില എന്നിവയുമായി എത്തിയ മോഡൽ റെനോയെ പഴയ പ്രതാപത്തിലേക്ക് എത്തിക്കുമെന്നാണ് വിലയിരുത്തലുകൾ. പുതിയ കൈഗർ ഒതെന്റിക്, എവല്യൂഷൻ, ടെക്‌നോ, ഇമോഷൻ എന്നീ വേരിയന്റുകളിലാവും വിപണിയിലെത്തുക. ഇവയ്ക്ക് യഥാക്രമം 6.29 ലക്ഷം, 7.09 ലക്ഷം, 8.19 ലക്ഷം, 9.14 ലക്ഷം എന്നിങ്ങനെയാണ് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില.
അതേസമയം ടര്‍ബോ വേരിയന്റുകളുടെ വില ആരംഭിക്കുന്നത് 9.99 ലക്ഷം മുതലാണ് തുടങ്ങുന്നത്. ടോപ്പ് എൻഡിന് 10 ലക്ഷത്തിന് മുകളിൽ വില വരുമെന്നതിനാൽ ബേസ് മോഡൽ വാങ്ങിയാൽ എങ്ങനെയുണ്ടാവുമെന്ന് പലരും ആലോചിക്കുന്നുണ്ടാവും. 6.29 ലക്ഷത്തിന്റെ വേരിയന്റിൽ വരെ ന്യായമായ ഫീച്ചറുകളെല്ലാം കുത്തിനിറച്ചാണ് വാഹനം എത്തുന്നത്. ആയതിനാൽ പുതിയ റെനോ കൈഗർ ഫെയ്‌സ്‌ലിഫ്റ്റ് ഒതെന്റിക് ബേസ് വേരിയന്റിൽ എന്തെല്ലാം കാര്യങ്ങൾ ലഭിക്കുമെന്ന് വിശദമായി നോക്കിയാലോ?

5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ജോടിയാക്കിയ 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിൽ മാത്രമേ ഈ വേരിയന്റ് ലഭ്യമാകൂ. എങ്കിലും 71 bhp പവറിൽ പരമാവധി 96 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ റെനോ കൈഗർ ഒതെന്റിക് വേരിയന്റിനാവും. എക്സ്റ്റീരിയറിലേക്ക് നോക്കിയാൽ ബേസ് വേരിയന്റിൽ എൽഇഡി ഡിആർഎല്ലുകൾ, സ്മോക്ക്ഡ് ഫിനിഷുള്ള സി ആകൃതിയിലുള്ള എൽഇഡി ടെയിൽ ലൈറ്റുകൾ എന്നിവയെല്ലാം സ്റ്റാൻഡേർഡായി തന്നെ കാണാനാവും.
അതോടൊപ്പം ടേൺ ഇൻഡിക്കേറ്ററുകളുള്ള മിസ്റ്ററി ബ്ലാക്ക് ഒആർവിഎമ്മുകൾ, പുതിയ സ്‌പോയിലർ, സാറ്റിൻ സിൽവർ റൂഫ് റെയിലുകൾ, കറുപ്പിൽ ഒരുക്കിയിരിക്കുന്ന പുതിയ ഫ്രണ്ട്, റിയർ സ്‌കിഡ് പ്ലേറ്റുകൾ, പുതിയ 16 ഇഞ്ച് സ്റ്റീൽ വീൽ എന്നിവയെല്ലാമാണ് റെനോ കൈഗർ ഫെയ്‌സ്‌ലിഫ്റ്റിന്റെ എക്സ്റ്റീരിയറിൽ കമ്പനി ഒരുക്കിവെച്ചിരിക്കുന്നത്. പുറംമോടിലേത് പോലെ അകത്തളവും തരക്കേടില്ലാത്ത വിധത്തിൽ പണികഴിപ്പിച്ചിട്ടുണ്ട് കമ്പനി.

പുതുക്കിയ റെനോ കൈഗറിന്റെ ഉൾവശത്ത് പുതിയ ബ്ലാക്ക് ഫാബ്രിക് അപ്ഹോൾസ്റ്ററി, ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകളുള്ള 60:40 സ്പ്ലിറ്റ് പിൻ സീറ്റുകൾ, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീൽ, മുന്നിലും പിന്നിലും പവർ വിൻഡോകൾ, റിമോട്ട് കീലെസ് എൻട്രി, കപ്പ്‌ഹോൾഡറുകളുള്ള പുതിയ റിയർ സെന്റർ ആംറെസ്റ്റ് തുടങ്ങിയ അടിപൊളി കാര്യങ്ങളാൽ സമ്പന്നമാണെന്ന് പറഞ്ഞാൽ പലർക്കും വിശ്വസിക്കാൻ അൽപം പാടായിരിക്കും.
സേഫ്റ്റിയുടെ കാര്യം നോക്കിയാലും വണ്ടറടിച്ച് പോവുന്ന സുരക്ഷയാണ് കൈഗർ ഫെയ്‌സ്‌ലിഫ്റ്റിൽ റെനോ ഒരുക്കിവെച്ചിരിക്കുന്നത്. അതായത് സ്റ്റാൻഡേർഡായി തന്നെ 6 എയർബാഗുകൾ, ഇബിഡിയും ബ്രേക്ക് അസിസ്റ്റും ഉള്ള എബിഎസ്, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, ടയർ പ്രഷർ മോണിട്ടറിംഗ് സിസ്റ്റം, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഇഎസ്പി, ട്രാക്ഷൻ കൺട്രോൾ തുടങ്ങിയ സംവിധാനങ്ങളെല്ലാം കമ്പനി കുത്തിനിറച്ചിട്ടുണ്ട്. അതുകൊണ്ട് 6.29 ലക്ഷത്തിന്റെ ബേസ് മോഡൽ വരെ ആളുകൾക്ക് കണ്ണുംപൂട്ടി വാങ്ങിക്കാം.


Click it and Unblock the Notifications








