ടിയാഗോ ഇവിയുടെ ഫ്യൂസൂരാൻ റെനോ, ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള ഇലക്‌ട്രിക് കാറാവാൻ ക്വിഡ് ഇവി
ഇലക്‌ട്രിക് കാറുകൾ (Electric Cars) ഇന്ത്യയിലും ജനകീയമായി കഴിഞ്ഞിരിക്കുകയാണ്. ടാറ്റ ടിയാഗോ ഇവി, എംജി കോമെറ്റ് ഇവി, സിട്രൺ eC3 തുടങ്ങിയ ചെറിയ മോഡലുകൾ വിപ്ലവം തീർത്ത് നിരത്തുകൾ കീഴടക്കുമ്പോൾ ഭാവിയിൽ ചെറിയ വിലയിൽ ഇനിയും വൈദ്യുത വാഹനങ്ങൾ രാജ്യത്ത് എത്തും. വിയറ്റ്നാമീസ് ബ്രാൻഡായ വിൻഫാസ്റ്റ് രാജ്യത്ത് പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. തുടക്കത്തിൽ പ്രീമിയം മോഡലുകളാണ് അവതരിപ്പിക്കാൻ പദ്ധതിയിട്ടിരിക്കുന്നതെങ്കിലും പിന്നീട് ബജറ്റ് ഫ്രണ്ട്ലി ഇവികൾ വിൻഫാസ്റ്റ് പുറത്തിറക്കും. ഇതേ വിഭാഗത്തിലേക്ക് നമ്മുടെ സ്വന്തം റെനോയും (Renault) കണ്ണുവെച്ചിട്ടുണ്ടെന്നാണ് വിവരം.
ഇന്ത്യയിലെ എൻട്രി ലെവൽ ഹാച്ച്ബാക്ക് വിഭാഗത്തിൽ വിപ്ലവം രചിച്ച ക്വിഡിന്റെ ഇലക്ട്രിക് പതിപ്പ് ക്യാമറക്കണ്ണിൽ കുടുങ്ങിയതോടെ അതിനെചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങളും എയറിലുണ്ട്. ചെന്നൈയ്ക്കടുത്തുള്ള റെനോ ഡിസൈൻ സെന്ററിൽ എത്തിയിരിക്കുന്ന ക്വിഡ് ഇവിയുടെ ചിത്രങ്ങളും ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഇവിയെന്ന ഖ്യാതിയോടെ കക്ഷി നിരത്തിലേക്ക് എത്തുമോയെന്നാണ് ഏവരും ഇപ്പോൾ കാത്തിരിക്കുന്നത്.

എങ്ങാനും സംഭവം യാഥാർഥ്യമായാൽ ടാറ്റ ടിയാഗോ ഇവി പോലുള്ള വമ്പൻമാർക്ക് അതൊരു തിരിച്ചടിയാവുമെന്നതിൽ സംശയമൊന്നും വേണ്ട. ചൈനയിൽ സിറ്റി K-ZE എന്ന പേരിലാണ് ക്വിഡ് ഇലക്ട്രിക് ഹാച്ച്ബാക്കിനെ റെനോ വിപണനത്തിന് എത്തിക്കുന്നത്. ഇത് ഏതാണ്ട് 2020-ലാണ് അവിടെ ലോഞ്ച് ചെയ്യുന്നതും. ഇത് ഇന്ത്യയിലേക്ക് വരുമെന്ന ശക്തമായ സൂചനകളും അന്ന് പുറത്തുവന്നിരുന്നുവെങ്കിലും കുറച്ച് വർഷങ്ങൾക്ക് മുമ്പ് റെനോ ക്വിഡ് ഇവി പദ്ധതി നിശബ്ദമായി ഉപേക്ഷിച്ചു.
മിക്കവാറും അടുത്തിടെ ചെന്നൈയിൽ ആരംഭിച്ച ഡിസൈൻ സെന്ററിലേക്ക് ഒരു ഡെമോ കാറായി ക്വിഡ് ഇവി ഇറക്കുമതി ചെയ്‌തതാവാനാണ് സാധ്യത. ഇന്ത്യൻ കാർ വിപണിയുടെ പ്രധാന കേന്ദ്രം ചെറുകിട ഹാച്ച്ബാക്ക് വിഭാഗത്തിൽ നിന്നും എസ്‌യുവികളിലേക്ക് മാറിയതിനാൽ പരീക്ഷണത്തിന് കമ്പനി തയാറാവുമോയെന്നതും കണ്ടറിയണം. ഇനിയെങ്ങാനും അവതരിപ്പിക്കാൻ തീരുമാനിച്ചാൽ സാധാരണക്കാർക്ക് വലിയ നേട്ടമാവും.

ചെറിയ വിലയുള്ള ഇലക്‌ട്രിക് ഹാച്ച്ബാക്കുകൾക്ക് മോശമല്ലാത്ത വിപണിയുണ്ടെന്ന് എംജി കോമെറ്റും ടാറ്റ ടിയാഗോ ഇവിയും തെളിയിച്ചിട്ടുണ്ട്. ആയതിനാൽ ക്വിഡ് ഇവി വന്നാൽ രാജ്യം ഇരുകൈയും നീട്ടി സ്വീകരിക്കാനാണ് സാധ്യതകൾ. നിലവിലെ 1000 സിസി ക്വിഡുമായി താരതമ്യം ചെയ്യുമ്പോൾ കാഴ്ച്ചയിലായാലും വൈദ്യുത പതിപ്പിന് കാര്യമായ പരിഷ്ക്കാരങ്ങളുണ്ട് കേട്ടോ.
പുതുക്കിയ ഫ്രണ്ട് ഗ്രില്ലും ബമ്പറും, ഹെഡ്‌ലൈറ്റ് ഡിസൈൻ, പുതുക്കിയ റിയർ ബമ്പർ, പുതിയ ടെയിൽലൈറ്റ് ഡിസൈൻ എന്നിവയെല്ലാം പുതുരൂപമാണ് റെനോ ക്വിഡ് ഇവിക്ക് സമ്മാനിക്കുന്നത്. എക്സ്റ്റീരിയർ പോലെ തന്നെ പുതിയ സ്‌ക്രീനുകളും ഫീച്ചറുകളും സഹിതം അപ്‌ഡേറ്റ് ചെയ്‌ത ഇന്റീരിയറും ഇലക്ട്രിക് ഹാച്ച്ബാക്കിന് ലഭിക്കും. 7 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിംഗ് തുടങ്ങി നിരവധി സവിശേഷതകൾ കുത്തിനിറച്ചാണ് ചൈനയിൽ വണ്ടി പുറത്തിറങ്ങുന്നത്.

സുരക്ഷയുടെ കാര്യത്തിലും വിട്ടുവീഴ്ച്ചയൊന്നുമില്ലാതെ ഒരുക്കിയിട്ടുള്ളതിനാൽ ഇതിന് ഒന്നിലധികം എയർബാഗുകൾ, ലെവൽ 1 ADAS, റിയർ വ്യൂ ക്യാമറ, TPMS എന്നിവ പോലുള്ള സുരക്ഷാ സന്നാഹങ്ങളാണ് ലഭിക്കുന്നത്. സിംഗിൾ ചാർജിൽ 220 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യാൻ കഴിയുന്ന 26.8 kWh ബാറ്ററി പായ്ക്കാണ് ക്വിഡ് ഇവിയുടെ ഹൃദയം. സിംഗിൾ ഇലക്ട്രിക് മോട്ടോറുമായിട്ടാണ് ബാറ്ററി പായ്ക്ക് ജോടിയാക്കിയിരിക്കുന്നതും. ക്വിഡ് ഇവി യാഥാർഥ്യമായാൽ ഇന്ത്യൻ വിപണിയിലെ ഏറ്റവും വിലകുറഞ്ഞ ഇവി ആയിരിക്കും ഇത്.
ഇന്ത്യയിലേക്ക് വരാനിരിക്കുന്ന പുതിയ റെനോ കാറുകൾ ഏതെല്ലാമെന്ന് അടുത്തിടെ ബ്രാൻഡ് വെളിപ്പെടുത്തിയിരുന്നു. ഇതിൽ ആദ്യം രണ്ട് പുതുതലമുറ മോഡലുകളെ പുറത്തിറക്കാനാണ് കമ്പനി പ്ലാനിട്ടിരിക്കുന്നത്. തുടർന്ന് പുതിയ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള രണ്ട് പുതിയ എസ്‌യുവികളും അരങ്ങേറ്റം കുറിക്കും. അവസാനമായി നിരയിൽ ഒരു പുതിയ ഇലക്ട്രിക് വാഹനവും ഉണ്ടാവുമെന്നാണ് ഉറപ്പുനൽകിയിരിക്കുന്നത്. ഇത് ക്വിഡ് ഇവിയാവുമോ എന്ന് കണ്ടറിയണം.


Click it and Unblock the Notifications








